പ്രിയപ്പെട്ട കൂട്ടുകാരേ,
മലയാളത്തിന്റെ മഹാകവി ജ്ഞാനപീഠ ജേതാവ് അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് പ്രണാമമർപ്പിച്ചു കൊണ്ട് ഈ കുറിപ്പ് തുടങ്ങട്ടെ. ആനന്ദമാണ് കവിത എന്ന് എല്ലായ്‌പ്പോഴും കവി കരുതിയിരുന്നു. അച്ഛൻ അക്കിത്തം വാസുദേവൻ നമ്പൂതിരിയുടെ സംസ്‌കൃത ജ്ഞാനവും അമ്മ പാർവതി അന്തർജനം വൈകുന്നേരങ്ങളിൽ പാരായണം ചെയ്യാറുണ്ടായിരുന്ന തുഞ്ചത്തെഴുത്തച്ഛൻ കൃതികളും തന്റെ കാവ്യാസ്വാദനവും വാസനയും വർധിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ചിത്രകലയിൽ നല്ല താൽപര്യമുള്ള ആളായിരുന്നു. പന്ത്രണ്ടാം വയസ്സു വരെ ഋഗ്വേദം അഭ്യസിച്ച അക്കിത്തം സംസ്‌കൃതവും സംഗീതവും ജ്യോതിഷവും വിശദമായി പഠിച്ചു.
സത്യത്തിന് ആയിരം മുഖങ്ങളുണ്ട് എന്നതായിരുന്നു ജീവിത ജ്ഞാനം. മണ്ണാഴത്തെയും മനസ്സാഴത്തെയും ഒരു പോലെ അളന്ന കവിയെ ഇടശ്ശേരിയും പുരോഗമന ചിന്തകളിലൂടെ പുതിയ കേരളം സാധ്യമാക്കിയ വി.ടി.ഭട്ടതിരിപ്പാടും അങ്ങേയറ്റം സ്വാധീനിച്ചിരുന്നു. തനിക്കു ചുറ്റുമുള്ള ലോകത്തെ നിരന്തരം പുതുക്കാനുള്ള ശ്രമമായിരുന്നു ഓരോ കവിതയും.
ഈ വരികൾ വായിക്കൂ…
‘ഇന്നലെപ്പാതിരാവിൽച്ചിന്നിയ പൂനിലാവി –
ലെന്നെയും മറന്നു ഞാനലിഞ്ഞു നിൽക്കേ
താനേ ഞാനുറക്കനെപ്പൊട്ടിക്കരഞ്ഞുപോയ്
താരകവ്യൂഹം പെട്ടെന്നുലഞ്ഞുപോയ്’
(പരമ ദു:ഖം )
നാടക അഭിനേതാവും രചയിതാവുമായിരുന്നു അക്കിത്തം.
നിങ്ങൾ പലപ്പോഴും കേട്ടിട്ടുള്ള വരികളാവും
‘വെളിച്ചം ദു:ഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം’
(ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം )
എന്നത്. തീ അണയാത്ത മൂശ എന്നാണ് അദ്ദേഹത്തെ എം.ടി. വിശേഷിപ്പിച്ചത്.
‘ഒരു കണ്ണീർക്കണം മറ്റു-
ള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നത്മാവി-
ലായിരം സൗരമണ്ഡലം’
എന്നെഴുതിയ കവി കുട്ടികൾക്കായി നിരവധി കവിതകൾ രചിച്ചിട്ടുണ്ട്.
‘മുട്ടിയിലേറിയിരിക്കുന്നൂ നടു
മുറ്റത്തെത്തിയ മാവേലി
കുട്ടികളെന്തിന്നുണരാത്തൂ? പൂ-
വട്ടി കഴുത്തിലുടക്കാത്തൂ’
നല്ല രസമുണ്ട് ഈ ചോദ്യം. അല്ലേ?
‘മതമെങ്കിലുമാട്ടേ –
മനുജാത്മാവേ
കരഞ്ഞിരക്കുന്നേൻ!
നിരുപാധികമാം സ്നേഹം
നിന്നിൽ പൊട്ടിക്കിളർന്നു
പൊന്തട്ടേ’
എന്ന വിശ്വപ്രാർഥന അക്കിത്തം ആവർത്തിക്കുമ്പോൾ നമുക്കും അതിൽ പങ്കാളിയാകാം. കൂട്ടുകാർ മഹാകവിയുടെ കവിതകൾ വായിച്ച് കൂടുതൽ ആസ്വാദനത്തിലേക്ക് കടക്കണേ.
സ്നേഹപൂർവം
ബിന്ദു ടീച്ചർ