ബാല്യത്തിലെ ഓണം
ചേലാർന്ന പൂവാടിയില്ലാതിരുന്നിട്ടും
പൊന്നോണമെൻ മുറ്റം വട്ടമിട്ടു !
പൂക്കളിറുക്കുവാൻ ദൂരങ്ങൾ താണ്ടേണം
പൂവിളിച്ചാർത്തെല്ലാരുമൊത്തുകൂടും
പൂവട്ടിയുമിലകുമ്പിളുമേന്തിയാ
കുന്നിൻ മുകളിൽ വലിഞ്ഞു കേറും.
കാക്കപ്പൂ,പിച്ചിപ്പൂ, കോളാമ്പി,മുക്കുറ്റി-
കൈകാൽ കഴക്കോളം നുള്ളിക്കൂട്ടും!
പൊട്ടിച്ചിരികളും കൊച്ചു പിണക്കവും,
കേട്ടു കൊതിക്കും കിളി കുലങ്ങൾ !
തൊട്ടാവാടിയില വിരൽത്തുമ്പിനാൽ
തൊട്ടുതളർത്തിയതാസ്വദിച്ചും
നേരമൊട്ടേറെയായ്, സന്ധ്യയടുക്കുമ്പോൾ
ദൂരെ മിഴിനട്ടോരമ്മേയോർത്തും
നുള്ളിയ പൂക്കളിൽ ഭംഗിയേക്കാളേറെ-
നാളത്തെ പൂക്കൂന സ്വപ്നം കണ്ടും
മെല്ലെ തിരിച്ചു നടക്കുമാകൂട്ടരൊ-
ത്തെല്ലാം ഞാൻ നേടിയ നാട്യമോടെ !
വേലിപ്പടർപ്പിലെ ശംഖുപുഷ്പങ്ങളും
അമ്മതൻ കൺകളും കാത്തുനിൽക്കും!
പൂക്കളും പൂപൊലിപാടിയോരെന്നെയും
പൂവിരൽ കൊണ്ട് തഴുകി നിൽക്കും
കൂട്ടത്തിലാർക്കാണ് കൂടുതൽ പൂവെന്ന്
ഊറ്റമോടമ്മയോടേറ്റുചൊല്ലും
മെല്ലെച്ചിരിച്ചമ്മ, വെള്ളംതളിച്ചിട്ടാ
വല്ലം തുളസ്സിത്തറയിൽവയ്ക്കും.
പിന്നെ കുളിക്കുവാൻ തോർത്തുമുടുപ്പിച്ചു,
പിന്നിൽ കുളത്തിൻ കരയിലെത്തും.
നീന്തിത്തുടിച്ചൊരുവട്ടം തികയുമ്പോൾ,
ചെന്തീയണച്ചൊരാ സന്ധ്യയെത്തും!
നാമം ജപിക്കുവാൻ പുൽപ്പായ നിർത്തീട്ടു-
താതൻ വരുവോളം ”രാമ രാമ”!
അച്ഛനിങ്ങെത്തിയാൽ കൊച്ചുപൊതിക്കുള്ളിൽ
മെച്ചമായുള്ളത് കണ്ടെടുക്കും!
തിന്നുവാനെന്തേലുമുണ്ടെങ്കിൽ,എന്നമ്മ-
പങ്കിട്ടൊരു പാത്രം കൊണ്ടത്തരും.
വാങ്ങിയ കൂട്ടത്തിൽ പുസ്തകഗന്ധങ്ങൾ,
തോന്നിയെൻ നാസികതന്ത്രം മൂലം!
”പൂമ്പാറ്റ” വായിക്കാൻ അച്ഛൻ പറഞ്ഞപ്പോൾ
നെഞ്ചേറ്റി ഞാനേറെ സങ്കൽപ്പങ്ങൾ!!
പുത്തനുടുപ്പും കസവുടയാടയും
ബാല്യത്തിലേറെ ലഭിച്ച ഭാഗ്യം.
അത്തം മുതൽ പത്തു നിത്യദിനത്തിലും
ചിത്തം നിറഞ്ഞുതുളുമ്പിനിന്നു!
ഇല്ലെന്ന് ചൊല്ലാതെ ചുണ്ടിൽ ചിരിയോടെ,
എല്ലാരുമൊന്നെന്നറിഞ്ഞിരുന്നു…!!
സുനിൽരാജ് സത്യ
കരുവേലിൽ, വെണ്ണല