കവിത രചിച്ചു പഠിക്കാം – വാക്കുകളുടെ നക്ഷത്രങ്ങൾ

(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)


വാ
ക്കിനെ മിനുക്കി മിനുക്കി പുതിയ കവിതകൾ എഴുതി നോക്കിയോ. വാക്കിന്റെ ചിറകിൽ കരുത്തു കൊരുത്ത് വാക്കിനെ കൂടു തുറന്നു വിട്ടുവോ. 
രണ്ടു വാക്കുകൾ ചേരുമ്പോൾ മൂന്നാമതൊരു വാക്കല്ല നക്ഷത്രമാണ് ഉണ്ടാകുന്നത് എന്നത് പ്രസിദ്ധം. കവിതയിൽ സംഭവിക്കുന്നത് അതാണ്. അഥവാ സംഭവിക്കേണ്ടത് അതാണ്.

കവിതയിലെ ഭാഷ വ്യത്യസ്തമാണ്. മഴത്തുള്ളിയും ബക്കറ്റിലെ വെള്ളവും പോലെ. കവിതയെ കവിതയാക്കുന്നത് അതിലുപയോഗിക്കുന്ന ഭാഷയാണ്. best words in best order ആണ് കവിതാ ഭാഷയെന്ന് പറയാറുണ്ട്. അതു വെറും വാക്കുകളല്ല. അർത്ഥസമ്പുഷ്ടമായ വാക്കുകളുടെ മനോഹരമായ ചേരുവ. നമുക്ക് ഉദാഹരണങ്ങളിലേക്ക് പോകാം. മലയാളത്തിലെ ജനകീയ കാവ്യം രമണൻ തുടങ്ങുന്നത് നോക്കുക.

മലരണിക്കാടുകൾ തിങ്ങിവിങ്ങി
മരതകകാന്തിയിൽ മുങ്ങി മുങ്ങി
കരളും മിഴിയും കവർന്നു മിന്നി
കറയറ്റൊരാലസൽ ഗ്രാമഭംഗി.

ഇതിൽ വാക്കുകൾ അടുക്കി വെച്ചതിന്റെ മിടുക്കും അതിൽ നിന്നു കിട്ടുന്ന ചിത്രങ്ങളുടെ മിഴിവും ശ്രദ്ധിക്കുക.
മരങ്ങൾ തീർത്ത പച്ചപ്പിന്റെ ഓളത്തിൽ പൂക്കൾ ചൂടിയ കാടിനെ കവി വാക്കുകളിലൂടെ വായനക്കാരന്റെ മനസ്സിലേക്ക് പറിച്ചുനടുന്നു. മരതകം ഒരു രത്നമാണ്. പച്ചനിറത്തിലുള്ള രത്‌നം. അടുത്ത വാക്ക് കാന്തി. അതായത് ശോഭ. ആ രണ്ടു വാക്കുകൾ ചേർത്തു വെച്ചപ്പോൾ എന്താണുണ്ടായത്. പുതിയൊരു ലോകത്തിലേക്ക് പ്രവേശിക്കുവാനുള്ള വാതിൽ തുറന്നുതരുന്നു. ആ രണ്ടു വാക്കുകളിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ലോകം.
 
കൂരിരുട്ടിനേയും കിടാത്തിയേയും കൂട്ടിക്കെട്ടി കൂരിരുട്ടിന്റെ കിടാത്തിയെന്ന് വൈലോപ്പിള്ളി പറഞ്ഞപ്പോൾ നമുക്കു കാക്കയെ കിട്ടി.
വീണു കിടക്കുന്ന ഒരു പൂവ് കുമാരനാശാൻ കയ്യിലെടുത്തപ്പോൾ ആ വീണപൂവ് മനുഷ്യ ജീവിതമായി മാറി.
വാക്കുകൾ കൂട്ടിച്ചേർത്തു കൂട്ടിച്ചേർത്താണ് വാങ്മയ ചിത്രങ്ങൾ സൃഷ്ടിക്കുന്നത്. 

ചിങ്ങത്തിലാകാശപ്പൂവിരിഞ്ഞു.
എങ്ങും നിലാവിന്റെ പാലൊഴുകി.

 
ഇതു വായിക്കുമ്പോൾ ആകാശത്തിൽ വിരിഞ്ഞ പൂവ് പൗർണമിത്തിങ്കളായി നമ്മെ നോക്കി ചിരിക്കുന്നില്ലേ.
 
എഴുത്തച്ഛന്റെ പ്രസിദ്ധമായ

 
നിറന്ന പീലികള്‍ നിരക്കവേ കുത്തി
നെറുകയില്‍ക്കൂട്ടിത്തിറമൊടു കെട്ടി
കരിമുകിലൊത്ത ചികുരഭാരവും
മണികള്‍ മിന്നിടും മണിക്കിരീടവും
കുനുകുനെ ചിന്നും കുറുനിര തന്മേല്‍
നനുനനെപ്പൊടിഞ്ഞൊരു പൊടിപറ്റി
ത്തിലകവുമൊട്ടു വിയര്‍പ്പിനാല്‍ നന-
ഞ്ഞുലകു സൃഷ്ടിച്ചു ഭരിച്ചു സംഹരി-
ച്ചിളകുന്ന ചില്ലീയുഗള ഭംഗിയും
 

എന്നു തുടങ്ങുന്ന വരികളിൽ ശ്രീകൃഷ്ണനെ നേർമുന്നിൽ കൊണ്ടുവന്നു നിർത്തുന്നില്ലേ. ഇതുപോലെയുള്ള ചിത്രങ്ങൾ ഓർമയിൽ വരുന്നത് ഒന്ന് എഴുതി നോക്കൂ. കവികൾ എഴുതി വെച്ചത് ഒന്നു കണ്ടുപിടിച്ചാലോ.
നമുക്കും വരച്ചു കൂടെ ചില വാങ്‌മയ ചിത്രങ്ങൾ. മഴ പെയ്തു പെയ്ത് മുറ്റവും പറമ്പും പാടവും തോടും എല്ലാം ഒന്നായിത്തീർന്ന ചിത്രം ഒന്നു വരച്ചു നോക്കിയാലോ.
വാക്കുകൾ നമുക്കു കൂട്ടിനുണ്ടല്ലോ.
മാമ്പഴത്തിലെ 

വാക്കുകൾ കൂട്ടിച്ചൊല്ലാൻ
വയ്യാത്ത കിടാങ്ങളേ
ദീർഘദർശനം ചെയ്യും
ദൈവജ്ഞരല്ലോ നിങ്ങൾ
 
എന്നതിന്റെ ചുവടു പിടിച്ച്

വാക്കുകൾ കൂട്ടിച്ചേർക്കാൻ
കെൽപ്പുള്ള കവികളേ
നക്ഷത്രം വിടർത്തുന്ന
മാന്ത്രികരല്ലോ നിങ്ങൾ
 
എന്ന് ഉറക്കെ വിളിച്ചു പറയാം.

 

എടപ്പാൾ സി.സുബ്രഹ്മണ്യൻ

0 Comments

Leave a Comment

FOLLOW US