ഇളംവെയിൽ
പടരുന്നോരിളം വെയിൽ പകരമായ് തന്നൊരീ
പകലിന്റെ ഓർമ്മതൻ മണി കിലുക്കം
ചിരിച്ചോടുന്നരുവിയിൽ ചിതറുന്ന തുള്ളികൾ
ഒരു നേർത്ത സംഗീതമാലപിച്ചൂ
ഇളംകാറ്റിലിളകുന്ന തളിരിട്ട ചെടികളിൽ
ആനന്ദമേകുന്നീ പൂത്തുമ്പികൾ
വിടരുന്ന പൂക്കളിൽ വിതറുന്ന തേൻകണം
നുകരുവാൻ വന്നെത്തീ പൂമ്പാറ്റകൾ
സ്വർണ്ണ വർണ്ണം പൂണ്ട കതിരുകൾ കൊത്തുവാൻ
ചെഞ്ചുണ്ടിൻ ചേലോടെ കളി തത്തമ്മ
പാറുന്ന തുമ്പികൾക്കിടയിലൂടാ വഴി
ഓടിയണച്ചൊരാ കുഞ്ഞു ബാല്യം
ആകാശ വീഥിയിൽ പാറി പറക്കുന്ന
ചെമ്പരുന്തിൻ സ്വരം കാതിൽ വീഴ്കെ
ദൂരെയാ മുറ്റത്തു ഓടി കളിക്കുന്ന
കിങ്ങിണി കോഴികൾ ചിതറിയോടി
അമ്മതൻ ചിറകിന്റെ കീഴിൽ പതുങ്ങി
അരുമയോടങ്ങിനെ കുഞ്ഞു കോഴി
ആടിയുലയുന്ന തെങ്ങോല ചന്തവും
തുമ്പിലുലയുന്ന കൊച്ചു കുരുവിയും
കൊയ്യുന്ന പണിയാളർ പാടുന്നോരീരടി
കാതിന്നു കുളിരേകും കാലമല്ലേ
ഇടവഴിയിൽ പൊഴിയുന്ന പൂക്കൾ പെറുക്കുവാൻ
ഏറെ കൊതിച്ചൊരാ നാളുകളും
കഥനങ്ങളില്ലാത്ത കാലത്തു നാമെല്ലാം
ഒരുമിച്ചു പങ്കിട്ട പുണ്യമല്ലേ
പതിയെയാ വെയിൽ നാളം തിരികെ മടങ്ങി
ദൂരെയാ കടലിൽ ആഴ്ന്നു പോകെ
ഒരുവേള പുഞ്ചിരി പൂണ്ടൊരാ ചുണ്ടുകൾ
വിറയോടെ വിതുമ്പി കരയുന്നു
വിജനമാമീവഴി ഇനിയും വരുമോ നീ
ആ നല്ല കാലത്തിൻ മധുരം തേടി
ശ്രീജ ഗോപാൽ
മലയാളം മിഷൻ
ബെസ്താൻ, സൂറത്ത്
ഗുജറാത്ത്