ആത്മകഥ

മേലേടം എന്നെ അടുത്തേക്ക് വിളിച്ചു. ആ റാന്തൽ വെളിച്ചത്തിന്റെ പ്രഭയിൽ എല്ലാവരുടെയും സവിശേഷ നോട്ടം എന്നിലാപതിച്ചു .
“എന്താ പേര് ?”
“രാമൻ”
“എത്രട്ടായി?”
“ഒന്നര ഓത്തേ ആയിട്ടുള്ളൂ”
“എത്ര വയസ്സായി?”
“ഒമ്പത്”
“ഇതേവരെ ചൊല്ലിച്ചതാരേ?”
“വടക്കേടത്ത് നാരായണോക്കൻ”
“ആട്ടെ  ഒത്ത് ചൊല്ലാൻ മോഹണ്ടോ?  അതോ അച്ഛന്റെ ഹേമം കൊണ്ടുപോന്നതോ?”
ഓർക്കാപ്പുറത്ത് ഉണ്ടായ ഈ ഒടുവിലത്തെ ചോദ്യം  എന്നെ അകംപുറം മറിച്ചു.

കണ്ണീരും കിനാവും
[വി. ടി.ഭട്ടതിരിപ്പാട് ]

[ ഓത്ത് – വേദം, നാരായണോക്കൻ – നാരായണ ഓയ്ക്കൻ, ഓയ്ക്കൻ – ഓതിക്കോൻ, ഹേമം – ബലപ്രയോഗം ]

കുഞ്ഞുങ്ങളെ ഒരു ഒമ്പതുവയസ്സുകാരനോട് പഠിക്കാനുള്ള താൽപര്യത്തെ ചോദിച്ചറിയുന്ന രംഗമാണ് മുകളിൽ നിങ്ങൾ വായിച്ചത്. ഭാരതം സ്വതന്ത്രമാകുന്നതിന് വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിഗതികൾ അനാവരണം ചെയ്യുന്ന പ്രസിദ്ധമായ ഒരു  ആത്മകഥയിലെ ചില വരികൾ. 

നമ്മുടെ നാട് ഏതെല്ലാം പ്രതിസന്ധികളെ അതിജീവിച്ചാണ് ഓരോ കാലഘട്ടങ്ങളിലൂടെയും കടന്നു പോയിരിക്കുന്നത്? എപ്രകാരമാണ് അതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തിയത്?
അതിൽനിന്നെല്ലാം നമ്മൾ ഉൾക്കൊണ്ട പാഠങ്ങൾ എന്തെല്ലാമാണ് ?എന്നിങ്ങനെ അനവധി ചോദ്യങ്ങൾ നമുക്ക് ഓരോരുത്തർക്കും ഉണ്ടാവാം. ചരിത്ര വായനകൾ ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് തരുന്നത് . ഭാഷാപഠനത്തിലാകുമ്പോൾ അക്കാലഘട്ടങ്ങളിലെ അനുഭവസ്ഥരുടെ ഓർമ്മക്കുറിപ്പുകൾക്ക് ,ഇത്തരം വിവരങ്ങളുടെ വിശദീകരണങ്ങൾക്ക് ആത്മകഥകളാണ് ഉത്തരങ്ങൾ തരുന്നത്.

എന്താണ് ആത്മകഥാസാഹിത്യം ?

ഒരാൾ മറ്റൊരാളുടെ  ജീവിതവൃത്താന്തം സാഹിത്യസുന്ദരമായി എഴുതുന്നതാണ് ജീവചരിത്രം [Biography].  ഒരു വ്യക്തിയുടെ ജീവിതത്തെ സംബന്ധിച്ച സത്യസന്ധമായ രേഖയാണിത് . ഈ ജീവചരിത്രത്തിന്റെ ഒരു വിഭാഗം  തന്നെയാണ് ആത്മകഥ [Autobiography].

എങ്കിലും ആത്മകഥയ്ക്ക്  അതിന്റേതായ  ചില പ്രത്യേകതകളുണ്ട്. ഒരാളുടെ ജീവിതകഥ അയാൾ തന്നെ എഴുതുന്നതാണ് ആത്മകഥ . അതുകൊണ്ടുതന്നെ ആത്മകഥയ്ക്ക് ചില പരിമിതികൾ ഉണ്ടാവും. കഥാനായകനും എഴുത്തുകാരനും ഒരാൾതന്നെ ആകുമ്പോൾ  എഴുതുന്ന കാര്യങ്ങൾ സത്യസന്ധമായിരിക്കും.  എന്നാൽ സ്വന്തം ജീവിതത്തിലെ എല്ലാ സത്യസന്ധതകളും ആരും പൂർണ്ണമായി തുറന്നു പറയുകയില്ല. എത്രതന്നെ ആത്മാർത്ഥത പുലർത്തിയാലും ഒരു സാമൂഹിക ജീവി എന്ന നിലയിൽ ചില ജീവിതാനുഭവങ്ങളെങ്കിലും മറച്ചുവയ്ക്കാൻ ആത്മകഥാകാരൻ നിർബന്ധിതനാവുന്നു. അങ്ങനെയെങ്കിൽ ഇവിടെ ഒരു തെരഞ്ഞെടുപ്പ് ആവശ്യമായി വരും. അവിടെയും തീരുന്നില്ല. കാലപ്പഴക്കം കൊണ്ട് മറന്നുപോയ അനുഭവങ്ങളും ഉണ്ടാകാം. എല്ലാം ഓർത്തെടുത്തു അടുക്കും ചിട്ടയോടെ അവതരിപ്പിക്കേണ്ടതുണ്ട്.

ജീവചരിത്രം കേട്ടറിഞ്ഞതോ അടുത്തറിഞ്ഞതോ ആയ അനുഭവ ജ്ഞാനത്തിന്റെ ആവിഷ്കാരമാണെങ്കിൽ ആത്മകഥ സ്വകീയമായ അനുഭവജ്ഞാനത്തിന്റെ ആവിഷ്കാരമാണ്. വെറും സംഭവവിവരണം മാത്രമല്ല ആത്മകഥ. കർമ്മനിരതനായ വ്യക്തി എന്ന നിലയിൽ സ്വയാർപ്പിത ജീവിതത്തിന്റെ വികാസ പരിണാമങ്ങൾ സാമൂഹിക ജീവിതവുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോൾ മാത്രമേ ആത്മകഥ ഫലവത്താവുകയുള്ളൂ. അന്യരുടെ കഥ കേൾക്കാനുള്ള  മനുഷ്യ സ്വഭാവം ആത്മകഥയിലേക്ക് വായനക്കാരെ കൂടുതൽ അടുപ്പിക്കുന്നു . ഇതിലൂടെ സ്വന്തം ജീവിതവുമായി ഒരു താരതമ്യ പഠനം കൂടി വായനക്കാരൻ നടത്താനിടയുണ്ട്.

മലയാളത്തിലെ ആദ്യത്തെ ആത്മകഥയായി അറിയപ്പെടുന്നത് വൈക്കത്ത് പാച്ചു മൂത്തത് രചിച്ച കുറച്ച് ഓർമ്മക്കുറിപ്പുകളാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ‘എന്റെ നാടുകടത്തൽ'( 1911 ) ആണ് ആത്മകഥാസാഹിത്യത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കുന്ന ആദ്യകൃതി എന്നുപറയാം. സ്വദേശാഭിമാനിയുടെ ഭാര്യയായ ബി.കല്യാണി യമ്മയും ആത്മകഥ രചിച്ചിട്ടുണ്ട്. അത് ‘വ്യാഴവട്ടസ്മരണകൾ’ എന്ന പേരിലാണുള്ളത്. ഇത്തരത്തിൽ കേരള ചരിത്രത്തിലേയും സാഹിത്യത്തിലേയും അനശ്വര പ്രതിഭകളെ ല്ലാംതന്നെ ആത്മകഥകൾ രചിച്ചവരായിരുന്നു. അത് നമ്മുടെ പൈതൃകത്തിന്റെ മുതൽക്കൂട്ട് തന്നെയാണ്.

ചില ആത്മകഥകൾ

കഴിഞ്ഞകാലം –  കെ.പി. കേശവമേനോൻ
എതിർപ്പ് – പി . കേശവദേവ്
കൊഴിഞ്ഞ ഇലകൾ – ജോസഫ് മുണ്ടശ്ശേരി
ഓർമ്മയുടെ ഓളങ്ങൾ – ജി. ശങ്കരക്കുറുപ്പ്
കണ്ണീരും കിനാവും – വി.ടി.ഭട്ടതിരിപ്പാട്
അരങ്ങുകാണാത്ത നടൻ – തിക്കോടിയൻ
ആത്മകഥയ്ക്ക് ഒരു ആമുഖം – ലളിതാംബിക അന്തർജ്ജനം
തുടിക്കുന്ന താളുകൾ – ചങ്ങമ്പുഴ കൃഷ്ണപിള്ള

കൂട്ടുകാരേ,

ഈയൊരു കൊറോണക്കാലം  വീട്ടിലിരിക്കുന്ന കൂട്ടുകാർക്കെല്ലാം ധാരാളം പുസ്തകങ്ങൾ വായിക്കാനുള്ള സമയം ലഭിച്ചിട്ടുണ്ടാവുമല്ലോ? എങ്കിൽ എത്ര ആത്മകഥയെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കി. ഒരു കുറിപ്പ് തയ്യാറാക്കിയാലോ? വായിച്ചു തീർത്തവയെക്കുറിച്ച് ഒരു അവലോകനവും എഴുതാവുന്നതാണ്.

ഡോ.കെ.ബീന റിസർച്ച് അസിസ്റ്റന്റ് കേരള ചരിത്ര ഗവേഷണ കൗൺസിൽ തിരുവനന്തപുരം

0 Comments

Leave a Comment

FOLLOW US