ആരായിരുന്നു മരിയ മോണ്ടിസോറി?
അവർ അമ്പത് പേരുണ്ടായിരുന്നു. എല്ലാവരും മൂന്നു മുതൽ ആറുവയസു വരെയുള്ള കുട്ടികൾ. ആ ചെറുപ്രായത്തിലും ആശിക്കാനിനിയൊന്നും ബാക്കിയില്ലാത്ത തടവ് പുള്ളികളെ പോലെ തോന്നിച്ചു അവർ. കാരണം അത്രയ്ക്കും ദുരിതപൂർണമായിരുന്നു അവരുടെ ജീവിതം.
ദീർഘകാലം ഇറ്റലിയുടെ കണ്ണിലെ കരടായിരുന്നു റോമിന് സമീപമുള്ള സാൻ ലോറൻസോയിലെ ആ ചേരിപ്രദേശം. ഒരു കാലത്ത് ക്രിമിനലുകളും സാമൂഹ്യ ദ്രോഹികളും കൊടികുത്തി വാണ സ്ഥലം. പകൽ സമയത്ത് കുട്ടികളെ വീടിനു പുറത്താക്കി മുതിർന്നവർ ജോലിക്ക് പോകും.അവർ തിരിച്ചെത്തുന്നതു വരെ കുട്ടികൾ തെരുവിൽ അലഞ്ഞ് നടക്കും. കണ്ണിൽ കണ്ടതൊക്കെ നശിപ്പിക്കും. കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടാക്കും. ഇത് പരിഹരിക്കാൻ കെട്ടിടം ഉടമകൾക്ക് വർഷം തോറും ഒരു വലിയ തുക കണ്ടെത്തേണ്ടി വരും. ഇതിന് പരിഹാരമെന്നോണം കെട്ടിടമുടമകൾ ഒരു വഴി കണ്ടെത്തി. പകൽ സമയത്ത് തെരുവിലെ കുട്ടികളെ മുഴുവൻ ഒരു മുറിയിലാക്കുക. അവരെ നോക്കാൻ മാസശമ്പളത്തിൽ ഒരാളെ നിർത്തുക.
അങ്ങനെ ആ ദിവസം വന്നെത്തി.1907 ജനുവരി ആറ്. അന്നാണ് കുട്ടികൾക്കായുള്ള പുതിയ മുറിയുടെ ഉദ്ഘാടനം. വരാൻ പറഞ്ഞതുകൊണ്ട് മാത്രം ഞങ്ങളിതാ വന്നിരിക്കുന്നു എന്ന ഭാവത്തിൽ കുറേ കുട്ടികൾ അവിടെയെത്തി. സ്വന്തം ജീവിത സാഹചര്യങ്ങൾ കാരണം ഒന്നിനോടും പ്രത്യേകിച്ച് താല്പര്യം തോന്നാത്ത ഒരവസ്ഥയിലായിരുന്നു ആ കുരുന്നുകൾ. വീട്ടിലെത്തിയ കുട്ടികൾ പകച്ചു പോയി. അവരെ എന്തിനാണ് അവിടെ കൊണ്ടു വന്നിരിക്കുന്നതെന്ന് കുട്ടികൾക്കാർക്കും മനസിലായില്ല.
മുറിയിലുള്ള ഒരാളെ മാത്രമേ കുട്ടികൾക്ക് പരിചയമുള്ളൂ. തെരുവിൽ ജോലി ചെയ്യുന്ന ഒരു സെക്യൂരിറ്റിയുടെ മകളായ സൈനോറിന നൂചിട്ടെല്ലിയെ. അവരുടെ അടുത്തായി സുന്ദരിയും ചെറുപ്പക്കാരിയുമായ ഒരു സ്ത്രീ കുട്ടികളെ കൗതുകപൂർവ്വം നോക്കി നിന്നിരുന്നു. കുട്ടികളുടെ കരച്ചിലും അങ്കലാപ്പും ഒന്നടങ്ങിയപ്പോൾ ആ ചെറുപ്പക്കാരി മുന്നിലേക്ക് വന്ന് പറഞ്ഞു. ‘ഞാൻ ഡോക്ടർ മോണ്ടിസോറി’, കാസാ ഡി ബാംബിനിയിലേക്ക് എല്ലാവർക്കും സ്വാഗതം.’ കുട്ടികളുടെ വീട് എന്നാണ് ആ പേരിന് അർത്ഥം. അന്നത്തെ ഇറ്റാലിയൻ സ്കൂളുകളുടെ പൊതു സങ്കല്പം ചെറുപ്പക്കാരിയായ മരിയ മോണ്ടിസ്സോറി എന്ന ആ സ്ത്രീ പൊളിച്ചെഴുതി. നല്ല വെളിച്ചമുള്ള വിശാലമായ ക്ലാസ് മുറി. മതിലിൽ ധാരാളം ചിത്രങ്ങൾ, മുറിയിൽ മനോഹരമായ ചെടികൾ, കുട്ടി കസേരകളും കുട്ടി മേശകളും കുട്ടി അലമാരകളും. കുട്ടികളോട് അവർക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനാണ് മരിയ ആവശ്യപ്പെട്ടത്. അതോടെ കുട്ടികൾക്കാവേശമായി. അതുവരെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന കുട്ടികളിൽ ചിലർ വരക്കാനും മറ്റു ചിലർ കളിക്കാനും ഇനിയും മറ്റ് ചിലർ പുസ്തകങ്ങൾ മറിച്ചു നോക്കാനും തുടങ്ങി. കുട്ടികളെ സംശയങ്ങൾ ചോദിക്കാൻ അനുവദിക്കാത്ത, കാണാപ്പാഠം മാത്രം പഠിപ്പിക്കുന്ന അക്കാലത്തെ സ്കൂളുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒട്ടേറെ പരീക്ഷണങ്ങളാണ് കുട്ടി വീട്ടിൽ മരിയ മോണ്ടിസോറി കുട്ടികൾക്കായി ഒരുക്കി വച്ചിരുന്നത്.
എപ്പോഴും കലപില കൂട്ടുന്ന കിലുക്കാംപെട്ടികളാണ് കുട്ടികൾ എന്നാണ് കുട്ടികളെ കുറിച്ചുള്ള നമ്മുടെ ധാരണ .അവർക്ക് ഒരിക്കലും നിശബ്ദരായിരിക്കാൻ പറ്റില്ലെന്നാണ് പൊതുവെയുള്ള ധാരണ. എന്നാലിത് തെറ്റാണെന്ന് മരിയ തെളിയിച്ചു. എങ്ങനെയെന്നോ? നാല് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ മരിയ ഒരിക്കൽ കുട്ടി വീട്ടിൽ കൊണ്ടുവന്നു. ഉറങ്ങുന്ന കുഞ്ഞിനെ ചൂണ്ടി അവർ കുട്ടികളോട് പറഞ്ഞു, ‘ഇവനെപ്പോലെ നിശബ്ദരായിരിക്കാൻ നിങ്ങൾക്ക് ഒരിക്കലും കഴിയില്ല.’ എന്നാൽ കുട്ടികളുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. പതുക്കെ അവർ നിശബ്ദരാവാൻ തുടങ്ങി. ശ്വാസോച്ഛാസം പോലും നിയന്ത്രിച്ച് ധ്യാനത്തിലെന്ന പോലെ ശാന്തരായി ഓരോ കുട്ടിയും ഇരിക്കാൻ തുടങ്ങി. പിന്നീട് ഈ സൈലൻസ് ഗെയിം കുട്ടിവീട്ടിലെ പ്രധാന കളികളിലൊന്നായി മാറി. ടീച്ചർ പെട്ടെന്ന് കുട്ടികളോട് നിശബ്ദരാകാൻ ആവശ്യപ്പെടും. എന്നിട്ട് പതിയെ ഒച്ചയുണ്ടാക്കാതെ പുറത്തേക്ക് നടക്കും. കുട്ടികൾക്ക് ഒച്ചയുണ്ടാക്കാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന ധാരണ ഇതോടെ മരിയ ടീച്ചർ തെറ്റാണെന്ന് തെളിയിച്ചു. കുട്ടികൾക്ക് സ്വാതന്ത്ര്യം കൊടുക്കുക എന്നാൽ അവരെ സ്വയം മനസിലാക്കാൻ വിടുക എന്നാണർത്ഥമെന്ന് മരിയ മോണ്ടിസോറിക്കറിയാമായിരുന്നു. തൻ്റെ അഭാവത്തിലും കുട്ടികൾക്ക് പ്രവർത്തിക്കാൻ കഴിയുന്നു എന്ന് പറയാൻ സാധിക്കുന്നിടത്താണ് ഒരു അധ്യാപകൻ്റെ / അധ്യാപികയുടെ വിജയമെന്ന് മരിയ വിശ്വസിച്ചു.
ഇന്ന് ലോകമെങ്ങും പരന്ന് കിടക്കുന്ന കുട്ടികൾക്കായുള്ള ‘മോണ്ടിസോറി സ്കൂൾ ‘എന്ന ആശയത്തിന് തുടക്കമിട്ടത് ഈ ടീച്ചറായിരുന്നു. ഇറ്റലിയിൽ ആദ്യമായി പൊതു വിദ്യാലയത്തിൽ പഠിച്ച വനിതകളിലൊരാളാണ് മരിയ. മരിയക്ക് ഏഴു വയസുള്ളപ്പോഴാണ് ഇറ്റലിയിൽ ആദ്യമായി പെൺകുട്ടികൾക്ക് പൊതുവിദ്യാലയത്തിൽ പ്രവേശനം അനുവദിച്ചത്. പിന്നീട് 1892-ൽ 22-ാം വയസ്സിൽ മരിയ മോണ്ടിസോറി മെഡിക്കൽ പഠനത്തിന് ചേർന്നപ്പോൾ ഡോക്ടറാകാൻ പഠിക്കുന്ന ഇറ്റലിയിലെ ആദ്യത്തെ പെൺകുട്ടിയായി അവർ.
ജയശ്രീ എം