ഓണ്‍ലൈന്‍ പഠനോത്സവങ്ങള്‍ വിജയിപ്പിക്കുക

ലയാളം മിഷന്‍ അത്യാഹ്ലാദപൂര്‍വ്വം സംഘടിപ്പിക്കുന്ന രണ്ട് ഉത്സവങ്ങളാണ് പ്രവേശനോത്സവവും പഠനോത്സവവും. പഠിതാക്കളെ സന്തോഷത്തോടെ പഠനകേന്ദ്രങ്ങളിലേക്ക് വരവേല്‍ക്കുന്നതാണ് പ്രവേശനോത്സവം എങ്കില്‍ യാതൊരുവിധ ഭയാശങ്കകളുമില്ലാതെ, ആത്മവിശ്വാസത്തോടെ ‘പരീക്ഷ’ നടക്കുന്നതാണ് ‘പഠനോത്സവം’.

പഠനോത്സവം ആര്‍ക്കൊക്കെ പ്രയോജനപ്പെടും?
– പഠിതാക്കള്‍ക്ക്
– അധ്യാപകര്‍ക്ക്
– രക്ഷിതാക്കള്‍ക്ക്
– മലയാളം മിഷന്‍ ഭാരവാഹികള്‍ക്ക്

അതെങ്ങനെ…?

കുട്ടികള്‍ക്ക്
* സ്വയം വിലയിരുത്താന്‍
* പരസ്പരം വിലയിരുത്താന്‍
* കോഴ്സ് പൂര്‍ത്തിയാക്കി യോഗ്യത നേടാന്‍

അധ്യാപകര്‍ക്ക്
* പഠിതാക്കളെ വിലയിരുത്താന്‍
* സ്വയം വിലയിരുത്താന്‍
* രക്ഷിതാക്കളെയും സമൂഹത്തെയും ബോധ്യപ്പെടുത്താന്‍

രക്ഷിതാക്കള്‍ക്ക്
* കുട്ടികളെ വിലയിരുത്താന്‍
* കുട്ടികളെ സഹായിക്കാന്‍
* ഭാഷാപ്രവര്‍ത്തനങ്ങളില്‍ അധ്യാപകരോടൊപ്പം സഹകരിക്കാന്‍

മലയാളം മിഷന്‍ ഭാരവാഹികള്‍ക്ക്
* അധ്യാപകരെ സഹായിക്കാന്‍
* കുട്ടികളെ കണ്ടെത്താന്‍, പ്രോത്സാഹിപ്പിക്കാന്‍
* പഠനകേന്ദ്രങ്ങളെ കണ്ടെത്താന്‍, ശക്തിപ്പെടുത്താന്‍
* മലയാളം മിഷന്‍ കേന്ദ്രനേതൃത്വവുമായി ആശയവിനിമയം നടത്താന്‍പരമ്പരാഗതമായി വിദ്യാലയങ്ങളില്‍ പരീക്ഷ നടത്തുന്ന രീതി നാം നിരാകരിക്കുന്നു. കുട്ടികള്‍ക്ക് എന്തറിയില്ല എന്ന് വിലിരുത്തുന്നതിനല്ല, എന്തറിയും എന്ന് മനസ്സിലാക്കുന്നതിനാണ് പഠനോത്സവം. അതുകൊണ്ടുതന്നെ പിരിമുറുക്കമുള്ള പഠനാന്തരീക്ഷം മലയാളം മിഷന്‍ സ്വീകരിക്കുന്നില്ല. എഴുതി പ്രകടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളോടൊപ്പം രസകരമായ ഉണര്‍ത്തു പ്രവര്‍ത്തനങ്ങള്‍കൂടി പഠനോത്സവത്തിന്റെ ഭാഗമായി വരുന്നു. അതിനിടയില്‍ എപ്പോഴാണ് തങ്ങള്‍ വിലയിരുത്തപ്പെടുന്നത് എന്നതുപോലും കുട്ടികള്‍ അറിയുന്നില്ല. രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ തുടരുന്ന അക്ഷരാര്‍ഥത്തിലുള്ള പഠനോത്സവം അങ്ങനെയാണ്. ഈ സാഹചര്യത്തില്‍ നമ്മള്‍ എങ്ങനെയാണ് ഓണ്‍ലൈന്‍ പഠനോത്സവം നടത്തുക എന്നത് വലിയ വെല്ലുവിളി തന്നെ. പക്ഷെ നമുക്ക് മുന്നോട്ടുപോയേ തീരൂ.

ഓണ്‍ലൈന്‍ പഠനോത്സവത്തിന് പഠിതാക്കളെ സന്നദ്ധമാക്കുന്നതിന് താഴെ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ പരിഗണിക്കുമല്ലോ.
1. ഓണ്‍ലൈന്‍ പഠനോത്സവത്തിന് എഴുതി പ്രകടിപ്പിക്കാനുള്ള വ്യവഹാരാധിഷ്ഠിതമായ 6 പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഉണ്ടാകൂ..
2. 3 മണിക്കൂര്‍ നേരത്തേക്ക് ചിട്ടപ്പെടുത്തിയ ലളിതമായ പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും കൊടുക്കുക.
3. ചാപ്റ്റര്‍ വിദഗ്ധസമിതിയുടെ നേതൃത്വത്തില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം.
4. പഠനോത്സവം നടത്തുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം മുന്‍കൂട്ടി നിശ്ചയിച്ച് എല്ലാ കുട്ടികള്‍ക്കും പ്രാപ്യമാക്കണം.
5. മേഖലാതലത്തില്‍ അധ്യാപകരുടെയും മേഖലാ ഭാരവാഹികളുടെയും നടത്തിപ്പ് സമിതി രൂപീകരിക്കേണ്ടതുണ്ട്.
6. മലയാളം മിഷന്‍ കേന്ദ്ര ഓഫീസില്‍നിന്നും ഇ-മെയിലായി അയക്കുന്ന ‘ചോദ്യാവലി’ ചാപ്റ്ററില്‍നിന്നും നിശ്ചിതസമയത്ത് മേഖലകളിലും അധ്യാപകരിലും എത്തണം.
7. കുട്ടികള്‍ എവിടെയിരുന്നാണ് പഠനോത്സവ രചനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കേണ്ടത് എന്നത് അധ്യാപകര്‍ ആസൂത്രണം ചെയ്യണം. ഇക്കാര്യത്തില്‍ വിശ്വാസയോഗ്യമായ മോണിറ്ററിംഗ് നടത്തുവാന്‍ പര്യാപ്തമായ വിധത്തില്‍ പഠനോത്സവകേന്ദ്രങ്ങളെ വിന്യസിക്കേണ്ടതാണ്.
8. പഠിതാക്കളുടെ വീട്ടിലിരുന്നിട്ടാണെങ്കില്‍പ്പോലും ഉത്തമ വിശ്വാസത്തിലും ബോധ്യത്തിലും കാര്യക്ഷമമായി കുട്ടികള്‍ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
9. രചനാപ്രവര്‍ത്തനങ്ങള്‍ എഴുതിയ ഉത്തരക്കടലാസുകള്‍ കണിക്കൊന്ന, സൂര്യകാന്തി എന്നിവയുടെ അതത് മേഖലകളില്‍ മൂല്യനിര്‍ണ്ണയം ചെയ്താല്‍ മതി. മൂല്യനിര്‍ണ്ണയത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. ഉത്തരക്കടലാസുകള്‍ മേഖലാ ഓഫീസുകളില്‍ സൂക്ഷിച്ച വയ്ക്കണം.
10. ആമ്പല്‍ പഠനോത്സവത്തിന്റെ കുട്ടികളുടെ ഉത്തരക്കടലാസുകള്‍ ചാപ്റ്റര്‍ വിദഗ്ധസമിതിയുടെ നേതൃത്വത്തില്‍ പരിശോധിക്കേണ്ടതും ആയത് സ്‌കാന്‍ ചെയ്ത് മലയാളം മിഷന്‍ കേന്ദ്ര ഓഫീസിലേക്ക് അയച്ചുതരേണ്ടതുമാണ്.

പഠനോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ഏത് സംശയങ്ങള്‍ക്കും മലയാളം മിഷന്‍ കേന്ദ്രനേതൃത്വവുമായി ബന്ധപ്പെടാവുന്നതാണ്.

 

എം. സേതുമാധവൻ രജിസ്ട്രാർ, മലയാളം മിഷൻ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content