ഓണം ഓർമ്മകൾ
(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)
പ്രിയപ്പെട്ടവരെ,
നമുക്കേവർക്കും സന്തോഷം പകരുന്ന നന്മയുടെ ആഘോഷമായ, ലോകത്തുള്ള എല്ലാ മലയാളികളെയും ഒരൊറ്റ ചരടിൽ കോർത്ത മാല്യം പോലെ ഒരുമിപ്പിക്കുന്ന നമ്മുടെ പൊന്നോണം ഇതാ ഇങ്ങെത്തി. പക്ഷേ ഈ വർഷം നമ്മുടെ ഓണത്തിന് ഒരു പ്രത്യേകതയുണ്ട് എന്ന് എല്ലാവർക്കുമറിയാം. ഓരോ വീട്ടിലും എല്ലാവരും ഒത്തുചേർന്ന് ഓണസദ്യയുണ്ട് മാവേലിയെ വരവേറ്റ് കുട്ടികളും മാതാപിതാക്കളും മുതിർന്നവരും എല്ലാവരും ഒരുമിച്ച് ആഘോഷിച്ചിരുന്ന പൊന്നോണം ഇത്തവണ നമുക്ക് സാധ്യമല്ല. ഈ സന്ദർഭത്തിൽ ഓണത്തെക്കുറിച്ചുള്ള എൻ്റെ ബാല്യകാല സ്മൃതിയിൽ ചിലത് ഞാനിവിടെ പൂക്കാലം വായനക്കാരുമായി പങ്ക് വക്കുകയാണ്.
എന്റെ പ്രിയ ഗ്രാമത്തിൽ, പ്രിയ കൂട്ടുകാരോടൊത്ത് പാട വരമ്പിലൂടെ, കുന്നിൻചരിവിലൂടെ, ഒരു വള്ളി ട്രൗസറുമിട്ട്, പാവാടക്കാരികളും മറ്റ് വള്ളി ട്രൗസറുകാരും ഒരുമിച്ച്, ആർത്തുല്ലസിച്ച്, പൂ പറിച്ച് നടന്ന ഒരു കാലം. വ്യത്യസ്തങ്ങളായ പൂക്കളുമായി മടങ്ങി വന്ന് വർണ്ണപ്പൂക്കൾ കൊണ്ട് ഞങ്ങൾ അതി മനോഹരമായ പൂക്കളമിട്ടു. ഒരാളുടെ വീട്ടിലെ പൂക്കളമിടീൽ കഴിഞ്ഞാൽ അടുത്ത വീട്ടിലേക്ക് ഓട്ടമായി. അവിടെ എങ്ങനെയുണ്ടെന്ന് കാണാൻ.. എന്തൊരാഹ്ലാദമായിരുന്നു! അന്ന് പൂ പറിക്കാൻ പോയ സമയങ്ങളിൽ പാടിയിരുന്ന ചെറിയൊരു പാട്ടുണ്ട്,
അങ്ങേക്കര ഇങ്ങേക്കര
കണ്ണാന്തളി മുറ്റത്തൊരു
തുമ്പമുളച്ചു
തുമ്പ കൊണ്ടമ്പത് തോണി ചമച്ചു
തോണിത്തലപ്പത്തൊരാലു മുളച്ചു
ആലിൻ്റെ പൊത്തിലൊരുണ്ണി പിറന്നു
ഉണ്ണിക്ക് കൊട്ടാനും പാടാനും
പറ പറക്കോലും തുടി തുടിക്കോലും
കൂടെ പിറന്ന പൂവേ പൊലി,
പൂവേ പൊലി, പൂവേ പൊലി…
അങ്ങനെ പൂവിളിച്ചു കൊണ്ട് എല്ലാ കൂട്ടുകാരും പൂ തേടി നടന്നിരുന്ന ഒരു കാലം താമസിയാതെ തിരിച്ചു വരും എന്ന പ്രത്യാശയോടെ എല്ലാവർക്കും ഓണാശംസകൾ…

എം. സേതുമാധവന്‍, രജിസ്ട്രാര്‍, മലയാളം മിഷന്‍