മഴയനുഭവം

ടീച്ചറമ്മേ ഇപ്പോൾ കേരളത്തിൽ ഏതു കാലാവസ്ഥയായിരിക്കും?  നിവിൻെറ ചോദ്യം കേട്ടപ്പോൾ ടീച്ചറമ്മ മൊബൈൽ കൈയിലെടുത്തു. പിന്നെ അല്പം ആലോചിച്ചു കൊണ്ടു പറഞ്ഞു: ജൂലൈ മാസം അല്ലേ. മിഥുനം കർക്കിടകം. ആവൂ എൻെറ കുട്ടിക്കാലത്തൊക്കെ നല്ല മഴക്കാലമാണത്.
ഇപ്പോൾ പിന്നെ കാലാവസ്ഥ മാറിയിട്ടുണ്ടാവുമോ? നിധികയുടെ ചോദ്യം ടീച്ചറമ്മക്ക് ഇഷ്ടമായില്ല എന്ന് മുഖഭാവത്തിൽ നിന്നും തിരിച്ചറിഞ്ഞ നിവിൻ വിഷയം മാറ്റാനായി പറഞ്ഞു:
ഇന്ന് നമുക്ക് മഴയെ കുറിച്ച് പഠിക്കാം എന്താ?
ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ടീച്ചറമ്മ പറയാൻ തുടങ്ങി…
എത്ര കാലമായി ഇംഗ്ലണ്ടിൽ എത്തിയിട്ട്. അതുകൊണ്ടാണ് കുട്ടിക്കാലത്തെ മഴ എന്നു പറഞ്ഞത്. അതൊന്നും ഒരു കാലത്തും മറക്കില്ല. കുട്ടികളേ…
ടീച്ചറമ്മയുടെ കുട്ടിക്കാലത്തെ മഴയെ കുറിച്ച് പറഞ്ഞാൽ മതി. രണ്ടു പേരും ഒന്നിച്ച് പറഞ്ഞു.
ടീച്ചറമ്മ കസേരയിൽ ചാരിയിരുന്നു കണ്ണുകൾ അടച്ചു. മുഖത്ത് ഭാവങ്ങൾ മിന്നി മറയുന്നുണ്ടോ എന്ന് നോക്കി രണ്ടു പേരും ഇരുന്നു.
കണ്ണു തുറന്നു. നിവർന്നിരുന്ന് ടീച്ചറമ്മ പറയാൻ തുടങ്ങി…


മുത്തശ്ശിയുടെ വീട്ടിൽ ഒരു മരണാനന്തര ചടങ്ങിന് എത്തിയതാണ് ഞാനും അച്ഛനും. എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ഒൻപത് മണിയായിക്കാണും. വീട്ടിലേക്ക് ഏകദേശം ഒരു കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. അന്ന് ഇന്നത്തെ പോലെ വാഹന സൗകര്യമൊന്നുമില്ല. നടന്നു തന്നെ വേണം വീടെത്താൻ.  പരന്നു കിടക്കുന്ന വയലിൻെറ മറുകര എത്തിയാൽ പിന്നെ റേഡാണ്. അല്പം നടന്നാൽ വീടെത്തും.

ടോർച്ച് എടുത്ത് അച്ഛൻ മുന്നിൽ ഇറങ്ങി, കൂടെ ഞാനും. അന്നെനിക്ക് പത്തോ പതിനൊന്നോ വയസ്സാണ്.    
 ജൂലൈ മാസത്തിലെ കോരിചൊരിയുന്ന മഴ. മഴ കാരണമാണ് മരണാനന്തര ചടങ്ങുകൾ വൈകിയതു തന്നെ. 
മുറ്റം കഴിഞ്ഞ് വയലിലേക്ക് ഇറങ്ങിപ്പോൾ അച്ഛൻ ഒന്നു സംശയിച്ചു. എന്നെ മുന്നിൽ നടത്തണോ അതോ പിന്നിൽ നടത്തണോ? 
മോളു മുന്നിൽ നടന്നോ അച്ഛൻ ടോർച്ച് അടിച്ചു തരാം. 
എനിക്കാകെ പേടിയായി. മുന്നിലും പിന്നിലും നടക്കണ്ട, അച്ഛൻെറ കൈ പിടിച്ച് കൂടെയാണ് നടക്കേണ്ടത്. പക്ഷേ വയലിലെ വരമ്പിന്  വീതി കുറവാണ്. ഒരാൾക്ക്  മാത്രം നടക്കാവുന്ന വഴി. മുന്നോട്ട് നോക്കിയാൽ കറുത്ത് ഇരുണ്ട ഇരുട്ട് മാത്രം, കൂടെ മഴയും. മഴ കുറഞ്ഞപ്പോഴാണ് ഇറങ്ങി നടക്കാൻ തീരുമാനിച്ചത്. പക്ഷേ രാത്രി മഴ വരുന്നത് മുൻകൂട്ടി കാണാൻ കഴിയില്ലല്ലോ. കുടയും പിടിച്ച് മടിച്ചു മടിച്ചാണെങ്കിലും ഞാൻ മുന്നിൽ നടന്നു.
നേരെ നോക്കി നടക്ക്, പേടിക്കേണ്ട, ഒപ്പമുണ്ട്…

വീശിയടിക്കുന്ന കാറ്റ്. വയലിലെ ചെടികളിൽ തട്ടി ഓടി പോകുന്ന കാറ്റിൻെറ പരിഹാസ ചിരി. കുടയിൽ വീഴുന്ന മഴയുടെ ശബ്ദം. വെള്ളം നിറഞ്ഞു നിൽക്കുന്ന കണ്ടങ്ങളിൽ നിന്നും തവളകളുടെ ശൃംഗാരം.  ആകെ ബഹളമയം. അഛൻ പറയുന്നതൊന്നും വ്യക്തമായില്ല.

 മുന്നിലേക്ക് നോക്കിയാൽ ഒന്നും കാണാൻ കഴിയാത്ത ഇരുണ്ട ഒരു ഗുഹയിലേക്ക് കയറി പോകുന്ന പോലെയാണ്. താഴേക്ക് നോക്കിയാൽ കാലടി മാത്രം കാണാവുന്ന ടോർച്ചിൻെറ അരണ്ട വെളിച്ചം. കാലിൽ നനഞ്ഞ പുൽനാമ്പുകളുടെ ഉരസൽ. കാല് മാത്രമല്ല അരവരെ ഉടുപ്പ് നനഞ്ഞിട്ടുണ്ട്. കാറ്റ് വീശുന്ന ദിശനോക്കി കുട ചെരിച്ചു പിടിച്ചു. അപ്പോൾ മറുവശം നനയുന്നു. കുട തലക്കു നേരെ പിടിച്ചു നോക്കി അപ്പോഴും നനയുന്നുണ്ട്. കുട ഉള്ളതും ഇല്ലാത്തതും ഒരു ഫലം. കുട ചേർന്നിട്ടാവാം തലയിലും വെള്ളം വീഴുന്നുണ്ട്. ആകെ കുതിർന്നു. പാവാട നനഞ്ഞ് മേലൊട്ടിപ്പിടിച്ചതു കൊണ്ട് നടക്കാനും പ്രയാസം.
 വരമ്പിൽ പാമ്പുണ്ടാവുമോ? ഞാൻ പേടിച്ചു പേടിച്ചാണ് ഓരോ അടിയും വെച്ചത്. എൻെറ നടത്തം മെല്ലെയാണെന്നറിഞ്ഞ് അഛൻ എന്നെ തൊടാൻ ശ്രമിച്ചിട്ടുണ്ടാവും. രണ്ടു കുടകൾ പിടിച്ചുള്ള നടത്തം അതിനെ തടയും. കുട വലിച്ചെറി‍ഞ്ഞ് അഛൻെറ കൂടെ ചേർന്നു നടക്കാൻ കൊതിതോന്നി.

താഴേക്കു നോക്കിയുള്ള നടത്തത്തിനിടയിൽ തലയുയർത്തി മുന്നിലേക്ക് നോക്കി. വയലിനപ്പുറത്ത് വീടുകളിൽ നിന്നും മിന്നുന്ന വെളിച്ചത്തിൻെറ പൊട്ടുകൾ. റോഡിലൂടെ പോകുന്ന ഏതോ വാഹനത്തിൻെറ വെളിച്ചം അകന്ന് പോകുന്നു. തലയുയർത്തി മേലോട്ട് നോക്കി നക്ഷത്രങ്ങളുടെ പൊടി പോലുമില്ല. അമ്പിളി മാമനും പേടിച്ച് ഏതോ കറുത്തിരുണ്ട മേഘത്തിനു പിന്നിൽ ഒളിച്ചിരിക്കുന്നു.
  ഈ സമയം വെച്ച കാലടി നേരെ താഴേക്കു പോയി. വരമ്പിൽ ഉണ്ടായിരുന്ന അറ്റകാഴായയിൽ (വെള്ളം പോകാനുള്ള ചാൽ) കാലു താഴ്ന്നതും ഞാൻ മുന്നിലേക്ക് വീണതും ഒന്നിച്ചാണ്.  കുട തെറിച്ച് പോയി. കൈ രണ്ടും ചെളിയിൽ പൂഴ്ന്നു പോയി. അച്ഛൻ എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു കൊണ്ടു പറഞ്ഞു:
താഴേക്ക് നോക്കി നടക്കണ്ടേ, സാരല്യ…

 ചളി പിടിച്ച കൈ കൊണ്ട് കുട തപ്പി എടുത്തു. വയലിലെ ചളിയുടെ മണം ഇത്രയും നന്നായി ഇതിനു മുമ്പ് അറിഞ്ഞിരുന്നില്ല.
കുട ഞാൻ പിടിക്കാം. ആ വെള്ളത്തിൽ കൈ കഴുക് അഛൻ കൈ നീട്ടിക്കൊണ്ട് പറഞ്ഞു.
ഞാൻ താഴെയിരുന്ന് വരമ്പ് മുറിഞ്ഞ് പോകുന്ന വെള്ളത്തിൽ കൈകൾ മുക്കി. കൂട്ടി തിരുമ്മി. പക്ഷെ മണം മാത്രം പോയില്ല. വീട്ടിലെത്തിയിട്ടും കൈയിലെ മണം ബാക്കിനിന്നു.
  ഇപ്പോഴും ആ മണം ഓർത്തെടുക്കാൻ കഴിയും അല്ലേ? നിധിക ചോദിച്ചു. 
  ചില അനുഭവങ്ങൾ അങ്ങനെയാണ് എത്രകാലം കഴിഞ്ഞാലും ഓർമ്മയിൽ തെളിഞ്ഞു നിൽക്കും. ഇനി രണ്ടു പേർക്കുമുള്ള ചുമതല പറയാം.

നിങ്ങളുടെ മഴയനുഭവം എഴുതണം. അത് അങ്ങ് കേരളത്തിലെ ആയാലും ഇങ്ങ് ഇംഗ്ലണ്ടിലെ ആയാലും കുഴപ്പമില്ല. പഞ്ചേന്ദ്രിയാനുഭവങ്ങൾ ഉണ്ടാവണം എന്ന് മാത്രം.
 എന്നാ എഴുതുകയല്ലേ…

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ

0 Comments

Leave a Comment

FOLLOW US