ഇത്തിരിപ്പൂവിന്റെ ഓണം…

രാരും കേറാത്ത കാട്ടിൽ വിരിഞ്ഞൊരു
കാക്കപ്പൂവൊന്നു ചിരിച്ചു
ആർപ്പിട്ടു കുട്ടികൾ ഓടിയടുത്തു
കാടാകെ ആകാശ നീലം.
അന്തിക്കു ചാറ്റിയ കുഞ്ഞി മഴയുടെ
ഓമനത്തുള്ളികൾ പയ്യേ
പറ്റിക്കിടക്കുന്ന മുക്കുറ്റിപ്പൂവിന്റെ
മൂർദ്ധാവിലുമ്മ കൊടുത്തു.
ജതി പാടും കാറ്റിന്റെ താളത്തിലെമ്പാടും
തുമ്പകൾ ഭൈരവിയാടി
പൂച്ചെടിപ്പൂവിന്റെ ചുണ്ടത്ത് പൂമ്പാറ്റ
ചുംബനമുദ്രകൾ തീർത്തു.
പൂച്ചവാലിൽ തുമ്പിലാടി രസിക്കുന്നു
പൂത്തുമ്പി കൂട്ടങ്ങളെങ്ങും
പാപ്പാത്തി പാറുന്ന കാട്ടിലും മേട്ടിലും
പൊട്ടി വിരിഞ്ഞു പൊന്നോണം.
മന്ദാരം മല്ലിക ഗന്ധരാജൻ പിന്നെ
മോഹിനി കോളാമ്പി ചെമ്പരത്തി
ഈയാണ്ടു മാവേലി തമ്പുരാനെത്തുമ്പോൾ
ഇത്തിരിയുള്ളോർക്കു സ്വന്തം.

പി.ടി.മണികണ്ഠൻ പന്തലൂർ

0 Comments

Leave a Comment

FOLLOW US