കുഞ്ഞു മോഹം
പതിവിലും നേരത്തേ അപ്പു ഇന്നു ഉറങ്ങാൻ കിടന്നു. മേലെല്ലാം വല്ലാതെ വേദനിക്കുണ്ട്, എങ്കിലും അപ്പൂന്റെ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി തെളിഞ്ഞു. ഏറെക്കാലമായുളള മോഹമാണ് നടക്കാൻ പോകുന്നത്. അമ്മയോട് പറഞ്ഞാലോ? വേണ്ട അമ്മയോട് പറഞ്ഞാല്‍ ഇഷ്ടിക ചുമന്ന കാര്യം പറയേണ്ടി വരും. വേണ്ട, പറയേണ്ട. പറഞ്ഞാല്‍ അമ്മ ദേഷ്യപ്പെടും. അമ്മ അറിയേണ്ട. അമ്മയുടെ ദേഷ്യം എന്നും അപ്പൂനൊരു വിങ്ങലായിരുന്നു.
ഇന്ന് രാവിലെ ഇളയച്ഛന്റെ പുതിയ വീടുപണി നടക്കുന്ന പറമ്പില്‍ മാമ്പഴം പറക്കാനായ് അനിക്കുട്ടനൊപ്പം പോയതാണ് അപ്പു. അപ്പോഴാണ് വീടുപണി നടക്കുന്നിടത്തു നിന്നും അപ്പൂന്നുളള വിളി വന്നത്. പതിവില്ലാതെ ഇളയച്ഛന്റെ ശബ്ദത്തിലെ ആർദ്രത അപ്പൂനെ വല്ലാതെ അമ്പരപ്പിച്ചു. വീട്ടിൽ പോയി എന്തെങ്കിലും എടുത്തു വരാനാകും എന്ന് കരുതി സന്തോഷത്തോടെ ഓടി ചെന്നതായിരുന്നു, അപ്പോഴാണ് ഇളയച്ഛൻ പറയുന്നത് റോഡ് സൈഡിലായി വച്ചിരിക്കുന്ന ഇഷ്ടികകൾ ചുമന്ന് വീടുപണി നടക്കുന്ന സ്ഥലത്ത് കൊണ്ടുവയ്ക്കാൻ. ഒരു പതിനൊന്നു വയസ്സുകാരന് തോന്നിയ കൗതുകത്തിൽ കട്ടകൾ ചുമക്കാൻ തയ്യാറായി കൂടെ നിന്ന ഇളയച്ഛന്റെ മകൻ അനിക്കുട്ടനെ കൂടി അപ്പു വിളിച്ചപ്പോൾ ഇളയച്ഛൻ പറഞ്ഞു ‘അവന്‍ ചെറിയ കുട്ടിയല്ലേ നീ തനിച്ച് ചെയ്താല്‍ മതി.’ ഇളയച്ഛൻ പറഞ്ഞതു കേട്ടപ്പോൾ എന്നിലും 4 മാസം മാത്രം ഇളപ്പമുളള അനിക്കുട്ടനു മുന്നിൽ മുതിർന്ന കുട്ടി എന്ന തലയെടുപ്പോടെ ഇഷ്ടികകൾ ചുമലിലേറ്റി അപ്പു വീടുപണി നടക്കുന്ന പറമ്പിലേക്കോടി.
ആദ്യമാദ്യം മൂന്നു ഇഷ്ടികകൾ തലയിലേറ്റി ആവേശത്തോടെ ഓടിയ അപ്പൂന് കുറച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ക്ഷീണം തോന്നി. ഇനി ചുമക്കാൻ കഴിയില്ല എന്നു പറഞ്ഞപ്പോൾ ഇളയച്ഛൻ പറഞ്ഞു ‘ഇപ്പോള്‍ നീ ഈ ഇഷ്ടികകള്‍ മുഴുവന്‍ അവിടെ എത്തിച്ചാല്‍ നിനക്ക് സ്‌കൂളില്‍ കൊണ്ടു പോകാൻ ബാഗും കുടയും വാങ്ങാൻ പണം തരാം.’ അപ്പൂന് വിശ്വസിക്കാനായില്ല, രണ്ട് ദിവസം മുമ്പ് അനിക്കുട്ടന് ഇളയച്ഛൻ വാങ്ങി വന്ന പുള്ളിക്കുടയും ബാഗും കണ്ട് തനിക്കും വേണമെന്ന് വാശിപിടിച്ചു കരഞ്ഞു അമ്മയോട്. അന്ന് മുത്തശ്ശി ഇളയച്ഛനോട് ചോദിച്ചതാണ് ഒരെണ്ണം അവനൂടെ വാങ്ങി കൊടുക്കരുതോ മാധവാന്ന്. അതിനു മറുപടിയായി അമ്മയും ഞാനും വയറ് നിറച്ചു കഴിക്കുന്ന ആഹാരത്തിന്റെയും അച്ഛന്‍ ദീനം വന്നു കിടന്നപ്പോൾ മരുന്ന് വാങ്ങിയതിന്റെയും കണക്കുകൾ പറഞ്ഞ ഇളയച്ഛനാണ് ഇപ്പോൾ പണം തരാമെന്ന് പറഞ്ഞത്. അപ്പൂന് വല്ലാതെ സന്തോഷവും ഉത്സാഹവും തോന്നി.
മൂന്നു കൊല്ലം മുന്‍പ് അച്ഛൻ വാങ്ങി തന്ന ബാഗ് കഴിഞ്ഞ കൊല്ലം കീറിപോയതില്‍ പിന്നെ സ്‌കൂളിൽ കൊണ്ടുപോകുവാനുളള പുസ്തകങ്ങൾ തുണി തുന്നി വാങ്ങുമ്പോൾ കിട്ടുന്ന പ്‌ളാസ്റ്റിക് കവറിൽ അമ്മ അടുക്കി നിറച്ചു തരും. അച്ഛനുണ്ടായിരുന്നെങ്കിൽ എല്ലാകൊല്ലവും പുതിയ ബാഗും കുടയും വാങ്ങുമായിരുന്നു. കഴിഞ്ഞ കൊല്ലം അമ്മയോട് പുതിയ ബാഗ് വേണമെന്ന് വാശിപിടിച്ചപ്പോൾ കരഞ്ഞുകൊണ്ടു അമ്മ ദേഷ്യപെട്ടു. ഈ അമ്മ എന്താണ് ഇങ്ങനെ? ദേഷ്യപ്പെടുമ്പോള്‍ ഈ അമ്മയുടെ മാത്രം കണ്ണു നിറയുന്നതെന്താണ്!ഇങ്ങനെ ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്ന അപ്പൂന്റെ ചെവിയില്‍ ഇളയച്ഛന്റെ ശബ്ദം വീണ്ടും മുഴങ്ങി ‘അന്തിക്കുമുമ്പ് ഈ ഇഷ്ടികകൾ മുഴുവൻ പറമ്പിലെത്തിച്ചാല്‍ ബാഗും കുടയും വാങ്ങിത്തരാം.’ ആ വാക്കുകൾ അപ്പൂന്റെ ക്ഷീണം പാടേ അകറ്റി. പണിക്കാർക്ക് വേണ്ടി വച്ചിരുന്ന കൂജയിലെ വെള്ളം എടുത്തു കുടിച്ചു അപ്പു വീണ്ടും ഇഷ്ടിക ചുമക്കാൻ തുടങ്ങി. മെയ്‌മാസച്ചൂട് വല്ലാതെ കൂടിയിട്ടുണ്ട്. അപ്പു വല്ലാതെ ക്ഷീണിച്ചു. കൈകൾ വല്ലാതെ തളർന്നു. കാലുകൾ വേച്ചു വരുന്നതുപോലെ, ഇനിയും കുറേ കട്ടകൾ ബാക്കിയുണ്ട്. തനിക്കു കഴിയില്ലെന്നു ഇളയച്ഛനോട് പറഞ്ഞാലോ? വേണ്ട പുതിയ പുള്ളിക്കുട എത്ര മോഹിച്ചതാണ്. തന്റെ ശീലമങ്ങിയ കുട കൂട്ടുകാരുടെ പരിഹാസം ഭയന്ന് മനപ്പൂർവം മറന്നുവെച്ചു എത്ര മഴ നനഞ്ഞിരിക്കുന്നു. പുതിയ പുള്ളിക്കുടയുടെ നിനവ് അപ്പൂന്റെ തളർച്ചയ്ക്ക് മുകളിൽ വേനൽ മഴ പോലെ പെയ്‌തിറങ്ങി.അപ്പു വീണ്ടും ജോലി തുടർന്നു.
ഉച്ചയൂണിനു ഇളയച്ഛൻ വീട്ടിലേക്ക് പോയപ്പോൾ അപ്പൂനെയും ഒപ്പം കൂട്ടി. ഊണ് കഴിക്കാൻ വീട്ടിലെത്തിയപ്പോൾ അപ്പൂന് വല്ലാത്ത ഭയം തോന്നി. മേലെല്ലാം പൊടിയാണ് അമ്മ കണ്ടാല്‍ തല്ലുറപ്പാണ്. ഭാഗ്യം അമ്മ പൈക്കിടാവിനെ മാറ്റി കെട്ടാന്‍ പറമ്പില്‍ പോയിരിക്കുകയാണ്. ഇളയമ്മ വിളമ്പിയ ഊണുകഴിച്ച് കൈ കഴുകി വേഗം അപ്പു പറമ്പിലേക്കോടി. തന്റെ സ്വപ്നസാക്ഷാകാരത്തിന്റെ ചിന്തയിൽ ആ ഇഷ്ടികകൾ മുഴുവൻ അപ്പു ചുമന്ന് തീർത്തു. അല്ലെങ്കിലും മനുഷ്യർ അങ്ങനെ ആണല്ലോ ചെറിയ മോഹങ്ങൾക്ക് വേണ്ടി വലിയ വേദനകൾ പുഞ്ചിരിയോടെ സഹിക്കുന്നവർ. അന്തിക്കുമുമ്പ് ഇളയച്ഛൻ പറഞ്ഞതുപോലെ ഇഷ്ടികകൾ എല്ലാം പണി സ്ഥലത്ത് അടുക്കി വച്ചു അപ്പു വീട്ടിലേക്കോടി. അമ്മയുടെ കണ്ണില്‍ പെടാതെ കുളിയും കഴിഞ്ഞ് അടുക്കളയില്‍ നാളത്തെ പ്രാതലിനു ദോശമാവരയ്ക്കുന്ന അമ്മയ്ക്കരികിലെത്തി. സ്‌കൂളവധി ആയതിനാൽ പകൽ മുഴുവൻ പറമ്പിലും പാടത്തും ചുറ്റിക്കറങ്ങി കളിക്കുന്ന പതിവുളളിനാൽ അമ്മയ്ക്കു സംശയമൊന്നും തോന്നിയില്ല. ഊരുതെണ്ടല്‍ കഴിഞ്ഞെത്തിയോന്നുള്ള ഒരു ചോദ്യത്തില്‍ അമ്മ ഒതുക്കി. അടുക്കളയിൽ നിന്നും കാപ്പിയും ഇലയടയും കഴിച്ചു. ഉമ്മറത്തിരുന്ന ഇളയച്ഛന്റെ അടുത്തെത്തി പണം ചോദിച്ചു. ‘ബാഗും കുടയും ഞാന്‍ വാങ്ങി തരാം, പണം തന്നാല്‍ നീ എങ്ങനെ വാങ്ങും’ എന്നു ചോദിച്ചു ഇളയച്ഛൻ കോലായിൽ നിന്നും മുറിയിലേക്ക് പോയി.
സന്ധ്യക്ക് പുറത്തു പോയ ഇളയച്ഛൻ തിരികെ വരുന്നതും കാത്ത് അപ്പു ഉമ്മറത്തിരുന്നു. പണ്ട് പലഹാരപൊതികളുമായ് വരുന്ന അച്ഛനെയും നോക്കിയിരുന്ന പോലെ. അനിക്കുട്ടനു വാങ്ങിയമാതിരി കുടയാവും തനിക്കും വാങ്ങുന്നത്. ചിലപ്പോൾ വേറെ നിറമാകും. ഇളയച്ഛൻ ഒന്നു വേഗം വന്നാൽ മതിയായിരുന്നു. അപ്പൂന്റെ മനസ്സ് തിടുക്കം കൂട്ടി. കുടയും ബാഗും കാണുമ്പോൾ അമ്മയ്ക്കും സന്തോഷമാകും. അമ്മ ഒന്ന് ചിരിച്ചു കണ്ടിട്ട് എത്ര നാളായി… അമ്മ ചിരിക്കുമ്പോൾ നല്ല ചേലാണെന്ന് അച്ഛൻ പറയുമായിരുന്നു. അമ്മയുടെ പുഞ്ചിരിക്കുന്ന മുഖവും നിനച്ചിരുന്ന അപ്പൂന്റെ മുന്നിലേക്ക് കൈയിൽ ടോർച്ച് മാത്രമായി ഇളയച്ചൻ വന്നു. വന്ന പാടെ ടോർച്ച് ഇളയമ്മേടെ കൈയിൽ കൊടുത്ത് തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഇളയച്ഛൻ മുറിയിലേക്ക് പോയി.
ആ നിമിഷം അപ്പൂന് വിശ്വാസിക്കാനായില്ല, ഇനി ഇളയച്ഛൻ മറന്നതാകുമോ! എന്തായാലും ചോദിക്കുക തന്നെ. പക്ഷേ, ഇളയച്ഛൻ കിടപ്പു മുറിയിലാണ്, ആ മുറിയിൽ കയറുന്നത് ഇളയമ്മയ്ക്ക് ഇഷ്ടമല്ല. കഴിഞ്ഞ ദിവസം അനിക്കുട്ടനൊപ്പം ഓടികളിച്ചപ്പോൾ ആ മുറിയിൽ അറിയാതെ കയറിയതിനു കണക്കിനു ശകാരിച്ചതാണിളയമ്മ. അന്നും അമ്മ ദേഷ്യപെട്ടു; കണ്ണും നിറച്ച്. വേണ്ട, ഇനി നാളെ ഇളയച്ഛനോട് ചോദിക്കാം. ഇനി ഇളയച്ഛൻ വാങ്ങിത്തരാതിരിക്കുമോ; ഏയ് ഇല്ല മറന്നതാവും, അപ്പു സമാധാനിക്കാൻ ശ്രമിച്ചു. മനസ്സിൽ നൂറുനൂറുചിന്തകൾ, അത്താഴം കഴിക്കാൻ അപ്പൂന് തോന്നിയില്ല. എങ്കിലും എങ്ങനെയോ കഴിച്ചൂന്ന് വരുത്തി അപ്പു ഉറങ്ങാൻ കിടന്നതാണ്. പക്ഷേ അസഹ്യമായ മേലുവേദയോ ഇളയച്ഛൻ വാങ്ങാതെ വന്ന പുള്ളിക്കുടയുടെയും പുതിയ ബാഗിന്റെയും നിനവുകളോ എന്താണെന്നറിയില്ല അപ്പൂന് ഉറങ്ങാന്‍ കഴിഞ്ഞില്ല. എങ്കിലും എവിടെയോ രാവിലെ ഇളയച്ഛന്റെ വാക്കുകൾ നല്‍കിയ പ്രതീക്ഷ ഒരു നനുത്ത പുഞ്ചിരിയായ് അപ്പൂന്റെ ചുണ്ടുകളിൽ തെളിഞ്ഞു. ആ പ്രതീക്ഷയുടെ ചിറകിലേറി പുതുമഴയിൽ പുള്ളിക്കുടയും ചൂടി പുതിയ ബാഗും തൂക്കി സ്‌കൂളിൽ പോകുന്നതും സ്വപ്‌നം കണ്ട് അപ്പു ഉറക്കത്തിലേക്ക് പോയപ്പോൾ അടുത്ത മുറിയിൽ ബാഗും കുടയും വാങ്ങികൊടുക്കാമെന്ന് പറഞ്ഞു പറ്റിച്ച് അപ്പൂനെ കൊണ്ട് ഇഷ്‌ടിക ചുമപ്പിച്ച് ലാഭിച്ച പണത്തിന്റെ കണക്കും തന്റെ വൈഭവവും പറഞ്ഞു ചിരിച്ചു കൊണ്ട് ഇളയച്ഛനും ഉറങ്ങാൻ കിടന്നു.
അനു രാജേഷ്
മലയാളം മിഷന്‍ അധ്യാപിക
ഈജിപ്റ്റ്