ഓണമാണോണം 

കുട്ടികളെയും കാത്തിരിക്കുന്ന ടീച്ചറമ്മക്ക് നിധിക വഴിയിൽ നിന്നും കിട്ടിയ രണ്ടു ചെറി ബ്ലോസം പൂക്കൾ നൽകി. ടീച്ചർ രണ്ടു കൈയ്യും നീട്ടി പൂക്കൾ വാങ്ങി.

വരുന്ന വഴിക്ക് കിട്ടിയതാ. നിധിക പറഞ്ഞു. 

പൂക്കളുടെ മണം ആസ്വദിച്ച് ടീച്ചറമ്മ കസേരയിൽ പിന്നിലേക്ക് ചാരി കണ്ണുകളടച്ചു. പൂക്കളുടെ പിങ്ക് നിറം ടീച്ചറമ്മയുടെ മുഖത്തിന് കാന്തി കൂട്ടിയതായി നിധികക്ക് തോന്നി.

പൂക്കളും ചെടികളും കിന്നാരം പറഞ്ഞിരുന്ന തൻെറ കുട്ടിക്കാലത്തേക്ക് ടീച്ചറമ്മ അങ്ങിനെ പറന്ന് പറന്ന് പോയി. അപ്പോഴാണ് വാതിൽക്കൽ  മുട്ട് കേട്ടത്.  നിധിക പോയി വാതിൽ തുറന്നു. നിധിൻ കടന്നു വന്നു . ശബ്ദം  കേട്ട് ടീച്ചറമ്മ കണ്ണുതുറന്നു. 
കുട്ട്യേളെ ഇപ്പോൾ കേരളത്തിൽ ചിങ്ങം പിറന്നിട്ടുണ്ടാവും.

ചിങ്ങമാസം വന്നു ചേർന്നാൽ …
തന്നനാന… തന്നനാന…

ഒരു സിനിമാ പാട്ടിൻെറ വരികൾ മൂളാൻ നിധിൻ ഒരു ശ്രമം നടത്തി. 

കേരളത്തിൽ ചിങ്ങമാസത്തിൻെറ പ്രത്യേകത എന്താന്നറിയോ?

ഓണം.
രണ്ടു പേരും ഒന്നിച്ച് പറഞ്ഞു.

 ടീച്ചറമ്മ നിവർന്നിരുന്നു.  ഒരു കഥ പ്രതീക്ഷിച്ച് കുട്ടികളും ചെവി കൂർപ്പിച്ചു.
ഓണംന്ന് പറഞ്ഞാൽ അതാണ് ശരിക്കും ഉത്സവം. കുട്ടികൾമാത്രമല്ല, മനുഷ്യർമാത്രമല്ല, കേരളത്തിൻെറ മണ്ണും വിണ്ണും ആഘോഷിക്കുന്ന ഉത്സവമാണത്.

കേരളത്തിൻെറ കാലാവസ്ഥ, ഭൂപ്രകൃതി സവിശേഷതകൾ അതിൻെറ ഭാഗമാണ്. മാർച്ച് മാസം മുതൽ മെയ്  വരെ നീളുന്ന വേനൽക്കാലം. കേരളത്തെ വരണ്ട അവസ്ഥയിലാക്കിയിട്ടുണ്ടാവും. പുഴകൾ നീരൊഴുക്ക് കുറഞ്ഞ് മെലിഞ്ഞുണങ്ങികിടക്കും. വയലെല്ലാം ഉണങ്ങി കരി‍ഞ്ഞു നിർജ്ജീവമായിരിക്കും. ഇതിലേക്കാണ് ജുൺ മാസത്തോടെ എടവപ്പാതി മഴ വന്നു വീഴുന്നത്.

മണ്ണും മനുഷ്യനും സസ്യലതാദികളുമെല്ലാം ഉണർന്ന് എണീക്കുകയായി. ഉറങ്ങി കിടക്കുന്ന ആളുടെ മുഖത്ത് വെള്ളം തളിച്ചാൽ എന്താണ് ഉണ്ടാവുക അതുപോലെ.  മണ്ണിൽ ഉറങ്ങികിടക്കുന്ന ചെടികൾ ഉണർന്ന് കൈയ്യും കാലും നിവർത്തും. അതോടെ പ്രകൃതിയുടെ നിറം മാറുകയായി. മണ്ണ് പച്ചപ്പട്ടണിയും. കൃഷിപ്പണികൾ തുടങ്ങുന്നതോടെ മനുഷ്യരും ആവേശത്തിലാവും. ഒന്ന് നിർത്തിയിട്ട് കുട്ടികളെ നോക്കി ചോദിച്ചു.

നിങ്ങൾ എതെങ്കിലും ചെടി നട്ട് വളർത്തിയിട്ടുണ്ടോ? പൂച്ചെടിയോ?, പച്ചക്കറിയോ? എന്തെങ്കിലും? 
രണ്ടു പേരും എന്തു പറയണമെന്നറിയാതെ കുഴങ്ങി. 


സാരല്യ. ഒരു ചെടി വളർന്ന് വലുതാവുന്നതും പൂവിടുന്നതും കാണുമ്പോഴുള്ള സന്തോഷം അറിയണമെങ്കിൽ  നട്ട് വളർത്തി നോക്കണം. 
ആഗസ്റ്റ് സപ്തംബർ മാസമാവുമ്പോഴേക്കും ചെടികളിലെല്ലാം പൂക്കൾ നിറഞ്ഞിട്ടുണ്ടാവും. പ്രകൃതി പല വർണ്ണങ്ങളിൽ അണിഞ്ഞൊരുങ്ങുകയായി. പൂക്കളെല്ലാം വിരിയുന്നതോടെ കേരളം സുന്ദരി മാത്രമല്ല സുഗന്ധി കൂടിയാവും. അതാണ് ഓണം. 
വയലുകളിലെ നെല്ലെല്ലാം വിളഞ്ഞ് സ്വർണ്ണ നിറമായിട്ടുണ്ടാവും. തോട്ടങ്ങളിൽ വാഴക്കുലകൾ പച്ചയും മഞ്ഞയുമായി കുട്ടികളെ മാടിവിളിക്കും. പഴങ്ങളും പച്ചക്കറികളും മനുഷ്യർക്കു മാത്രമല്ല പക്ഷി മൃഗാദികൾക്കും ആഹാരമാണ്. 
കഴിഞ്ഞ ദിവസം പറ‍ഞ്ഞപോലെ മിഥുനം കർക്കിടകത്തിൽ അടച്ചു പിടിച്ചിരുന്ന മഴ കുറയും. ആകാശം തെളിയും മാനത്ത് നക്ഷത്രങ്ങളും ചന്ദ്രനും മുഖം കാണിക്കും. മുറ്റത്ത് വെയിൽ പരക്കും.  കുട്ടികൾക്ക് പുറത്തിറങ്ങി കളിക്കാം.
കൃഷിയും വിളവെടുപ്പും ആരംഭിക്കുന്നതോടെ എല്ലാവർക്കും വരുമാനമാവും. കൈയ്യിൽ പണം വരുന്നതോടെ നാട്ടിൽ കച്ചവടവും തകൃതിയാവും.

കേരളത്തിലെ കാലാവസ്ഥയും പ്രകൃതിയും ഒത്തു ചേരുന്നതായതു കൊണ്ടാണ്  ഓണം എല്ലാവരുടേയും ആകുന്നത്. 
 ഓണത്തെ ഒഴിവാക്കി കേരളത്തെ കുറിച്ച് ചിന്തിക്കാനാവില്ല. ഓണവുമായി ബന്ധപ്പെട്ട് മാത്രം മലയാളത്തിൽ നിരവധി വാക്കുകളും പ്രയോഗങ്ങളും ഉണ്ട്.  അതെല്ലാം കണ്ടെത്തലാവട്ടെ ഇത്തവണ നമ്മുടെ പ്രവർത്തനം.
അടുത്ത തവണ വരുമ്പോഴേക്കും വലിയൊരു ശേഖരവുമായി വേണം വരാൻ.

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ

0 Comments

Leave a Comment

FOLLOW US