അനുഭവ നർമ്മം
കാർന്നോര് പൂജ
“നീ എങ്ങനെയെങ്കിലും വന്നേ പറ്റൂ. തറവാട്ടിലെ എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ്. ”
എന്ന് പറഞ്ഞാണ് അമ്മ ഫോൺ വെച്ചത്. എനിക്കതിലൊന്നും വിശ്വാസമില്ലെന്ന് അമ്മയ്ക്കും നല്ലവണ്ണം അറിയാവുന്നതാണ്. ഒരു പക്ഷെ മക്കൾ മുതിർന്നാലും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരായാലും ഞാൻ പറഞ്ഞാൽ അതിനപ്പുറമില്ലെന്ന സ്ഥിരം പല്ലവി മറ്റുള്ളവരെ ഒന്ന് കൂടി ബോധ്യപ്പെടുത്താമെന്നതായിരിക്കും അമ്മയുടെ ഈ നിർബന്ധത്തിന്റെ പുറകിലെ ചേതോവികാരം എന്നറിയാം.
ഒരുപാട് നാളായി മുടങ്ങി കിടന്നിരുന്ന കാർന്നോരു പൂജയെപ്പറ്റിയായിരുന്നു അമ്മ അരമണിക്കൂറോളം സംസാരിച്ചത്. തറവാട്ടു വീട്ടിലെ നീളൻ തളത്തിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ജനലിന് താഴെ ഇരുട്ട് നിറഞ്ഞ കുട്ടിയറയുണ്ട്. അതിന്റെ രണ്ടു ചെറുവാതിലുകൾ തുറക്കുന്നത് വിശേഷ ദിവസങ്ങളിൽ പങ്കുമാമക്ക് വിളക്ക് വെക്കാൻ മാത്രമാണ്. ഞങ്ങളെയെല്ലാം കാലാകാലങ്ങളിൽ വിട്ടു പോയ പൂർവ്വസൂരികളുടെ ആത്മാക്കളുടെ പ്രതിനിധി അല്ലെങ്കിൽ പ്രതിരൂപമാണ് പങ്കുമാമ. ആരാണ് പ്രതിഷ്ഠിച്ചതെന്ന് ആർക്കുമറിയാത്ത, പറയാൻ പ്രത്യേകിച്ച് രൂപമൊന്നുമില്ലാത്ത ഒരു കല്ലിൽ പങ്കുമാമയെ ആവാഹിച്ചിരുത്തിയതാണത്രേ. എന്നിരുന്നാലും വിളക്ക് വെക്കുമ്പോൾ എല്ലാവരും സാധാരണയിൽ കവിഞ്ഞ ഭയഭക്തി ബഹുമാനങ്ങളോട് കൂടി മാത്രമേ പങ്കുമാമക്ക് മുന്നിൽ നിൽക്കൂ. തറവാട്ടിലെ താവഴി കുടുംബങ്ങളുടെയൊക്കെ ക്ഷേമവും ഐശ്വര്യവുമെല്ലാം പങ്കുമാമയുടെ അദൃശ്യമായ കൃപാകടാക്ഷങ്ങൾ കൊണ്ടാണെന്ന് ഞാനൊഴികെ എല്ലാവരും ഇപ്പോഴും വിശ്വസിക്കുന്നു.
നഗരത്തിലെത്തിയിട്ട് മൂന്നു കൊല്ലമാകുന്നു. ഈ കാലയളവിൽ മൂന്നേ മൂന്നു പ്രാവശ്യമേ നാട്ടിൽ പോകാൻ സാധിച്ചിട്ടുള്ളൂ. രണ്ടു വർഷവും വിഷു വേല സമയത്താണ് പോയത്. ഏപ്രിൽ മാസമായതുകൊണ്ട് എന്നെപ്പോലെ മറുനാട്ടിൽ ജോലിയുള്ള സുഹൃത്തുക്കളൊക്കെ വിഷുവിനു നാട്ടിലെത്തും. വിഷുവിന്റെ
പിറ്റേന്നുള്ള അയിലൂർ വേല ഞങ്ങളുടെ ദേശത്തെ ഏറ്റവും വലിയ ഉത്സവമാണ്. അഞ്ച് ഗജവീരന്മാർ നിരക്കുന്ന എഴുന്നള്ളത്തും വെടിക്കെട്ടുമെല്ലാം ഉണ്ടാകും.
ചങ്ങാതിമാരെ കാണുക, ഒരുമിച്ച് വളരെ നേരമിരുന്ന് സംസാരിക്കുക എന്നതെല്ലാം അക്കാലത്തെ ആഘോഷത്തിന്റെ ഒരു ഭാഗം തന്നെ ആയിരുന്നു. ഇന്നാണെങ്കിൽ അതിനൊന്നും ആർക്കും നേരമില്ലല്ലോ. നാട്ടിലെ കാര്യങ്ങളിലേക്ക് ഓർമ്മ വഴുതി വീഴുമ്പോഴെല്ലാം മനസ്സിലെവിടെയോ ഒരു വിങ്ങൽ അനുഭവപ്പെടുന്നത് ഞാനറിയാറുണ്ട്. ഉറക്കം വരാൻ മടിച്ചു നിന്ന രാത്രിയിൽ പഴയ ഒരു പങ്കുമാമ പൂജയുടെ ഓർമ്മയിലേക്ക് മനസ്സ് കൂപ്പുകുത്തി.
സുബ്രമണ്യ മെമ്മോറിയൽ ഹൈസ്‌കൂളിൽ അഞ്ചാം ക്ലാസ്സിൽ ചേർന്ന സമയം. കർക്കിടകമഴ പെയ്‌തും തോർന്നും നിന്ന ദിവസമായിരുന്നു. സ്‌കൂൾ വിട്ടു വരുമ്പോൾ കോരി ചൊരിയുന്ന മഴയായിരുന്നു. പേമാരിയെ ചെറുക്കാൻ ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിക്കുട അപര്യാപ്‌തമായിരുന്നു. കുടയില്ലാത്ത ചേറൂരെ കേശവനും എന്റെ കുടക്കീഴിൽ ഉണ്ടായിരുന്നു. കേശവൻ സന്തത സഹചാരിയായിരുന്നു. ഉച്ചക്ക് സ്‌കൂളിൽ നിന്നും കൊടുക്കുന്ന ഗോതമ്പ് ഉപ്പുമാവിന്റെ ഒരു പങ്ക് വാട്ടിയ വാഴയിലയിൽ പൊതിഞ്ഞുകെട്ടി ചിലപ്പോഴൊക്കെ കേശവൻ എനിക്ക് തരമാക്കാറുണ്ട്. അവനെ വീട്ടിൽ വിട്ട് വേലിക്കൽ നാലുമണിപ്പൂക്കൾ പൂത്തു നിൽക്കുന്ന ഇടവഴിയിലേക്ക് കയറിയപ്പോൾ അയൽവക്കത്തെ സുഭദ്രചേച്ചി കണ്ണടക്കിടയിൽ കൂടി നോക്കി കുശലം ചോദിച്ചു.
“എന്താണ്ടാപ്പെ അപ്പിടി നനഞ്ഞൂല്ലോ”
“ഞാനും കേശവനും ഒരു കൊടേലാ വന്നത് ” എന്ന് ഞാൻ പറഞ്ഞത് മഴപ്പെരുക്കത്തിൽ അവർ കേട്ടോ എന്നറിയില്ല.
സുഭദ്ര ചേച്ചിയും ഭർത്താവും തത്തമംഗലത്തുള്ള ഒരു സ്‌കൂളിൽ അധ്യാപകരായിരുന്നു. വെള്ളിയാഴ്ചകളിൽ ഉച്ചയൂണ് കഴിഞ്ഞാൽ മകളെയും കൂട്ടി അയിലൂർക്ക് ബസ്സു കയറും. പിന്നെ തിങ്കളാഴ്ച കാലത്തേ മടങ്ങൂ. ഒരേ വീട്ടുകാരാണെങ്കിലും ഞങ്ങളുടെ കളിക്കൂട്ടത്തിലേക്ക് മകളെ വിടുന്നത് അന്നെല്ലാം അവർക്ക് ഒരു കുറച്ചിലായിരുന്നു. പട്ടണ പരിഷ്‌കാരി മകൾക്കാണെങ്കിൽ രാജകുമാരിയാണെന്ന ഭാവവും. ഞങ്ങൾക്കാർക്കും തന്നെ അവളുടെ ഗർവ്വും അഹംഭാവവും ഇഷ്ടമല്ലായിരുന്നു. കഴിഞ്ഞ കൊല്ലത്തെ സ്‌കൂൾ പൂട്ടലിൽ കുഴിയൊപ്പി ഗോട്ടികളിയിൽ അവൾ തോറ്റപ്പോൾ പെണ്ണിന്റെ മെലിഞ്ഞുണങ്ങിയ മണികണ്ഠത്തിൽ എണ്ണം പറഞ്ഞ അഞ്ചാറ് ഉണ്ട വെച്ചപ്പോൾ കരഞ്ഞു കൊണ്ട് പോയതിൽ പിന്നെ ഞങ്ങളോട് മിണ്ടാൻ വന്നിട്ടില്ല.
സ്‌കൂളവധിയിൽ കൊച്ചിയിൽ നിന്നും മുടങ്ങാതെ നാട്ടിലെത്തുന്ന തങ്കം അച്ഛേമയുടെ മകൾ ഷീലാഭായ് വരെ ഞങ്ങളുടെ കൂടെ വെച്ചുണ്ടം കളിക്കാനും അമ്പലം വെച്ചു കളിക്കുമ്പോൾ പവിഴമല്ലി പൂക്കൾ കൊണ്ട് മാല കെട്ടാനും ഒക്കെ കൂടാറുണ്ട്. എന്തൊക്കെ ആയാലും കൊച്ചിയോളം വരില്ലല്ലോ തത്തമംഗലം.
വീടെത്തി വെള്ളം ഇറ്റുവീഴുന്ന കുട വരാന്തയിൽ വെച്ചു. റബ്ബർ ബാന്റിട്ട പുസ്തകക്കെട്ട് മേശയിലേക്ക് വെച്ച് കൊണ്ട് അടുക്കളയിലെത്തി.
“അയ്യോ ട്രൗസറും ഷർട്ടുമെല്ലാം നനഞ്ഞല്ലോ. മാറിയിട്ട് വാ അപ്പളേക്കും ഞാൻ കുട്ടിക്ക് കാപ്പി ഉണ്ടാക്കാം” എന്നും പറഞ്ഞ് അമ്മ കാപ്പിക്കിണ്ടി അടുപ്പിൽ വെച്ചു.
വീട് മുഴുവൻ പൂജക്കുള്ള തയ്യാറെടുപ്പിലായിരുന്നു. തലോട്ടാംപാറേന്ന് വലിയമ്മയുടെ മകൾ, ആ അടുത്തു കല്യാണം കഴിഞ്ഞ ചന്ദ്രിക മേമയും വാസു എളേച്ഛനും പൂജക്ക് വരുന്നുണ്ടത്രേ. വാസു എളേച്ഛന് വില്ലേജ് ആപ്പീസിൽ ഉയർന്ന ഉദ്യോഗമായിരുന്നു. ശമ്പളത്തിന്റെ ഇരട്ടി കിമ്പളം കിട്ടുമെന്നെല്ലാം കല്യാണ സമയത്ത് മൂത്തവർ പറയുന്നത് കേട്ടിട്ടുണ്ട്. മൂപ്പരുടെ കത്തും കൊണ്ട് മുതിർന്നവരുടെ കൂടെ വല്ലങ്ങി സൗദാമ്പികയിൽ ഒന്ന് രണ്ടു സിനിമ ഓസിയിൽ കാണാൻ പോയിട്ടുണ്ട്. മുത്തശ്ശൻ അമ്പതുപൈസ വിഷുക്കൈനീട്ടം തന്നിരുന്ന ആ കാലത്ത് വാസു എളേച്ഛൻ അഞ്ചു രൂപയാണ് ഞങ്ങൾ പിള്ളേർക്ക് കൈനീട്ടം തരാറുള്ളത്. അതുകൊണ്ട് വീട്ടുകാർക്കും ഞങ്ങൾ പിള്ളേര് സെറ്റിനും തലോട്ടാംപാറക്കാരോട് ഒരു പ്രത്യേക ആദരവ് ഉണ്ടായിരുന്നു.
പടിഞ്ഞാറകത്തു നിന്ന് സിഗരറ്റിന്റെ രൂക്ഷ ഗന്ധം വരുന്നുണ്ട്. വാളയാറിൽ നിന്ന് വലിയച്ഛൻ വന്നിട്ടുള്ളതിന്റെ അടയാളം. വലിയച്ഛൻ വരുമ്പോഴെല്ലാം പെട്ടിക്കണക്കിന് പെൻസിലും റബ്ബറും പിന്നെ ധാരാളം നാരങ്ങാ മിഠായിയും കൊണ്ട് വരാറുണ്ട്. ഓർത്തപ്പോൾ വായിൽ കപ്പലോടിക്കാനുള്ള വെള്ളം. നാളെ സ്‌കൂളിൽ പോകുമ്പോൾ ടീച്ചറുടെ മകൾ സുജാതയ്ക്ക് മറക്കാതെ അഞ്ചെട്ടു നാരങ്ങാ മിഠായി കൊടുക്കണം. അവൾക്ക് അത് വലിയ ഇഷ്ടമാണത്രെ.
കാപ്പികുടി കഴിഞ്ഞപ്പോഴേക്കും മഴ ഒന്ന് തോർന്നിരുന്നു. മുറ്റത്ത് കാറ്റിലും മഴയിലും വീണ ഒരു ആത്തച്ചക്ക പഴം കോഴികൾ കൊത്തി തിന്നുന്നുണ്ട്. ആത്ത മരത്തിൽ കേറി മൂത്ത കായെല്ലാം പറിച്ച് അരിക്കലത്തിൽ പഴുക്കാൻ വെക്കുന്ന ഇന്ദിര എളേമ്മയുടെ കണ്ണിൽ പെടാതെ എങ്ങിനെയാണാവോ ഈ ചക്ക മാത്രം രക്ഷപ്പെട്ടത്!!
മുത്തശ്ശൻ പ്രാഞ്ചി പ്രാഞ്ചി പൂജക്കുള്ള ഇറച്ചിക്കായി കാലത്തു തന്നെ വട്ടിയിൽ അടച്ചു വെച്ച ഒത്ത രണ്ട് ചാത്തൻ കോഴികൾക്കരുകിലേക്കു നടക്കുന്ന കണ്ടു. കുറെ കഴിഞ്ഞപ്പോൾ പൊള്ള തിരുമ്പി കൊല്ലുമ്പോഴുള്ള അവറ്റകളുടെ ഒരു നിമിഷത്തെ ദീനരോദനവും കേട്ടു. സാധാരണ കോഴിയെ കൊന്ന ശേഷം അതിനെ പാടാക്കാൻ മുത്തശ്ശൻ പുഴയിലേക്ക് പോകുമ്പോൾ ഞാനും കൂടെ പോകാറുള്ളതാണ്. അന്ന് പോയില്ല. സ്‌കൂൾ വിട്ടു വന്നാൽ വാരസ്യാരുടെ വീട്ടിൽ പാല് കൊണ്ട് കൊടുക്കുന്നത് എന്റെ പതിവ് ജോലിയായിരുന്നു. പാല് കൊടുത്തു മടങ്ങുമ്പോൾ വാരസ്യാര് കഴുകി തുടച്ച മൊന്തയിൽ അമ്പലത്തിലെ കൃഷ്‌ണന് നേദിച്ച ഒരു ഉണ്ണിയപ്പം വെച്ചിട്ടുണ്ടാകും. വലിയമ്മയുടെ കറുമ്പിപ്പശു രമ, ദീനം വന്നു ചാകും വരെ ആ പണി മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല. ,
പാല് കൊടുത്തു വന്നപ്പോഴേക്കും അയൽ വക്കത്തുള്ള ബന്ധു ജനങ്ങളുമെല്ലാം എത്തിയിട്ടുണ്ടായിരുന്നു. പൂജക്കുള്ള ഒരുക്കങ്ങളൊക്കെ നടക്കുന്നുണ്ട്. അപ്പുവേട്ടന്‍ തൊടിയിൽ നിന്നും നാക്കിലകളും തുളസിപ്പൂവും തെച്ചിപ്പൂവുമെല്ലാം വരാന്തയിൽ കൊണ്ട് വെച്ചിട്ടുണ്ട്. രമണിച്ചെറിയമ്മ വിളക്കുകളും ധൂപക്കാലുമെല്ലാം കഴുകി, തൊട്ടടുത്തു തന്നെ തുടച്ചു വൃത്തിയാക്കി വെച്ചിട്ടുണ്ട്. അടുക്കളയിൽ നിന്നും ദോശ ചുടുന്നതിന്റെയും കോഴിക്കറി വെക്കുന്ന മസാലയുടെ മണവും മൂക്കിലേക്കടിച്ചുകയറി. കോഴിയിറച്ചി കൂട്ടി ചോറുണ്ടിട്ട് വളരെ കാലമായിരുന്നു. അന്ന് എന്തായാലും കോഴിക്കറി കൂട്ടി വിസ്‌തരിച്ചൊന്ന് ഉണ്ണണം എന്ന് മനസ്സ് പറഞ്ഞു.
പൂജ ചെയ്യുന്നത് വലിയമ്മയുടെ മകൻ അപ്പുവേട്ടനാണ്. വീട്ടിലെ പൂജകളെല്ലാം അപ്പുവേട്ടനാണ് ചെയ്യുക. വൈദ്യുത ദീപങ്ങളെല്ലാം അണച്ച് നിലവിളക്കുകളുടെ വെട്ടിത്തിളങ്ങുന്ന പ്രഭാപൂരത്തിൽ പൂജ തുടർന്നു. ചന്ദനത്തിരിയുടെയും സാംബ്രാണി പുകയുടെയും രൂക്ഷ ഗന്ധം തളത്തിൽ തളം കെട്ടി നിന്നു. കുടമണിയുടെ കിലുക്കം കാതുകളിൽ പ്രകമ്പനം തീർത്തു. പൂജകഴിഞ്ഞ ശേഷം വാതിലുകൾ കൊട്ടിയടച്ച് എല്ലാവരും പുറത്തേക്കു നിന്നു. കെട്ടുപോയ വിളക്ക് തിരിയുടെ മണം പുറത്തേക്കു വന്നു. വലിയച്ഛനും വാസു എളേച്ഛനും മുത്തശ്ശനും അടുത്ത മുറിയിൽ കയറി വാതിലടച്ചു. അവിടെ നിന്നും ബ്രാണ്ടിയുടെ മണം വരികയും ഗോലിസോഡ പൊട്ടിക്കുന്ന ശബ്ദം കേൾക്കുകയും ചെയ്തു. പിന്നെ പ്രസാദമെല്ലാം വിതരണം കഴിഞ്ഞപ്പോൾ ഊണിനുള്ള ഒരുക്കങ്ങൾ തുടങ്ങി. തലോട്ടാംപാറക്കാർക്ക് ഊണുകഴിഞ്ഞതും മടങ്ങണമായിരുന്നു.
“കുട്ടാ, അവരെ റോഡുവരെ വിട്ടിട്ടു വായോ… കൊടയും ടോർച്ചും എടുക്കാൻ മറക്കണ്ട.” എന്ന് വലിയച്ഛൻ ഓർമ്മപ്പെടുത്തി.
“ന്നാൽ നീയും വാടാ “ന്ന് എന്നോട് അപ്പുവേട്ടനും.
നല്ല വിശപ്പുണ്ടെങ്കിലും അവരുടെ കൂടെയിറങ്ങി. ചെളിയുള്ള വരമ്പിൽ കൂടെ ടോർച്ചിന്റെ വെളിച്ചത്തിൽ നടന്നു. വരമ്പിനിരുപുറവുമുള്ള പാടങ്ങളിൽ പോക്കാച്ചിത്തവളകൾ “ടോം പേക്കോം”എന്ന് കരഞ്ഞുകൊണ്ടിരുന്നു. റോഡുവക്കിൽ കാത്തു നിന്ന ടാക്‌സിയിൽ കയറി അവർ പോയപ്പോൾ കാറ്റും മഴയും തുടങ്ങി. വീശിയടിച്ച കാറ്റിൽ ഞങ്ങളുടെ കുട പറന്നുപോയി വീണത് രണ്ടു കൊല്ലം മുൻപ് പുഴയോരത്തെ മണലിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ആറ്റുപുറത്തെ വീട്ടിലെ രവിയേട്ടൻ മരിച്ചു കിടന്ന സ്ഥലത്താണ്. അവിടെ പോയി കുടയെടുക്കാൻ വേണ്ടത്ര ധൈര്യം അന്ന് ഞങ്ങൾക്കില്ലായിരുന്നു. അതുകൊണ്ട് രണ്ടുപേരും കുട അവിടെ ഉപേക്ഷിച്ച് വീട്ടിലേക്കു തന്നെ ആ പെരുമഴയത്ത് ഓടാൻ തീരുമാനിച്ചു. ടോർച്ചും മഴനനഞ്ഞു കെട്ടു പോയിരുന്നു.
ഇടിമിന്നൽ വെളിച്ചത്തിൽ ഓടിയും നടന്നും വീടെത്തി. തല തുവർത്തി വസ്ത്രങ്ങളെല്ലാം മാറി അടുക്കളയിൽ ഉണ്ണാനിരുന്നു. അന്ന് എനിക്കും അപ്പുവേട്ടനും ചോറിനു കൂട്ടാൻ കോഴിക്കറിയുടെ ചാറും ഏതാനും ഉരുളക്കിഴങ്ങു കഷ്ണവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സതീഷ് തോട്ടശ്ശേരി മലയാളം മിഷൻ ബാംഗ്ലൂർ