രവിക്കുട്ടന്റെ ഓണം

ണം എന്ന് കേട്ടാൽ രവിക്കുട്ടന്റെ മനസ്സില്‍ വരുന്നത് മൂന്നു കാര്യങ്ങള്‍ ആണ്. റബ്ബര്‍ ബോള്‍, ഊഞ്ഞാല്‍, സദ്യ. ഇന്ന് റബ്ബര്‍ ബോള്‍ എന്ന് കേട്ടാല്‍ കുട്ടികള്‍ക്ക് ചിരി വരും. അന്നത്തെ ഏറ്റവും വലിയ സമ്മാനം അതാ. ഒരു തവണ ഓണത്തിന് പതിവിലും വലിയ ഒരു തടിയന്‍ ബോള്‍ ആണ് അച്ഛന്‍ വാങ്ങിച്ചു തന്നത്. അത് ചുമരില്‍ എറിഞ്ഞു പിടിക്കുക എന്നതാണ് കളി. ചിലപ്പോള്‍ അനിയത്തിയുടെ തലയിലും. ആ വലിയ ബോള്‍ ചുമരില്‍ തട്ടി തിരികെ വന്നപ്പോള്‍ രവിക്കുട്ടന് പിടിക്കാന്‍ പറ്റിയില്ല. അത് നേരെ രവിക്കുട്ടന്റെ ചുണ്ടില്‍ തന്നെ വന്നു കൊണ്ടു.

ഹോ, എന്തൊരു വേദന ആയിരുന്നു, പോയി കണ്ണാടിയില്‍ നോക്കിയപ്പോള്‍ മോഡല്‍ നവോമി കാമ്പ്‌ബെല്ലിന്റെ ചുണ്ട് പോലെ ഉണ്ട്. പിന്നെ അത് ശരിയാകുന്നത് വരെ രവിക്കുട്ടൻ കോണിപ്പടിയുടെ അടിയില്‍ ഒളിച്ചിരുന്നു. രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ മിക്കവാറും ആ ബോള്‍ നടുവഴിയില്‍ ഉപേക്ഷിച്ചാവും പോവുക. അല്പം കഴിയുമ്പോള്‍ കാണാം അച്ഛന് പാലും വെളുത്തുള്ളിയും കൊണ്ട് പോകുന്ന അമ്മയോ, ഉറങ്ങാന്‍ പോകുന്ന അമ്മൂമ്മയോ അതില്‍ ചവുട്ടി സ്കെയ്റ്റ്‌ ചെയ്തു പോകുന്നത്. പിന്നെ അല്പ നേരം രവിക്കുട്ടന്റെ ഉത്തരവാദിത്വമില്ലായ്മയെ പറ്റി ഉള്ള അമ്മയുടെയും അമ്മൂമ്മയുടെയും ഘോരപ്രഭാഷണം ആണ്. രവിക്കുട്ടൻ ഒന്നും അറിയാത്ത പോലെ തല വഴി പുതപ്പും വലിച്ചു മൂടി കിടന്നുറങ്ങും. അടുത്ത ദിവസം കാലത്തേ ഒന്നും സംഭവിക്കാത്തത് പോലെ ആ ബോളും കൊണ്ട് കളിയ്ക്കാന്‍ ഇറങ്ങുകയും ചെയ്യും. അപ്പോഴേക്കും അച്ഛന്‍ ഒരു റൂള്‍ തടി കൊണ്ട് കാര്‍ ഷെഡില്‍ ഊഞ്ഞാല്‍ കെട്ടിയിട്ടുണ്ടാവും. രവിക്കുട്ടനും അനിയത്തിയും അന്നൊക്കെ അതില്‍ ഒരുമിച്ചു ഇരിക്കുമായിരുന്നു. ഇപ്പോള്‍ ആണെങ്കില്‍ ഒരു ഉലക്ക കൊണ്ട് ഊഞ്ഞാല്‍ കെട്ടിയാലും രവിക്കുട്ടനെ താങ്ങും എന്ന് തോന്നുന്നില്ല. ഈ ഊഞ്ഞാലിലെ റൂള്‍ തടി ഒരു പേടി സ്വപ്നമായിരുന്നു.

അച്ഛനും പിന്നെ കാലാ കാലങ്ങളില്‍ ടൂഷന്‍ പഠിപ്പിക്കാന്‍ വന്നിരുന്ന സാറന്മാരും രവിക്കുട്ടനെ അടിക്കാന്‍ ഉപയോഗിച്ചിരുന്നത് ഒരു ചൂരല്‍ ആയിരുന്നു. ചാലയില്‍ നിന്ന് വാങ്ങിച്ച, അറ്റത്ത്‌ ചുവന്ന റബ്ബര്‍ ബാന്‍ഡ് ഇട്ട ഒരു ചൂരല്‍. മിക്കവാറും അവസരങ്ങളില്‍ രവിക്കുട്ടൻ ആ ചൂരല്‍ എവിടെയെങ്കിലും ഒളിപ്പിച്ചു വെക്കും. “ച്ഹൂരല്‍ ഖൊണ്ട് വാഠാ” എന്ന് കണക്ക് ടൂഷന്‍ പഠിപ്പിക്കുന്ന ശ്രീധരന്‍ സര്‍ അലറുമ്പോള്‍ രവിക്കുട്ടൻ ആവുന്നിടത്തോളം നിഷ്ക്കളങ്കത മുഖത്ത് വരുത്തി പറയും. സര്‍ രണ്ടു ദിവസമായി ആ ചൂരല്‍ കാണാനില്ല എന്ന്. അല്പം കഴിയുമ്പോള്‍ കാണാം ആജന്മ ശത്രു ആയ അനിയത്തി, ആ ചൂരല്‍ എവിടെ നിന്നെങ്കിലും തപ്പി എടുത്ത്, വായില്‍ ആകെ അന്ന് അവള്‍ക്കുണ്ടായിരുന്ന 18 പല്ലും കാണിച്ചു ഹീ ഹീ ഹീ എന്ന ഒരു വൃത്തി കെട്ട ശബ്ദത്തില്‍ ഉള്ള ചിരിയോടെ സാറിന് കൊടുക്കുന്നത്. സര്‍ അത് വാങ്ങിച്ചിട്ട് ആ ചെയ്ത ദ്രോഹത്തിനു പ്രത്യുപകാരമായി അവളുടെ തലയില്‍ തടവും. എന്നിട്ട് “ഖൈ നീഠഠാ” എന്ന് രവിക്കുട്ടനോട് പറയും. രവിക്കുട്ടൻ കൈ നീട്ടും. ചൂരല്‍ മുകളിലേക്ക് പോകുമ്പോള്‍ കൈ അകത്തേക്ക് വലിക്കും. അങ്ങനെ രണ്ടു തവണ ആ അഭ്യാസം കഴിയുമ്പോള്‍ സര്‍ കയ്യുടെ അറ്റത്ത് പിടിച്ചു വലിച്ചു നീട്ടി വെച്ചിട്ട് ഒറ്റ അടി. രവിക്കുട്ടൻ ഊ എന്നൊരു ശബ്ദവും ഉണ്ടാക്കി നില്ക്കും. പിന്നെ രണ്ടാമത്തെ അടി, അതിനും അതെ ശബ്ദം. മൂന്നാമത്തേത് കഴിയുമ്പോള്‍ രവിക്കുട്ടൻ കൈ രണ്ടും കാലുകള്‍ക്ക് ഇടയില്‍ വെച്ച്, കണ്ണുകള്‍ ഇറുക്കി അടച്ച്, പല്ല് മുഴുവന്‍ കാണിച്ചു ഭയങ്കര വേദന അഭിനയിക്കും. അത് കണ്ടു സംതൃപ്തനായ സര്‍ അടുത്ത പാഠത്തിലേക്കും. അനിയത്തി വിവരം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ അടുക്കളയിലേക്കും പോകും.

ഒരിക്കല്‍ അച്ഛന്‍ അടിക്കാന്‍ വിളിച്ചപ്പോള്‍ ഒളിച്ചുവെച്ച ചൂരല്‍ അനിയത്തിക്ക് കണ്ടു പിടിക്കാന്‍ പറ്റിയില്ല. ഹോ രക്ഷപെട്ടു എന്ന് വിചാരിച്ചപ്പോള്‍ അച്ഛന്‍ അവിടെ ഇരുന്ന ഈ റൂള്‍ തടി എടുത്തു രണ്ടടി. രവിക്കുട്ടൻ അലറിപ്പോയി. ഭയങ്കര വേദന ആയിരുന്നു. അതിനുശേഷം അച്ഛന്‍ ചൂരല്‍ എവിടെ എന്ന് ചോദിക്കുമ്പോള്‍ രവിക്കുട്ടൻ തന്നെ ഓടിപ്പോയി അത് എടുത്തു കൊണ്ട് വരുമായിരുന്നു.

ഓണപരീക്ഷക്ക് അത്തവണ കിട്ടിയത് അമ്പതില്‍ പതിനാറു മാര്‍ക്കായിരുന്നു. രവിക്കുട്ടന്റെ കണക്ക് കൂട്ടലുകള്‍ തെറ്റായിരുന്നു അന്നും ഇന്നും. രവിക്കുട്ടനെ നന്നാക്കാന്‍ സാധിക്കാത്തതിനാല്‍ ശ്രീധരന്‍ സര്‍ നിഷ്ക്കരുണം വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടു. അത്തവണ പക്ഷെ രവിക്കുട്ടനെ അച്ഛന്‍ അടിച്ചില്ല. നിന്നെ അടിച്ചിട്ട് കാര്യമില്ല, വേറെ ഒരു ശിക്ഷ ആണ് നിനക്ക് തരാന്‍ പോകുന്നത് എന്ന് അച്ഛന്‍ പറഞ്ഞു. രണ്ടു ദിവസം രവിക്കുട്ടൻ പേടിച്ചും അനിയത്തി സന്തോഷിച്ചും നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ആ ഓണത്തിന് ഘോഷയാത്ര ഉണ്ടായിരുന്നു. കഴിഞ്ഞ തവണ കണ്ട ഘോഷയാത്ര അപ്പോഴും മനസ്സില്‍ നിറഞ്ഞു നില്പ്പുണ്ടായിരുന്നു. ഫ്ലോട്ടുകളും, ഡാന്‍സും ,പാട്ടും ആകെ നല്ല രസമായിരുന്നു.

ഘോഷയാത്രയുടെ അന്ന് ഉച്ച ആയപ്പോള്‍ ഒരു പച്ച കാര്‍ വന്നു നിന്ന് അതില്‍ നിന്നും കുറെ ആള്‍ക്കാര്‍ ഇറങ്ങി. അച്ഛന്‍റെ ദുബായിയില്‍ ഉള്ള സുഹൃത്തും കുടുംബവും അവരുടെ ബന്ധുക്കളും. കൂട്ടത്തില്‍ കണ്ടു കുറെ തടിയന്‍ ആണ്‍ പിള്ളേരും കുറെ സുന്ദരി പെണ്‍ പിള്ളേരും. നല്ല മണം. പളപളപ്പുള്ള ഉടുപ്പുകളും, എല്ലാം കണ്ടു രവിക്കുട്ടൻ പതുക്കെ മുന്‍വശത്തെ മുറിയിലേക്ക് ചെന്നപ്പോള്‍ എല്ലാരും പരസ്പരം പറയുന്നത് ഇംഗ്ലീഷ് ആണ്. രവിക്കുട്ടൻ അപ്പോള്‍ തന്നെ ഉള്ള ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. എടാ ഇവരെ വിളിച്ചോണ്ട് പോയി കളിപ്പിക്കു എന്നോ മറ്റോ അച്ഛന്‍ പുറകെ വിളിച്ചു പറയുന്നത് കേള്‍ക്കാനൊന്നും രവിക്കുട്ടൻ നിന്നില്ല. കാരണം, പാട്ട് ടീച്ചര്‍ പഠിപ്പിച്ചിട്ടുള്ള ഭാഹ് ഭാഹ് ഭ്ലാഖ്‌ ഷീഹീപ് എന്ന പാട്ടും, രാജലക്ഷ്മി ടീച്ചര്‍ പഠിപ്പിച്ചിട്ടുള്ള വാട്ട്‌ ഈസ്‌ യുവര്‍ നെയിം, ഹൌ ഓള്‍ഡ്‌ ആര്‍ യു ഇതൊക്കെ ആയിരുന്നു ഇംഗ്ലീഷുമായി ആകെ രവിക്കുട്ടനുണ്ടായിരുന്ന ബന്ധം. രവിക്കുട്ടൻ നേരെ കാര്‍ഷെഡില്‍ പോയി. റോള്‍സ് റോയ്സ് കാര്‍ ഓടിക്കുന്ന ഒരാളിന്‍റെ ജാടയില്‍ ഊഞ്ഞാല്‍ ആടാന്‍ തുടങ്ങി. അല്‍പ്പം കഴിഞ്ഞപ്പോള്‍ അനിയത്തിയുടെ നേതൃത്വത്തില്‍ ആ സംഘം ഷെഡില്‍ വന്നു. ആര് എന്ത് ഭാഷ പറഞ്ഞാലും അവള്‍ അവരുമായി കമ്പനി അടിക്കും. എങ്ങനെ ആണോ എന്തോ, രവിക്കുട്ടൻ അവരെ കണ്ടതായി ഭാവിക്കാതെ എന്നാല്‍ അവരെ കാണിക്കാന്‍ ഊഞ്ഞാലില്‍ പല പല അഭ്യാസങ്ങളും കാഴ്ച വെച്ചു. അല്പം കഴിഞ്ഞപ്പോള്‍ ഒരു തടിയന്‍ രവിക്കുട്ടനോട് പറഞ്ഞു ,ഹേയ് മാന്‍ ഗിവ് മി ഊന്ച്ചാല്‍. രവിക്കുട്ടൻ കേള്‍ക്കാത്ത പോലെ ആട്ടത്തോട് ആട്ടം. കാരണം, ആട്ടം നിറുത്തിയാല്‍ അവനോടു ഇംഗ്ലീഷ് പറയണ്ടേ. അല്പം കഴിഞ്ഞപ്പോള്‍ നയവഞ്ചകി അനിയത്തിയും ആ തടിയനും കൂടി അകത്തു പോയി എന്തോ പരാതി പറഞ്ഞു. ജോലിക്കാരി വസന്ത ചേച്ചി ഉടനെ പുറത്തു വന്നു പറഞ്ഞു രവിക്കുട്ടാ ഊഞ്ഞാല്‍ അവര്‍ക്ക് കൊടുക്ക്‌ എന്ന്. രവിക്കുട്ടൻ നേരെ ചാടി ഇറങ്ങി മുറിയിലേക്ക് ഒറ്റ ഓട്ടം. അവിടെ തന്നെ നിന്ന് ആ പെണ്‍പിള്ളേരെ വായും നോക്കാന്‍ ആയിരുന്നു ഉള്ളില്‍ ആഗ്രഹം. എങ്കിലും, ആ വൃത്തികെട്ട ഇംഗ്ലീഷ് കാരണം ആണ് ഓടിയത്. അങ്ങനെ വൈകിട്ടായി, രവിക്കുട്ടൻ വിവിധ വര്‍ണങ്ങള്‍ ഉള്ള ഷര്‍ട്ടും പുതിയ പച്ച നിക്കറും ആയിടെ വാങ്ങിച്ച ഒരു നീല ഷൂസും ഇട്ടു. പതുക്കെ താഴേക്ക്‌ ഇറങ്ങിച്ചെന്നു.

എല്ലാരും കൂടെ ഇരുന്നു കാപ്പി കുടിക്കുന്നു. അല്പം കഴിഞ്ഞപ്പോള്‍ എല്ലാരും പതുക്കെ പുറത്തേക്കിറങ്ങി. രവിക്കുട്ടനും അമ്മൂമ്മയോടു യാത്ര പറഞ്ഞു പുറകെ ഇറങ്ങി. നോക്കിയപ്പോള്‍ അച്ഛന്‍ ദേഷ്യത്തില്‍ അവിടെ നില്‍ക്കുന്നു. നീ എങ്ങോട്ടാ എന്ന് ചോദിച്ചു. ഘോഷയാത്ര കാണാന്‍ എന്ന് രവിക്കുട്ടൻ പറഞ്ഞു. വേണ്ട ആദ്യം കണക്കിന് ജയിച്ചിട്ടു ഘോഷയാത്ര ഒക്കെ കണ്ടാല്‍ മതി കേട്ടോ, മര്യാദക്ക് ഇരുന്നു പഠിക്ക്, എന്ന് പറഞ്ഞിട്ട് അച്ഛന്‍ പോയി. അല്‍പ്പനേരം കേട്ടത് സത്യമാണോ എന്നറിയാതെ രവിക്കുട്ടൻ അവിടെ തന്നെ നിന്നു. എല്ലാരും കണ്ണില്‍ നിന്നും നടന്നു മറഞ്ഞു. വീട്ടില്‍ അമ്മൂമ്മ മാത്രം. ജോലിക്കാരി വസന്ത ചേച്ചി പോലും പോയി. രവിക്കുട്ടൻ പതിയെ തിരികെ ചെന്നപ്പോള്‍ അമ്മൂമ്മ ചോദിച്ചു, നീ പോയില്ലേ മക്കളെ. അപ്പോള്‍ രവിക്കുട്ടന്റെ കണ്ണ് നിറഞ്ഞു. ഇല്ല എന്ന് തല ആട്ടി രവിക്കുട്ടൻ മുകളിലേക്ക് പോയി. മുകളില്‍ ചെന്ന് നോക്കിയപ്പോള്‍ അടുത്ത വീട്ടിലെ ശാരദ ആന്‍റിയും കുട്ടികളും എല്ലാം ഘോഷയാത്രക്ക് പോകാന്‍ ഒരുങ്ങുന്നു. വരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ രവിക്കുട്ടൻ വീണ്ടും ഇല്ല എന്ന് തല ആട്ടി. അറിയാതെ കണ്ണുനീര്‍ പുറത്തെക്കൊഴുകി. അവര്‍ പോയിക്കഴിഞ്ഞിട്ടും രവിക്കുട്ടൻ വെറുതെ തല ആട്ടിക്കൊണ്ടിരുന്നു. അപ്പോള്‍ മുഖത്തേക്ക് നല്ല ഒരു കാറ്റടിച്ചു. രവിക്കുട്ടൻ പതുക്കെ താഴേക്കിറങ്ങി. അതിരില്‍ അമ്മാവന്‍ വാടകക്ക് കൊടുത്തിരിക്കുന്ന വീടാണ്, അവിടെ ഒരു കുട്ടി ഉണ്ട്. നേരെ നില്ക്കാന്‍ പറ്റാത്ത എന്തോ അസുഖം ബാധിച്ച ഒരു കുട്ടി. റെജിമോന്‍ എന്നാണ് പേര്. എപ്പോഴും ഒരു ആന്റി അതിനെ എടുത്തു കൊണ്ട് നില്‍ക്കുന്നത് കാണാം. നോക്കിയപ്പോള്‍ രണ്ടു വീടിനും ഇടയില്‍ ഉള്ള ഒരു വാതിലില്‍ ആന്റി റെജി മോനെയും എടുത്തു കൊണ്ട് നില്ക്കുന്നു. രവിക്കുട്ടൻ ആണെങ്കിൽ ആ കുട്ടി ചിരിക്കുമ്പോള്‍ ഒന്ന് ചിരിക്കും എന്നല്ലാതെ അവിടെ നിന്ന് ആ കുട്ടിയെ നേരെ നോക്കിയിട്ട് പോലുമില്ല. ഇത്തവണ പക്ഷെ രവിക്കുട്ടൻ നേരെ അവരുടെ അടുത്തേക്ക് ചെന്നു. മോന്‍ ഘോഷയാത്ര കാണാന്‍ പോയില്ലേ എന്ന് ആ ആന്റി ചോദിച്ചു. രവിക്കുട്ടൻ ഇല്ല എന്ന് തലയാട്ടി. റെജിമോന്‍ ബോളി ബോളി എന്ന് പറഞ്ഞു കൈ കൊട്ടി. ബോള്‍ എന്നാണു പറഞ്ഞത് എന്ന് ആന്‍റി പറഞ്ഞു തന്നു. രവിക്കുട്ടൻ ഓടിപ്പോയി വലിയ റബ്ബര്‍ ബോള്‍ എടുത്തു കൊണ്ട് വന്നു. റെജി അപ്പോഴേക്കും ആ കോണ്ക്രീറ്റ് തറയില്‍ ഇരുപ്പായി. രവിക്കുട്ടനും അവിടെ നിലത്ത് ഇരുന്നു ആ ബോള്‍ പതുക്കെ റെജിക്ക് ഉരുട്ടി കൊടുത്തു. റെജി പതുക്കെ അത് തടഞ്ഞു നിറുത്തിയിട്ടു രവിക്കുട്ടന്റെ നേരെ തട്ടി. കൈ ഒന്നും വഴങ്ങാത്തത് കാരണം ഉരുട്ടാന്‍ പറ്റില്ല. വളഞ്ഞ വിരലുകള്‍ കൊണ്ട് അത് എങ്ങോട്ടോ തട്ടുക. അതേ അവനു ചെയ്യാന്‍ പറ്റു. രവിക്കുട്ടൻ എത്തി അത് എടുക്കാന്‍ നോക്കിയപ്പോള്‍ അറിയാതെ നിലത്തേക്ക് ചരിഞ്ഞു. അപ്പോള്‍ അവന്‍ കൈ കൊട്ടി ചിരിച്ചു. പിന്നീട് അവനെ ചിരിപ്പിക്കാന്‍ രവിക്കുട്ടൻ ഓരോ തവണയും ബോള്‍ എടുക്കാന്‍ നിലത്തേക്ക് ചരിഞ്ഞു വീഴാന്‍ തുടങ്ങി. അവന്‍ ഉറക്കെ ചിരിക്കാനും.

അല്പം കഴിഞ്ഞപ്പോള്‍ അമ്മൂമ്മയുടെ വിളി കേട്ടു. രവിക്കുട്ടാ…അപ്പോള്‍ ആ ആന്‍റി പറഞ്ഞു മോനെ വിളിക്കുന്നു എന്ന്. രവിക്കുട്ടൻ ഒന്നും മിണ്ടിയില്ല. അല്പം കഴിഞ്ഞപ്പോള്‍ പുറകില്‍ ആരോ നില്ക്കുന്നു, നോക്കിയപ്പോള്‍ അമ്മൂമ്മയും വസന്ത ചേച്ചിയും. അമ്മ നിര്‍ബന്ധിച്ചത് കൊണ്ട് അച്ഛന്‍ പറഞ്ഞു വിട്ടതാണ് ചേച്ചിയെ. രവിക്കുട്ടനെ വേണമെങ്കില്‍ വിളിച്ചു കൊണ്ട് വരാന്‍. അവരെല്ലാം അവിടെ ഏതോ കടയുടെ മുകളില്‍ കസേര ഒക്കെ ഇട്ടു ഇരിക്കുകയാണെന്നു. വേഗം വസന്ത ചേച്ചി പറഞ്ഞു. ഈ വേഷം ഒക്കെ മാറ്റിയിട്ടു വന്നാല്‍ മതി. നോക്കിയപ്പോള്‍ റെജിമോന്‍ ബോളില്‍ തന്നെ നോക്കി ഇരിക്കുന്നു. അത് ഉരുട്ടാന്‍ വേണ്ടി രവിക്കുട്ടൻ പതുക്കെ തിരിഞ്ഞു വസന്ത ചേച്ചിയെ നോക്കി. എന്നിട്ട് പറഞ്ഞു, ഞാന്‍ വരുന്നില്ല വസന്ത ചേച്ചി. എന്താ ? വസന്ത ചേച്ചിയും അമ്മൂമ്മയും വിശ്വാസം വരാത്ത പോലെ രവിക്കുട്ടനെ തുറിച്ചു നോക്കി. സമയം കളയാതെ വാ രവിക്കുട്ടാ, വസന്ത ചേച്ചിക്ക് ദേഷ്യം വന്നു. ഞാന്‍ ശെരിക്കും പറഞ്ഞതാണ്‌. എനിക്ക് ഘോഷയാത്ര കാണണ്ട, രവിക്കുട്ടൻ പറഞ്ഞു. പിന്നെ വസന്ത ചേച്ചി ഒരു നിമിഷം പോലും അവിടെ നിന്നില്ല. ദേഷ്യത്തില്‍ ഒറ്റപ്പോക്ക്. പുറകെ പിറുപിറുത്തു കൊണ്ട് അമ്മൂമ്മയും. രവിക്കുട്ടൻ തിരിഞ്ഞ് റെജിമോനെ നോക്കി. നിഷ്ക്കളങ്കമായ വലിയ കണ്ണുമായി റെജിമോന്‍ രവിക്കുട്ടനെയും നോക്കി ഇരിക്കുന്നു.

അപ്പോഴേക്കും ഇരുട്ട് പതിയെ പരന്നു തുടങ്ങിയിരുന്നു. നേരിയ ചുവപ്പ് നിറമുള്ള ആകാശം. നല്ല തണുത്ത കാറ്റില്‍ അടുത്തുള്ള മുരിങ്ങ മരത്തില്‍ നിന്നും മഞ്ഞ നിറമുള്ള മുരിങ്ങ ഇലകള്‍ അവിടമാകെ പറന്നു വീണു കൊണ്ടിരുന്നു. ദൂരെ നിന്നും ഘോഷയാത്രയുടെ തുടക്കം അറിയിച്ചു കൊണ്ടുള്ള ബാന്‍റ്മേളവും പഞ്ചവാദ്യവും നേരിയ ശബ്ദത്തില്‍ രവിക്കുട്ടൻ കേട്ടു. പക്ഷെ അതിനെക്കാളും ഉച്ചത്തില്‍ രവിക്കുട്ടന്റെ ഉള്ളില്‍ അപ്പോള്‍ മുഴങ്ങിയിരുന്നത് റെജിമോന്റെ കൈ കൊട്ടിയുള്ള ആ ചിരി ആയിരുന്നു.

അജോയ് കുമാർ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content