പ്രിയപ്പെട്ട റോസ്,

ഈ ലോക് ഡൗൺ കാലം നീ എങ്ങനെയാണ് വിനിയോഗിക്കുന്നത്? ശാസ്ത്രകൗതുകം ഉള്ള ആളല്ലേ റോസ്. ഞാനിന്നലെ ഒരു പുസ്തകം കണ്ടു. ആദ്യ പുറം വായിച്ചപ്പോൾ തന്നെ നിന്നെ ഓർത്തു പോയി. നീ ഇവിടെ വരുമ്പോൾ നമ്മൾക്ക് ലോക്ഡൗണിനു ശേഷം കാണാൻ പോകേണ്ടുന്ന ഒരിടം കൂടി ഞാൻ കണ്ടെത്തിയിട്ടുണ്ട്. ആ സ്ഥലത്തെ കുറിച്ച് ഒരു ചെറുകുറിപ്പ് ഞാൻ പറയാം.

ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ (Indian space research organisation ISRO) ഇന്ത്യയിലെ ആദ്യത്തെ വിക്ഷേപണ കേന്ദ്രം തിരുവനന്തപുരത്തുള്ള തുമ്പയിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഭൂമിയുടെ കാന്തിക മധ്യരേഖയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത.

1963 നവംബർ 21-നാണ് തുമ്പയിൽ നിന്ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചത്. ‘നൈക്ക് അപ്പാച്ചെ’ എന്നായിരുന്നു റോക്കറ്റിന്റെ പേര്.

സെൻറ് മേരി മഗ്ദലീന പള്ളിയാണ് ശാസ്ത്രജ്ഞന്മാരുടെ പ്രധാന ഓഫീസ് ആയി മാറിയത്. ബിഷപ്പ് ഹൗസിനെ വർക്ക്ഷോപ്പ് ആക്കിമാറ്റി.

ഡോ.വിക്രം സാരാഭായിയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്. ഇന്ത്യയുടെ ഉപഗ്രഹ പദ്ധതികൾക്കായി റോക്കറ്റുകളും കൃത്രിമോപഗ്രഹങ്ങളും വിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ നിലകൊണ്ട ഐ.എസ്.ആർ.ഒ.യുടെ തുമ്പയിൽ ഉള്ള സ്ഥാപനത്തിന് വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം(Vikram sarabhai Space Center VSSC ) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

തുമ്പ റെയിൽവേ സ്റ്റേഷനിലെ ഉദ്ഘാടനത്തിന് തിരുവനന്തപുരത്തെത്തിയ വിക്രം സാരാഭായി ആകസ്മികമായി കോവളം ഹാൽസിയൻ കൊട്ടാരത്തിൽ വച്ച് 1971 ഡിസംബർ 30 ന് മരണമടഞ്ഞു . ഇതേത്തുടർന്ന് റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് അദ്ദേഹത്തിന്റെ സ്മരണാർത്ഥം വിക്രം സാരാഭായി സ്പേസ് സെൻറർ എന്ന പേരുനൽകി.

ബഹിരാകാശ വാഹനങ്ങളുടെ നിർമ്മാണം അനുബന്ധ സാങ്കേതികവിദ്യയുടെ ഗവേഷണം തുടങ്ങിയവയാണ് VSSC യുടെ പ്രധാന പ്രവർത്തന മേഖലകൾ.

പ്രിയറോസ് ,ചെറുവിവരണം നിനക്ക് ഇഷ്ടമായോ? എങ്കിൽ നമ്മൾ ഒരുമിച്ച് ഇവിടം സന്ദർശിക്കാമെന്ന് പ്രതീക്ഷിക്കുന്നു .

ലോക് ഡൗൺ കാലത്ത് നീയും ഇതുപോലെ ചരിത്രത്തിലിടം നേടിയ എന്തെങ്കിലും കണ്ടെത്തി എഴുതുമല്ലോ.

സ്നേഹപൂർവ്വം
മിനി

 

 

ഡോ.കെ.ബീന റിസർച്ച് അസിസ്റ്റന്റ് കേരള ചരിത്ര ഗവേഷണ കൗൺസിൽ തിരുവനന്തപുരം

0 Comments

Leave a Comment

Skip to content