അമ്മേ ഒരുകഥ പറഞ്ഞു തരാമോ?

“അമ്മേ ഒരുകഥ പറഞ്ഞു തരാമോ?”

“പോയിക്കിടന്നുറങ്ങൂ പെണ്ണേ… കിണുങ്ങിനിക്കാതെ. എത്ര പണിയുണ്ടെന്നോ എനിക്കിവിടെ.”

” അല്ലെങ്കിലും അമ്മ എപ്പഴും ഇങ്ങനാ പറയുന്നേ. ഇന്ന് ടീച്ചർ പറഞ്ഞിരുന്നു, വീട്ടിലുള്ള മുതിർന്നവർക്കൊക്കെ ഒരുപാട് കഥകൾ പറയാനറിയാം എന്ന്. അപ്പഴും ഞാനത് വിശ്വസിച്ചില്ല. എനിക്കറിയാലോ, ഇവിടെ ആർക്കും കഥപറയാനൊന്നും അറിയില്ലെന്ന്.”

ഉമയുടെ പരിഭവം കേട്ടുകൊണ്ടാണ് മിത്രനവിടെ എത്തിയത്.

” എന്തേ കുഞ്ഞൂ… വലിയ പരാതിപ്പെടലാണല്ലോ ഇന്ന്. എന്തുപറ്റി?”


” അതേ … ഏട്ടാ…. സ്കൂളിലെടീച്ചർ ഇന്ന് ഓൺലൈനിൽ ഞങ്ങളോട് പറഞ്ഞതാ.ലോക് ഡൗണായതിനാൽ വീട്ടുകാരെല്ലാം കൂടെയുണ്ടല്ലോ. അവർക്കെല്ലാം ധാരാളം കഥകൾ പറയാനറിയാം. അതെല്ലാം കേട്ട് എഴുതി സൂക്ഷിക്കണമെന്ന്. ഇവിടെ ആർക്കും കഥപറയാനൊന്നും അറിയില്ലെന്ന് അപ്പഴേ ഞാൻ ഓർത്തതാ.”

“കുഞ്ഞൂ…. കഥ പറയാനറിയാഞ്ഞിട്ടല്ല. നമ്മുടെ തിരക്കേറിയ ജീവിതത്തിനിടയിൽ അതിനൊക്കെ സമയം കിട്ടാഞ്ഞിട്ടല്ലേ? എല്ലാവർക്കും അവരവരുടേതായ തിരക്കുകളില്ലേ? അത് നീയും മനസ്സിലാക്കണം”

“ശരി .. ശരി.. എന്നാലേ അമ്മേടേം അച്ഛന്റേം ബാല്യകാലം നമ്മുടേതുപോലല്ലല്ലോ? ആ ഓർമ്മകൾ പറഞ്ഞാൽതന്നെ അതൊരു കഥയാവുംന്നാ ടീച്ചർ പറഞ്ഞത്.”

” അത് ശരിയാ….. അവർ ജീവിച്ച ചുറ്റുപാടുകളല്ല ഇന്ന് നമ്മുടേത്.കുഞ്ഞൂ നീ പറഞ്ഞത് ശരിയാട്ടോ. വാ നമുക്ക് അച്ഛനോട് ചോദിക്കാം. എനിക്കും അതൊക്കെ കേൾക്കാൻ കൊതിയുണ്ട്.”

ഇരുവരും അച്ഛന്റെയരുകിലെത്തി.

“രണ്ടാൾക്കും എന്തോ അറിയാനുണ്ടെന്ന് തോന്നുന്നല്ലോ?” ഫോണിലേക്കു നോക്കിക്കൊണ്ട് അച്ഛൻ കാര്യം തിരക്കി.

“അതെ അച്ഛാ എന്താ കാര്യംന്ന് വച്ചാ….”

“കുഞ്ഞൂ ഞാൻ പറയാം”

“ആ എന്നാ ഏട്ടൻ പറ” ഉമയ്ക്ക് ദേഷ്യായി.

“എങ്കിൽ നീ തന്നെ പറഞ്ഞോ” മിത്രനും പിണങ്ങി.

”ആ ശരി ശരി ആരെങ്കിലുമൊന്ന് പറഞ്ഞേ ”
സുഗുണൻ ഫോൺ താഴെ വച്ചു.

” ഒന്നും വേണ്ട. അച്ഛന്റെ ബാല്യകാലം എങ്ങനായിരുന്നു?” ഉമ ഒറ്റചോദ്യം.

‘ആ അത് കലക്കി ‘യെന്ന് മിത്രൻ.

“ഓ എന്താ ഇപ്പോ ഇതാണോ ഇത്ര വലിയ കാര്യമായി ചോദിക്കാൻ ബഹളമുണ്ടാക്കിയത്”

മിത്രൻ അതുവരെയുള്ള കാര്യം അച്ഛന് വ്യക്തമാക്കിക്കൊടുത്തു.

“ഓ അങ്ങനെയാണല്ലേ? കുഞ്ഞൂനിപ്പം കഥ വേണം.അതിനു പറ്റിയ ആൾ അമ്മ തന്യാ. നമുക്ക് കുറച്ച് അമ്മയെ സഹായിക്കാം. പെട്ടെന്ന് പണിയെല്ലാം ഒരുക്കി കഥപറയാം.എന്താ അതല്ലേ ശരി?”

‘ശരി പോവാം’. മൂവരും ലളിതയുടെ അരികിലെത്തി.

” ഉറങ്ങാൻപോകുന്നതിന് മുമ്പേ എന്തെല്ലാം കാര്യങ്ങളാണ് അമ്മശ്രദ്ധിക്കുന്നത് ല്ലേ ഏട്ടാ?” കുഞ്ഞൂന് അതിശയം

ഗേറ്റ് അടച്ചോ? പുറത്ത് വലിച്ചു വാരി വല്ലതും കിടപ്പുണ്ടോ? പുറത്തെ ലൈറ്റ് അണച്ചോ? ജനലുകളെല്ലാം അടച്ചുവോ? വാതിൽ കുറ്റിയിട്ടിട്ടുണ്ടോ? മുന്നിലെ മുറിയിൽ അലങ്കോലപ്പെട്ടുകിടക്കുന്ന കസേരകളെല്ലാം വൃത്തിയാക്കി വച്ചോ? അടുക്കളയിൽ…… പിന്നെ പറയേണ്ടതില്ല.

ഹൊ ഇത്രേം കാര്യങ്ങൾ നോക്കണമല്ലേ കിടക്കാനൊരുങ്ങുന്നതിനു മുമ്പ്. “ഉമയുടെ ദീർഘനിശ്വാസംകണ്ട് ലളിത ചിരിച്ചു.

“എന്താപ്പോ വല്യ സഹായികളായി എല്ലാരും വന്നേക്കുന്നേ. എന്താ കാര്യം?

“ജോലികളെല്ലാം ഒതുക്കിയാലല്ലേ ഞങ്ങൾക്ക് കഥകൾ കേൾക്കാനാവൂ.” സുഗുണന്റെ മറുപടി കേട്ട് ലളിത കണ്ണു മിഴിച്ചു.

“ഇന്നെന്താ എല്ലാവരും കഥകേൾക്കാൻ തീരുമാനിച്ചോ?”

“അതെ അമ്മെ. ലോക് ഡൗൺ കാരണം കുടുംബാംഗങ്ങളെല്ലാം പരസ്പരം വളരെയേറെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ടെന്നാണ് ടീച്ചർ ഞങ്ങളോട് പറഞ്ഞത്. നിങ്ങൾ നിങ്ങളുടെ ബാല്യകാലം എങ്ങനെയായിരുന്നു എന്ന് പറഞ്ഞാൽമാത്രം മതി. അതുതന്നെ കഥയാവുമല്ലോ?”

” എന്നാലേ കുറച്ചു മുമ്പ് ഉമക്കുട്ടി പറഞ്ഞില്ലേ ഉറങ്ങാൻ പോവുന്നതിന് മുമ്പ് എന്തെല്ലാം കാര്യങ്ങളാണ് അമ്മ ചെയ്യണതെന്ന്. എന്റെ ബാല്യകാലത്തെ ആ ഓർമ മാത്രം പറഞ്ഞാൽ മതി നിങ്ങൾക്കതൊരു കഥയാവും. എന്റെ വയസ്സായ അച്ഛനുമമ്മയും നാട്ടിൽ ഇപ്പോൾ ചെയ്യുന്ന ഓരോ കാര്യവും നിങ്ങൾക്ക് കഥയാണ് കുഞ്ഞുങ്ങളേ.” ലളിതവികാരാധീനയായി.

അന്നൊന്നും അച്ഛനമ്മമാരോട് മക്കൾ ഒന്നും ആവശ്യപ്പെടാറില്ല. കാരണം, അവർ നമ്മൾക്കു വേണ്ടതെന്തെന്ന് അപ്പപ്പോൾ ചെയ്തു തന്നിരിക്കും. അതവരുടെ കഴിവിനനുസരിച്ചുള്ളതായിരിക്കും. ആർക്കും അത്യാഗ്രഹങ്ങളില്ലായിരുന്നു. കിട്ടുന്നതിൽ തൃപ്തരായിരുന്നു. മത്സരത്തിനും താരതമ്യത്തിനും ആളുകൾ കൂടുന്നതോടുകൂടി മനുഷ്യ സ്വഭാവം മൊത്തം മാറിയില്ലേ?

” എന്താ അമ്മേ പറയുന്നത്? അന്ന് ഒന്നും ആവശ്യപ്പെടാതെയാണോ നിങ്ങൾക്കൊക്കെ ഇത്ര വിദ്യാഭ്യാസവും സൗകര്യങ്ങളും ലഭിച്ചത്? ” മിത്രന്റെ ചോദ്യം ലളിതയെ ചിന്തകളിൽ നിന്നുണർത്തി.

“അതെ മോനെ. വിദ്യാഭ്യാസവും സൗകര്യങ്ങളും വർധിച്ചപ്പോൾ മനുഷ്യരെല്ലാം സ്വാർഥരായി. മറ്റുള്ളവരെല്ലാം ബാധ്യതകളായി.അവർ ഒരുക്കിത്തന്ന സൗകര്യങ്ങൾ നമ്മെ മറുനാടുകളിലെത്തിച്ചു. എന്നാൽ അവർ അവിടെത്തന്നെ തങ്ങുകയാണുണ്ടായത്.”

ജീവിത സൗകര്യങ്ങൾക്കായി, സ്വാതന്ത്ര്യങ്ങൾക്കായി എല്ലാവരും പണിയെടുക്കുന്നു. അതിനായി വീടുവിട്ടിറങ്ങുന്നു.

” അപ്പൂപ്പനും അമ്മൂമ്മയും ഇവിടെ വരാത്തതിലാണോ അമ്മ വിഷമിക്കുന്നത്?”

“അവർക്ക് ആ മണ്ണിനോടുള്ള ബന്ധം മുറിച്ചു മാറ്റാവുന്നതല്ല കുട്ടാ. അതാ അവിടെത്തന്നെ ആയിപ്പോയത്. അത്തരമൊരു വൈകാരിക ബന്ധം നമ്മൾക്കുണ്ടാവില്ല. അതാണ് മണ്ണിന്റെ മണമുള്ള കഥ.”

” ഇനി നിങ്ങൾ കഥയെഴുതിക്കോളൂ. അപ്പൂപ്പനും അമ്മൂമ്മയ്ക്കും അവരുടെ വീടിനോടും നാടിനോടുമുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് . അതുതന്നെ ഇന്നത്തെ കഥ.

കൂട്ടുകാരെ, നിങ്ങൾക്കോരോരുത്തർക്കും വ്യത്യസ്ത തരം നാടനുഭവങ്ങളും ഓർമ്മകളും പറയാനുണ്ടാവുമല്ലോ? അവയെല്ലാം പൂക്കലത്തിലേക്കെഴുതിയാലോ?

ഡോ.കെ.ബീന റിസർച്ച് അസിസ്റ്റന്റ് കേരള ചരിത്ര ഗവേഷണ കൗൺസിൽ തിരുവനന്തപുരം

 

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content