കവിത രചിച്ചു പഠിക്കാം – കാവ്യ പ്രയോജനം

(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)

 

കാവ്യക്കളരിയിൽ ഒരു കുട്ടി നിഷ്കളങ്കമായി ചോദിച്ചു. ‘ഈ കവിത കൊണ്ടെന്തെങ്കിലും ഗുണമുണ്ടോ.’ ശരിയാണല്ലോ. ഈ കാര്യം പരിശോധിക്കേണ്ടതല്ലേ. തീർച്ചയായും. ഗുണമില്ലാത്തൊരു കാര്യത്തിനു പിറകെ വെറുതെ നടക്കുന്നതെന്തിന്. കവിത കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടോ, പ്രയോജനമുണ്ടോ. ആലോചിച്ചു നോക്കൂ.

എന്താണ് ആദ്യ പ്രതികരണം. ഉണ്ടെന്നു തന്നെയല്ലേ. അതേ. അതിൽ സംശയമില്ല. എങ്കിൽ നമുക്കു നോക്കേണ്ടത് ആർക്കൊക്കെ എന്തൊക്കെ എന്നതാവും. കവിതയുമായി ബന്ധപ്പെട്ട് പ്രധാനമായി ആരൊക്കെയുണ്ട്. ഒന്ന്, കവിത എഴുതുന്നയാൾ. രണ്ട്, അതു വായിക്കുന്നയാൾ. കവിത എഴുതുന്ന ആൾക്ക് അതു എഴുതിയാൽ എന്തൊക്കെ കിട്ടുന്നു. ഇതിനെക്കുറിച്ച് എത്രയോ കാലമായി എത്രയോ എഴുത്തുകാർ പറഞ്ഞിട്ടുണ്ട്. അതിന്റെ പൊരുൾ ഇങ്ങനെയാണ്. എഴുത്തുകാരന്റെ മനസ്സ് ആശയങ്ങൾ കൊണ്ട് നിറയുന്നു. അതിന്മേൽ അടയിരിക്കുന്നു. മനസ്സ് വിങ്ങി വീർപ്പുമുട്ടുന്നു. കാർമേഘം മൂടിയ ആകാശം പോലെ. മഴ പെയ്‌താൽ മാത്രമേ മാനം തെളിയൂ എന്ന അവസ്ഥ. എഴുതിക്കഴിഞ്ഞാൽ മാത്രമേ ഒരു സ്വസ്ഥത കിട്ടുകയുള്ളു. അല്ലെങ്കിൽ ഭ്രാന്തുപിടിച്ചതു പോലെ നടക്കേണ്ടി വരുമെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. ഗർഭം ധരിച്ച് പ്രസവിക്കുന്നതു പോലെ എന്നും ചിലർ താരതമ്യം ചെയ്‌തിട്ടുണ്ട്. എന്തായാലും നല്ല ഒരു എഴുത്തുകാരന് എഴുത്ത് എന്ന പ്രക്രിയ വല്ലാത്ത ഒരു അനുഭവമാണ്. വായനയിൽ നിന്നു കിട്ടുന്നതിന്റെ എത്രയോ ഇരട്ടിയാണത്. എന്താണതിനു പേരെന്ന് പറയാൻ പ്രയാസമുണ്ട്. പ്രഗത്ഭർ പലരും പറഞ്ഞത് മധുരമായ വേദന എന്നാണ്.എഴുത്തുകാരന് കവിത എഴുതിയാൽ മറ്റെന്തൊക്കെ കിട്ടും. കീർത്തി കിട്ടും അല്ലേ. പ്രശസ്തനായ കവി എന്നു നാം പറയാറില്ലേ. പിന്നെന്തു കിട്ടും. ധനം. കവിത എഴുതിയാൽ പ്രതിഫലം കിട്ടും. ആനുകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ എഴുതിയ ആൾക്കു പണം ലഭിക്കും. പുസ്തകമാക്കി പ്രസിദ്ധീകരിക്കുമ്പോൾ റോയൽറ്റി എന്ന പേരിലാണ് ഈ പണം അറിയപ്പെടുന്നത്. വില്പന കൂടുന്നതിനനുസരിച്ച് തുകയും കൂടും. പ്രശസ്തിയും തുക കൂടുന്നതിന് മറ്റൊരു കാരണമാണ്.

കവിതക്ക് സമ്മാനങ്ങളും അവാർഡുകളും പുരസ്കാരങ്ങളും ലഭിക്കാറുണ്ട്. അതിൽ നല്ലൊരു പങ്കും പണമായി കിട്ടുന്നു. 15.10.2020 ന് അന്തരിച്ച മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരമായി ലഭിച്ച തുക പതിനൊന്നു ലക്ഷമാണ്. ഒരു ബെസ്റ്റ് സെല്ലർ പുസ്തകം എഴുതുമ്പോഴും സിനിമ പോലുള്ള ബഹുജനമാധ്യമവുമായി ബന്ധപ്പെട്ട് തിരക്കഥ, ഗാനം തുടങ്ങിയവ എഴുതുമ്പോഴും കിട്ടുന്ന ധനത്തിന്റെ അളവ് നാം പ്രതീക്ഷിക്കുന്നതിലും എത്രയോ വലുതാണ്.

എഴുത്തുകാരന്റെ കാര്യം അവിടെ നിൽക്കട്ടെ. കവിത വായിക്കുന്ന ഒരു ആസ്വാദകന് എന്തു കിട്ടുന്നു എന്നു കൂടി നോക്കാം. ആസ്വാദകന് ആദ്യം കിട്ടുന്നത് ആസ്വാദ്യത തന്നെ. നല്ലൊരു കവിത വായിച്ചാൽ കിട്ടുന്ന ആനന്ദത്തിന് പകരം വെക്കാൻ മറ്റെന്തുണ്ട്. കവിതയിലൂടെ കിട്ടുന്ന അറിവാണ് മറ്റൊരു പ്രധാന കാര്യം. അത് വെറും അറിവല്ല. ഈ ലോകത്തിൽ എങ്ങനെ നന്നായി ജീവിക്കാമെന്നു പഠിപ്പിക്കുന്ന അറിവാണത്. ലോക വ്യവഹാര ജ്ഞാനമെന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്.

കവിത അമംഗളങ്ങളെ ഇല്ലാതാക്കുമെന്ന് പണ്ടുള്ളവർ കണ്ടെത്തിയിട്ടുണ്ട്. മനസ്സിലെ അഴുക്കും മെഴുക്കും കഴുകി വൃത്തിയാക്കാൻ കവിതക്ക് കെല്പുണ്ടെന്നു സാരം. ഇതു തന്നെയാണ് അരിസ്റ്റോട്ടിൽ എന്ന ഗ്രീക്കു ചിന്തകൻ പറയുന്നത്. കവിതക്ക് വികാരത്തെ വിമലീകരിക്കാൻ ശക്തിയുണ്ടെന്ന്. നല്ല കവിതക്ക് നമ്മളെ ഉപദേശിച്ച് നന്നാക്കാൻ കഴിയും. മനസ്സിനെ ശാന്തിയിലേക്കും നിർവൃതിയിലേക്കും എത്തിക്കാൻ കഴിയും.

ഇതു മാത്രമാണോ കവിത കൊണ്ടുള്ള ഗുണം. അല്ലെന്നാണ് പുതിയ പുതിയ കണ്ടെത്തലുകൾ പറയുന്നത്. ജെ.സി. ബോസ് എന്ന ബംഗാളി ശാസ്ത്രജ്ഞൻ കണ്ടുപിടിച്ചത് എല്ലാവർക്കും അറിയാമല്ലോ. അദ്ദേഹം ഒരേ ഇനത്തിൽ പെട്ട രണ്ടു റോസാച്ചെടികൾ രണ്ടിടത്ത് കുഴിച്ചിട്ടു. ഒന്നിന് ദിവസേന കവിതയും സംഗീതവും കേൾപ്പിച്ചു. രണ്ടും പൂവിട്ടു. എന്നാൽ സംഗീതം കേട്ട റോസാച്ചെടി മറ്റേതിനേക്കാൾ വളരെ കൂടുതൽ പൂവു തന്നു. ഒരേ ജനുസ്സിൽ രണ്ടു പശുക്കളെ രണ്ടു സ്ഥലത്തു വളർത്തി. ഒന്നിനു ദിവസേന സംഗീതം കേൾപ്പിച്ചു. മറ്റേതിനേക്കാൾ ആ പശു കൂടുതൽ പാലു ചുരത്തി.

ഇന്ന് സംഗീതം, മാരക രോഗങ്ങൾക്കു പോലും ചികിത്സക്കു വേണ്ടി ഉപയോഗിക്കുന്നത് നമുക്കറിയാം. മ്യൂസിക് തെറാപ്പിയിൽ കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്. സംഗീതം കൊണ്ട് മഴ പെയ്യിക്കാൻ പോലും കഴിയുമെന്ന് പറയുന്ന വരുണ്ടല്ലോ.

കവിത രചിക്കുന്നവർക്കും കവിത വായിച്ചാസ്വദിക്കുന്നവർക്കും മറ്റുള്ളവരേക്കാൾ ബുദ്ധിശക്തിയുണ്ടെന്നൊരു വാദഗതിയുണ്ട്. അവർ പരീക്ഷകളിൽ കൂടുതൽ മികവ് പുലർത്തുന്നുണ്ടത്രെ. അതിലെ സത്യം കണ്ടെത്താൻ നിങ്ങൾ തന്നെ ഒരു പഠനം നടത്തുക.

നമ്മുടെ വീട്ടിലുള്ള കണ്ണാടി പൊടി പിടിക്കും പോലെ മസ്തിഷ്കവും പൊടി പിടിക്കുമത്രേ. കണ്ണാടി പൊടി പിടിക്കുമ്പോൾ നമുക്കു തുടയ്ക്കാം. കഴുകാം. മസ്‌തിഷ്‌കം കഴുകുന്നതും തുടയ്ക്കുന്നതുമെങ്ങനെയാണ്. കവിത കൊണ്ട് അതു സാധിക്കുമത്രേ. അതും പരീക്ഷിച്ചു നോക്കുക. ഒരു കാര്യം ഉറപ്പാണ്. കവിത നമ്മുടെ മനസ്സിനെ മാർദ്ദവമുള്ളതാക്കുന്നു. മനുഷ്യൻ ക്രൂരനാവാതിരിക്കാനെങ്കിലും കവിത കാരണമാകുന്നു.

കവിത സ്നേഹമാണ്. മനുഷ്യൻ യന്ത്രമാകാതിരിക്കാൻ ഇന്നു കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഔഷധമാണ് കവിത. അങ്ങനെയുള്ള കവിത ആവോളം രചിക്കൂ… ആവുന്നത്ര രുചിക്കൂ…

എടപ്പാൾ സി.സുബ്രഹ്മണ്യൻ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content