ഓസോൺ ജീവിതത്തിന്
1980-കളുടെ മദ്ധ്യത്തിൽ വിഖ്യാത ശാസ്ത്ര മാസികയായ നേച്ചറിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഗവേഷണ റിപ്പോർട്ട് ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. അന്റാർട്ടിക്കിനു മുകളിൽ ഓസോൺ പാളിക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതായിരുന്നു ആ റിപ്പോർട്ട്. ബ്രിട്ടീഷ് അന്റാർട്ടിക് സർവ്വേയിലെ ഗവേഷകരായ ജോയ് ഫാർമാൻ, ബ്രിയാൻ ഗാർഡിനർ, ജൊനാതൻ ഷാങ്ക്ലിൻ എന്നീ ശാസ്ത്രജ്ഞരാണ് നമ്മുടെ രക്ഷാകവചം തുളഞ്ഞുകൊണ്ടിരിക്കുകയാണെന്ന ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. സ്ട്റാറ്റോസ്ഫിയർ എന്ന അന്തരീക്ഷ പാളിയിൽ അസ്വാഭാവികമായത് എന്തൊക്കെയോ സംഭവിക്കുന്നു എന്ന സംശയം 1970-കൾ മുതൽ തന്നെ ശാസ്ത്രജ്ഞർക്കുണ്ടായിരുന്നു. ഓസോൺ പാളിയുടെ അന്തകനാരെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയപ്പോഴും ലോകം ഞെട്ടി. കണ്ടുപിടിക്കപ്പെട്ട കാലത്ത് അത്ഭുത രാസവസ്തു എന്ന് വിശേഷിപ്പിക്കപ്പെടുകയും വളരെപ്പെട്ടെന്നു തന്നെ പല തരത്തിൽ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്ത ക്ലോറോഫ്ലൂറോകാർബണുകൾ (സി.എഫ്.സി) ആയിരുന്നു ആ അന്തക രാസവസ്തു!
എല്ലാ വർഷവും സെപ്റ്റംബർ-16 നാണ് നമ്മൾ ഓസോൺ ദിനം ആചരിക്കുന്നത്. അതിനു കാരണമെന്തെന്നോ? 1987 സെപ്റ്റംബർ 16-നാണ് ഓസോൺ പാളിയെ സംരക്ഷിക്കാനുള്ള ഒരു സുപ്രധാന ഉടമ്പടിയിൽ ലോകരാജ്യങ്ങൾ ഒപ്പുവച്ചത്.അതാണ് മോൺട്രിയൽ ഉടമ്പടി. ഇതിന്റെ സ്മരണയ്ക്കായാണ് സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭ സെപ്റ്റംബർ 16 ഓസോൺപാളിയെ സംരക്ഷിക്കാനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ തീരുമാനിച്ചത് 1994-ലാണ്. ഭൂമിയുടെയും സർവ്വ ജീവജാലങ്ങളുടെയും രക്ഷയ്ക്ക് ഓസോൺപാളിയെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണം എന്ന ഓർമ്മപ്പെടുത്തലുമായാണ് ഇത്തവണയും ഓസോൺ ദിനം കടന്നുപോയത്. ഓസോൺ ജീവിതത്തിന് എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. ഓസോൺ പാളിയെ രക്ഷിക്കാനായി നടന്ന വിയന്ന ഉച്ചകോടിയുടെ മുപ്പത്തിയഞ്ചാം വാർഷികം കൂടിയാണിത്.
സൂര്യനിൽ നിന്നുള്ള മാരകമായ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും നമ്മെ കാത്തുരക്ഷിക്കുന്ന ഓസോൺ പാളിയെന്ന കാണാക്കുടയുടെ രസതന്ത്രത്തെക്കുറിച്ചും ഓസോൺ നാശനത്തിന്റെ രസമില്ലാത്ത തന്ത്രത്തെക്കുറിച്ചും അല്പം കാര്യങ്ങൾ പറയാം. ഓക്സിജന്റെ ഒരു രൂപാന്തരമാണ് ഓസോൺ. ഒരു ഓസോൺ തന്മാത്രയിൽ മൂന്ന് ഓക്സിജൻ ആറ്റങ്ങളാണുള്ളത്. സ്ട്രാറ്റോസ്ഫിയർ എന്ന അന്തരീക്ഷപാളിയിലാണ് ഓസോൺ പാളിയുടെ സ്ഥാനം. സ്ട്രാറ്റോസ്ഫിയറിൽ അൾട്രാവയലറ്റ് കിരണങ്ങളുടെ സാന്നിദ്ധ്യത്തിൽ ഓക്സിജൻ തന്മാത്രകൾ വിഘടിച്ച് ഓക്സിജൻ ആറ്റങ്ങളായി മാറും. ഒരു ഓക്സിജൻ ആറ്റവും ഒരു ഓക്സിജൻ തന്മാത്രയും ചേർന്ന് ഓസോൺ തന്മാത്ര ഉണ്ടാവും. ഒരു ഓസോൺ തന്മാത്ര ഒരു ഓക്സിജൻ ആറ്റവുമായി പ്രവർത്തിച്ച് രണ്ട് ഓക്സിജൻ തന്മാത്രകൾ രൂപം കൊള്ളും. ഈ ചാക്രിക പ്രക്രിയയുടെ സന്തുലനാവസ്ഥയാണ് ക്ലോറോഫ്ലൂറോ കാർബണുകൾ തകർക്കുന്നത്. സി.എഫ്.സി കളിലെ ആക്റ്റീവ് ക്ലോറിൻ റാഡിക്കലുകളാണ് ഓസോണിനെ വിഘടിപ്പിക്കുന്നത്. സി.എഫ്.സി.കൾ ആഗോളതാപനത്തിന് ആക്കം കൂട്ടുന്ന ഹരിതഗൃഹ വാതകം കൂടിയാണെന്ന അപകടം വേറെ. പോൾ ജെ.ക്രൂറ്റ്സൺ, മാരിയോ ജെ.മോളിന, എഫ്.ഷെർവുഡ് റൗളണ്ട് എന്നീ ശാസ്ത്രജ്ഞരാണ് ഓസോൺ നാശനത്തിന്റെ രഹസ്യങ്ങൾ ചുരുൾ നിവർത്തിയത്. സ്ട്രാറ്റോസ്ഫിയറിൽ നമ്മുടെ രക്ഷാകവചമാണെങ്കിലും ഭൂമിയുടെ സമീപ അന്തരീക്ഷത്തിൽ ഓസോണിന്റെ അളവ് കൂടുന്നത് നല്ലതല്ല .കാർഷിക വിളകളുടെ നാശത്തിനും ശ്വാസകോശ രോഗങ്ങൾക്കുമൊക്കെ അതു കാരണമാവും. ഓസോൺ ശ്വസിക്കുന്നത് നല്ലതാണെന്ന ധാരണ തെറ്റാണ് എന്നു സാരം.
റഫ്രിജറേറ്ററുകളിലും എയർകണ്ടീഷണറുകളിലും ശീതീകാരിയായും രാസവസ്തു നിർമ്മാണത്തിൽ നല്ലൊരു ലായകമായും ചില പ്ലാസ്റ്റിക്കുകൾ സ്പ്രേ പെയിന്റുകൾ എന്നിവയിൽ എയ്റോസോൾ ആയുമൊക്കെ ഉപയോഗിക്കാൻ തുടങ്ങിയ സി.എഫ്.സി.കൾ രാസവ്യവസായ രംഗത്തെ താരമായി മാറുകയായിരുന്നു . ക്ലോറോഫ്ലൂറോ കാർബണുകളും ഹൈഡ്രോ ക്ലോറോഫ്ലൂറോ കാർബണുകളും ഓസോൺ പാളിക്ക് ഹാനികരമാണെന്ന് തിരിച്ചറിഞ്ഞതോടെ അതിന്റെ ഉല്പാദനവും ഉപഭോഗവും ഘട്ടം ഘട്ടമായി നിർത്തിയേ പറ്റൂ എന്ന അവസ്ഥ വന്നു. അതോടെ ഇവയ്ക്കു പകരം ഹൈഡ്രോഫ്ലൂറോ കാർബണുകൾ (എച്ച്.എഫ്.സി) ഉപയോഗിക്കാൻ തുടങ്ങി. പക്ഷേ ഇത് ആഗോള താപനത്തിനു കാരണമാവുന്നുവെന്ന വെല്ലുവിളിയുണ്ട്. അതുകൊണ്ടു തന്നെ ഇവയ്ക്ക് പകരം തികച്ചും ഹരിതമായ രാസവസ്തുക്കൾ തേടിയുള്ള അന്വേഷണത്തിലാണ് ശാസ്ത്രലോകം.
നമ്മുടെ രക്ഷാകവചമായ ഓസോൺപാളി ശോഷിക്കുമ്പോൾ സൂര്യനിൽ നിന്നുള്ള മാരകമായ അൾട്രാവയലറ്റ് കിരണങ്ങൾ കൂടുതലായി ഭൂമിയിലെത്തും. ചർമ്മാർബ്ബുദം, നേത്ര രോഗങ്ങൾ, രോഗപ്രതിരോധശേഷിക്കുറവ് എന്നിവയ്ക്കൊക്കെ ഇത് കാരണമാവും. ആവാസവ്യവസ്ഥയ്ക്കും ഭക്ഷ്യശൃംഖലയ്ക്കും സർവ്വജീവജാലങ്ങൾക്കും ഇത് ദോഷകരമാണ്.
ഓസോൺ പാളിയുടെ പരിക്കുകൾ പതിയെപ്പതിയെ ഭേദമാകുന്നു എന്ന ശുഭവാർത്ത ആശ്വാസം പകരുന്ന ഒന്നാണ്. ഓസോൺ നാശക രാസവസ്തുക്കളുടെ ഉല്പാദനവും ഉപഭോഗവും കുറയ്ക്കാനും ഘട്ടം ഘട്ടമായി ഒഴിവാക്കാനും ലോകരാജ്യങ്ങളെ പ്രേരിപ്പിച്ച മോണ്ട്രിയൽ പ്രോട്ടോകോൾ പോലുള്ള ഉടമ്പടികൾ ഫലപ്രദമാവുന്നു എന്നതിന്റെ സൂചനയാണിത്. എങ്കിലും ഓസോൺ പാളിക്ക് ഭീഷണിയാവുന്ന ചില പുതിയ രാസവസ്തുക്കൾ തിരിച്ചറിഞ്ഞത് തലവേദന തന്നെയാണ്. നമ്മെ കാക്കുന്ന ഓസോൺ പാളിയുടെ സംരക്ഷണത്തിനായി ലോകരാജ്യങ്ങൾ ഇനിയും ജാഗ്രത പുലർത്തിയേ തീരൂ എന്നർത്ഥം.

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി