കേരളത്തിലെ മഴക്കാലങ്ങൾ

“അമ്മേ വരൂ വരൂ വെക്കം വെളിയിലേ-
ക്കല്ലെങ്കിലിമ്മഴ തോർന്നുപോമേ;
എന്തൊരാഹ്ലാദമാ മുറ്റത്തടിക്കടി
പൊന്തുന്ന വെള്ളത്തിൽ തത്തിച്ചാടാൻ”

മഴവെള്ളത്തിൽ എന്ന കവിതയിൽ പ്രശസ്ത കവയിത്രി ബാലാമണിയമ്മ മഴ കാണുമ്പോഴുള്ള ഒരു കൊച്ചു കുട്ടിയുടെ കൗതുകവും ആഹ്ലാദവും എത്ര മനോഹരമായാണ് വർണ്ണിച്ചിരിക്കുന്നത്! ചന്നം പിന്നം പെയ്യുന്ന മഴയിൽ കുടയും ചൂടി, പുസ്തക സഞ്ചിയുമായി കൂട്ടുകാരോടൊപ്പം വിദ്യാലയത്തിലേക്ക് പോവുന്നത് ഓർക്കാൻ തന്നെ എന്തു രസമാണല്ലേ?

“കൊട്ടിപ്പാടുന്നൂ മഴ!
നടവരമ്പത്തൊരു
കുട്ടിയുണ്ടതിൻ കൈയിൽ
പുസ്തകം,പൊതിച്ചോറും
കുടയായൊരു തൂശനിലയും
അതു കൊത്തിക്കുടയുന്നുവോ
മഴക്കാറ്റിന്റെ കാക്കക്കൂട്ടം.”

എന്നാണ് പ്രശസ്ത കവി ഒ.എൻ.വി. കുറുപ്പ് എഴുതിയിരിക്കുന്നത്.

കോവിഡ് കാലത്ത് എല്ലാവരും തൽക്കാലം വീട്ടിലിരുന്നാണ് പഠനമെങ്കിലും കാലവർഷം കൃത്യസമയത്തു തന്നെ കേരളത്തിൽ എത്തിക്കഴിഞ്ഞു. ഈ മഴയെ ഇടവപ്പാതിയെന്നും വിളിക്കും കേട്ടോ. ജൂൺ മുതൽ സെപ്റ്റംബർ വരെ ലഭിക്കുന്ന ഈ മഴ തെക്കുപടിഞ്ഞാറൻ മൺസൂൺ എന്നാണറിയപ്പെടുന്നത്. നമുക്കു കിട്ടുന്ന മഴയുടെ 70 ശതമാനവും തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്താണ് ലഭിക്കുന്നത്. കേരളത്തിനു മറ്റൊരു മഴക്കാലം കൂടിയുണ്ട്. അതാണ് തുലാവർഷം എന്നറിയപ്പെടുന്ന വടക്കു കിഴക്കൻ മൺസൂൺ. പിന്നെ വേനലിൽ ഒരു കുളിരായി വിരുന്നിനെത്തുന്ന വേനൽ മഴയുമുണ്ട് കേട്ടോ. നമ്മുടെ കാലാവസ്ഥ, കാർഷിക രംഗം, ജലസമ്പത്ത്, സമ്പദ് വ്യവസ്ഥ എന്നിവയെ ഒക്കെ കാര്യമായി സ്വാധീനിക്കുന്നുണ്ട് മഴക്കാലങ്ങൾ. സൂര്യതാപത്താൽ ജലാശയങ്ങളിലെയും മണ്ണിലെയുമൊക്കെ ജലം നീരാവിയായി മുകളിലേക്കുയർന്ന് തണുത്ത് ജല കണികകൾ ആവുന്നു എന്നും ഈ ജല കണികകൾ ചേർന്ന് മേഘങ്ങൾ രൂപം കൊള്ളുന്നു എന്നും മേഘങ്ങൾ ഘനീഭവിച്ച് മഴയായി പെയ്യുന്നുവെന്നും ചെറിയ ക്ലാസ്സുകളിൽ പഠിച്ചിട്ടുണ്ടാവും.

മൺസൂൺ എന്ന വാക്ക് എവിടെ നിന്നാണ് വന്നതെന്നറിയാമോ? ഋതുക്കൾ എന്നർത്ഥം വരുന്ന മൗസിം എന്ന അറബി വാക്കിൽ നിന്നാണ് മൺസൂൺ എന്ന വാക്കിന്റെ വരവ്. പണ്ട് വ്യാപാരാവശ്യത്തിനായി കടലിലൂടെ യാത്ര ചെയ്തിരുന്ന നാവികർ കാറ്റിന്റെ ഗതി സൂക്ഷ്മമായി നിരീക്ഷിക്കുകയും അതവരുടെ യാത്രകൾക്ക് ഏറെ സഹായകമാവുകയും ചെയ്തിരുന്നു. ഒരു വർഷത്തിന്റെ ഏകദേശം പാതി കാലം തെക്കുപടിഞ്ഞാറു നിന്നും ബാക്കി സമയം വടക്കു കിഴക്കു നിന്നും ഇന്ത്യയുടെ തീരങ്ങളിൽ കാലികമായി എതിദിശകളിൽ മാറിമാറി വീശുന്ന കാറ്റാണ് മൺസൂൺ. കാറ്റിന്റെ ഗതിയിൽ മാറ്റമുണ്ടാക്കുന്ന പ്രതിഭാസം കോറിയോലിസ് പ്രഭാവം എന്നാണ് അറിയപ്പെടുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ അറബിക്കടൽ ശാഖയാണ് ജൂൺ ആദ്യം തന്നെ കേരളത്തിലെത്തി കനത്ത മഴ പെയ്യിക്കുന്നത്. മൺസൂണിന്റെ കവാടം എന്നു വിശേഷിപ്പിക്കുന്നത് കേരളത്തെയാണ്. ഇന്ത്യൻ മൺസൂണിനെക്കുറിച്ച് അലക്സാണ്ടർ ഫ്രേറ്റർ രചിച്ച പ്രശസ്തമായ ഗ്രന്ഥമാണ് “ചേസിങ് ദ മൺസൂൺ.”

                                         ആലിപ്പഴം

മഴ നമുക്ക് എന്തൊക്കെ വിസ്മയങ്ങളാണ് സമ്മാനിക്കുന്നത്! ചിലപ്പോൾ നൂലു പോലെയും ചിലപ്പോൾ തുള്ളിക്കൊരുകുടം പോലെയും പെയ്യുന്ന മഴ. രാത്രിമഴയുടെ സംഗീതം കേട്ടുറങ്ങാൻ എന്തു രസമാണല്ലേ? പുതുമഴയുടെ പ്രത്യേക ഗന്ധം, മണ്ണിൽ മുളച്ചു പൊന്തുന്ന പുതു നാമ്പുകൾ, മഴ തീർന്നാലും പെയ്യുന്ന മരങ്ങൾ, നിറയുന്ന തോടും പുഴയും കുളങ്ങളും. അപൂർവ്വ കാഴ്ചയായി ആലിപ്പഴങ്ങൾ. അങ്ങനെ എന്തെല്ലാം! എങ്ങനെയാണ് മാനത്തു നിന്നും ആലിപ്പഴം പൊഴിയുന്നതെന്നറിയാമോ? ഭൂമിയിൽ നിന്ന് മുകളിലേക്കുയരുന്ന ജലബാഷ്പം പെട്ടെന്നു തണുക്കുകയും മുകളിൽ നിന്ന് താഴേക്ക് വരുന്ന നല്ല തണുത്ത വായുവുമായി സമ്പർക്കത്തിൽ വരികയും ചെയ്യുമ്പോൾ ചെറിയ ഐസ് കഷണങ്ങൾ രൂപം കൊള്ളും. ക്രമേണ ഇവയുടെ വലിപ്പം കൂടി താഴേക്ക് പൊഴിയുന്നതാണ് ആലിപ്പഴം എന്നറിയപ്പെടുന്നത്. പുതുമഴ പെയ്യുമ്പോൾ ഒരു പ്രത്യേക ഗന്ധം അനുഭവപ്പെട്ടിട്ടില്ലേ? ഇത് വരുന്നത് മണ്ണിൽ നിന്നാണ് കേട്ടോ. മണ്ണിൽ കാണപ്പെടുന്ന സ്ട്രെപ്റ്റോമൈസസ് ബാക്റ്റീരിയകൾ ഉല്പാദിപ്പിക്കുന്ന ജിയോസ്മിൻ എന്ന രാസവസ്തുവാണ് ഇതിനു പ്രധാന കാരണം. പുതുമഴ പെയ്യുമ്പോൾ മണ്ണിൽ നിന്നുയരുന്ന വായു കുമിളകളിൽ ഈ രാസവസ്തു അടങ്ങിയിരിക്കും. മഴ പ്രകൃതിയുടെ വരദാനമാണെങ്കിലും അതിവൃഷ്ടി ദുരന്തങ്ങളും വിതയ്ക്കാറുണ്ട്. 2018 ലും 2019 ലും പ്രളയം വിതച്ച ദുരന്തങ്ങൾക്ക് കേരളം സാക്ഷിയായി.

മഴയും ഞാറ്റുവേലകളുമായും ബന്ധമുണ്ട്. ഉദാഹരണത്തിന് തിരുവാതിര ഞാറ്റുവേല തന്നെയെടുക്കാം. ‘തിരുവാതിരയിൽ മഴ തിരിമുറിയാതെ’ എന്നു കേട്ടിട്ടില്ലേ? പണ്ട് വാസ്കോഡഗാമയുടെ നേതൃത്വത്തിൽ വന്ന പോർച്ചുഗീസുകാർ നമ്മുടെ കുരുമുളകു വള്ളികൾ പോർച്ചുഗലിലേക്ക് കടത്തിക്കൊണ്ടുപോയപ്പോൾ സാമൂതിരി പറഞ്ഞതാണിത്. “അവർക്ക് കുരുമുളകു വള്ളികളല്ലേ കൊണ്ടുപോവാൻ കഴിയൂ.നമ്മുടെ തിരുവാതിര ഞാറ്റുവേല കടത്തിക്കൊണ്ടുപോവാൻ കഴിയില്ലല്ലോ!” തിരുവാതിര ഞാറ്റുവേലയും കുരുമുളകും തമ്മിലെന്തു ബന്ധം എന്നാണോ ആലോചിക്കുന്നത്? കുരുമുളകു കൃഷിയിൽ നല്ല വിളവു ലഭിക്കാൻ തിരുവാതിര ഞാറ്റുവേലയിൽ പെയ്യുന്ന തിരിമുറിയാത്ത മഴ കൂടിയേ തീരൂ. കാരണം കുരുമുളകിൽ പരാഗണത്തിനു സഹായിക്കുന്നത് മഴയാണ്. കുരുമുളകിനു മാത്രമല്ല പല വിളകൾക്കും അനുയോജ്യമായ ഞാറ്റുവേലയാണ് തിരുവാതിര ഞാറ്റുവേല.

രണ്ടു മഴക്കാലങ്ങളും നാൽപത്തിനാലു നദികളുമൊക്കെയുണ്ടെങ്കിലും വേനലിൽ പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാവാറുണ്ട്. മഴവെള്ളക്കൊയ്ത്തു തന്നെ ഇതിനൊരു നല്ല പ്രതിവിധി. അതിനുള്ള പരമ്പരാഗത മാർഗ്ഗങ്ങൾ നിരവധിയുണ്ട്. മണ്ണിൽ ഇലകൾ കൊണ്ടുള്ള പുതയിടൽ, വൃക്ഷങ്ങൾക്കു ചുറ്റും തടമെടുക്കൽ, കോണ്ടൂർ കൃഷിരീതി, പറമ്പ് തട്ടുകളായി തിരിച്ചുള്ള കൃഷി, വയലുകളിൽ വരമ്പുകൾ നിർമ്മിക്കൽ, ചെറിയ തടയണകളും കയ്യാലകളും കെട്ടൽ, മഴക്കുഴികൾ , മേൽക്കൂരകളിൽ നിന്നുള്ള വെള്ളം മഴവെള്ള സംഭരണികളിൽ ശേഖരിക്കൽ എന്നിവയൊക്കെ അതിനുദാഹരണങ്ങളാണ്. കാസർഗോഡ് ജില്ലയിലെ മലമ്പ്രദേശങ്ങളിൽ മഴവെള്ളം സംഭരിക്കാനായി മലയടിവാരങ്ങളിൽ നിന്ന് ജലസംഭരണികളിലേക്ക് തിരശ്ചീനമായി നിർമ്മിക്കുന്ന തുരങ്കങ്ങൾ സുരംഗങ്ങൾ എന്നാണറിയപ്പെടുന്നത്.

 

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി

0 Comments

Leave a Comment

FOLLOW US