കാരറ്റ് ഐസ്ക്രീം

ലോകം മുഴുവൻ അടച്ചിട്ടിരിക്കല്ലേ അഗ്നിജിത്തിന് വീട്ടിലിരുന്ന് മടുത്തു. ഒറ്റക്ക് കളിച്ചു മടുത്തു. പുസ്തകം വായിക്കാതെ മടുത്തു.  ഭക്ഷണം കഴിച്ച് മടുത്തു. അങ്ങനെ മടുപ്പ് കയറി കയറി മത്തു പിടിച്ച് ഇരിക്കുമ്പോഴാണ് അഗ്നിക്ക് ഐസ്ക്രീം കഴിക്കണമെന്ന ആഗ്രഹം ഉണ്ടായത്. 

പരസ്യത്തിൽ കാണുന്ന പോലെ വലിയ ഒരഐസ്ക്രീമിനു മുന്നിൽ ഇരിക്കുകയാണ്. മധുരമുള്ള മഞ്ഞ് വായിൽ അലി‍ഞ്ഞ് ശരീരം മുഴുവൻ തണുപ്പ് അരിച്ച് ഇറങ്ങി. തണുത്ത മധുരം വായിൽ നിറഞ്ഞ് നാവ് ഒരു മഞ്ഞുമലയിലൂടെ തെന്നി നീങ്ങുന്ന അനുഭവം ഉണ്ടായി. അവൻ അച്ഛനോട് പറഞ്ഞു .

‘ഐസ്ക്രീം വേണം.’
‘മോനെ അതിന് കടകൾ എല്ലാം അടഞ്ഞു കിടക്കുകയല്ലേ? ഇപ്പോൾ എവിടെ നിന്നും കിട്ടുകയില്ല.’

അമ്മയോടു പറഞ്ഞു  എനിക്ക് ഐസ്ക്രീം കഴിക്കാൻ കൊതിയാവുന്നു.

‘അതിനെന്താ കടകൾ തുറക്കട്ടെ. നമുക്ക് ഐസ്ക്രീം പൗഡർ വാങ്ങി ഇവിടെ തന്നെ ഐസ്ക്രീം ഉണ്ടാക്കാലോ.’

അഗ്നിയുടെ മനസ്സിൽ തീ കത്തി.

‘അപ്പോൾ വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കാൻ പറ്റ്വേ?’
‘എന്താ പറ്റാതെ. ഐസ്ക്രീമിൽ വളരെ കുറച്ച് സാധനങ്ങളെ ഉള്ളൂ. പാൽ, പഞ്ചസാര അല്ലെങ്കിൽ മധുരം പിന്നെ അതിനെ ചേർത്തു വയ്ക്കുന്ന ക്രീം. ഐസ്ക്രീം പൗഡർ വാങ്ങാൻ കിട്ടും. എന്നാൽ അതാണ് ഇപ്പോൾ കിട്ടാത്തത്. പല രുചികളിൽ ഐസ്ക്രീം ഉണ്ടല്ലോ ചക്ക,  മാങ്ങ, ചോക്ലേറ്റ്, ഇളനീർ അതെങ്ങനെ? ഓരോ പഴങ്ങളുടെയും രുചി കിട്ടാൻ ആ പഴങ്ങളുടെ സത്ത് ചേർത്താൽ മതി. വാങ്ങുന്ന ഐസ്ക്രീമുകളിൽ രുചി മാത്രമേ ഉണ്ടാവൂ, പഴങ്ങൾ ഉണ്ടാവണമെന്നില്ല.’

അഗ്നി റഫ്രിജറേറ്റർ തുറന്നു നോക്കി. നല്ല ഫ്രഷ് കാരറ്റുകൾ.

‘അമ്മേ ഞാൻ ഐസ്ക്രീം ഉണ്ടാക്കട്ടെ?’
‘എന്ത് ഐസ്ക്രീം?’
‘കാരറ്റ് ഐസ്ക്രീം.’

അഗ്നി കാരറ്റുകൾ എടുത്ത് കഴുകി വൃത്തിയാക്കി. അതിനു മുകളിലെ നേരിയ തൊലി വരണ്ടി കളഞ്ഞു. കാരറ്റ് നേരിയ നൂല് പോലെ ചീകിയെടുത്തു. മിക്സിയിൽ അരച്ചെടുത്തു. ആവശ്യത്തിന് പാലും പഞ്ചസാരയും ചേർത്ത് വീണ്ടും അരച്ച് കുഴമ്പു രൂപത്തിലാക്കി. മൂന്ന് ഏലക്കായ പൊടിച്ച്  ചേർത്തു. കിട്ടിയ കുഴമ്പ് മൂന്ന് ഗ്ലാസ്സുകളിലായി നിറച്ചു. ഓരോന്നിലും ഓരോ ഐസ്ക്രീം സ്റ്റിക് ഇറക്കി വച്ചു. ഗ്ലാസ്സുകൾ ഫ്രീസറിൽ വച്ചു ഫ്രിഡ്ജ് അടച്ചു. അഗ്നി കളിക്കാനായി പോയി. 

വൈകുന്നേരം തുറന്നു നോക്കിയപ്പോൾ മൂന്ന് കാരറ്റ് ഐസ്ക്രീം തയ്യാറായിരിക്കുന്നു. അഗ്നി ഐസ്ക്രീം ഗ്ലാസുകൾ പുറത്തെടുത്തു. അച്ഛനേയും അമ്മയേയും വിളിച്ചു. കാരറ്റ് നിറത്തിലുള്ള കടിച്ച് തിന്നാവുന്ന ഐസ്ക്രീം ബാറുകൾ പുറത്തെടുത്തു. അച്ഛൻെറയും അമ്മയുടെയും കണ്ണുകൾ അത്ഭുതത്താൽ വിടർന്നു. കാരറ്റ് ഐസ്ക്രീം കടിച്ചതോടെ രുചിമേളത്തിൽ ത്രസിച്ചു. ഇനി ഐസ്ക്രീം വാങ്ങുന്ന പ്രശ്നമില്ല. നാം ഉണ്ടാക്കും അച്ഛൻ പറഞ്ഞു.

ഉടനെ അമ്മ തിരുത്തി. നാം അല്ല, അഗ്നി ഉണ്ടാക്കും, നാം കഴിക്കും. എല്ലാവരും ചിരിച്ചു കുഴഞ്ഞ് കാരറ്റ് ഐസ് ബാറിലില്ലാത്ത ക്രീം പരുവത്തിലായി.

ഈ അടച്ചിടൽ കാലം പല പുതിയ പരീക്ഷണങ്ങൾക്കും അവസരമൊരുക്കി. നടപ്പാക്കിയ ഏതെങ്കിലും പരീക്ഷണം കുറിപ്പായി തയ്യാറാക്കുക. രക്ഷിതാക്കളെ കാണിച്ച് മികച്ചതെന്നു തോന്നിയാൽ പൂക്കാലത്തിന്  അയക്കാൻ മറക്കരുത്.

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ

0 Comments

Leave a Comment

FOLLOW US