അപരസ്‌നേഹം
സംശയിക്കുന്നതുപോലെ മമ്മയുടെ പരിശോധനാഫലം പോസിറ്റീവ് ആയി. എന്റെയും ഇർഫാൻറെയും ഫലം അറിയാനിരിക്കുന്നതേയുള്ളൂ..
മമ്മയുടെ വീർത്തവയറിനുള്ളിൽ വികൃതികാട്ടുന്ന കുഞ്ഞുവാവയെക്കുറിച്ചാണ് ഞങ്ങൾക്ക് ഏറെ വേവലാതി. ഞങ്ങൾ സൗദിയിൽനിന്നും നാട്ടിലെത്തിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളു. പപ്പയ്ക്ക് കൂടെ വരാൻ സാധിച്ചില്ല. കൂടിക്കൂടി വരുന്ന കൊവിഡ് രോഗവ്യാപനം എല്ലാവരിലും ഭയം വിതച്ചിരുന്നു. ഗർഭിണികൾക്കും കുട്ടികൾക്കും മുൻഗണനയുള്ളതുകൊണ്ട് ഞങ്ങൾക്ക് ഫ്ലൈറ്റിൽ ടിക്കറ്റ് വേഗം ശരിയായി.
പപ്പ മമ്മയോട് പറഞ്ഞു,
“കിട്ടിയ അവസരം പാഴാക്കണ്ട. നിങ്ങൾ പൊയ്‌ക്കോളൂ. ഈ അവസ്ഥയിൽ കേരളമാണ് കൂടുതൽ സുരക്ഷിതം. നാട്ടില് ഉമ്മേം ഉപ്പും എളേമേം ഒക്കെ ഉണ്ടല്ലോ, നെന്റെ പ്രസവാവുബ്ലക്കും ഞാൻ എങ്ങനെങ്കിലും എത്താൻ നോക്കണ്ട്.”
രായിനെല്ലൂർ മലയിൽ നിന്നും സൂര്യൻ പടിഞ്ഞാറോട്ടിറങ്ങാൻ തുടങ്ങിയിരിക്കുന്നു. അന്തിവെട്ടം രാത്രിയുടെ കരുവാളിപ്പിനു വഴിമാറാൻ തുടങ്ങിയിരുന്നു. അപ്പോഴാണ് ആരോഗ്യവകുപ്പിന്റെ മീഡിയ സെല്ലിൽ നിന്നും മമ്മയെ തേടി വിളിയെത്തിയത്:
“ഒരു മണിക്കൂറിനുള്ളിൽ ആബുലൻസ് വീട്ടിലെത്തും അത്യാവശ്യം വേണ്ട ഉടുപ്പും സാധനങ്ങളും ബാഗിലാക്കി ഒരുങ്ങിയിരിക്കുക.”
അതോടെ മമ്മയുടെ മുഖം ഭയവും സംഭമവും കീഴടക്കി. മമ്മ പപ്പയെ വിളിച്ചു. വിവരങ്ങൾ ധരിപ്പിച്ചു.
“കുറച്ചു ദിവസത്തെ കാര്യല്ലേ ഉള്ളൂ. കുട്ടികളെ വല്യുപ്പയുടേയോ മാമന്റെയോ വീട്ടിലാക്കാം” അവർക്കിടയിൽ ധാരണയുണ്ടായി.
മമ്മ മാമനെ വിളിച്ചു. ഏറെ വൈകും മുമ്പ് മാമനെത്തി. ഓടി അടുത്തു ചെന്ന് എന്നിൽ നിന്നും മാമൻ ഒഴിഞ്ഞുമാറി. അകന്നും ഭയന്നും നിന്നുകൊണ്ട് മമ്മയോടു സംസാരിക്കുന്ന മാമൻ എനിക്ക്
അപരിചിതനെപ്പോലെയായി. മമ്മ കാര്യം പറഞ്ഞു:
“കുട്ട്യോൾടെ പരിശോധനാഫലം വന്നിട്ടില്ല. അവരെ കൂടെ കൊണ്ട് പോകാൻ ആരോഗ്യവകുപ്പ് സമ്മതിക്കില്ല. അതോണ്ട്…”
“ജ്ജ് തെന്റിദ്ധരിക്കര്ത്. ഇത് കാര്യം കൊറോണ്യാ, പിടിപെട്ടാ പുലിവാലാ”
മാമൻ സ്നേഹം മറന്നു പറഞ്ഞു.
“നാള്യോ മറ്റന്നാളോ ഇവര്ടെ ഫലം വരും. അതുവരെ റിസ്വാനേം കൂടി ഇവള് ശ്രദ്ധിച്ചോളും. അവ്ടെ ചിട്ടയിൽ ക്വാറന്റീനിൽ തന്നെ കഴിഞ്ഞോളും”
എട്ടു വയസ്സുകാരിയായ എന്നിലുള്ള വിശ്വാസം മമ്മ എടുത്തു പറഞ്ഞു. അപ്പോഴും മമ്മ കരയുകയായിരുന്നു.
“ഇക്കാര്യത്തില് ഞാനൊറ്റക്ക്യായിട്ട് ഒരു തീരുമാനം എടുത്തൂടല്ലോ. അവടീം ണ്ടല്ലോ ന്റെ
കെട്ട്യോളൊരുത്തി. അവളോടും കുട്യൊന്ന് ആലോചിക്കട്ടെ”
ഇതും പറഞ്ഞുപോയ മാമൻ പിന്നെ തിരിച്ചു വന്നതേയില്ല.
സമയം ഞങ്ങൾക്കിടയിൽ ഭാരം വീഴ്ത്തി ഇഴഞ്ഞുനീങ്ങി. നൂറ്റി എട്ട് ആബുലൻസിന്റെ ഇരമ്പലും വെട്ടവും വീട്ടുപടിക്കൽ വന്നു നിന്നു. വീട്ടിലേക്കു കയറിയ ആരോഗ്യ പ്രവർത്തകനോടൊപ്പം വേറെ ചിലരും ഉണ്ടായിരുന്നു. അയൽപ്പക്കക്കാരിൽ ചിലർ ഗെയ്റ്റിനു പുറത്ത് റോഡിൽ അകന്നുമാറി നിൽക്കുന്നുണ്ടായിരുന്നു.
“ഇനീം രണ്ട് , പോസിറ്റീവ് കേസുകൾ കൂടിയുണ്ട്. അവരേം കളക്ട് ചെയ്യണം.”
ആരോഗ്യ പ്രവർത്തകൻ തിടുക്കം കൂട്ടി.
“എന്റെ പൊന്നുകുട്ടികൾ…?”
മമ്മ കരഞ്ഞു.
“അവരെ കൊണ്ടു പോകുന്നത് കൂടുതൽ റിസ്ക് ആണ്. മാത്രവുമല്ല ഞങ്ങൾക്കതിന് പെർമിഷനുമില്ല. അയാൾ തന്റെ നിസ്സാഹായത തുറന്നു പറഞ്ഞു.”
“മമ്മ വരുന്നതു വരെ റിസ്വാനെ ഞാൻ നോക്കിക്കോളാം മമ്മ.”
കരയുന്ന മമ്മയെ ആശ്വാസിപ്പിക്കാനായി ഞാൻ അടുത്തേക്ക് ചെന്നു.
“അരുത് മോളെ. അടുത്തു വരരുത്.”
മുഖത്തെ മാസ്ക് ശരിയാക്കി വച്ചുകൊണ്ട് മമ്മ അകന്നുമാറി.
മുറ്റത്തേക്ക് പടർന്നു നിൽക്കുന്ന കൊന്നമരത്തിന്റെ കീഴിലെ ഇരുട്ടിൽ നിന്നും ഒരാൾ വെളിച്ചതിലേക്കു നീങ്ങി നിന്നു.
“ഞാൻ നിങ്ങടെ പഞ്ചായത്തു പ്രസിഡന്റാണ്… മുരളി. കുട്ടികളെ കുറിച്ച് നിങ്ങൾ ഒട്ടും ബേജാറാവണ്ട. അവര്ടെ കാര്യം ഞാൻ നോക്കിക്കോളാം. ഇവരുടെ റിസൾട്ട് നെഗറ്റീവായാൽ നിങ്ങൾ വരുന്നതുവരെ ഇവർക്ക് എന്റെ വീട്ടിൽ എന്റെ കുട്ടികളോടൊത്തു കഴിയാം. ഫലം വരുന്നതുവരെയുള്ള ഇവരുടെ ക്വാറന്റീൻ, എന്റെ ചുമതലയാണ് അതു ഞാൻ നോക്കിക്കോളാം.”
അതു കേട്ടതും മമ്മയുടെ നനയുന്ന മിഴികളിലും മുഖത്തൊക്കെയും അപര സ്നേഹം എന്തെന്നനുഭവിക്കുന്നതിന്റെ വെളിച്ചം പരന്നു. ആ വെളിച്ചം എനിക്കും തെളിച്ചമായി.
തുടർ പ്രവർത്തനം
കോവിഡ്-19 മായി ബന്ധപ്പെട്ട ഒരു സംഭവം (സ്വന്തം അനുഭവം/കണ്ടറിഞ്ഞതോ കേട്ടറിഞ്ഞതോ ആയ സംഭവം) വിഷയമാക്കി നമുക്കൊരു കുറിപ്പ് തയ്യാറാക്കാം. അല്ലേ, കൂട്ടുകാരേ… എഴുതിയ ശേഷം അത് പൂക്കാലത്തിലേക്ക് അയച്ചു തരണേ…
എം. വി. മോഹനൻ