കുഞ്ചൻ നമ്പ്യാർ
“ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം
ഇത്യർത്ഥ ഏഷാം ശ്ലോകാനാം
അല്ലാതൊന്നും ന വിദ്യതേ.”
കൂട്ടുകാരെ, ഈ വരികളിലെ ആദ്യവരി നിങ്ങൾക്കെല്ലാം പരിചിതമായിരിക്കുമല്ലോ ? എന്നാൽ ഈ വരികളുടെ ഉത്ഭവകഥ എന്താണെന്നറിയാമോ? ഫലിതസമ്രാട്ട് ആയിരുന്ന കുഞ്ചൻനമ്പ്യാർ ആണ് ഈ വരികളുടെ കർത്താവ് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും. പക്ഷേ അദ്ദേഹത്തിന്റെ ഓരോ വരികൾക്ക് പിന്നിലും നർമ്മരസപ്രധാനമായ സംഭവങ്ങൾ എന്നുമുണ്ടായിരുന്നു. നമ്പ്യാരെപ്പോലെ സാമൂഹിക വിമർശനത്തിന് കവിതയെ ഇത്രയേറെ കൂട്ടുപിടിച്ച ഒറ്റക്കവിപോലും ഇന്നുവരെ ഉണ്ടായിട്ടില്ല.
പതിനെട്ടാം നൂറ്റാണ്ടിൽ രാജഭരണകാലത്ത് ജീവിച്ചിരുന്നതും കൊട്ടാരം വിദൂഷകൻ എന്ന് അറിയപ്പെട്ടിരുന്നതുമായ കവിയാണ് കുഞ്ചൻ നമ്പ്യാർ.
ഒരിക്കൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ദീപസ്തംഭം കാണുന്നതിനായി മാർത്താണ്ഡവർമ മഹാരാജാവ് എഴുന്നള്ളി. സ്വർണ്ണവർണ്ണമായതും കൊത്തുപണികൾ നിറഞ്ഞതുമായ ദീപസ്തംഭത്തിന്റെ ശിൽപ്പ ഭംഗിയിൽ മഹാരാജാവ് ആഹ്ലാദവാനായി. ഉടൻതന്നെ ദീപസ്തംഭത്തിന്റെ ശിൽപ്പഭംഗി വർണിച്ചെഴുതാനായി കൊട്ടാരം കവികളെ ചട്ടംകെട്ടി.
കവികളെല്ലാം തലങ്ങുംവിലങ്ങും ആർഭാടപൂർവ്വം അലങ്കാരച്ചാർത്തുകൾകൊണ്ട് കവിതകൾ ചമച്ചു. എല്ലാവരും അവരവരുടെ കവിതകൾ മഹാരാജാവിനെ ചൊല്ലിക്കേൾപ്പിച്ച് നിർവൃതിയടഞ്ഞു.
അപ്പോഴാണ് കുഞ്ചൻ നമ്പ്യാരുടെ ഊഴമെത്തുന്നത്.
“ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം
ഇത്യർത്ഥ ഏഷാം ശ്ലോകാനാം
അല്ലാതൊന്നും ന വിദ്യതേ.”
എന്ന് നമ്പ്യാർ ചൊല്ലിയപ്പോഴാണ് മഹാരാജാവിന് കാര്യം വ്യക്തമായത്. സ്‌തുതിപാഠകരായ മറ്റ് കവികളുടെ കാപട്യം നിറഞ്ഞ വരികൾ വെറും പണം കൈക്കലാക്കാനുള്ള പൊള്ളത്തരങ്ങളായിരുന്നു എന്ന് ഇത്ര ധൈര്യപൂർവ്വം വിളിച്ചുപറയാൻ നമ്പ്യാർക്ക് അല്ലാതെ മറ്റാരെക്കൊണ്ടാണ് സാധ്യമാകുന്നത്.
ഇതാണ് കുഞ്ചൻനമ്പ്യാർ ! ഇദ്ദേഹത്തിന്റെ നർമപ്രധാനമായ ധാരാളം കഥകളുണ്ട്, ചൊല്ലുകളുണ്ട്.
ഇന്ന് നമ്മൾ കളിയായും കാര്യമായും പറയുന്ന പല ചൊല്ലുകളുടെയും കർത്താവ് കുഞ്ചൻനമ്പ്യാർ ആണെന്ന് എത്രപേർക്കറിയാം.
കുറച്ച് ചൊല്ലുകൾ കേട്ടുനോക്കൂ:
1. കനകം മൂലം കാമിനിമൂലം
കലഹം പലവിധമുലകിൽ സുലഭം
2. അച്ചിക്ക് ദാസ്യ പ്രവർത്തി ചെയ്യുന്നവൻ
കൊച്ചിക്ക് പോയങ്ങു തൊപ്പിയിട്ടീടണം
3. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടൊരു സൗരഭ്യം
4. കുണ്ടുകിണറ്റിൽ തവളക്കുഞ്ഞിന്
കുന്നിനു മീതെ പറക്കാൻ മോഹം
5. ഉപ്പു ചുമന്നു നടക്കുന്നവനൊരു
കപ്പലുകടലിലിറക്കാൻ മോഹം
6. എമ്പ്രാനല്പം കട്ടു ഭുജിച്ചാൽ
അമ്പലവാസികൾ ഒക്കെ കക്കും
7. ആശാനക്ഷരമൊന്നു പിഴച്ചാൽ
അമ്പത്തൊന്ന് പിഴക്കും ശിഷ്യന്
8. കണ്ണടച്ച് ഇരുട്ടാക്കി നടന്നാൽ
താൻ മറിഞ്ഞു കുണ്ടിൽവീഴും
9. ചൊല്ലുന്ന നൃപതിക്ക്
തല്ലുന്ന സചിവന്മാർ
തല്ലുന്ന നൃപതിക്ക്
കൊല്ലുന്ന സചിവന്മാർ
കൊല്ലുന്ന നൃപതിക്ക്
തിന്നുന്ന സചിവന്മാർ
10. അണ്ടിയോടടുക്കുമ്പോഴറിയാം
മാങ്ങയുടെ പുളി
(അണ്ടിയോടങ്ങടുക്കുമ്പോൾ
പുളിക്കുമെന്നു ബോധിപ്പിൻ)
ഇനിയുമുണ്ട് ധാരാളം. മറ്റുള്ളവ കൂട്ടുകാർ കണ്ടെത്തുമല്ലോ? ഇത് വിപുലപ്പെടുത്തി പൂക്കാലത്തിലേക്ക് അയക്കാൻ മറക്കല്ലേ !
കുഞ്ചൻ നമ്പ്യാർ
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്നാണ് പണ്ഡിത അഭിപ്രായങ്ങൾ. പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു ജനനം. തുള്ളൽ എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. ഓട്ടൻ, ശീതങ്കൻ, പറയൻ എന്നീ പ്രകാരത്തിലാണ് തുള്ളലിനെ വർഗീകരിച്ചിരിക്കുന്നത്. കല്യാണസൗഗന്ധികം, കിരാതം, ഘോഷയാത്ര, സ്യമന്തകം, ബാണയുദ്ധം, രുക്മണീസ്വയംവരം, ബകവധം, ബാലിവിജയം, സഭാപ്രവേശം എന്നിങ്ങനെ നാൽപ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്.’
സാധാരണക്കാരന്റെ ഭാഷയിലും ചിന്തകളിലുമാണ് നമ്പ്യാർ കവിതകൾ അവതരിപ്പിച്ചിരുന്നത്. പുരാണകഥാപാത്രങ്ങൾക്ക് സമൂഹത്തിലെ പലരുമായും സാമ്യം കൽപ്പിച്ചുകൊണ്ട് കവിത ചമയ്ക്കുന്നതിൽ അതിവിദഗ്ധനായിരുന്നു നമ്പ്യാരെന്നതിന്റെ തെളിവുകളാണ് ഓരോ തുള്ളൽ വരികളും.
സംസ്കൃതഭാഷയും സാഹിത്യവും സാമാന്യ ജനതയ്ക്ക് അപ്രാപ്യമാണെന്നറിഞ്ഞ് പുതിയൊരു ജനകീയ സാഹിത്യ വിചാരത്തിന് തുടക്കം കുറിക്കുകയാണ് നമ്പ്യാർ ചെയ്‌തത്. അതിനുവേണ്ടി അദ്ദേഹം തുള്ളൽക്കവിതകളെഴുതി. നമ്പ്യാർക്കവിതകൾ പതിനെട്ടാം നൂറ്റാണ്ടിലെ കേരളീയ ജീവിതത്തിന്റെ ചൊൽക്കാഴ്‌ചകൾ തന്നെയാണ്. പൊതുതത്ത്വങ്ങളാൽ സമൃദ്ധവും.

ഡോ.കെ.ബീന റിസർച്ച് അസിസ്റ്റന്റ് കേരള ചരിത്ര ഗവേഷണ കൗൺസിൽ തിരുവനന്തപുരം