വീനസും വെനീറയും!
സൂര്യൻ കഴിഞ്ഞാൽ സൗരയൂഥത്തിൽ ഏറ്റവും ചൂടുള്ള ഇടം. സൾഫ്യൂരിക് ആസിഡ് ഉള്ള മേഘങ്ങൾ. മിന്നലുകളും ഇടിമുഴക്കങ്ങളും. ഇടയ്ക്ക് ഈ മേഘങ്ങളിൽനിന്ന് മഴ പെയ്യും. താഴേക്കെത്തുന്നതിനു മുന്നേതന്നെ ചൂട് കാരണം ബാഷ്പീകരിച്ചുപോവും. മർദ്ദമാണേൽ പറയുകയും വേണ്ട. ഭൂമിയിലുള്ളതിന്റെ ഏതാണ്ട് നൂറ് ഇരട്ടിയോളം മര്‍ദ്ദം. നമ്മളെയൊക്കെ ഞെരുക്കിക്കൊല്ലാൻ അത് ധാരാളം മതി. അന്തരീക്ഷത്തില്‍ ഏതാണ്ട് മുഴുവനും കാർബൺ ഡയോക്സൈഡും! അങ്ങനെയുള്ള ഒരു ഗ്രഹമാണ് ശുക്രൻ.
ബോക്സ്: (ഏറ്റവും ചൂടുള്ള ഗ്രഹം ഏതാണെന്നു ചോദിക്കാറുണ്ട്. സൂര്യനോട് ഏറ്റവും അടുത്തു കിടക്കുന്ന ഗ്രഹത്തിലാവും ഏറ്റവും ചൂട് എന്നാവും നമ്മുടെ ധാരണ. പക്ഷേ ഏറ്റവും ചൂട് ബുധനിലല്ല. മറിച്ച് ശുക്രനിലാണ്. ശുക്രനിലെ കാർബൺ ഡയോക്സൈഡ് അന്തരീക്ഷമാണ് അതിനു കാരണം. ശുക്രനിലേക്കു വീഴുന്ന സൗരോര്‍ജ്ജത്തെ പ്രതിഫലിപ്പിച്ചുകളയാതെ അവിടെത്തന്നെ തടഞ്ഞുവയ്ക്കാൻ കാര്‍ബൺ ഡയോക്സൈഡു നിറഞ്ഞ അന്തരീക്ഷത്തിനാവും എന്നതാണു കാരണം.)
ഭൂമിയിൽനിന്ന് നോക്കിയാൽ ഏറ്റവും പ്രകാശത്തോടെ കാണാവുന്ന ഗ്രഹമാണ് നമ്മുടെ ഈ ശുക്രൻ. അതുകൊണ്ടുതന്നെ ശുക്രനിലേക്ക് കുറച്ചു പേടകങ്ങളെ അയയ്ക്കാൻ ശാസ്ത്രജ്ഞർക്ക് വലിയ താത്പര്യമായിരുന്നു. ഏറെ വർഷങ്ങൾക്കു മുന്നേതന്നെ അതിനുള്ള ശ്രമവും നമ്മൾ തുടങ്ങി. ഏറെ വർഷങ്ങൾ എന്നു പറഞ്ഞാൽ ഏതാണ്ട് നാലു പതിറ്റാണ്ടു മുന്നേതന്നെ!
വെനീറ എന്നു പേരിട്ട ഒരു പദ്ധതിയുമായിട്ടാണ് പഴയ സോവിയറ്റ് യൂണിയൻ ഇതിനു മുന്നിട്ടിറങ്ങിയത്. 1961 മുതൽ 1984വരെ നീണ്ട വലിയൊരു പദ്ധതിയായിരുന്നു ഇത്. നിരവധി പേടകങ്ങളാണ് ഇക്കാലയളവിൽ സോവിയറ്റ് യൂണിയൻ ശുക്രനിലേക്ക് അയച്ചത്.
വെനീറയുടെ ഈ കഥ തുടങ്ങുന്നത് 1961ലാണ്. ഫെബ്രുവരി 4ന് വിക്ഷേപിച്ച ആദ്യപേടകം പക്ഷേ ഭൂമിയുടെ ഓർബിറ്റ് വിട്ട് പുറത്തേക്കുപോയില്ല. അങ്ങനെ പരാജയം നുണഞ്ഞാണ് വെനീറ പദ്ധതി ആരംഭിക്കുന്നത്. വെനീറ 1VA എന്നായിരുന്നു ഈ ആദ്യ പേടകത്തിന്റെ പേര്.
ഏതാനും ദിവസങ്ങൾക്കുശേഷം ഫെബ്രുവരി 12ന് അടുത്ത പേടകവും സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചു. അതായിരുന്നു വെനീറ 1. ഏഴു ദിവസത്തിനുശേഷം വെനീറ 1 മായുള്ള ബന്ധം തകരാറിലായി. അതോടെ ആ പേടകവും സോവിയറ്റ് യൂണിയന് നഷ്ടപ്പെട്ടു. എന്നിരുന്നാലും ശുക്രന് ഒരുലക്ഷം കിലോമീറ്റർ അകലേക്കൂടി ഈ പേടകം കടന്നുപോയതായി കരുതപ്പെടുന്നു.
വെനീറ സീരീസിലെ അടുത്ത വിക്ഷേപണത്തിനായി നാല് വർഷങ്ങൾകൂടി കാത്തിരിക്കേണ്ടിവന്നു. 1965 നവംബർ 12ന് വെനീറ 2 വിക്ഷേപിക്കപ്പെട്ടു. ക്യാമറയും മറ്റ് ശാസ്ത്രനിരീക്ഷണ ഉപകരണങ്ങളും ഇതിലുണ്ടായിരുന്നു. വിക്ഷേപണം വിജയമായിരുന്നു. ഭൂമിയുടെ ഓര്‍ബിറ്റും വിട്ട് വെനീറ 2 ശുക്രനിലേക്കു യാത്രയായി. മൂന്നര മാസത്തിനുശേഷം(1966 ഫെബ്രുവരി 27) എല്ലാ പ്രതീക്ഷയും പേറി വെനീറ 2 ശുക്രന്റെ അടുത്തെത്തി. അതും വെറും 23510കിലോമീറ്റര്‍ മാത്രം അകലെ. ശുക്രനിലിറങ്ങുക വെനീറ 2ന്റെ ലക്ഷ്യമല്ലായിരുന്നു. അടുത്തുകൂടെ ഒന്ന് പറന്ന് കുറെ ഫോട്ടോകൾ എടുക്കുക. കുറെ ഡാറ്റ ശേഖരിക്കുക. അവ ഭൂമിയിലേക്ക് അയയ്ക്കുക. പക്ഷേ ഈ പ്രതീക്ഷ കാത്തുസൂക്ഷിക്കാൻ വെനീറ 2നു കഴിഞ്ഞില്ല. വെനീറയിലെ ഉപകരണങ്ങൾ ശേഖരിച്ചു എന്നു കരുതപ്പെടുന്ന ഡാറ്റ ഭൂമിയിലേക്ക് അയയ്ക്കുന്നതിനു മുന്നേ വെനീറയുമായിട്ടുള്ള എല്ലാ റേഡിയോ ബന്ധവും തകരാറിലായി.
വെനീറ 2 വിക്ഷേപിച്ച് ഏതാനും ദിവസങ്ങൾക്കുശേഷം, നവംബർ 16ന് വെനീറ 3 എന്ന പേടകവും സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചിരുന്നു. ശുക്രനിൽ ഇറങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഈ പേടകം നിർമ്മിച്ചത്. ശുക്രന് അടുത്തെത്തിയതോടെ, 1966 ഫെബ്രുവരി 15ന് പേടകവുമായുള്ള ബന്ധം തകരാറിലായി. 1966 മാര്‍ച്ച് 1ന് ശുക്രന്റെ ഉപരിതലത്തിൽ ഈ പേടകം ഇടിച്ചിറങ്ങി. ഭൂമിക്കു പുറത്ത് മറ്റൊരു ഗ്രഹത്തിൽ ഒരു മനുഷ്യനിർമ്മിതവസ്തു ആദ്യമായി തൊട്ട നിമിഷം. വെനീറ 3 ഇന്ന് ഓർമ്മിക്കപ്പെടുന്നത് അങ്ങനെയാണ്.
പരാജയങ്ങളില്‍ മനസ്സുമടുക്കാതെ വെനീറ 4 തൊട്ടടുത്ത വർഷം ജൂണിൽ ശുക്രനിലേക്കുള്ള യാത്ര ആരംഭിച്ചു. പകുതി വിജയമായിരുന്നു ഈ യാത്ര. ശുക്രന്റെ അന്തരീക്ഷത്തെക്കുറിച്ചുള്ള വിവരങ്ങൾ തരാൻ വെനീറ 4നു കഴിഞ്ഞു. മറ്റൊരു ഗ്രഹത്തിലെ അന്തരീക്ഷത്തെ അവിടെച്ചെന്നു പഠിച്ച ആദ്യ പേടകം എന്ന ഖ്യാതി വെനീറ 4ന് അവകാശപ്പെട്ടതാണ്. എന്നാൽ ശുക്രനിൽ സുരക്ഷിതമായി ഇറങ്ങുക എന്ന ആഗ്രഹം നടത്തിക്കൊടുക്കാൻ വെനീറ 4നും കഴിഞ്ഞില്ല.
1969ല്‍ വിക്ഷേപിക്കപ്പെട്ട വെനീറ5 ഉം വെനീറ 6 ഉം ശുക്രനെക്കുറിച്ചുള്ള വിവരങ്ങൾ തന്നു. എന്നാൽ ഇവയ്ക്കും സുരക്ഷിതമായി ശുക്രനിൽ ഇറങ്ങാൻ കഴിഞ്ഞില്ല.
1970 ആഗസ്റ്റ് 17. സോവിയറ്റ് റഷ്യയിലെ ബൈക്കനൂരിൽനിന്ന് വെനീറ 7 എന്ന പേടകം ശുക്രനെ ലക്ഷ്യമാക്കി കുതിച്ചുയര്‍ന്നു. തന്റെ മുൻഗാമികൾ പരാജയപ്പെട്ട ലക്ഷ്യത്തിലേക്കാണ് യാത്ര. ഡിസംബർ 15ന് വെനീറ 7 ശുക്രന്റെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ചു. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പാരച്യൂട്ടുകളും മറ്റും കൃത്യസമയത്ത് പ്രവർത്തിച്ചിട്ടുണ്ട്. സുരക്ഷിതമായി ശുക്രനിലിറങ്ങി എന്ന വിവരം മാത്രം കിട്ടിയാൽ മതി. പക്ഷേ ഏറെ നേരം കഴിഞ്ഞിട്ടും വിവരമൊന്നും കിട്ടുന്നില്ല. വെനീറ 7 എന്തായാലും ശുക്രന്റെ ഉപരിതലത്തിൽ എത്തിയിട്ടുണ്ട് എന്നത് ഉറപ്പാണ്. ഭാഗ്യത്തിന് വെനീറ 7 ശുക്രന്റെ ഉപരിതലത്തിൽ പതിച്ചിട്ടും അതിലെ ടേപ്പ്റെക്കോർഡറുകൾ പിന്നെയും ഇരുപതു മിനിറ്റോളം പ്രവര്‍ത്തിച്ചിരുന്നു. വെനീറ 7ല്‍നിന്നുള്ള ഡാറ്റയെ വിശകലനം ചെയ്ത് ഏതാനും ആഴ്ചകൾക്കുശേഷമാണ് അക്കാര്യം ബോധ്യമായത്. ശുക്രന്റെ ഉപരിതലത്തിൽനിന്നുള്ള ഡാറ്റ അങ്ങനെ അവസാനം ഭൂമിയില്‍ എത്തിയിരിക്കുന്നു. ഒരു മനുഷ്യനിർമ്മിതപേടകം മറ്റൊരു ഗ്രഹത്തിൽ സുരക്ഷിതമായി ഇറങ്ങിയിരിക്കുന്നു. അതും ചൂടും മർദ്ദവും നിറഞ്ഞ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച്!
പിന്നീടുള്ള വെനീറ പേടകങ്ങളെല്ലാം നിരവധി വിവരങ്ങളാണ് നമുക്കു തന്നത്. 1972ല്‍ വെനീറ 8 ശുക്രനിൽ ഇറങ്ങി. ഒരു മണിക്കൂറോളം നേരം അവിടെനിന്നുള്ള വിവരം ഭൂമിയിലേക്ക് അയയ്ക്കാൻ വെനീറ 8ലെ ഉപകരണത്തിനായി. 1975ല്‍ അയച്ച വെനീറ 9 ശുക്രന്റെ ഉപരിതലത്തിൽനിന്നുള്ള ആദ്യചിത്രം ഭൂമിയിലെത്തിച്ചു. 1983ല്‍ അയച്ച വെനീറ 15 ശുക്രന്റെ റഡാർ മാപ്പിങ് നടത്തിയാണ് തന്റെ വിജയമാഘോഷിച്ചത്.
അടങ്ങാത്ത ശാസ്ത്രാഭിനിവേശവും അമേരിക്കയുമായുളള ശീതസമരവുമാണ് ശുക്രനിലേക്ക് ഇത്രയധികം പേടകങ്ങൾ അയയ്ക്കാൻ സോവിയറ്റ് യൂണിയനെ പ്രേരിപ്പിച്ചത്. ശാസ്ത്രലോകത്തിന് വിലപ്പെട്ട വിവരങ്ങൾ തരാൻ ഈ ദൗത്യങ്ങൾക്കു കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനം.
(ഇനി ഏതാനും വർഷങ്ങൾക്കുശേഷം 2026ലോ 2031ലോ വെനീറ-ഡി എന്നൊരു പദ്ധതി റഷ്യ ലക്ഷ്യമിടുന്നുണ്ട്. അമേരിക്കയുടെകൂടി സഹകരണത്തോടെ ശുക്രനെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ഒരുങ്ങുകയാണ് വെനീറ-ഡി. )
നവനീത് കൃഷ്ണൻ എസ്