ബഷീർ എന്ന ഡോക്ടർ
വിഷാദ രോഗികളോട്
ബഷീർ ദേഷ്യത്തോടെ ഒച്ചയിട്ടു.
പോടാ പോയി നാടൊക്കെ ഒന്നു ചുറ്റി വാടാ…
പ്രണയപ്പനി പിടിച്ചവനോട് രഹസ്യമായി ബഷീർ:
പ്രണയിനി കാണാമറയത്താണെങ്കിൽ
ഹൃദയം ഒരു കമ്പിൽ കോർത്ത്
മേലോട്ടുയർത്തിക്കാണിക്കുക.
പേടിയുണ്ടെങ്കിൽ വല്ല പൂടയും പറിച്ച്
വിരലിൽ കോർത്തിടുക.
അല്ലെങ്കിൽ ആകാശമിഠായി നുണഞ്ഞ്
വല്ല മാങ്കോസ്റ്റിൻ ചുവട്ടിലും
ചാരു കസേരയിൽ കാലുയർത്തി
മലർന്നു കിടക്കുക.
ആടുകൾക്കു ഭ്രാന്തുപിടിച്ചാൽ
പച്ച പ്ലാവിലയിൽ കറന്നെടുത്ത ചുടു പാലിൽ
നല്ല പുസ്തകം കത്തിച്ച വെണ്ണീർ ഒരു സ്പൂണെടുത്ത് കലക്കി
രണ്ടുനേരം കൊടുക്കുക.
റോട്ടിൽ തെണ്ടിത്തിരിഞ്ഞു നടക്കുന്ന സുജായികൾ
പണ്ട്
ന്റുപ്പുപ്പാക്കും
ന്റുമ്മുമ്മാക്കും
അതുണ്ടായിരുന്നു
ഇതുണ്ടായിരുന്നു
എന്നു തൊള്ള തുറന്നാൽ
അവരെ എന്റെ അടുത്തേക്കു കൊണ്ടുവരിക.
അവർക്കുള്ള ഒറ്റമൂലി ഇതാ എന്റെ കയ്യിൽ.

എടപ്പാൾ സി.സുബ്രഹ്മണ്യൻ