അനുഭവ നർമ്മം

റോസിയുടെ എലിവേട്ട

റോസി സുന്ദരിയായിരുന്നു. സ്ഥൂലഗാത്രിണി. സ്വപ്നം മയങ്ങുന്ന, അഞ്ജനകറുപ്പുള്ള കടമിഴിക്കോണുകൾ. ചുണ്ടിൽ എപ്പോഴും കതിരുതിർ പുഞ്ചിരി. കണ്ടാൽ ആരും ഒന്ന് നോക്കി നിന്നുപോകും. ഒട്ടേറെ സമപ്രായക്കാരുടെ ഹൃദയം കവർന്നവൾ. പടിക്കലെ വീട്ടിലെ ബപ്പിയുമായി ചെറിയൊരു ചുറ്റിക്കളി ഉണ്ടായിരുന്നതൊഴിച്ചാൽ വേറെ പേരുദോഷമൊന്നും ഇല്ലായിരുന്നു. കുറ്റം പറയാൻ പാടില്ലല്ലോ, അന്ന് ബപ്പിയുടെ ജീവിതം യൗവന തീക്ഷ്ണവും ഹൃദയം പ്രണയസുരഭിലവുമായിരുന്നു.

കഥയിലേക്ക് വരാം. റോസിയുടെ ഒരേ ഒരു ഹോബി എലികളെ ചേസ് ചെയ്തു വധിക്കുക എന്നതായിരുന്നു. കൺവെട്ടത്ത് ഏതെങ്കിലും എലി വന്നു പെട്ടാൽ അതിന്റെ കാര്യം കട്ടപ്പൊക. ഒരുദിവസം കാലത്ത് റോസി സൺ ബാത്തിന്, ഒട്ടുമാവിൻ തണലത്ത് മലർന്നു കിടക്കുകയായിരുന്നു. മരക്കൊമ്പിൽ നിന്നു ബാലൻസ് തെറ്റിയ ഒരെലി പൊത്തോന്ന് വീണത് റോസിയുടെ നെഞ്ചത്ത്. രണ്ടുപേരും ഞെട്ടലിൽ നിന്നും വിമുക്തരാകാൻ ഒരുനിമിഷത്തെ ബ്രേക്ക്.

പിന്നെ കണ്ടത് ജെയിംസ് ബോണ്ട് സിനിമയിലെ കാർ ചേസിനെ വെല്ലുന്ന സീൻ. സംഭവത്തിന് ദൃക്‌സാക്ഷിയായ ഗണേശൻ പറഞ്ഞതിങ്ങനെ.

“പ്രാണരക്ഷാർത്ഥം ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടിയ മൂഷികൻ അയൽവക്കത്തെ വൈക്കോൽ കുണ്ടയിൽ അഭയം പ്രാപിച്ചു. സെർച്ച്ഓപ്പറേഷന്റെ ഭാഗമായി റോസി വൈക്കോൽ കുണ്ടയിൽ മൂഞ്ചി തിരുകിയ സുവർണ്ണാവസരം മുതലെടുത്ത് എലി റോസിയുടെ മൂക്കിൽ കടിമുറുക്കി. അപ്രതീക്ഷിത ആക്രമണത്തിൽ വേദന കൊണ്ട് പുളഞ്ഞ റോസി വലിയ വായിൽ പായ്.. പായ്.. എന്ന് നിലവിളിച്ചുകൊണ്ട് വന്നതിനേക്കാൾ സ്‌പീഡിൽ തിരിച്ചോടി”. റോസിയുടെ എലിവേട്ട പരമ്പരയിലെ അവസാനത്തെ എപ്പിസോഡായിരുന്നു അത്.

സതീഷ് തോട്ടശ്ശേരി മലയാളം മിഷൻ ബാംഗ്ലൂർ

0 Comments

Leave a Comment

FOLLOW US