കൊടുക്കുന്നതും കിട്ടുന്നതും

മരാപുരിയിലെ രാജാവായ വീരഭദ്രന് ഒരേയൊരു മകനേയുള്ളൂ – മിടുമിടുക്കനായ സത്യഭദ്രൻ. ഒരിക്കൽ രാജാവ് മകനെയും കൂട്ടി രാജ്യത്തിന്റെ അതിർത്തിയിലുളള മലഞ്ചരിവിലെത്തി. അവിടത്തെ കാഴ്ചകൾ കണ്ട് നടക്കുന്നതിനിടയിൽ വഴുക്കലുളള പാറയിൽ ചവിട്ടി രാജകുമാരൻ ‘ധീം’ എന്നൊരു വീഴ്ച.
‘അയ്യോ’, അവൻ ഉറക്കെ കരഞ്ഞു.
‘അയ്യോ,’ ഉടൻ അതേ ശബ്ദം വീണ്ടും അവിടെ മുഴങ്ങി.
‘ആരാണത്? ‘,രാജകുമാരൻ ഉറക്കെ ചോദിച്ചു. ഉടനേ വന്നു മറുചോദ്യം : ‘ആരാണത്?’
സത്യഭദ്രനു ദേഷ്യം വന്നു. ‘വിഡ്ഢീ ! ഒളിച്ചു നിന്ന് ശബ്ദമുണ്ടാക്കാതെ ധൈര്യമുണ്ടെങ്കിൽ നേരിൽ വാ.’ വാൾ ഉറയിൽ നിന്നൂരിക്കൊണ്ട് രാജകുമാരൻ പറഞ്ഞു. പക്ഷെ, അതിന് മറുപടിയായി അതേ വാചകം തന്നെ തിരിച്ചും മുഴങ്ങി. മലയിൽ നിന്ന് സ്വന്തം ശബ്‌ദം പ്രതിധ്വനിക്കുന്നതാണെന്ന് അവനുണ്ടോ അറിയുന്നു ?

ഇതെല്ലാം കണ്ടും കേട്ടും നില്ക്കുകയായിരുന്നു വീരഭദ്രൻ രാജാവ്. അദ്ദേഹം സ്നേഹത്തോടെ മകന്റെ ചുമലിൽ കൈവച്ചു. എന്നിട്ട് പറഞ്ഞു. ‘ഒളിച്ചിരിക്കുന്ന ആ വിഡ്ഢിയെ നീ ഒന്നു പ്രശംസിച്ചു നോക്കൂ’..
രാജകുമാരന് അതെന്തിനാണെന്ന് മനസിലായില്ല. എങ്കിലും അച്ഛൻ പറഞ്ഞതല്ലേ ? അവൻ ഉറക്കെ പറഞ്ഞു.
‘ആരായാലും നീയൊരു മഹാൻ തന്നെ.’
ഉടനെ തിരികെ വന്നു മറുപടി, ‘ആരായാലും നീയൊരു മഹാൻ തന്നെ.’
‘നിന്നെ ഞാൻ സ്നേഹിക്കുന്നു ,’ രാജകുമാരൻ വിളിച്ചു കൂവി.
‘നിന്നെ ഞാൻ സ്നേഹിക്കുന്നു,’ മറുശബ്ദം മുഴങ്ങി.
‘മതി!’ രാജാവ് മകനെ ചേർത്തു നിർത്തിയിട്ട് പറഞ്ഞു. ‘നീയിപ്പോൾ കേട്ടത് മറ്റാരുടെയും ശബ്ദമല്ല. നിന്റെ ശബ്ദത്തിന്റെ തന്നെ പ്രതിധ്വനിയാണ്. അതായത് മലയിൽ തട്ടി നിന്റെശബ്ദം തിരികെ കാതുകളിലേക്ക് വരുന്നു !’

രാജകുമാരന്റെ കണ്ണുകൾ അദ്ഭുതം കൊണ്ട് വിടർന്നു. അപ്പോൾ രാജാവ് തുടർന്നു.
‘ഇതു പോലെ തന്നെയാണ് ജീവിതവും. നാം എന്തു കൊടുക്കുന്നുവോ, അതാണ് നമുക്ക് തിരികെ ലഭിക്കുക. നന്മ ചെയ്താൽ ലോകവും നമുക്ക് നന്മ ചെയ്യും. തിന്മയാണ് നമ്മൾ കൊടുക്കുന്നതെങ്കിലോ? തിരിച്ചും തിന്മ തന്നെ ലോകം മടക്കിത്തരും.’
മലഞ്ചെരിവിലേക്ക് അച്ഛൻ തന്നെ കൊണ്ടുവന്നത് ഒരിക്കലും മറക്കാത്ത വലിയൊരു കാര്യം പഠിപ്പിക്കാനാണെന്ന് രാജകുമാരന് മനസിലായി. വൈകാതെ അവർ കൊട്ടാരത്തിലേക്ക് തിരികെ മടങ്ങി. പിൽക്കാലത്ത് നല്ലൊരു രാജാവായി തീർന്ന സത്യഭദ്രൻ നന്മകൾ ചെയ്തും ധർമം വിടാതെ ഭരിച്ചും നല്ലൊരു രാജാവായി പ്രശസ്തനായി.

(പ്രശസ്‌ത കഥാകൃത്ത് സുഭാഷ് ചന്ദ്രന്റെ ബാലസാഹിത്യകൃതിയായ ‘ഗോലിയും വളപ്പൊട്ടും’ പുസ്‌തകത്തിൽ നിന്ന്)

0 Comments

Leave a Comment

FOLLOW US