ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവ്

ധുനിക ലോകത്തിന്റെ മികവ് വെളിവാക്കുന്നത് മനുഷ്യന്റെ എഞ്ചിനീയറിംഗ് വൈദഗ്ധ്യമാണ്. മനുഷ്യ പരിണാമത്തിന്റെ കാലഘട്ടം മുതൽ തന്നെ കാട്ടിൽ അലഞ്ഞു തിരിഞ്ഞു മനുഷ്യൻ അതിജീവനത്തിനായി ഈ മികവുകൾ സ്വയം രൂപപ്പെടുത്തുകയായിരുന്നു. വേട്ടയാടാനായി വിവിധ ആയുധങ്ങൾ നിർമ്മിക്കുന്നത് മുതൽ ചക്രത്തിന്റെ കണ്ടുപിടിത്തിൽ തുടങ്ങി മനുഷ്യവികാസത്തിന്റെ എല്ലാ ഘട്ടവും മുന്നോട്ടു കൊണ്ടുപോയത് പരിഷ്‌കരിച്ച് പുതുക്കപ്പെട്ട ഈ മനുഷ്യമികവാണ്.

നമ്മുടെ രാജ്യത്ത് ആധുനിക എൻജിനീയറിങ് വൈദഗ്ധ്യത്തെക്കുറിച്ച് പരാമർശമുണ്ടാകുമ്പോൾ ആദ്യം പറയുന്ന പേരാണ് മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടേത്. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ 15 ഇന്ത്യയിൽ എഞ്ചിനിയേഴ്‌സ് ദിനമായി നമ്മൾ ആചരിക്കുന്നു. ഇന്ത്യ കണ്ട മികച്ച എഞ്ചിനീയർമാരിൽ ഒരാളും ആധുനിക മൈസൂരിന്റെ ശില്പിയുമായ വിശ്വേശ്വരയ്യ ‘ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവ്’ എന്ന പരമോന്ന സ്ഥാനവും സ്വന്തം പ്രവർത്തന മികവിലൂടെ നേടിയെടുത്തു.

കർണ്ണാടകയിലെ കോലാർ ജില്ലയിലെ മുദ്ധേനഹള്ളി ഗ്രാമത്തിൽ 1860 സെപ്റ്റംബർ 15-നാണ് വിശ്വേരയ്യ ജനിച്ചത്. ചിക്കബാൽപുരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വിശ്വേശ്വരയ്യ പഠനത്തിൽ അതിസമർത്ഥനായിരുന്നു. മദ്രാസ് സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്യപ്പെട്ട ബാംഗ്ലൂർ സെൻട്രൽ കോളജിൽ നിന്നും ഉന്നതനിലയിൽ ബി.എ. ബിരുദം നേടിയ ശേഷം പൂനെ കോളേജ്‌ ഓഫ്‌ സയൻസിൽ നിന്നും ഒന്നാം റാങ്കോടെ സിവിൽ എൻജിനീയറിൽ ബിരുദം കരസ്ഥമാക്കി. എൻജിനീയറിംഗ് പഠന കാലയളവിൽ പ്രശസ്തമായ ജെയിംസ് ബർക്കിലി മെഡൽ നേടുകയും ചെയ്തു. ബാഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് 1959ൽ സുവർണജൂബിലി ആഘോഷിച്ച വേളയിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനും, പ്രശസ്ത ശാസ്ത്രജ്ഞൻ സി. വി രാമനും ഒപ്പം വിശ്വേശ്വരയ്യക്കും ഹോണററി ഫെല്ലോഷിപ്പ് നൽകി ആദരിക്കുകയും ചെയ്തു. കൽക്കത്ത സർവകലാശാലയടക്കം ഒട്ടറെ സർവകലാശാലകൾ ബഹുമതി ഡോക്ടറേറ്റും നൽകി ആദരിച്ചിട്ടുണ്ട്. 1904ൽ ലണ്ടനിലെ സിവിൽ എഞ്ചിനീയർമാരുടെ സൊസൈറ്റിയിൽ അംഗമായി. തുടർന്ന് 1912ൽ മൈസൂർ ദിവാനായിരിക്കെ അദ്ദേഹത്തിന് സർ പദവി ലഭിച്ചു.

 

ഇന്ത്യയില്‍ ഇന്നു കാണുന്ന പല വലിയ പദ്ധതികളുടെയും ബുദ്ധികേന്ദ്രം വിശ്വേശ്വരയ്യ ആണ്. ജലസ്രോതസ്സുകള്‍ വിനിയോഗിക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ലോകപ്രശസ്തമാണ്. മൈസൂരുവിലെ കൃഷ്ണരാജ സാഗര്‍ അണക്കെട്ട് ഉള്‍പ്പെടെ നിരവധി നിര്‍മിതികളുടെ ശില്‍പിയാണ് വിശ്വേശ്വരയ്യ. ഡെക്കാണ്‍ പീഢഭൂമിക്ക് പറ്റിയ സവിശേഷമായ ഒരു ജലസേചന സംപ്രദായം അദ്ദേഹം ആവിഷ്കരിച്ചു. ഹൈദരാബാദ് നഗരത്തെ പ്രളയമുക്തമാക്കാനും വിശാഖപട്ടണം തുറമുഖത്തെ മണ്ണൊലിപ്പ് തടയാനുമെല്ലാം ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഹൈദരാബാദിനായി വെള്ളപ്പൊക്ക സംരക്ഷണ സംവിധാനം രൂപകല്‍പ്പന ചെയ്തതോടെയാണ് വിശ്വേശരയ്യക്ക് പ്രമുഖ സ്ഥാനം ലഭിച്ചത്. വിശാഖപട്ടണം തുറമുഖത്തെ കടല്‍ക്ഷോഭത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

1903 ൽ പ്രളയത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിവുള്ള ഗേറ്റ് രൂപകല്ന വിശ്വേശ്വരയ്യയുടെ നിസ്തുല സംഭാവനകളിലൊന്നാണ്. പൂനെയിലെ പ്രളയ ദുരന്ത നിവാരണത്തിനായി ഖടക്വസ്ല (Khadakvasla) അണക്കെട്ടിലാണ് ഗേറ്റ് സംവിധാനം ആദ്യമായി പരീക്ഷിച്ചത്. എട്ട് അടി ഉയരമുള്ള ഈ നിയന്ത്രണ സംവിധാനം പ്രളയ സമയത്ത് താനെ പ്രവർത്തിക്കും. വെള്ളം കുറയുന്ന മുറയ്ക്ക് ഗേറ്റ് താനെ അടഞ്ഞുകൊള്ളും. ഇതുവഴി അപകട സാധ്യതയില്ലാതെതന്നെ അണക്കെട്ടിന്റെ ശേഷി പരമാവധി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. പില്ക്കാലത്ത് ഈ രൂപകല്പനയ്ക്ക് പേറ്റന്റ് ലഭിക്കുകയും ചെയ്തു. കാവേരി നദിയിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിലടക്കം ഒട്ടേറെ ജലസേചന സംവിധാനങ്ങളിൽ നൂതനമായ ഗേറ്റ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ജലസേചനം, അണക്കെട്ട്, ശുചീകരണം, ഭൂഗർഭജലശേഖരണം, റോഡുകൾ എന്നിവയുടെ രൂപസംവിധാനത്തിൽ ഇടപെടുന്നതിൽ വിശ്വേശ്വരയ്യ ഉൽസാഹ പൂർവ്വം താല്പര്യം കാണിച്ചിരുന്നു. ഫലപ്രദമായ ജല വിഭവ മാനേജ്മെന്റിനായി തയ്യാറാക്കിയ ബ്ലോക്ക് സിസ്റ്റം ഓഫ് ഇറിഗേഷൻ (BSI) കനാൽ വഴിയുള്ള ജലവിതരണം ശാസ്ത്രീയ ജല വിതരണത്തിന്റെ നേട്ടം കർഷകരിലെത്തിച്ചു.

1908 ല്‍ സ്വയം വിരമിച്ച് അദ്ദേഹം മൈസൂര്‍ രാജാവിന്റെ ദിവാനായി സ്ഥാനമേല്‍ക്കുകയും മൈസൂര്‍ എന്ന ഇപ്പോഴത്തെ കര്‍ണ്ണാടക സംസ്ഥത്തിന്‍റെ സര്‍വതോന്മുഖമായ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. 1917 ല്‍ ബാംഗ്ളൂരില്‍ അദ്ദേഹം സ്ഥാപിച്ച എഞ്ചിനീയറിംഗ് കോളേജും വിശ്വേശരയ്യ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നാണറിയപ്പെടുന്നത്. മൈസൂര്‍ സര്‍വകലാശാലയുടെ തുടക്കക്കാരനും അദ്ദേഹമായിരുന്നു.

രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 1955ല്‍ വിശ്വേശരയ്യക്ക് രാജ്യം ഭാരതരത്ന നല്‍കി ആദരിച്ചു. 101 വർഷവും 6 മാസവും നീണ്ടജീവിതകാലം 1962 ഏപ്രിൽ 14ന് അവസാനിച്ചു. ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എൻജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്തുലമായ സേവനങ്ങൾ രാജ്യം ഇന്നും സ്മരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബങ്കളുരുവിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടു.

 

വിവേക് മുളയറ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content