ഓണനിലാവും പുലരിയും
ചിങ്ങത്തോണി തുഴഞ്ഞിങ്ങെത്തി
അത്തപ്പൊൻപുലരി…
ചിത്തം നിറയെ പല പല പൂക്കൾ
പുത്തനുണർവേകി…
(ചിങ്ങത്തോണി)
ഓണനിലാവിലൊരുങ്ങിയ പെണ്ണായ്
നാണം തൂകിയണഞ്ഞീ പുലരി
പൂവുകൾ തുന്നിയ പുടവയുടുത്തേ
പൂവനി തന്നിൽ ചുവടുകൾ വച്ചേ…
മുറ്റത്തഴകൊടു പൂക്കളമുണ്ടേ
മുല്ലപ്പൂവിൻ ഗന്ധമതുണ്ടേ
പൂത്തുമ്പികൾ പാറുവതുണ്ടേ
പൂമാനം തെളിയുവതുണ്ടേ…
(ചിങ്ങത്തോണി)
പൂവേ പൊലികൾ പാടണ കേട്ടേ
പൂവണ്ടുകൾ മൂളണ കേട്ടേ…
പൂവണികാറ്റിൻ ഗീതിക കേട്ടേ
ആർപ്പോ വിളി രവമതു കേട്ടേ…
കതിരു വിളഞ്ഞൊരു പാടം കണ്ടേ
കതിരോൻ ചിന്തും ചന്തം കണ്ടേ
ചതിയില്ലാ കാലം കണ്ടേ
അതിരില്ലാ സ്നേഹം കണ്ടേ…
(ചിങ്ങത്തോണി)
റീന വാക്കയിൽ
ന്യൂ ഡൽഹി