ആരുണ്ട്?

മാനത്തുള്ളൊരു ചെപ്പു കുടം
കോരി നിറക്കുവാനാരുണ്ട്?
മാനത്തുള്ളൊരു ചെപ്പു കുടം
കോരി നിറക്കുവാന്‍ കാറ്റുണ്ട്

മാരിയൊഴിയുന്ന നേരത്ത്
തോണിയിറക്കാനാരുണ്ട്?
മാരിയൊഴിയുന്ന നേരത്ത്
തോണിയിറക്കാന്‍ മഴവില്ലുണ്ട്

പൂമണം പേറി പറക്കുന്ന കാറ്റിൻ്റെ
തോളത്ത് കേറുവാനാരുണ്ട്?
പൂമണം പേറി പറക്കുന്ന കാറ്റിൻ്റെ
തോളത്തൊരപ്പൂപ്പന്‍ താടിയുണ്ട്

പാടവരമ്പത്തെ പൊക്കാച്ചി പെണ്ണിന്
താളം പിടിക്കുവാനാരുണ്ട്?
പാടവരമ്പത്തെ പൊക്കാച്ചി പെണ്ണിന്
താളം പിടിക്കുവാന്‍ കൊറ്റിയുണ്ട്

തൊട്ടാൽ ചുരുളുന്ന തേരട്ട തീവണ്ടി
നിർത്തിയോടിക്കുവാനാരുണ്ട്?
തൊട്ടാൽ ചുരുളുന്ന തേരട്ട തീവണ്ടി
നിർത്തിയോടിക്കാന്‍ കുറിഞ്ഞിയുണ്ട്

പിന്നോക്കം നീങ്ങും കുഴിയാനക്കൊമ്പനെ
മുന്നോക്കമാക്കുവാനാരുണ്ട്?
പിന്നോക്കം നീങ്ങും കുഴിയാനക്കൊമ്പനെ
മുന്നോക്കമാക്കുവാന്‍ കുഞ്ഞനുണ്ട്

കള്ളയുറക്കം നടിച്ചു കിടക്കുന്ന
താരകപൂനുള്ളാൻ ആരുണ്ട്?
കള്ളയുറക്കം നടിച്ചു കിടക്കുന്ന
താരകപൂനുള്ളാൻ നിലാവുണ്ട്

മാനത്തെ പപ്പടം കട്ടെടുത്തോടുന്ന
പൂച്ചയെ തല്ലുവാന്‍ ആരുണ്ട്?
മാനത്തെ പപ്പടം കട്ടെടുത്തോടുന്ന
പൂച്ചയെ തല്ലുവാന്‍ മിന്നലുണ്ട്

കൂനി നടക്കുന്ന മുത്തശ്ശിയമ്മക്ക്
ഊന്ന് വടിയാവാനാരുണ്ട്?
കൂനി നടക്കുന്ന മുത്തശ്ശിയമ്മക്ക്
ഊന്ന് വടിയാവാനുണ്ണിയുണ്ട്

പല്ലുമുളക്കാത്ത മുത്തച്ഛനൊപ്പം
കൊണ്ടാട്ടം തിന്നുവനാരുണ്ട്?
പല്ലുമുളക്കാത്ത മുത്തച്ഛനൊപ്പം
കൊണ്ടാട്ടം തിന്നുവാന്‍ ഞാനുമുണ്ട്

മിനിജോയ്തോമസ്
സില്‍വാസ്സ മലയാളം മിഷന്‍

0 Comments

Leave a Comment

FOLLOW US