കൊറോണം – 2020
മുത്തശ്ശി അന്നും പത്രത്തിലെ കോവിഡ് വാർത്തകൾ അരിച്ചുപെറുക്കി വായിച്ചു. ഇക്കുറി ഓണാഘോഷം വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം എന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയിൽ മുത്തശ്ശിയുടെ കണ്ണുകളുടക്കി നിന്നു. അനുദിനം വർദ്ധിക്കുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. നാളെ അത്തം ആണ്. അത്തം പത്തോണം എന്നാണ് ചൊല്ലും പതിവും. തൃപ്പൂണിത്തുറയിലെ അത്തച്ചമയാഘോഷം പോലും ഇക്കുറി മാറ്റിവെച്ചതായ അറിയിപ്പ് അര മണിക്കൂർ മുമ്പാണ് ടിവിയിലൂടെ മുത്തശ്ശി കേട്ടത്.
മുന്നിൽ പകിട്ട് ഇല്ലാത്ത ഒരു ഓണം. ഓണമല്ലാത്ത ഒരോണം. മനസ്സിൽ പിന്നിട്ട വർഷങ്ങളിലെ നിറച്ചാർത്തും മണച്ചാർത്തും മധുരച്ചാർത്തുമുള്ള ഓണം. പൂവിളികളും പൂക്കളങ്ങളും ഓണക്കോടികളും നാടാകെ ആരവങ്ങളും ആഘോഷങ്ങളും നിറഞ്ഞ ഓണം.
ഒരു കറുത്ത ഹാസ്യം പോലെ മുത്തശ്ശിയുടെ ചുണ്ടിൽ പഴയൊരു ഓണപ്പാട്ട് ഈണമിട്ടു.
ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നൂ
ചന്തയ്ക്ക് പോയില്ല നേന്ത്രക്കാ വാങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്റെ മാവേലി ഓണം വന്നൂ
പാട്ടുകേട്ട് പേരമകൾ മണിക്കുട്ടി ഓടി വന്നു. അവൾ മുത്തശ്ശിയോടൊത്തു പാടി
അമ്മാവൻ വന്നീല സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
അച്ഛനും വന്നീല ആടകൾ തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
നെല്ല് പുഴുങ്ങീല തെല്ലും ഉണങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പിള്ളേരും വന്നീല നാടുമൊരുങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
കുഞ്ഞേലി പെണ്ണിന്റെ മുഞ്ഞി കറുക്കുന്നു
എന്തെന്റെ മാവേലി ഓണം വന്നൂ
നങ്ങേലി പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
ഓണത്തിന് മുമ്പ് എന്റെ അച്ഛൻ ഇക്കുറീം എന്തായാലും ലീവിന് വരാണ്ടിരിക്കില്ല അല്ലേ മുത്തശ്ശീ? മണിക്കുട്ടി തന്റെ വിശ്വാസം പ്രകടിപ്പിച്ചു.
അച്ഛനോട് ഇപ്പോൾ വരേണ്ട എന്ന് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് . അതു കേട്ടു വന്ന അമ്മ പറഞ്ഞു.
ഈ അമ്മ… മണിക്കുട്ടിക്ക് സങ്കടമായി.
ഈ കൊറോണക്കാലത്ത് അച്ഛൻ ബുദ്ധിമുട്ടി ലീവ് എടുത്തു വീട്ടിൽ വന്നാലും 14 ദിവസം റൂമിൽ ക്വാറന്റയിനിൽ ഇരിക്കണം. അതാ ആരോഗ്യവകുപ്പ് പറയുന്ന മുൻകരുതൽ.
അപ്പോ ന്റെ ഓണക്കോടിയോ? മണിക്കുട്ടി ചിണുങ്ങി. ഈ കൊറോണ പത്തി ഒന്ന് ഒതുക്കട്ടെ എന്നിട്ട് നമുക്ക് അടിച്ചുപൊളിക്കാലോ… അമ്മ സമാധാനിപ്പിച്ചു.
അത്തം തൊട്ട് മുറ്റത്ത് പൂക്കളം തീർക്കണ്ടേ? മണിക്കുട്ടിക്ക് സന്ദേഹമായി.
തീർക്കാലോ! പക്ഷേ പൂ വിപണിയിലെ പൂക്കൾ വേണ്ടെന്നു മാത്രം.
ആയിക്കോട്ടെ, മുറ്റത്തെ മുക്കുറ്റീം തൊടിയിലെ മന്ദാരവും ചെമ്പരത്തീം തുമ്പയുമൊക്കെ ആവാലോ… മുത്തശ്ശി പരിഹാരം നിർദ്ദേശിച്ചു. അപ്പോഴും മുത്തശ്ശിയുടെ മനസ്സിൽ കളിയും പാട്ടും കൂട്ടും തിമിർപ്പുമില്ലാതെ മുന്നിലെത്തിയ ഓണം മ്ലാനത പരത്തി. മുത്തശ്ശിയുടെ പാട്ടിന് മണിക്കുട്ടി പാരഡി തീർത്തു:
കോവിഡും പോയീല ലോക്ഡൗണും നീങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
അച്ഛൻ വരുന്നീല ഏട്ടനുമെത്തില്ല
എന്തെന്റെ മാവേലി ഓണം വന്നൂ
എം.വി. മോഹനൻ
തുടർ പ്രവർത്തനം:
1.ഓണപ്പൂവ് ,ഓണസദ്യ ,ഓണാഘോഷം ഇങ്ങനെ ഓണം ചേർന്നു വരുന്ന എത്ര പദങ്ങൾ കണ്ടെത്താനാവും? നാല്പത്, എൺപത്, നൂറ്… എഴുതിക്കോളൂ
2. കൊറോണക്കാലത്തെ മാവേലിയുടെ കാഴ്ചകൾ. ദൃശ്യാവിഷ്കരണത്തിന് (മോണോആക്ട്, നാടകം, നൃത്തം, തുള്ളൽ ഏതുമാവാം) പറ്റിയ ഒരു സ്ക്രിപ്റ്റ് എഴുതാമോ? എഴുതി വീണ്ടുമെഴുതി മെച്ചപ്പെടുത്തൂ. പൂക്കാലത്തിന് അയച്ചു തരൂ.