അധ്യാപകരോട്

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഡിപിഇപി കാലഘട്ടം മുതല്‍ നടന്നുവരുന്ന പഠനപ്രക്രിയ എത്രമാത്രം വിജയിച്ചു എന്നതിന്‍റെ നേര്‍സാക്ഷ്യമാണ് ഈ കോവിഡ് കാലഘട്ടത്തില്‍ ജൂണ്‍ ഒന്നുമുതല്‍ വിക്ടേഴ്സ് ചാനലിലൂടെ നടന്നുവരുന്ന ഓണ്‍ലൈന്‍ക്ലാസുകളും അതിന്‍റെ പ്രചരണവും. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്‍റെ മികവ് സാധാരണക്കാരന്‍റെ മക്കളിലേക്ക് എത്തിയതിന് തെളിവായിരുന്നു ഓരോ വര്‍ഷവും പൊതു വിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്ടികളുടെ കണക്ക്. അപ്പോഴൊക്കെ ഇത് പലരും കണ്ടില്ലെന്നു നടിച്ചു. പ്രസിദ്ധ നടനും സംവിധായകനുമായ ശ്രീനിവാസന്‍ പോലും കളിയാക്കി ഇംഗ്ലീഷ് മീഡിയം എന്ന സിനിമ എടുത്തു. ചില കുത്തക പത്രമാധ്യമങ്ങള്‍ ഈ പഠന പ്രക്രിയയില്‍ ഇല്ലാത്ത കുറ്റങ്ങള്‍ കണ്ടെത്തി. അധ്യാപികരുടെ പ്രവര്‍ത്തനങ്ങളെ കളിയാക്കി.

നല്ല രീതിയിലുള്ള ഒരു പ്രചരണവും കൊടുത്തില്ല എന്ന് മാത്രമല്ല പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. യാതൊരു താല്പര്യവും ഇല്ലാതെ വിരസമായ രീതിയില്‍, കാലികമായ ഒരു പരിശീലനവും ലഭിക്കാതെ അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ നടക്കുന്ന പഠിപ്പിക്കലാണ് മഹത്തരം എന്ന പ്രചരണം നടത്തി. പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പല അധ്യാപകരും തങ്ങളുടെ കുട്ടികളെ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ പഠിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ കാണുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ കുട്ടികള്‍ അറിവുകള്‍ ഉല്‍പാദിപ്പിക്കുന്നതും. ആടിയും പാടിയും കണ്ടുംകേട്ടും നിരീക്ഷിച്ചും നിഗമനങ്ങളില്‍ എത്തിച്ചേരുന്നതും നമ്മള്‍ കണ്ടു. കുട്ടികള്‍ അറിവിന്‍റെ നിര്‍മ്മാതാക്കള്‍ ആയി മാറി. ബഹുഭൂരിപക്ഷം വരുന്ന അധ്യാപകരുടെ അര്‍പ്പണ മനോഭാവമാണ് ഈ വിജയത്തിന് പിന്നില്‍. ഇതുവരെ പൊതുവിദ്യാലയങ്ങളിലെ ഈ മികവിന് വേണ്ടത്ര പ്രചരണം ലഭിച്ചില്ല. ഇപ്പോള്‍ ദൃശ്യമാധ്യമങ്ങളില്‍ ഏതാനും മോഡല്‍ ക്ലാസുകള്‍ കണ്ടപ്പോഴാണ് എത്ര മനോഹരമായിട്ടാണ് പൊതുവിദ്യാലയങ്ങളില്‍ ക്ലാസുകള്‍ നടക്കുന്നത് എന്ന് വിമര്‍ശകര്‍ പോലും മനസ്സിലാക്കിയത്. എന്തായാലും ഇപ്പോഴെങ്കിലും മാധ്യമങ്ങള്‍ ഉള്‍പ്പടെ ഇതിന് പ്രചരണം നല്‍കിയത് സ്വാഗതാര്‍ഹമാണ്.

പ്രവാസികളുടെ മാതൃഭാഷാ പഠനത്തിനായി നിലകൊള്ളുന്ന മലയാളം മിഷനും ഈ കോവിഡ് കാലത്ത് വാട്സ്ആപ്പ്, സൂം, മുതലായ ആപ്പുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിവരുന്നു. വലിയ സ്വീകരണമാണ് ഇതിനു ലഭിച്ചത്. കേരളത്തിന് പുറത്തുള്ള 20 സംസ്ഥാനങ്ങളിലും മുപ്പതിലധികം വരുന്ന ലോക രാജ്യങ്ങളിലുമായി 33,000 പഠിതാക്കള്‍ കണിക്കൊന്ന സൂര്യകാന്തി ആമ്പല്‍ നീലക്കുറിഞ്ഞി എന്നീ കോഴ്സുകളില്‍ മാതൃഭാഷാ പഠനം നടത്തുന്നുണ്ട് എന്ന വിവരം എത്രപേര്‍ക്കറിയാം? വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള പ്രവാസി സംഘടനകളും വിവിധ മലയാളി അസോസിയേഷനുകളുമായി സഹകരിച്ചാണ് സാംസ്ക്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ പഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.

അധ്യാപക പരിശീലനങ്ങളും, മൂല്യനിര്‍ണയത്തിന് വേണ്ടിയുള്ള പഠനോത്സവങ്ങളും വളരെ ഫലപ്രദമായി നടത്തിവന്നിരുന്ന സമയത്താണ് കോവിഡ് 19 പിടിമുറുക്കിയത്. പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ പഠനപ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ വീടുകളില്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ മലയാളം മിഷന്‍ വ്യാപൃതരാവുകയും അതില്‍ വിജയിക്കുകയും ചെയ്തു. കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ക്ലാസ് മുറികളില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനാധിഷ്ഠിത പഠനരീതി തന്നെയാണ് മലയാളം മിഷനും അവലംബിക്കുന്നത്. കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന് നേതൃത്വം കൊടുത്ത വിദഗ്ധ അധ്യാപകര്‍ തന്നെയാണ് മലയാളം മിഷനിലെ പാഠ്യപദ്ധതി, സമീപനരേഖ എന്നിവ പരിഷ്ക്കരിക്കാന്‍ റിസോഴ്സ് പേഴ്സണ്‍സ്മാരായി സേവനം അനുഷ്ഠിക്കുന്നത്. ഏതൊരു പ്രതിഫലവും ആഗ്രഹിക്കാതെ മാതൃഭാഷയോടുള്ള സ്നേഹം കൊണ്ടുമാത്രം ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ മലയാളം മിഷന്‍ അധ്യാപകരായി സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് മലയാളം മിഷന്‍റെ സന്ദേശം (എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം) എത്തിക്കാന്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നത്.

കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ഞങ്ങള്‍ക്ക് വഴികാട്ടിയാണ്. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സൂചിപ്പിച്ചതുപോലെ മലയാളികളുടെ മാതൃഭൂമിയായ കേരളം നവീന വിദ്യാഭ്യാസ മാതൃകകളുടെ ഹബ്ബായി സമീപഭാവിയില്‍ തന്നെ മാറ്റിയെടുക്കാനും നമുക്ക് സാധിക്കും എന്ന് പ്രത്യാശിക്കുന്നു.

 

എം. സേതുമാധവന്‍, രജിസ്ട്രാര്‍, മലയാളം മിഷന്‍

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content