കവിത രചിച്ചു പഠിക്കാം – കവിതയുടെ നിർവചനങ്ങൾ

(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)

 

ണം കഴിഞ്ഞു. പൂക്കളും ഓർമകളും വാടി. വാടാതെ കിടക്കുന്ന ചിലത് കവിതകളായി വിടർന്നിട്ടുണ്ടാകുമല്ലേ. കാവ്യക്കളരിയിൽ നിഷ്കളങ്കമായി ഒരു കുട്ടി ചോദിച്ചു. കവിതക്കു നിർവചനങ്ങളില്ലേ. ആ നിർവചനങ്ങൾക്കനുസരിച്ചാണോ കവിത എഴുതേണ്ടത്.

എന്താണ് കവിത എന്ന് പണ്ടുതൊട്ടേ പരിശോധിക്കപ്പെട്ടിട്ടുണ്ട്. കവി എഴുതുന്നത് കവിത. കവി വിതയ്ക്കുന്നത് കവിത. കവിയിൽ നിന്ന് കവിയുന്നത് കവിത. അല്ലേ. കവി എന്ന വാക്കിന്റെ അർത്ഥമെന്താണ് . ശബ്ദിക്കുന്നവൻ, വർണിക്കുന്നവൻ, അറിവുള്ളവൻ എന്നൊക്കെയല്ലേ.

ഭാരതീയമായ കാഴ്ചപ്പാട് പ്രകാരം ശബ്ദവും അർത്ഥവും ചേർന്നതാണ് കവിത. ആ ചേർച്ച തന്നെ പാർവതിയും പരമേശ്വരനും ചേരുന്നതു പോലെയെന്നാണ് മഹാകവി കാളിദാസൻ പറയുന്നത്. വാക്യം രസാത്മകം കാവ്യം. എന്നു വെച്ചാൽ രസമുള്ള വാക്യമാണ് കവിത എന്നല്ലേ. രമണീയാർത്ഥ പ്രതിപാദക ശബ്ദം കാവ്യം എന്നതും ഇതു തന്നെ. മനസ്സിനെ സന്തോഷിപ്പിക്കുന്ന വാക്കുകളെ കവിതയെന്നു വിളിക്കാം. ധ്വനിപ്പിക്കുന്ന വാക്കുകളാണ് കവിത എന്നും കവിതയുടെ ആത്മാവ് ധ്വനിയാണെന്നും പ്രസിദ്ധമാണ്. വായിക്കുന്ന വാക്കുകൾ വറ്റിപ്പോകാതെ, നനവുണ്ടാക്കി, അതിൽ നനുനനെ പുതു മുകുളങ്ങൾ കൈകൂപ്പി ഉണരുകയും ഉയരുകയും ചെയ്യുന്നതാണ് കവിതയുടെ രീതി.

പടിഞ്ഞാറൻ നിർവചനങ്ങളിലും വികാരാംശത്തെ കവിതയുടെ പ്രധാന ഘടകമായി കാണുന്നുണ്ട്. അനർഗളമായ വികാരത്തിന്റെ കുത്തൊഴുക്കാണ് കവിതയെന്ന് വേഡ്സ് വർത്ത് പറഞ്ഞത് പ്രസിദ്ധമാണല്ലോ. വികാരനിർഭരമായി ഹൃദയം താളത്തിൽ ഭാഷയിലൂടെ ആവിഷ്കാരം കണ്ടെത്തുന്നതാണ് കാവ്യം എന്ന് മറ്റൊരു നിർവചനവുമുണ്ട്. പ്രകൃതിയുടെ അനുകരണമാണ് കവിത, പ്രകൃതിയുടെ ആദർശാത്മകമായ അനുകരണമാണ് കവിത, ജീവിതത്തിന്റെ വിമർശനമാണ് കവിത തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നിർവചനങ്ങളെ കണ്ടെത്താൻ ഒരു പ്രയാസവുമില്ല. എന്നാൽ യഥാർത്ഥ കവിത ഇന്നും എല്ലാ നിർവചനങ്ങളുടെയും കെട്ടു പൊട്ടിച്ച് പുറത്തുചാടിക്കൊണ്ടിരിക്കുന്നു. നൂറായിരം കോടി കവിത മനുഷ്യൻ എഴുതിയിട്ടുണ്ടായിരിക്കാം. എന്നാൽ ഇന്നും ഒരു പുതിയ കവിത ഇതുവരെ ഉണ്ടാകാത്ത ഒരു നവ്യ സൃഷ്ടിയാണ്. പുതിയ ആശയങ്ങൾ, പുതിയ അവതരണങ്ങൾ, പുതിയ പദച്ചേരുവകൾ, ബിംബങ്ങൾ , കല്പനകൾ, അനുഭൂതികൾ – അങ്ങനെ കവിതക്ക് അതിരുകളില്ല. അവസാനമില്ല. ഏതായാലും കവിത എന്നു ചിന്തിക്കുമ്പോൾ ആസ്വാദക മനസ്സിൽ ഓർമകളുടെ പൂക്കാലമാണ്.


കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
പൂക്കാതിരിക്കാനെനിക്കാവതില്ലേ.
മാമരം കോച്ചും തണുപ്പത്ത്
താഴ്‌വര പൂത്തൊരു കുന്നത്ത്
മൂടിപ്പുതച്ചു കിടക്കും കാറ്റേ
മൂളിക്കുതിച്ചു പറന്നാട്ടെ.
ആരു വാങ്ങുമിന്നാരു വാങ്ങുമീ
യാരാമത്തിന്റെ രോമാഞ്ചം
അപ്രമേയ വിലാസലോലയാം
സുപ്രഭാതത്തിൻ സുസ്മിതം.

കവിത ആസ്വദിക്കാൻ എളുപ്പമാണ്. നിർവചിക്കാനാണ് പ്രയാസം. എങ്കിലും കവിത എന്താണെന്നു പറയാൻ ഒരെളുപ്പ വഴിയുണ്ട്. കവിത എന്ന വാക്ക് ഒന്നെഴുതി നോക്കിയതിനു ശേഷം അതിലെ അക്ഷരങ്ങൾ കൊണ്ട് അർത്ഥമുള്ള എത്ര വാക്കുകൾ ഉണ്ടാക്കാമെന്നു നോക്കുക. കവി, വിത, തവി, തക, വക അങ്ങനെ അങ്ങനെ. അതു വെച്ച് നമുക്ക് സ്വയം നിർവചനങ്ങൾ ഉണ്ടാക്കാം. കവിയുടെ വിതയാണ് കവിത. കവിത തവിയാകുന്നു. വായനക്കാരന്റെ മനസ്സിളക്കുന്ന തവി. തക എന്നത് താളത്തിന്റെ പ്രതീകമാണല്ലോ. കവിതയിൽ താളമുണ്ട്. കവിത തന്നെ താളമാകുന്നു. കവിതയിൽ എന്തിനൊക്കെ വകയുണ്ട്. കവിതയിൽ ആശയത്തിന് വകയുണ്ട്. ആസ്വാദനത്തിനു വകയുണ്ട്.

ഭാഷ ഉണ്ടായതിനു ശേഷമാണ് വ്യാകരണമുണ്ടായത്. ഭാഷയുടെ നിയമമാണല്ലോ വ്യാകരണം. കവിത ഉണ്ടായതിനു ശേഷമാണല്ലോ കവിതക്കു നിർവചനങ്ങൾ ഉണ്ടായത്. ഉണ്ടായ നാൾ മുതൽ കവിതക്ക് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അപ്പോൾ നിർവചനങ്ങൾക്കും മാറ്റമുണ്ടാകുന്നു. അതുകൊണ്ടു തന്നെ നിർവചനങ്ങൾക്കനുസരിച്ചല്ല കവിത ഉണ്ടാകേണ്ടത്. കവിത ഒഴുക്കില്ലാത്ത പുഴയാകരുത്. കവിതയെക്കുറിച്ച് മനസ്സിലാക്കാൻ നിർവചനങ്ങൾ സഹായിക്കും. അതൊരു കരുത്താണ്. അതിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് പുതിയ പൂക്കളും കായ്കളും ഉണ്ടാവാൻ പാകത്തിൽ മരമായി വളരണം. മാമരമായി ഉയരണം. നമ്മൾ പുതിയ മാതൃകകൾ സൃഷ്ടിക്കുമ്പോൾ നിർവചനങ്ങൾ നമുക്കു പിറകെയെത്തും. എഴുതൂ… പുതിയ നിർവചനങ്ങൾക്ക് ജന്മം കൊടുക്കാൻ പാകത്തിൽ പുതിയ കവിതകൾ എഴുതൂ…

എടപ്പാൾ സി.സുബ്രഹ്മണ്യൻ

0 Comments

Leave a Comment

FOLLOW US