അനുഭവ നർമ്മം

ഹലോ ആരാ…

സ്‌മാര്‍ട്ട് ഫോണ്‍ കൈയില്‍ വന്നിട്ട് രണ്ട് ദീസായിട്ടേള്ളൂ. അതിന്‍റെ ഓപ്പറേഷന്‍ ഗുട്ടന്‍സ് മുഴുവനും പഠിച്ചെടുക്കാന്‍ അടുത്ത കാലത്തൊന്നും പറ്റൂന്ന് തോന്നണില്ല്യ. അറ്റ്ലീസ്റ്റ് ഫോണ്‍ ചെയ്യാനെങ്കിലും പഠിച്ചില്ലെങ്കി മക്കള് നാണം കെടുത്തും. ന്താ ചെയ്യാ… വിളിക്കേണ്ട ആളെ നോക്കി ഒരു തേപ്പു തേച്ചാല്‍ പേരുകള്‍ അപ്പാടെ മോളിലേക്കോ താഴോട്ടോ ശര്‍ര്‍ര്‍ ന്നൊരു പോക്ക് പോകും. ഇന്നലെ വരെ പ്രഭി ആരെയാ വിളിക്കേണ്ടെങ്കി വിളിച്ചു തന്നിരുന്നു. അഞ്ചാറ് തവണ പഠിപ്പിക്കേം ചെയ്തു. ഇനി എന്തായാലും ഒന്ന് തനിയെ വിളിക്കേന്നെ. എന്താ അവാന്ന് നോക്കാലോ. കൊറോണക്കാലമായോണ്ട് ആരുമായും നേരിട്ട് വര്‍ത്താനങ്ങളില്ലാണ്ടെ മാസം ഏഴായി. എന്നാലും ഫോണീക്കൂടി വര്‍ത്താനങ്ങള്‍ പറഞ്ഞും അറിഞ്ഞും കൊണ്ടിരിക്കുകയാണ്.

ബെഡ് റൂമില്‍ കുട്ട്യോളടച്ഛന്‍ പ്രഭാരേട്ടന്‍ നല്ല ഒറക്കത്തിലാണ്. ഒണര്‍ത്തണ്ടാന്ന് വെച്ച് വാതില്‍ പതുക്കെ ചാരി ഫോണുമെടുത്ത് ബാല്‍ക്കണിയിലേക്ക് നടന്നു.

രണ്ടും കല്‍പ്പിച്ച് വേണ്ട ആളെ തേച്ചു വരുത്തി. കണ്ണൊന്നും പഴേ പോലെ പിടിക്കണൂല്യ. ഈ ഫോണിലാണെങ്കി കേക്കണ ശബ്ദത്തിനും ഒരു വ്യത്യാസം.

അപ്പ്രത്ത് റിങ്ങ് ആകണണ്ട്. ഹാവൂ… സമാധാനായി. ഇത്രേള്ളൂ. ഇതിനൊക്കെ എന്തിനാത്ര പേടിച്ചതെന്നോര്‍ത്ത് ഒരു ചെറിയ നെടുവീര്‍പ്പിട്ടു.

‘ഹലോ’

അപ്പ്രത്ത് പുരുഷ ശബ്ദം. ഓ… സുഗതനാവും.

‘ഹലോ’

വേറെ എവടക്കോ കോള് പോയോന്ന് ഓര്‍ത്ത് ഒരു നിമിഷം ശങ്കിച്ചു. നെഞ്ചില്‍ ചെറിയ ശിങ്കാരിമേളം… ന്നാലും വിട്ടില്ല.

‘ങ്ങളാരാ?’

‘ങ്ങക്കാരെയാ വേണ്ടേ?’

എവഡന്നാ വിളിക്കണേ?’

‘ബാംഗ്ളൂരിന്നാ’

‘ബാംഗ്ളൂരിലെവടന്നാ?’

‘രാജരാജേശ്വരി നഗര്‍ന്നു പറയും.’

‘ഓഹോ.. ഞങ്ങളും അവ്ടെന്നയാ. ആരെയാ വേണ്ടേ’

അപ്രത്തുള്ള ആള് മനുന്നനെ ഇരുന്നാലും ഇടക്കൊക്കെ ഇങ്ങനെ ഓരോ തമാശ കളിക്കാറുള്ള കാര്യം ഓര്‍ത്തു ചിരിയും വന്നു.

‘പ്രസന്നേല്ല്യേ അവടെ?’

‘ഓ..ണ്ടല്ലോ. പ്പൊ കൊടുക്കാട്ടോ.’

പിന്നെ കണ്ടത് പ്രഭാകരേട്ടന്‍ വാതില്‍ തൊറന്ന് ദാ ആരോ വിളിക്കണൂന്നു പറഞ്ഞുകൊണ്ട് ഫോണുംകൊണ്ട് ബാല്‍ക്കണിയിലേക്കു വരുന്നതാണ്.

ഫോണില്‍ വിളിക്കേണ്ട നമ്പറിന് പകരം വിരല്‍കുത്തു കൊണ്ടത് പ്രഭാകരനാന്ന് അറിയാന്‍ പ്രസന്ന ചേച്ചിക്ക് പിന്നെയും രണ്ടു മിനുട്ടെടുത്തെങ്കിലും ചുമ്മാ ഫോണ്‍ വാങ്ങി ഹലോ ഹലോന്ന് പറഞ്ഞോണ്ട് പതുക്കെ അടുക്കളയിലേക്ക് നടന്നു…

 

സതീഷ് തോട്ടശ്ശേരി മലയാളം മിഷൻ ബാംഗ്ലൂർ

0 Comments

Leave a Comment

FOLLOW US