സോപ്പിന്റെയും സാനിറ്റൈസറിന്റെയും രസമുള്ള തന്ത്രം

കോവിഡ് കാലത്തെ താരങ്ങളാണ് സോപ്പും‌ സാനിറ്റൈസറും. കോവിഡ് -19 വൈറസുമായുള്ള പോരാട്ടത്തിൽ നമ്മുടെ ആയുധങ്ങളാണിവ.‌ ഇരുപതു സെക്കന്റ് സമയമെടുത്ത് സോപ്പ് നന്നായി പതപ്പിച്ച് കൈ കഴുകിയും സാനിറ്റൈസർ ശരിയായ വിധത്തിൽ ഉപയോഗിച്ചും നമുക്ക് കൈകളിൽ നിന്നു വൈറസിനെ തുരത്താം. കേരളത്തിൽ കോവിഡ് പ്രതിരോധത്തിനായുള്ള  ബ്രേക്ക് ദ‌ ചെയിൻ കാമ്പെയ്നിലെ ഒരു പ്രധാന സന്ദേശവും സോപ്പും‌ സാനിറ്റൈസറുമൊക്കെ  ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക എന്നതു തന്നെ. 


എങ്ങനെയാണ് സോപ്പ് കോവിഡ് 19 വൈറസ് പോലുള്ള വൈറസുകളെ തുരത്തുന്നത് എന്നാണോ സംശയം? അതിനു മുമ്പ് ഒരു വൈറസിലെ പ്രധാന ഭാഗങ്ങൾ ഏതൊക്കെയാണെന്ന് പറയാം. വൈറസുകളിലെ ജനിതക പദാർഥം ആർ.എൻ.എ ( റൈബോ ന്യൂക്ലിക് ആസിഡ്) ആണ്. ഇതുകൂടാതെ പ്രോട്ടീനും കൊഴുപ്പുകൊണ്ടുള്ള ഒരു ആവരണവും ആണ് വൈറസിലെ ഘടകങ്ങൾ. കൊഴുപ്പു കൊണ്ടുള്ള ബാഹ്യ ആവരണത്തോടാണ് സോപ്പിന്റെ യുദ്ധം. സോപ്പ് ഈ കൊഴുപ്പാവരണത്തെയങ്ങ് അലിയിച്ചു കളയും. അങ്ങനെ വൈറസിനെ തുരത്തും. സാനിറ്റൈസർ ആക്രമിക്കുന്നതും വൈറസിന്റെ ഈ കൊഴുപ്പു പാളിയെത്തന്നെ. 

സോപ്പിന്റെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കുന്നത് രസകരമാണ്. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് മൃഗക്കൊഴുപ്പും ചാരവും മഴയിൽ കൂടിക്കലർന്ന് അത് നല്ല പതയുണ്ടാക്കുന്നത് കണ്ടതിൽ നിന്നാവാം സോപ്പിന്റെ പിറവിയെന്ന് കരുതപ്പെടുന്നു. ഇതിനു ശരീരത്തിലെയും വസ്ത്രങ്ങളിലെയും അഴുക്കിളക്കാൻ കഴിയുമെന്ന് മനസിലായതോടെ ചാരവും മൃഗക്കൊഴുപ്പും ചേർത്ത് മനുഷ്യൻ സോപ്പുണ്ടാക്കാൻ തുടങ്ങി. പുരാതനകാലത്ത്  ബാബിലോണിയയിൽ ഇത്തരം സോപ്പ് പ്രചാരത്തിൽ ഉണ്ടായിരുന്നത്രേ. പണ്ടു നമ്മുടെ നാട്ടിൽ സോപ്പു കായ, സാബൂൻ കായ, പശക്കൊട്ട എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഒരു കായയുടെ സത്ത് വസ്ത്രങ്ങളിൽ നിന്ന് അഴുക്ക് നീക്കാൻ ഉപയോഗിച്ചിരുന്നു. 


ഇനി സോപ്പിന്റെയും അത് അഴുക്കിളക്കുന്നതിന്റെയും രസമുള്ള തന്ത്രത്തെക്കുറിച്ചറിയണ്ടേ? എണ്ണകളോ കൊഴുപ്പുകളോ സോഡിയം ഹൈഡ്രോക്സൈഡ്, പൊട്ടാസ്യം ഹൈഡ്രോക്സൈഡ് തുടങ്ങിയ ക്ഷാരങ്ങളുമായി പ്രവർത്തിച്ചുണ്ടാവുന്ന ഉല്പന്നമാണ് സോപ്പ്. അലക്കുസോപ്പാണെങ്കിൽ സോഡിയം ഹൈഡ്രോക്സൈഡും കുളിസോപ്പാണെങ്കിൽ പൊട്ടാസ്യം ഹൈഡ്രോക്സൈഡുമാണ് ഉപയോഗിക്കുക. ആദ്യകാലത്തൊക്കെ സോപ്പിന്റെ വില സാധാരണക്കാർക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു. പിൽക്കാലത്ത് സോഡിയം ഹൈഡ്രോക്സൈഡും‌ പൊട്ടാസ്യം ഹൈഡ്രോക്സൈഡും നിർമ്മിക്കാനുള്ള ചെലവു കുറഞ്ഞ മാർഗ്ഗം കണ്ടുപിടിച്ചതോടെ സോപ്പിന്റെ വിലയും കുറഞ്ഞു. കുളിസോപ്പിൽ നിറത്തിനായും നല്ല പത ലഭിക്കാനും സുഗന്ധത്തിനായുമൊക്കെ പല രാസവസ്തുക്കളും ചേർക്കുന്നു. സോപ്പിന്റെ കവറിൽ അതിന്റെ ട്.എഫ്.എം. ഇത്ര ശതമാനം എന്നു രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? സോപ്പിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവിനെയാണ് ഇതു സൂചിപ്പിക്കുന്നത്. ടി.എഫ്.എം കൂടുമ്പോൾ സോപ്പിന്റെ ഗുണനിലവാരവും കൂടും. പരസ്യത്തിൽ മയങ്ങി സോപ്പു വാങ്ങും മുമ്പ് അതിന്റെ ടി.എഫ്.എം. ഒന്നു പരിശോധിച്ചിട്ട് വാങ്ങുന്നതാണ് നല്ലതെന്നു സാരം. പല നിറങ്ങളിൽ പലതരം സുഗന്ധത്തിൽ ഖര രൂപത്തിലും ദ്രാവക രൂപത്തിലും ജെൽ രൂപത്തിലുമൊക്കെ സോപ്പ് ഇന്ന്‌ സുലഭമാണ്. സോപ്പ് അഴുക്കിളക്കാൻ സഹായിക്കുന്നത് എങ്ങനെയാണെന്നോ? സോപ്പിന് ഒരു ജലസൗഹൃദ അഗ്രവും കൊഴുപ്പുസൗഹൃദ അഗ്രവുമുണ്ട്. സോപ്പ് ലയിക്കുമ്പോൾ ജലത്തിന്റെ പ്രതല ബലം കുറയും. അപ്പോൾ ജലത്തിന്‌ വസ്ത്രത്തിന്റെ നൂലിഴകൾക്ക് ഇടയിലേക്ക് നന്നായി കടന്നെത്താൻ കഴിയും. എണ്ണമയമുള്ള അഴുക്കിൽ സോപ്പിന്റെ കൊഴുപ്പ് സൗഹൃദ അറ്റം ലയിച്ച് അതിനെ വലിച്ചിളക്കും.  ഈ അഴുക്ക് പതയോടൊപ്പം പുറന്തള്ളപ്പെടുകയും ചെയ്യും. 

നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ ഒരു അണുനാശിനി എന്ന നിലയിൽ ഈഥൈൽ ആൽക്കഹോൾ‌ ഉപയോഗിച്ചിരുന്നു. എഥനോൾ , പ്രൊപ്പനോൾ,  ഐസോപ്രൊപ്പനോൾ എന്നിവയിൽ‌ ഏതങ്കിലുമൊരു ആൽക്കഹോൾ,  ഹൈഡ്രജൻ പെറോക്സൈഡ്, ഗ്ലിസറോൾ എന്നിവയാണ് സാനിറ്റൈസറിലെ പ്രധാന ഘടകങ്ങൾ.‌ പിന്നെ നിറത്തിനായും സുഗന്ധത്തിനായും ചില രാസവസ്തുക്കൾ ചേർക്കാറുണ്ട്. 70 ശതമാനമെങ്കിലും ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറാണ് കൈകൾ അണുവിമുക്തമാക്കാൻ നല്ലത്. സോപ്പും വെള്ളവും ഉപയോഗിച്ചുള്ള കൈകഴുകൽ തന്നെയാണ്‌ കൂടുതൽ നല്ലത് എങ്കിലും യാത്രയ്ക്കിടയിലും ജോലിക്കിടയിലും‌ അതിനു സൗകര്യമില്ലെങ്കിൽ  സാനിറ്റൈസർ ഉപയോഗിക്കാം. ഇത് കൈകളിൽ നന്നായി തേച്ചുപിടിപ്പിച്ച് ബാഷ്പീകരിച്ച് ഉണങ്ങാൻ അനുവദിക്കണം. ദ്രാവകം, ജെൽ‌, സ്പ്രേ എന്നിങ്ങനെ പല രൂപത്തിൽ ഹാൻഡ് സാനിറ്റൈസറുകൾ വിപണിയിൽ ലഭ്യമാണ്.

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി

0 Comments

Leave a Comment

FOLLOW US