കവിത രചിച്ചു പഠിക്കാം – കവിതയിലെ വാക്കുകൾ
(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)
ഒരേ ആശയം ഗദ്യത്തിലും പദ്യത്തിലും എഴുതി നോക്കിയോ. കരുത്തിന്റെ രഹസ്യം മനസ്സിലായല്ലോ. അനുഭവം തന്നെയാണ് ബോധ്യപ്പെടലിന്റെ ആധാരം.
കവിതയിൽ ഉപയോഗിക്കുന്ന വാക്കുകളെക്കുറിച്ചും കുട്ടികൾ സംശയം ചോദിക്കാറുണ്ട്. ഒരേ അർത്ഥമുള്ള നിരവധി പദങ്ങളുണ്ട് ഭാഷയിൽ. നമ്മളതിനെ പര്യായപദങ്ങൾ എന്നു പറയുന്നു. ഇതിൽ ഏതു തിരഞ്ഞെടുക്കണമെന്ന് പലർക്കും സംശയം വരാറുണ്ട്. കവി നേരിടുന്ന പ്രയാസങ്ങളിലൊന്നായി ഇതിനെ പരിഗണിക്കാവുന്നതാണ്.
അമ്മയ്ക്കു പകരം മാതാവ്, ജനനി, ജനയിത്രി തുടങ്ങി എത്രയെത്ര പദങ്ങൾ. ഭൂമിക്കു പകരം ധര , ധരിത്രി, ധരണി, ക്ഷോണി എന്നിങ്ങനെ പോകുന്നു വാക്കുകൾ. ഇതിൽ ഏതാണു തനിക്കു പറ്റിയ പദമെന്ന് തിരിച്ചറിയുന്നതാണ് ഒരു കവിയുടെ മികവ്.
പരിചയമുള്ള ഒരു കവിതയെടുത്ത് ഇതു പരിശോധിക്കാം. മാമ്പഴം തന്നെയാകട്ടെ.
അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടുകണ്ണീർ.
ഇതിൽ ആദ്യ പദം അങ്കണം. കവി എന്തുകൊണ്ട് ആ പദം തിരഞ്ഞെടുത്തു. മുറ്റം എന്നു പോരേ. രണ്ടാമത്തെ വരിയിൽ കണ്ണിനു പകരം നേത്രം എന്ന് എന്തുകൊണ്ടു പയോഗിച്ചു. ഈ രണ്ടു വരികളിൽ പറഞ്ഞ കാര്യം ഇതിലും ലളിതമായി പറയാമായിരുന്നില്ലേ .
മുറ്റത്തെ മാവിൽ നിന്നും ആദ്യത്തെ പഴം വീണു.
അമ്മതൻ കണ്ണിൽ നിന്നും കണ്ണുനീർ താഴെ വീണു.
എന്തുകൊണ്ട് ഇങ്ങനെ എഴുതിയില്ല.
ഇവിടെയാണ് കവിതാ രചനയിൽ കവി പുലർത്തുന്ന സൂക്ഷ്മത നാം തിരിച്ചറിയുന്നത്.
കവിതക്ക് ഒരു രൂപഘടനയുണ്ട്. അതേ പോലെ ഒരു ഭാവ ഘടനയുമുണ്ട്. അതിനു യോജിച്ച വിധമാണ് കവി കവിതയെ കെട്ടിപ്പൊക്കുന്നത്. അതൊരു കെട്ടിടം പണി പോലെത്തന്നെയാണ്. വെറുമൊരു കെട്ടിടമല്ല. താജ് മഹൽ പോലെ എക്കാലവും കാണികൾക്ക് വിസ്മയം ജനിപ്പിക്കുന്ന അനവദ്യസുന്ദരമന്ദിരം. അതിനു കരുത്തും വേണം. സൗന്ദര്യവും വേണം. വൃത്തത്തിനും താളത്തിനും പ്രാസത്തിനും മാത്രമല്ല വാക്കുകൾ പ്രയോജനപ്പെടുത്തുന്നത്. പ്രതിഭാധനനായ ഒരു കവി കവിതയുടെ സമഗ്രതയിലേക്കു കൂടി ഓരോ വാക്കിനേയും കൂട്ടിയിണക്കുന്നുണ്ട്.
കാളിദാസകവിതയെക്കുറിച്ച് പറഞ്ഞു കേട്ട ഒരു കഥയുണ്ട്. കാളിദാസകവിതയിലെ ഒരു വാക്കു മാറ്റാൻ നിരൂപകൻ ശ്രമിച്ചപ്പോൾ അതിനടുത്ത വാക്കു മാറ്റേണ്ടിവന്നു. അത് മാറ്റിയപ്പോൾ വീണ്ടും അടുത്തത്. എന്തിനു പറയുന്നു നിരൂപകന് മറ്റൊരു കാവ്യം തന്നെ എഴുതേണ്ടിവന്നു. കവിതയെഴുതുമ്പോൾ ഓരോ വാക്കും സൂക്ഷ്മതയോടെ തിരഞ്ഞെടുക്കുക. കുമാരനാശാൻ ഒരു വാക്കു കിട്ടാൻ ഒരാഴ്ചയും ഒരു മാസവുമൊക്കെ മുൾമുനയിലെന്നപോലെ നിൽക്കാറുണ്ടത്രെ. അദ്ദേഹത്തിന്റെ കവിതകൾ ഇതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
‘ഹാ പുഷ്പമേ’ എന്നു തുടങ്ങുന്ന വീണ പൂവ് അവസാനിക്കുന്നത് ‘അവനി വാഴ്വ് കിനാവു കഷ്ടം’ എന്നാണ്. ആദ്യത്തെ വാക്ക് ഹാ എന്നും അവസാനത്തെ വാക്ക് കഷ്ടമെന്നും. വീണപൂവ് എന്ന കാവ്യത്തിന്റെ സംഗ്രഹവും സത്തുമാണത്.
കവിതയില വാക്കുകൾ എങ്ങനെയാകണമെന്ന് ഓർത്തു വെക്കാൻ ഒരു കാവ്യശകലം ഇതാ.
വാക്കുകൾ ചേറിക്കൊഴിച്ചെടുത്തീടുക
വാക്കുകൾ കൂട്ടിക്കുറച്ചെടുത്തീടുക
വാക്കുകൾ കൂട്ടിക്കുഴച്ചെടുത്തീടുക
വാക്കുകൾ കാച്ചിക്കുറുക്കിയെടുക്കുക
വാക്കിന്റെ മീതെ അടയിരുന്നീടുക
വാക്കിന്റെ ജീവനെ കൊത്തിയുണർത്തുക
വാക്കിൻ ചിറകിൽ കരുത്തു കൊരുത്തിട്ടു
വാക്കിനെ കൂടു തുറന്നു വിട്ടീടുക.
ശരി ,നമുക്കീ കാര്യങ്ങളൊക്കെ മനസ്സിൽ വെച്ച് ഒരു പുതിയ കവിത എഴുതി നോക്കിയാലോ.

എടപ്പാൾ സി.സുബ്രഹ്മണ്യൻ