ഇതും കടന്നു പോകും

കൊറോണക്കാലം. പുറത്തിറങ്ങി കളിയ്ക്കാൻ പോകാനോ, ആടി തിമിർത്ത് പുതിയ ബാഗും ഉടുപ്പുമായി ചെറുമഴ നനഞ്ഞു സ്‌കൂളിൽ പോകാനോ കഴിയാത്ത വർഷം, ആദ്യമായിട്ടാണ് അല്ലെ ഇങ്ങനെ? സങ്കടപ്പെടേണ്ട. ഇതും മാറും, ദിസ് ഷാൽ ആൾസോ പാസ്.

ഒരു കഥ പറഞ്ഞു തരാം. റോമിലെ ഒരു മ്യൂസിയത്തിൽ മനോഹരമായ മാർബിൾ പ്രതിമ ഉണ്ടായിരുന്നു. ആ പ്രതിമ ഒന്ന് കാണാൻ വിദൂരദേശങ്ങളിൽ നിന്ന് പോലും ആൾക്കാർ എത്തുമായിരുന്നു. മാർബിൾ പാകിയ നിലത്തു കൂടി ആൾക്കാർ ക്യൂ നിന്ന് ആ പ്രതിമ കണ്ടു മടങ്ങുന്ന സമയം നിലത്തുപാകിയ ആ മാർബിൾ ദൈവത്തോട് പരാതി പറഞ്ഞു, എന്നെയും ഈ ശില്പത്തെയും ഒരേ കല്ലിൽ നിന്നും വെട്ടി എടുത്തതാണ്, അതിനെ കാണാൻ ആൾക്കാർ തിരക്ക് കൂട്ടുന്നു. വരുന്നവർ മൊത്തം എന്നെ ചവിട്ടികൊണ്ടാണ് കടന്നു പോകുന്നത്, ഇത് അനീതി അല്ലെ?

അപ്പോൾ ദൈവം പറഞ്ഞു ആ ശില്പി ആദ്യം ശിൽപം ഉണ്ടാക്കാൻ നിന്നെ അല്ലേ തിരഞ്ഞെടുത്തത്. ഓരോ തവണ ഉളി നിന്റെ മേൽ പതിക്കുമ്പോഴും നീ നിലവിളിക്കുകയും അയാൾ വിചാരിക്കുന്ന രീതിയിൽ വഴങ്ങിക്കൊടുക്കാതെ പ്രതിഷേധിക്കുകയും ചെയ്തു. പക്ഷെ മറ്റേ മാർബിൾ കല്ലാകട്ടേ, ശില്പിയുടെ ഉളി കൊണ്ടുണ്ടായ വേദന സഹിച്ചു കിടന്. അങ്ങനെ അതൊരു മനോഹര ശില്പമായി മാറി. കാലമാകുന്ന ശില്പിയുടെ ഉളിപ്പാടുകൾ ഏറ്റുവാങ്ങുമ്പോഴാണ് നിങ്ങൾ ഒരു മനോഹര ശിൽപ്പമാകുന്നത്.

പറഞ്ഞുവന്നത് ഇതും ഒരു പരീക്ഷണമായി കണ്ടാൽ മതി എന്നാണ്. നിങ്ങളെ ഏതു സാഹചര്യവും നേരിടാൻ പ്രാപ്തരാക്കാൻ ഉള്ള ഒരു പരീക്ഷണം. ഒറ്റക്കല്ല ലോകം മുഴുവൻ ഇതിനെ നേരിടുകയാണ് എന്നോർത്താൽ മതി, ഈ വിഷമം മാറും. അതിജീവനമാണ് വേണ്ടത്. വരാനുളളത് വന്നു. പരിതപിച്ചിരിക്കാതെ ഇനി എങ്ങനെ മുന്നോട്ടു പോകാം, അവസരങ്ങൾ എങ്ങനെ ഉണ്ടാക്കാം, അത്തരം പോസിറ്റീവ് ചിന്തകൾ ഉണ്ടാവട്ടെ. ഈ വിഷമം മാറും. ഇരുൾ മാറി വെയിൽ പരക്കും. ഓരോ കാര്യവും നമ്മൾ അതിനെ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ പരിസമാപ്തിയും ഒടുവിൽ വിജയത്തിലോ പരാജയത്തിലോ അവസാനിക്കുന്നതും.

ഒരു കുഞ്ഞു കഥ കൂടി പറഞ്ഞ് അവസാനിപ്പിക്കാം. പണ്ട് പ്രശസ്തമായ ഒരു ചെരുപ്പ് നിർമ്മാണ കമ്പനി, രണ്ടു യുവ മാനേജർമാരെ ആഫ്രിക്കയിലെ ഒരു നഗരത്തിലേക്ക് അയച്ചു. അവിടെ ഒരു പുതിയ ചെരുപ്പ് ഫാക്ടറി തുടങ്ങാൻ ഉള്ള സ്കോപ്പ് ഉണ്ടോ എന്നറിയുക, അതാണ് മിഷൻ. ഒരാഴ്ച കഴിഞ്ഞപ്പോൾ അതാ ആദ്യത്തെ ആൾ തിരികെ വരുന്നു. അതും വളരെ വിഷണ്ണനായി.

എങ്ങനെ ഉണ്ട് കാര്യങ്ങൾ? മുതലാളി ചോദിച്ചു, ഉടനെ തുടങ്ങാൻ പറ്റുമോ?
സാർ അവിടെ ഒന്നും നടക്കില്ല, പ്രശ്നമാണ്. അവിടെ ഒരു കുന്തവും തുടങ്ങാൻ പറ്റില്ല.
അയ്യയ്യോ എന്താ കാര്യം? ഞാൻ മെഷീൻ ഒക്കെ ഓർഡർ കൊടുത്തല്ലോ.

ആര് പറഞ്ഞു സാറെ ഇപ്പോഴേ ചാടിക്കേറി ഓർഡർ കൊടുക്കാൻ. അവിടെ ഒരാൾ പോലും ചെരുപ്പ് ഇടാറില്ല. അവർക്ക് ആ ശീലം ഇല്ല. ചെരുപ്പ് എന്ന് വെച്ചാൽ എന്താണ് എന്ന് പോലും അറിയില്ല. പിന്നെ എങ്ങനെ ചെരുപ്പ് കമ്പനി തുടങ്ങും, അഥവാ തുടങ്ങിയാൽ ഈച്ചയുമടിച്ചിരിക്കാം. അത്ര തന്നെ. ബിസിനസ് പൊളിയും.

അങ്ങനെ കമ്പനി മുതലാളി ആകെ വിഷമിച്ച് ഇരിക്കവേ,അതാ ഓടി വരുന്നു രണ്ടാമൻ. ആകെ പ്രശ്നമായി അല്ലെ? ഞാൻ അറിഞ്ഞു, ഇനി എന്ത് ചെയ്യും? മുതലാളി രണ്ടാമനോട് ചോദിച്ചു.

എന്ത് പ്രശ്നം? അതൊക്കെ അവിടെ നിക്കട്ടെ, അവിടെ ഒന്നൊന്നും പോര, ഒരു അഞ്ചു ഫാക്ടറി എങ്കിലും തുടങ്ങണം. അതും ഉടനെ വേണം. അത് പറയാൻ ആണ് ഞാൻ ഓടി വന്നത്.

ങേ? മുതലാളി ഞെട്ടി , അതെങ്ങനെ?

നമ്മൾ കോളടിച്ചു സാറെ, അവിടെ ഒറ്റ ഒരുത്തൻ പോലും ചെരുപ്പ് ഇട്ടിട്ടില്ല, ചെരുപ്പ് എന്ന് വെച്ചാൽ എന്താണെന്ന് പോലും അറിയില്ല, അത് കൊണ്ട് നമുക്ക് ഉഗ്രൻ കച്ചവടം കിട്ടും.മൊത്തം ആൾക്കാരെയും നമ്മൾ ചെരുപ്പ് ഇടുവിക്കും.

അത് കേട്ട് സംപ്രീതനായ മുതലാളി ആ നഗരത്തിൽ വലിയ ഒരു ഫാക്ടറി തുടങ്ങി രണ്ടാമനെ അതിന്റെ ജനറൽ മാനേജർ ആക്കുകയും ചെയ്തു.

എങ്ങനെ ഉണ്ട് കഥ ? കഥയിലെ കാര്യം?

എങ്ങനെ ആണ് ഒരേ കാര്യം ഒരാൾ പോസിറ്റീവ് ആക്കിയതും മറ്റേ ആൾ നെഗറ്റീവ് ആക്കിയതും? അവരുടെ ചിന്തയും, വീക്ഷണവും, ആറ്റിറ്റ്യൂഡും കാരണം, അല്ലെ?

അപ്പൊ മാറേണ്ടത് എന്താണ്? ചിന്തയും, വീക്ഷണവും, ആറ്റിറ്റ്യൂഡും, അങ്ങനെ ആണെങ്കിൽ നമ്മുടെ ജീവിതം തന്നെ മാറി മറിയും… സത്യം… പരീക്ഷിച്ചു നോക്കൂ…

ബീ പൊസിറ്റീവ് ആൾവേയ്സ്… യെസ് യൂ കാൻ. എല്ലാവർക്കും വിജയാശംസകൾ.


അജോയ് കുമാർ

1 Comment

FRANCIS July 2, 2020 at 9:13 am

A good story which helps in building postive mind and attitude.Tq

Leave a Comment

FOLLOW US