കുട്ടന്റെ ഉറക്കം

” കുട്ടാ നീ ഇന്ന് രാവിലെ എന്താ കഴിച്ചേ ? കലശലായ ഉറക്കം വരുന്നുണ്ടല്ലോ “
” ശ്ശെ , ടീച്ചറിന് തോന്നണതാ. എനിക്കുറക്കമൊന്നുമില്ലാട്ടോ “
” ഉണ്ടുണ്ട്… നിന്നെ കണ്ടാലറിയാം. കണ്ണുതുറന്ന് ഉറക്കമാ നീ “
” നാല് ഇഡ്ഡലി “

ഇനി തർക്കിച്ചിട്ട് കാര്യമില്ല. കുട്ടൻ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

” അതന്നെ കാരണം. രാവിലെ നന്നായി ഭക്ഷണം കഴിക്കേണ്ടതുതന്നെ. പക്ഷേ, ആവിയിൽ വെന്ത ഭക്ഷണത്തിന്റെ അളവ് കുറയ്ക്കണമെന്ന് ഞാൻ എത്ര തവണ പറഞ്ഞിട്ടുള്ളതാ. ക്ലാസിലിരിക്കുമ്പോൾ ഉറക്കം വരാനുള്ള പ്രധാനകാരണമല്ലേ? വെള്ളവും കുടിച്ചുകാണില്ല, അല്ലേ ? “

ആ ചോദ്യം കേട്ടതായി ഭാവിക്കാതെ കുട്ടൻ താഴെ വീണുപോയ പെൻസിൽ തപ്പി കൊണ്ടിരുന്നു.

ടീച്ചർ തുടർന്നു, ” കുഞ്ഞുങ്ങളെ വെള്ളം ധാരാളം കുടിക്കണമെന്ന് എന്നും നിങ്ങളോട് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കണോ? നമ്മുടെ ശരീരത്തിന് വെള്ളം എത്രമാത്രം അനിവാര്യമാണെന്ന് നിങ്ങൾക്ക് അറിയാവുന്നതല്ലേ? “

” ആട്ടെ, ഇന്ന് രാവിലെ ഓരോരുത്തരും എന്തെല്ലാമാണ് കഴിച്ചതെന്ന് പറയൂ.”

പെട്ടെന്ന് വാതിൽക്കൽ ഒരു പത്താംക്ലാസുകാരി വന്നു. എല്ലാവരുടെയും നോട്ടം അങ്ങോട്ടേക്കായി.

” ടീച്ചർ, കുട്ടന്റെ ചേച്ചി തലകറങ്ങി വീണു. വീട്ടിലേക്ക് കൊണ്ടുപോകാൻ തയ്യാറാകുന്നു. കുട്ടനേം വിടണമെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു.”

കുട്ടൻ പെട്ടെന്നുതന്നെ ബാഗുമായി ഇറങ്ങാനൊരുങ്ങി.

ഏഴാംക്ലാസുകാരനാണെങ്കിലും അവനിലെ സഹോദരൻ ഉണർന്നതുകണ്ട ടീച്ചറിന് സന്തോഷമായി.

” കുട്ടാ പേടിക്കണ്ട. കുറച്ച് വെള്ളം കുടിച്ച് വിശ്രമിച്ചാൽ ചേച്ചി ഓക്കെ ആവും. ധൈര്യായി പോയിട്ട് വാ “

ടീച്ചറിന്റെ ആശ്വസിപ്പിക്കൽ കുട്ടനത്ര സമാധാനമൊന്നും നൽകാനായില്ല. അവൻ പെട്ടെന്നുതന്നെ പുറത്തിറങ്ങി.

ചേച്ചി സ്റ്റാഫ് റൂമിൽ കിടക്കുന്നു. അടുത്തു ചെന്നപാടെ കേട്ടത് വെള്ളം കുടിക്കാത്തതിലുള്ള വഴക്കു പറച്ചിലാണ്.

അതെ, നമ്മുടെ ഭക്ഷണശീലങ്ങൾ എങ്ങനെയെല്ലാം മാറിമറിഞ്ഞാലും ആരോഗ്യത്തിലുള്ള ശ്രദ്ധ കർശനമായും പാലിച്ചേ മതിയാവൂ. ഓരോരുത്തർക്കും പലതരം ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടാവാം അത് വ്യക്തികൾതോറും നാടുകൾതോറും വ്യത്യസ്തമാണ്.

ഏത് സാഹചര്യത്തെയും തരണം ചെയ്യാൻ നാം തയ്യാറായിരിക്കണം .

പൊതുവെ മലയാളികളുടെ ഭക്ഷണരീതി അരിയാഹാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാൽ മറ്റൊരു സംസ്ഥാനമോ രാജ്യമോ നോക്കുകയാണെങ്കിൽ ഇത്തരം അരിഭ്രമം കാണാനാകില്ല. എന്തെന്ത് വൈവിധ്യങ്ങളാണ് ലോകമാകെ ഭക്ഷണക്കാര്യത്തിൽ പിന്തുടരുന്നതെന്ന് ഒരു ചർച്ച സംഘടിപ്പിക്കുകയാണെങ്കിൽ നല്ല ഒരു ഭക്ഷണാനുഭവമായിരിക്കും അത്.

വി.കെ.എൻ. രചിച്ച ‘ ചോറിനു വേണ്ടി ‘ എന്ന കഥ വായിക്കുമ്പോൾ നമ്മളിൽ പലരും നമ്മുടെതന്നെ ഭക്ഷണരീതിയുടെ വൈവിധ്യത്തെ ഓർത്ത് അന്തിച്ചുപോകും.

കൂട്ടുകാരെ, നമ്മളിൽ പലരും വ്യത്യസ്തതരം ഭക്ഷണരീതികൾക്ക് അടിമപ്പെട്ടവരാണ്. അതേസമയം കൗതുകകരമായ ഭക്ഷണശീലങ്ങൾ ഉള്ള ആളുകളെ നമ്മൾ എവിടെയെങ്കിലുമെല്ലാം കണ്ടിട്ടുണ്ടാവുമല്ലോ?

ഈ ലക്കം പൂക്കാലത്തിലേക്ക് അത്തരം രസകരമായ അനുഭവങ്ങൾ എഴുതി അറിയിക്കാമോ?

ഡോ.കെ.ബീന റിസർച്ച് അസിസ്റ്റന്റ് കേരള ചരിത്ര ഗവേഷണ കൗൺസിൽ തിരുവനന്തപുരം

1 Comment

കുഴൂർ വിത്സൺ October 9, 2020 at 10:25 am

വെള്ളം കുടിപ്പിക്കാൻ തോന്നുന്ന ഈ കുഞ്ഞ് കഥയ്ക്ക് നന്ദി .

Leave a Comment

FOLLOW US