ആദ്യ ദിനം

മിന്നു വളരെ സന്തോഷത്തിലാണ് ഇന്ന്. ആദ്യമായി സ്ക്കൂളിൽ ചേരാൻ പോവാണ്. വല്യേച്ചീം കൊച്ചേട്ടനും ഒക്കെ സ്ക്കൂളിൽ പോവുമ്പോൾ ഒത്തിരി കൊതിച്ചിട്ടുണ്ട്. കുഞ്ഞു സ്ലേറ്റും പുള്ളിക്കുടയും എല്ലാം വാങ്ങി വെച്ച് കാത്തിരിക്കുകയായിരുന്നു. അച്ഛനോടൊപ്പം ചിരിച്ചും കളിച്ചും പാടത്തൂടെ പോവാം. “പൂവാലിക്ക് ഞാൻ പോയാ സങ്കടാവോ അമ്മേ..” അകത്തേക്കു നോക്കി അവൾ ചോദിച്ചു.

അവളുടെ പ്രിയപ്പെട്ട പശുക്കിടാവാണ് പൂവാലി. “ന്നാ, അവളേം കൊണ്ടോയ്ക്കോ…” ചിരിച്ചു കൊണ്ട് അകത്തൂന്ന് അമ്മ വിളിച്ചു പറഞ്ഞു. പിന്നീട് ചോദ്യം അച്ഛനോടായിരുന്നു. “അച്ഛാ, നമ്മളെപ്പഴാ പോണേ?”

“സമയാവുമ്പോ അച്ഛൻ കൊണ്ടാവാം” ചേർത്തു പിടിച്ചു അച്ഛൻ. തെല്ലു ഗമയിൽ മുത്തശ്ശിയെ നോക്കി. “മുത്തശ്ശീ, ഞാൻ സ്ക്കൂളിൽ പോവാണല്ലോ.”

“മിന്നുട്ടി പഠിച്ച് മിടുക്കി കുട്ട്യാവണം ട്ട്വോ” സ്നേഹത്തോടെ മുത്തശ്ശി പറഞ്ഞു. “സ്‌കൂൾ തുറന്നോണ്ടാവും നല്ല മഴ” എന്നും പറഞ്ഞ് ശങ്കരമ്മാവൻ കേറി വന്നു. അമ്മാവനെ കണ്ട പാടെ മിന്നു ഓടി മടിയിൽ കയറി. “മിന്നൂട്ട്യേ,സുന്ദരി കുട്ട്യായല്ലോ. വല്യ ആളായി ഇപ്പോ… “അത് അവൾക്ക് നന്നേ രസിച്ചു. കുഞ്ഞു പല്ലു കാട്ടി അവൾ ചിരിച്ചു. അകത്തൂന്ന് അമ്മ വന്നു. കൈയിൽ സ്ലേറ്റും കുടയും ഉണ്ടായിരുന്നു. അത് കണ്ടതും അവൾ തുള്ളിച്ചാടി. ശങ്കരമ്മാവനെ വിട്ട് അച്ഛന്റെ കൈയിൽ തൂങ്ങി. “പോവാം അച്ഛാ..” “എന്താ ഒരു ധൃതി കുഞ്ഞിപ്പെണ്ണേ…” അമ്മ വാരിയെടുത്ത് കവിളിൽ ഉമ്മ കൊടുത്തു. യാത്ര പറച്ചിലും ബഹളോം കഴിഞ്ഞ് ചേട്ടനും ചേച്ചിക്കും അച്ഛനുമൊപ്പം മിന്നു സ്ക്കൂളിലേക്ക് നടന്നു. പോവുന്ന വഴി നീളെ എല്ലാവരോടും ഗമ പറച്ചിലായിരുന്നു. ആ കുഞ്ഞു മനസ്സിൽ നിറയെ സന്തോഷമായിരുന്നു.

സ്ക്കൂളിലെത്തിയപ്പോഴല്ലേ രസം, അവളുടെ ക്ലാസിലെ എല്ലാരും ഒന്നാന്തരം കരച്ചിൽ. പാവം മിന്നുട്ടി, ആ കണ്ണുകളും നിറയാൻ തുടങ്ങി. ചുറ്റും ഒന്നു കണ്ണോടിച്ചു. എല്ലാരും കരച്ചിൽ തന്നെ. “വീട്ടീന്ന് തുള്ളിച്ചാടി വന്നതാണല്ലോ എന്റെ കുട്ടി. മിടുക്കിയായിരിക്കണ്ടേ…വൈകീട്ട് അച്ഛൻ വരാലോ കൊണ്ടോവാൻ.”

“വേണ്ട… വേണ്ട… ഞാനും വരാം. പൂവാലിക്കേ ന്നെ കാണാതെ സങ്കടാവും. മുത്തശ്ശീടേം അമ്മേടേം അടുത്തേക്കു പോണം…”

വീട്ടീന്നിറങ്ങുമ്പോഴത്തെ ഗമയൊക്കെ തീർന്ന പോലെ കരച്ചിൽ ഇത്തിരി ഉച്ചത്തിലാവാർ തുടങ്ങി. അപ്പുറത്തെ ക്ലാസീന്ന് ചേച്ചി വന്ന് ആശ്വസിപ്പിച്ചു. “ചേച്ചീണ്ടല്ലോ ഉണ്ണീ ഇവിടെ പിന്നെന്താ…”

തെല്ലൊരു സമാധാനം വന്നെങ്കിലും അച്ഛന്റെ മുഖത്തേക്ക് ദയനീയമായൊന്നു നോക്കി. “നല്ല കുട്ട്യായാ മിഠായി വാങ്ങിതരാലോ”

അച്ഛൻ പതിയെ അവിടെ നിന്ന് പോകാനൊരുങ്ങി.

അച്ഛന്റെ പിറകെ ഓടാൻ തുടങ്ങിയ അവൾക്കരികിലേക്ക് പല വർണ്ണങ്ങളുള്ള ബലൂണുകളും കുറേ മിഠായികളുമായി ഒരാൾ വന്നു.ആ മുഖത്തേക്കൊന്നു നോക്കി മിന്നു. പിന്നീട് അവളുടെ ശ്രദ്ധ ആ ബലൂണുകളിലായി. കരച്ചിൽ മാറി ചിരിയുടെ നേർത്ത വെട്ടം പരന്നു. ഈ തക്കത്തിന് അച്ഛൻ രംഗത്തു നിന്നും പിൻമാറി ദൂരെ നിന്ന് ഒന്നു കൂടി എല്ലാം ശാന്തമായെന്നുറപ്പു വരുത്തി വീട്ടിലേക്ക് നടന്നു. രംഗം തണുപ്പിച്ച ആ ടീച്ചർ എന്നും അവൾക്ക് പ്രിയപ്പെട്ടതായി മാറി. കൂട്ടുകാർക്കൊപ്പം ആടിയും പാടിയും പഠിച്ചും പിന്നീടുള്ള ദിനങ്ങൾ മനോഹരമായിരുന്നു അവൾക്ക്.

ശ്രീജ ഗോപാൽ
മലയാളം മിഷൻ ബെസ്താൻ
സൂറത്ത്, ഗുജറാത്ത്

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content