വീടേറിയ വാനരൻ

“അയ്യോ… എന്ന അമ്മയുടെ നിലവിളി  കേട്ടാണ് അപ്പു അടുക്കളയിലേക്ക് ഓടിയത്. അപ്പോൾ അപ്പുവും “അയ്യോ…”എന്ന് നിലവിളിച്ചു പോയി. 

ഒരു ഒറ്റക്കൈയ്യൻ കുരങ്ങൻ ഫ്രിഡ്ജിന്റെ മുകളിൽ കയറിയിരിക്കുന്നു. അടുക്കളയിൽ  സാധനങ്ങൾ മുഴുവൻ വലിച്ചുവാരിയിട്ടിരിക്കുന്നു. അമ്മ വടിയെടുത്ത് കുരങ്ങനെ ഓടിക്കാൻ നോക്കി. അപ്പോൾ അത് പല്ലുകൾ കാണിച്ച് “ഘ്രാ” എന്ന് ശബ്ദമുണ്ടാക്കി. ഫ്രിഡ്ജ് തുറന്ന് സാധനങ്ങൾ എല്ലാം മറിച്ചിട്ടിരിക്കുന്നു. ഏത്തപ്പഴം തിന്ന് തൊലി താഴെ വലിച്ചെറിഞ്ഞിരിക്കുന്നു. 

അമ്മയുടെ ഉച്ചമയക്കത്തിനിടയിൽ സംഭവിച്ചതാണിത്. അമ്മ പിന്നെയും വടിയെടുത്ത് ഓടിക്കാൻ നോക്കിയപ്പോൾ കുരങ്ങൻ കൈയ്യിൽ കിട്ടിയ മുട്ടയുമായി ബാൽക്കണിയിലേക്ക് ഓടി. അമ്മ വേഗം ബാൽക്കണിയുടെ വാതിലടച്ചു. 

“ശ്ശൊ, നാശം..” എന്ന് പറഞ്ഞ് അമ്മ അടുക്കള വൃത്തിയാക്കാനായി പോയി. 

അപ്പു ജനാലയിലൂടെ ബാൽക്കണിയിലേക്ക് നോക്കി. അവൻ അതിശയിച്ചു പോയി . ബാൽക്കണിയിലതാ കുട്ടികളടക്കം ഒരു വലിയ വാനരസംഘം തന്നെയിരിക്കുന്നു. ഒറ്റക്കയ്യൻ കുരങ്ങൻ എടുത്തുകൊണ്ടുപോയ അരഡസൻ മുട്ടയടങ്ങുന്ന കവർ അവർ കീറിപ്പൊളിച്ച് മുട്ട പൊട്ടിച്ച് കഴിക്കുന്നു.  

അപ്പുവിന് ആശ്ചര്യം തോന്നി. കുരങ്ങൻമാർ മുട്ടയും കഴിക്കുമോ? പൊട്ടിയ മുട്ട കുട്ടിക്കുരങ്ങന്റെ തലയിലും ദേഹത്തുമെല്ലാം ഒലിച്ചിറങ്ങുന്നു. 


“എന്തു ഭംഗിയാ കുട്ടിക്കുരങ്ങനെ കാണാൻ…കൂട്ടിന് ഒന്നിനെ കിട്ടിയിരുന്നെങ്കിൽ കളിക്കാൻ എന്ത് രസമായേനെ…” അപ്പു ചിന്തിച്ചു. 

മുട്ട ഒലിച്ചിറങ്ങുന്ന കുട്ടിക്കുരങ്ങൻ വേഗം ഒറ്റക്കയ്യൻ കുരങ്ങന്റെ അടുത്ത് പോയി. ഒറ്റക്കയ്യൻ കുരങ്ങൻ  ചുറ്റുമൊന്ന് നോക്കി. അഴയിൽ ഉണക്കാനിട്ടിരുന്ന അമ്മയുടെ നൈറ്റി വലിച്ചെടുത്ത് വേഗം കുട്ടിക്കുരങ്ങനെ തുടച്ചുകൊടുത്തു. 

“അയ്യോ അമ്മേ…”എന്ന് നിലവിളിച്ച് അവൻ വേഗം വായപൊത്തി. 
“എന്താ അപ്പൂ?”  എന്ന് അമ്മ വിളിച്ചു ചോദിച്ചു. 
“ഒന്നുമില്ലമ്മേ..” എന്ന് പറഞ്ഞ് അവൻ ആ ദൃശ്യം നോക്കിയിരുന്നു. 

“എത്ര ഭംഗിയായിട്ടാണ് ഒറ്റക്കയ്യൻ കുരങ്ങൻ കുട്ടിക്കുരങ്ങനെ വൃത്തിയാക്കി കൊടുക്കുന്നത് .  കുളികഴിഞ്ഞ് അമ്മ എന്നെ തുവർത്തി തരുന്നപോലെ തന്നെ”. അപ്പു അവയെ കൗതുകത്തോടെ നോക്കിനിന്നു. 

“ഈശ്വരാ, അമ്മയുടെ നൈറ്റിയെടുത്തതും കൂടി കണ്ടാൽ ഇവയുടെ കഥ കഴിഞ്ഞേനെ ഇന്ന്”. അപ്പു വേഗം ജനാലയടച്ച് അമ്മയ്ക്കരികിലേക്ക് ചെന്നു. 

“അടുക്കളയെല്ലാം വൃത്തികേടാക്കി അവറ്റകൾ. ഹോ…”അമ്മ ഓരോന്നും പറഞ്ഞ് വൃത്തിയാക്കിക്കൊണ്ടിരുന്നു. 

“അവയ്ക്ക് വിശന്നിട്ടല്ലേ അമ്മേ..പാവങ്ങൾ..” അപ്പു വ്യസനത്തോടെ പറഞ്ഞു. 

“പാവങ്ങളോ…ഈ അപ്പാർട്ട്‌മെന്റിൽ എന്തുമാത്രം ദുരിതങ്ങളാണ് അവറ്റകൾ ഉണ്ടാക്കുന്നത്. ഓരോ വീട്ടിലും എന്തെല്ലാം സാധനങ്ങൾ നശിപ്പിച്ചു . ഒരു സാധനവും വീട്ടിൽ വയ്ക്കാൻ വയ്യാതായി. എല്ലാം എടുത്തുകൊണ്ടുപോകാൻ തുടങ്ങി. പഴങ്ങളും, പച്ചക്കറികളും സ്‌നാക്‌സും എല്ലാം.  സാധനങ്ങൾ വാങ്ങിച്ചു വയ്‌ക്കാൻ തന്നെ എല്ലാവർക്കും ഭയമായി. 

ആരും അവയ്ക്ക് ഭക്ഷണം നൽകിപ്പോകരുതെന്നാണ് അസോസിയേഷന്റെ കർശന നിർദ്ദേശം. ആ കുരങ്ങന്റെ കൈ ആരോ ദേഷ്യം വന്ന് എറിഞ്ഞ് മുറിച്ചതാണ്.” അമ്മ പറഞ്ഞു.

“അയ്യോ പാവം. മിണ്ടാപ്രാണികളെ ഉപദ്രവിക്കരുതെന്നല്ലേ..
അവർക്ക് വിശന്നാൽ എന്തു ചെയ്യും അമ്മേ… അമ്മയല്ലേ പറഞ്ഞത് ഈ സ്ഥലം ഒരു കാടായിരുന്നു എന്ന്.

എല്ലാം വെട്ടിത്തെളിച്ചാണ് ഇവിടെ ഈ പതിനഞ്ച് നിലകളുള്ള അപാർട്ട്മെന്റ് കെട്ടിയത് എന്ന്. അപ്പോൾ നമ്മളല്ലേ അവരുടെ സ്ഥലം കയ്യേറിയിരിക്കുന്നത്.”

അമ്മ അവനെ സാകൂതം നോക്കിനിന്നു.

“അവയെല്ലാം എവിടെപ്പോകും? ധാരാളം  മരങ്ങളും പഴങ്ങളും എല്ലാം ഉണ്ടായിരുന്ന കാട് അവർക്ക് നഷ്ടമായില്ലേ… ” അപ്പു തുടർന്നു.

“ടീച്ചറും പറഞ്ഞുതന്നിട്ടുണ്ട് ക്‌ളാസ്സിൽ, കാട് നശിപ്പിച്ചാൽ മൃഗങ്ങൾക്ക് വസിക്കാൻ ഇടമില്ലാതാകും എന്ന്.” അപ്പു പറഞ്ഞു നിർത്തി.

അമ്മ അവനെ ചേർത്തുനിർത്തി മുഖം പിടിച്ചുയർത്തി പറഞ്ഞു. 

“അമ്മയുടെ പൊന്നുമോൻ വലിയവനായി.”എന്നിട്ട് അപ്പുവിന്റെ കവിളിൽ ഉമ്മ വച്ചു. അവൻ സന്തോഷത്തോടെ അമ്മയെ വട്ടം ചുറ്റി. 

അപ്പു പഴങ്ങളും കുറച്ച് പച്ചക്കറികളും ഒരു പായ്ക്കറ്റ് ബ്രെഡും  കവറിൽ നിറച്ച് കതക് തുറന്ന് വെളിയിൽ ഇറങ്ങി. അവൻ അമ്മയെ തിരിഞ്ഞുനോക്കി. അമ്മ പുഞ്ചിരിച്ചുകൊണ്ട് അവന് കൈ കാണിച്ചു.

ഒറ്റക്കയ്യൻ  കുരങ്ങനും മറ്റു കുരങ്ങൻമാരും  അപാർട്മെന്റിന്റെ അരമതിലിൽ നിരനിരയായി ഇരിക്കുന്നുണ്ടായിരുന്നു. 

കല. ജി കെ
സരോവരം സ്കൂൾ ഓഫ് മലയാളം
ഈസ്റ്റ് സോൺ
ബെംഗളൂരു

0 Comments

Leave a Comment

FOLLOW US