താമര പ്രഭാവം
ഒരു നീല പൊൻമാൻ കുറച്ചു സമയമായി ഇളകാതിരിക്കുന്നു. പെട്ടെന്ന് ഒറ്റ കുതിപ്പ് കുളത്തിലേക്ക്. ശരം പോലെ അത് വെള്ളത്തിലേക്ക് ആഴ്ന്നു പോയി. ഉടൻ തന്നെ കൊക്കിൽ ഒരു പിടയുന്ന മീനുമായി അതേ വേഗത്തിൽ ഉയർന്നു. തിരിച്ച് കുളത്തിനരികിൽ സ്ഥാപിച്ച സ്റ്റാൻറിൽ വന്നിരുന്നു.
‘ടീച്ചറമ്മേ…’ എന്നു വിളിച്ചു കൊണ്ട് നിധിനും നിതികയും കടന്നു വന്നു. മരത്തിനടിയിൽ ഇരുന്ന് പൊൻമാൻെറ മീൻപിടുത്തം നോക്കി രസിച്ചിരുന്ന ടീച്ചറമ്മ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു, ‘വരൂ കുട്ടികളെ നമുക്ക് ഇന്ന് ഇവിടെയാവാം ക്ലാസ്.’
നിതികയും നിധിനും ടീച്ചറമ്മയുടെ ഇരു വശത്തായി മുന്നിൽ ഇരുന്നു. പുൽപ്പരപ്പിൽ ഒരു വശത്തായി ആമ്പൽ കുളം. അരികുകളിൽ ഉരുളൻ കല്ലുകൾ പാകി ഭംഗിയാക്കിയിരിക്കുന്നു. കല്ലുകൾക്കിടയിലൂടെ വെള്ളത്തിലേക്ക് തലനീട്ടുന്ന ചെടികളും പുൽനാമ്പുകളും. ആറിലധികം ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ട്. വട്ടത്തിലുള്ള ഇലകൾ വെള്ളത്തിൽ ജലനിരപ്പിനൊപ്പം പരന്നു കിടക്കുന്നു. മത്സ്യങ്ങളും പേരറിയാത്ത നിരവധി ചെറു ജീവികളും വെള്ളത്തിലുണ്ട്. ചിലത് മുകളിൽ കളിക്കുന്നു. മറ്റ് ചിലത് വെള്ളത്തിനടിയിൽ കളിക്കുന്നു.
നിധിൻ പുല്ലിൽ കിടന്നിരുന്ന ഒരു ചെറിയ കമ്പെടുത്ത് വെള്ളത്തിലേക്ക് ഇട്ടു. അത് വീണിടത്ത് നിന്ന് അല്പം വെള്ളം തെറിച്ച് ആമ്പൽ ഇലയിലേക്ക് കയറി.
ആമ്പലിൻെറ ഇലയിൽ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുന്ന വെള്ള ത്തുള്ളിയെ നോക്കി ടീച്ചറമ്മ ചോദിച്ചു. ‘താമര പ്രഭാവം എന്നു കേട്ടിട്ടുണ്ടോ?’
‘ഇല്ല’ രണ്ടു പേരും ഒന്നിച്ച് പറഞ്ഞു.
ആമ്പലിൻെറ ഇലയിൽ ഉരുണ്ട് നീങ്ങുന്ന വെള്ളത്തുള്ളികളെ ചൂണ്ടികൊണ്ട് ചോദിച്ചു.
‘ഈ വെള്ളത്തുള്ളികൾക്ക് എന്തു സംഭവിക്കും. അവ ബാഷ്പമായി മാറും. സൂര്യൻെറ ചൂടിൽ ഇല്ലാതാവും.
രണ്ടും ഒന്നു തന്നെ. എന്നാൽ പക്ഷികൾ കുളിക്കുമ്പോഴും ഇരപിടിക്കുമ്പോഴുമെല്ലാം ഇലകളിൽ ധാരാളം വെള്ളം കയറി വരും എന്നാൽ താമര, ആമ്പൽ തുടങ്ങിയ ജല സസ്യങ്ങളുടെ ഇലകളിൽ ജലം പറ്റിപ്പിടിക്കുകയില്ല. പ്ലാസ്റ്റിക്കിൽ എന്ന പോലെ തങ്ങി നിൽക്കും. ഇലകൾ വെള്ളത്തെ ഉപയോഗപ്പെടുത്തുന്ന രീതിക്ക് പറയുന്ന പേരാണ് താമര പ്രഭാവം (lotus effect).’
‘എങ്ങനെയാ ഉപയോഗപ്പെടുത്തുക?’ നിധിൻ സംശയം ചോദിച്ചു.
‘ഇലകളിൽ വീഴുന്ന വെള്ളത്തെ അതിൻെറ നടുവിൽ എത്തിച്ച് ആവശ്യമുള്ളത് ആഗിരണം ചെയ്യും. ബാക്കി ഇലകൾ പ്രത്യേക രീതിയിൽ ഉയർത്തി പുറത്ത് കളയും ഇതിനാണ് താമര പ്രഭാവം എന്നു പറയുക.’
ജന്തുക്കൾ ശരീരം ചലപ്പിക്കുന്നതു പോലെ സസ്യങ്ങൾക്കും കഴിയുമെന്നത് ഇരുവർക്കും ഒരു പുതിയ അറിവായിരുന്നു.
‘ഇന്നത്തെ ചുമതല ഒരു വിവരണം തയ്യാറാക്കലാണ്. ഒരു കുളം നന്നായി നിരീക്ഷിക്കുക. അതിൻെറ പരമാവധി സവിശേഷതകൾ ഉൾപ്പെടുത്തി വിവരണം തയ്യാറാക്കണം.’
‘വിവരണത്തിൽ എന്തെല്ലാം വേണം ?’ നിധിക തൻെറ നോട്ട് പുസ്തകം തുറന്നു കൊണ്ട് ചോദിച്ചു.
‘വിവരണം തയ്യാറാക്കുമ്പോൾ ഒട്ടും പിശുക്ക് കാണിക്കേണ്ടതില്ല. കുളം ഒരു ആവാസവ്യവസ്ഥയാണെന്ന് അറിയാമല്ലോ? അപ്പോൾ ജീവനുള്ളതും ജീവനില്ലാത്തതുമായ ഘടകങ്ങൾ എല്ലാം കടന്നു വരണം. കുളത്തിൻെറ സ്ഥാനം. ആകൃതി, വലിപ്പം എല്ലാം പറയാൻ ശ്രമിക്കണം. കുളത്തിൻെറ കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവികൾ, അവയുടെ പ്രത്യേകതകൾ.’
രണ്ടു പേരും എഴുതുന്നത് നോക്കി കൊണ്ട് ടീച്ചറമ്മ തുടർന്നു.
‘ഇതിൻെറ എല്ലാം പേരുകൾ എഴുതി വച്ചാൽ പോര. വായിക്കുന്നവർക്ക് നേരിട്ട് കാണുന്ന തോന്നൽ ഉണ്ടാവണം.’
‘അതിന് വീഡിയോ എടുക്കുകയല്ലേ വേണ്ടത്’, നിധിൻ ഇടക്കു കയറി പറഞ്ഞു.
‘അതാവാം. പക്ഷേ എഴുതിയത് വായിക്കുന്നവരിൽ കാണുന്ന പ്രതീതി ഉണ്ടാക്കുന്നതാണ് നല്ല വിവരണം.’
‘അതിന് എന്താവേണ്ടത്?’ നിതിക സംശയിച്ചു കൊണ്ട് പേന നെറ്റിയിൽ മുട്ടിച്ചു.
‘ആദ്യം എഴുതുക. പിന്നെ വായിച്ച് നോക്കുക, വീണ്ടും മെച്ചപ്പെടുത്തി എഴുതുക. അങ്ങനെ എഴുതിയത് നമുക്ക് അടുത്ത ക്ലാസിൽ ചർച്ച ചെയ്യാം.’
രണ്ടു പേരും കുളം നിരീക്ഷണം ആരംഭിച്ചു.

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ