കവിത രചിച്ചു പഠിക്കാം – ഇമേജറി

(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)

 

വാക്കുകൾ കൊണ്ട് എത്ര മാത്രം ചിത്രം വരച്ചു. വരച്ച ചിത്രങ്ങൾ വായിച്ചു രസിച്ചുവോ. എന്നാൽ ഇത്തവണ വാങ്മയ ചിത്രങ്ങളുടെ അടുത്ത പടിയിലേക്ക് പ്രവേശിക്കാം. ഇതിനെ ഇമേജറി എന്നു വിളിക്കുന്നു. കാഴ്ചയുമായി ബന്ധപ്പെട്ട ബിംബങ്ങളെക്കുറിച്ച് ചില സൂചനകൾ നേരത്തെ പറഞ്ഞിട്ടുണ്ട്. കാഴ്ചക്കു പുറമേ ശബ്ദവും രുചിയും ഗന്ധവും സ്പർശനവുമായി ബന്ധപ്പെട്ട ബിംബങ്ങൾ ഉണ്ട് .
അമ്പിളിയെക്കുറിച്ച് കുമാരനാശാന്റെ കവിത നോക്കൂ.

തുമ്പപ്പൂവിലും തൂമയെഴും നിലാ –
വൻപിൽത്തൂവിക്കൊണ്ടാകാശവീഥിയിൽ
അമ്പിളി പൊങ്ങി നിൽക്കുന്നിതാമര –
ക്കൊമ്പിന്മേൽ നിന്നു കോലോളം ദൂരത്തിൽ.
വെള്ള മേഘശകലങ്ങളാം നുര –
തുള്ളിച്ചു കൊണ്ടു ദേവകൾ വിണ്ണാകും
വെള്ളത്തിൽ വിളയാടിത്തുഴഞ്ഞു പോം
വെള്ളിയോടമിതെന്നു തോന്നീടുന്നു.

അമ്പിളിയെ പിടിച്ചു കൊണ്ടുവന്നു നമ്മുടെ കൺമുന്നിലും മനസ്സിന്റെ കണ്ണാടിയിലും പ്രതിഷ്ഠിക്കുകയാണു കവി. വീണ്ടും അമ്പിളിയെ ആകാശമാകുന്ന വെള്ളത്തിലൂടെ ദേവകൾ തുഴയുന്ന വെള്ളിയോടമാണെന്നു പറയുമ്പോൾ കവി കാഴ്ചയോടൊപ്പം ചലനവും കൊണ്ടുവരുന്നതു കണ്ടില്ലേ. ഇതു രുചിയിലേക്കു വരുന്നത തെങ്ങനെയാണ്.

ഐസ്ക്രീം കഴിയ്ക്കുന്ന രംഗം ചിത്രീകരിക്കുന്നതു നോക്കുക.

ഐസ്ക്രീം കോരിയെടുക്കുമ്പോൾ
കണ്ണും കാതും വിടരുന്നു.
ചുണ്ടുകളുണ്ടു വിതുമ്പുന്നു.
നാക്കുണ്ടുള്ളിൽ തുള്ളുന്നു.
തൊട്ടു കഴിഞ്ഞാൽ പെട്ടെന്ന്
നിന്നു വിറയ്ക്കും നന്നായി.
വായ നിറച്ചു കഴിച്ചീടിൽ
വല്ലാതുള്ളോരനുഭൂതി.
കോലിൽ കോർത്തോരൈസെങ്കിൽ
ചുണ്ടിലുരസി രസിച്ചീടാം.
പാലൈസെങ്കിൽ പറയണ്ട
വളരെ നാളുകളോർമകളിൽ
പുരളും മധുരം തിരു മധുരം.

വിവരണവും വർണനയും കൊണ്ട് ഭാഷയെ അലങ്കരിക്കാം. ആശയങ്ങളെ കൺമുമ്പിൽ കാണുന്നതു പോലെ അവതരിപ്പിക്കാം. പഞ്ചേന്ദ്രിയങ്ങളിലും അനുഭവങ്ങൾ നിറയ്ക്കാൻ കഴിയണം. വ്യക്തിപരമായ അനുഭവങ്ങൾ ആവിഷ്കരിക്കുവാനുള്ള അവസരങ്ങൾ – അത് വികാരവും വിശപ്പും ദാഹവും ക്ഷീണവുമൊക്കെയാകാം ഇതിലുണ്ട്.
ഇത് ഓണക്കാലമാണല്ലോ.
പ്രകൃതിയെ സ്വന്തം അനുഭവങ്ങളിൽ ചാലിച്ച് കവിതയിലേക്ക് പറിച്ചു നടാം. നോക്കൂ.

ഓണമായ് ഓണമായ്
മുറ്റത്തു നിന്നോതി
മൂക്കുത്തിയിട്ടോരു മുക്കുറ്റികൾ .
ചൊടിയിൽ പാൽപ്പുഞ്ചിരി
തൂകും തുമ്പകൾ
തൊടിയിൽ നിന്നു മതേറ്റുപാടി.
ഓണമായ് ഓണമായ്
പൂവായ പൂവൊക്കെ
താഴ്‌വര തോറും
കുരവയിട്ടു.
മുത്തശ്ശിമാവിന്റെ
മുടിയിൽ ആടിടും
ഊഞ്ഞാലുപാടുന്നു
ഓണം വന്നേ.
ഓണപ്പുടവ ഞൊറിഞ്ഞുടുത്തും കൊണ്ടേ
മഞ്ഞക്കിളി പാടി
ഓണം വന്നേ.

ഈ ഓണക്കാലത്ത് ഇത്തരം കവിതകൾ നമുക്കു ധാരാളം കണ്ടെത്താം.

കറ്റക്കറ്റക്കയറിട്ടു
കയറോണ്ടഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം മൊട്ടിട്ടു
നേരെ വാതിൽക്കൽ നെയ് വെച്ചു
പൊലി പൂവേ പുക്കൊണ്ടാ,
കൊണ്ടാ കൊണ്ടാ
തൃക്കാക്കരപ്പന്റെ തെക്കേകര, വടക്കേകര
കണ്ണാന്തളി മുറ്റത്തൊരു തുമ്പ വിരിഞ്ഞു.
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു.
തോണിത്തലയ്ക്കലൊരാലു മുളച്ചു.
ആലിന്റെ പൊത്തിലൊരുണ്ണി പിറന്നു.
ഉണ്ണിക്കു കൊട്ടാനും പാടാനും
തുടിയും തുടിക്കോലും.
വെള്ളാട്ടീം മക്കളും കൂടെ പ്പിറന്നൂ
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ…

ഇത്തരം പാട്ടുകൾ നമുക്കു ചിരപരിചിതമാണ്.

മാവേലി നാടു വാണിടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ

എന്ന പാട്ടിനോടൊപ്പം

അമ്മാവൻ വന്നീല
പത്തായം തുറന്നീല
എന്തെന്റെ മാവേലി
ഓണം വന്നൂ…

എന്ന പാട്ടും ഓർമയിൽ നിന്നു മായാത്തതാണ്.
നമ്മുടെ മഹാകവി കളായ വൈലോപ്പിള്ളിയും പി.കുഞ്ഞിരാമൻ നായരും അക്കിത്തവും എത്രയെത്ര ഓണക്കവിതകളാണ് എഴുതിയിട്ടുള്ള തെന്നോ . ഓണത്തെക്കുറിച്ച് എഴുതാത്ത ഒരു കവിയും ഉണ്ടാകുമെന്നു തോന്നുന്നില്ല. നമുക്കും എഴുതി നോക്കിയാലോ
ഒരോണക്കവിത.
എങ്കിൽ ആ കവിതയിൽ നമ്മളിന്നു ചർച്ച ചെയ്ത ഇമേജറിയുടെ അംശങ്ങൾ ആവുന്ന ത്ര ഉൾച്ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

പൊന്നോണം വന്നല്ലോ.
പൊന്നോണം വന്നല്ലോ.
പൂനിലാവു പരന്നല്ലോ.
മാനത്തെ മുകിലിൻ കുടിലിൽ
പൂക്കളങ്ങളുതിർന്നല്ലോ.
പൂക്കളങ്ങളുതിർന്നല്ലോ.

എല്ലാവർക്കും
സ്നേഹപ്പൂക്കൾ വിടരുന്ന
പൊന്നോണാശംസകൾ

എടപ്പാൾ സി.സുബ്രഹ്മണ്യൻ

0 Comments

Leave a Comment

FOLLOW US