കാണാച്ചരട്
(ലഘുനാടകം)

ജൂണ്‍ – 5 ലോക പരിസ്ഥിതി ദിനം. ജൂണ്‍ 22 – മലയാള നാടകത്തിന്‍റെ ആധുനിക പരിണാമത്തിന് നാന്ദി കുറിച്ച പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ ജന്മദിനം. അദ്ദേഹത്തിന്‍റെ ‘കുട്ടികളുടെ നാടകവേദി എന്ന പാഠം’ നിങ്ങള്‍ പഠിച്ചിരിക്കുമല്ലോ. ഈ ലേഖനത്തിലെ ചില പ്രധാന ആശയങ്ങള്‍ ഇങ്ങനെ ചുരുക്കാം. 

1) കുട്ടികളുടെ നാടകവേദിക്ക് മൂന്ന് മുഖ്യ ഘടകങ്ങളുണ്ട്. കൃതി, അരങ്ങ് (നടീനടന്മാര്‍), കുട്ടികളുടെ പ്രേക്ഷക സദസ്സ്.
2) കുട്ടികളുടെ പ്രേക്ഷക സദസ്സിനുള്ള വലിയ ഗുണം അതിന്‍റെ ഭാവന ആത്യന്തം ചലനാത്മകവും കല്പനാനിരതവും ആണ് എന്നതാണ്.
3) കുട്ടികളുടെ നാടകത്തിന് സാഹിത്യരൂപം എന്ന നിലയിൽ ലാളിത്യം, കല്പനാ ചാതുര്യം, അസങ്കീര്‍ണത, അയത്നമായ സംവേദനത്വം, ബാഹ്യക്രിയാംശ പ്രാബല്യം, വാഗതീതമായ സംവാദശക്തി എന്നീ ഗുണങ്ങള്‍ ഉണ്ടായിരിക്കണം. 

കുട്ടികളുടെ നാടകവേദി മുന്നി കണ്ട് ഒരു നാടോടിക്കഥ നാടകമാവുമ്പോള്‍, അതിന്‍റെ സാഹിത്യ രൂപം എങ്ങിനെയുണ്ടാവും എന്ന് പരിചയപ്പെടുകയാണ് നാം ഇവിടെ. 

കഥാപാത്രങ്ങള്‍
ഉണ്ണിക്കുട്ടന്‍
അമ്മിണി
ലില്ലി
കുട്ടിമാളു
ജോണിക്കുട്ടി
നാരായണന്‍
ലില്ലി
തുടങ്ങിയവര്‍

(പുലര്‍കാലം – നാലുഭാഗത്തുനിന്നുമായി നാല് കുട്ടികള്‍ – ഉണ്ണിക്കുട്ടനും അമ്മിണിയും കുട്ടിമാളുവും ലില്ലിയും – പാടിയാടി വരുന്നു.)

ഒന്നാം മാനകം തെരളി മാനക്കിളി
ഒന്നല്ലോ മാനകം മുട്ടയിട്ടേ
മുട്ടവിരിഞ്ഞമ പൊട്ടുന്നു, കതിരുകള്‍
മാനത്തും മണ്ണിലും പൊന്നണിഞ്ഞേ
കതിര്‍നിരന്നേ പൊന്നണിഞ്ഞേ
കരളിലും കണ്ണിലും പൊന്നണിഞ്ഞേ
(ആവര്‍ത്തിക്കുന്നു)

ഉണ്ണിക്കുട്ടന്‍ : (വിസ്മയം) ഹായ്! എന്തു നല്ല ചന്തം
അമ്മിണി : ആയിരം ചെങ്കതിര്‍ ചിതറി…
ലില്ലി : ആയിരം പൊന്‍കതിര്‍ വിതറി…
കുട്ടികള്‍ : (ഒന്നിച്ച്) ഉദിച്ചുയരുന്നു സൂര്യന്‍
(കാക്ക കരയുന്ന ശബ്ദം: കാ… കാ.. കാ.. കാ.. – കുട്ടികള്‍ ശ്രദ്ധിക്കുന്നു. പാടുന്നു.)

ഒന്നാം കിളി വാ, കാക്കക്കിളി വാ
വായെന്‍റെ ചാരത്തു കൂട്ടുകൂടാന്‍

(കാക്ക പ്രവേശിക്കുന്നു: കാ… കാ… കാ… കാ…)

കുട്ടികള്‍ : (കാക്കയെ സമീപിക്കുന്നു. കാക്ക അകലുന്നു. കുട്ടികള്‍ പാടുന്നു)

കാക്കക്കിളി വാ അന്നം തരാം (2)
കദളി വാഴയില നാക്കില വെട്ടീട്ട്
കണ്‍നിറയെ അന്നം തരാം.
കാക്കക്കിളി വാ വെള്ളം തരാം (2)
മുറ്റത്തു കിണര്‍ കുത്തി, നീര്‍പ്പാലം നിറുകുത്തി
വട്ടക വെച്ചിട്ടും വെള്ളം തരാം

(കുട്ടികള്‍ കാക്കയെ കടന്നുപിടിക്കുന്നു…. മുഖം മൂടി മാറ്റുന്നു)

ഓ! ഇതു നാരായണന്‍ കാക്ക.

(കുട്ടികള്‍ നാരായണനെ കെട്ടിപ്പിടിച്ച് തകര്‍ത്തു ചിരിക്കുന്നു).

ഉണ്ണിക്കുട്ടന്‍ : എടോ നാരായണന്‍ കാക്കേ, നമുക്കും ഈ കിളികളെപ്പോലെ പാടിപ്പറന്നു തിമിര്‍ക്കാന്‍ കഴിഞ്ഞെങ്കി …!
നാരായണന്‍ : ഉണ്ണിക്കുട്ടാ, അതു നെണക്കു മോഹം തോന്നണതാ… കിളികള്‍ക്കല്ലേ കിളികളുടെ പങ്കപ്പാടറിയൂ… നെണക്കറ്യോ… ഇപ്പ ഞങ്ങളെ എറച്ചിക്കുപോലും ആവശ്യക്കാര്ണ്ട്…
കുട്ടികള്‍ : (ഒന്നിച്ച്) നെന്‍റെ എറച്ചിക്കോ…? (ചിരി)
(മറ്റൊരു കിളി ശബ്ദം: ഖ്ഉം – ക്ഉം… ഖ്ഉം-ക്ഉം… – കുട്ടികള്‍ ശ്രദ്ധിക്കുന്നു)
ഉണ്ണിക്കുട്ടന്‍ : (കിളിശബ്ദം അനുകരിക്കുന്നു.  മുറവിളി കിട്ടുന്നു) നല്ല പരിചയമുള്ള ശബ്ദം.  (ചുറ്റും സൂക്ഷിച്ചു നോക്കുന്നു. ശബ്ദത്തിന്‍റെ ഉടമയെ കാണുന്നില്ല)  അതാരുടെ ശബ്ദാ….?
നാരായണന്‍ : (ശ്രദ്ധിക്കുന്നു) അതു നമ്മുടെ ചെമ്പോത്തല്ലേ…
അമ്മിണി : ശരിയാ….
കുട്ടിമാളു : മുമ്പൊക്കെ ചുറ്റും എത്ര ചെമ്പോത്തായിരുന്നു.
ലില്ലി : ഇപ്പൊ എത്ര നോക്കി നടന്നാലോ ഒരെണ്ണത്തെ കാണ്വാ…
നാരായണന്‍ : നമുക്ക് ആ ചങ്ങാതിയേയും കൂട്ടത്തി ചേര്‍ക്കാം…. എന്താ…?
കുട്ടികള്‍ : (ഒന്നിച്ച്) സമ്മതം… നൂറുവട്ടം സമ്മതം…. (പാടുന്നു)

തെയ്യത്തക തെയ്യത്തക തെയ്യത്തക താരോ…
ചെമ്പോത്തേ തെയ്യത്തക തെയ്യത്തക താരോ…
വായരികെ കളിയാടാം കഥ പറയാം താരോ…
തെയ്യത്തക തെയ്യത്തക തെയ്യത്തക താരോ…

(ചെമ്പോത്തിന്‍റെ മുഖംമൂടിയണിഞ്ഞ കുട്ടി പ്രവേശിക്കുന്നു)

ചെമ്പോത്ത് : ഖ്ഉം-ക്ഉം… ഖ്ഉം-ക്ഉം… (അകന്നു നിൽക്കുന്നു) (കുട്ടികള്‍ ചെമ്പോത്തിനെ സമീപിക്കുന്നു. ചെമ്പോത്ത് അകലുന്നു. കുട്ടികള്‍ ചുവടുവച്ചാടി ചെമ്പോത്തിന് പിറകെ)
കുട്ടികള്‍ : (പാടുന്നു)

വാവായോ വാവായോ ചെമ്പോത്തേ വായോ…
ചാലേ വലത്തു തിരിഞ്ഞൊന്ന് വായോ…

(കുട്ടികള്‍ അടുക്കുന്നു. ചെമ്പോത്ത് അകലുന്നു.)

കുട്ടികള്‍ : (പാടുന്നു)

തന്തിം താരോ ചെമ്പോത്തേ തക
തന്തിനം താരോ ചെമ്പോത്തേ
ചോപ്പന്‍ കണ്ണു തുടുക്കാതെ
തകപേടിച്ചോടിപ്പോകാതെ…
ഒരുമയിലൊന്നിച്ചിവിടെ കൂടാം
തന്തിനം താരോ താരോ തന താരോ…

(ചെമ്പോത്തിനെ കടന്നു പിടിക്കുന്നു; മുഖം മൂടി മാറ്റുന്നു)

കുട്ടികള്‍ : ഓ… ഇതു ജോണിച്ചെമ്പോത്ത്… (തകര്‍ത്തു ചിരിക്കുന്നു)
(കുട്ടികളുടെ ചിരിയിലേക്ക് കീക്കീ-പീക്കീ, കീക്കീ-പീക്കീ, എന്നു ചിലച്ചുകൊണ്ട് രണ്ടു പൂത്താങ്കീരികളും കുക്കു-കുക്കുക്കൂ; അച്ഛന്‍ കൊമ്പത്ത് – അമ്മ വരമ്പത്ത് എന്നു മുറവിളി കൂട്ടിക്കൊണ്ട് കതിര്‍കാണാക്കിളിയും പ്രവേശിക്കുന്നു. അവയും കുട്ടികളുടെ സംഘത്തി  ചേരുന്നു).

കിളികളും കുട്ടികളും കൂട്ടമായി :

കാ… കാ – കാ… കാ… (2)
ഖ്ഉം-ക്ഉം, ഖ്ഉം-ക്ഉം,
കീക്കി-പീക്കി, കീക്കി-പീക്കി, (2)
കുക്കു-കുക്കുക്കു
കാ… കാ – ഖ്ഉം – ക്ഉം
കീക്കി – കുക്കുക്കൂ (2)

(തുടര്‍ന്ന് കുട്ടികള്‍ പൂത്താങ്കീരിക്കിളികളുടേയും കതിര്‍കാണാക്കിളികളുടെയും മുഖംമൂടി മാറ്റുന്നു)

ഉണ്ണിക്കുട്ടന്‍ : ഈ ചുവന്ന സൂര്യരശ്മികളേറ്റ് കിളികളെപ്പോലെ പാടാനും, പൂക്കളെപ്പോലെ ആടാനും… ഹായ്… എന്തു രസാ… (കുട്ടികള്‍ കൈ കോര്‍ത്തുനിന്ന് വട്ടം ചവിട്ടി പാടുന്നു)

ആയിരം കാതം കെഴകെഴക്കീന്നും
വന്നു നിരന്നു പൂത്തളിക
പൊന്നെറിഞ്ഞു കെഴകെഴക്കീന്നും
ഓരടി വച്ചതുയരുന്നു
ഓരോ ചെടിയിലും ഓരോ കിളിയുലും
ഓരായിരം മോഹം വിടരുന്നു…
ഓരോ കുടിലിലും ഓരോ മനസ്സിലും
ജീവനതാളം മുറുകുന്നു…

ലില്ലി : (പെട്ടെന്ന് തറയിലേക്കു സൂക്ഷിച്ചു നോക്കി, ഉറക്കെ) കണ്ടോ… കണ്ടോ ഒരു പച്ചപ്പയ്യ്… (കുനിഞ്ഞു നോക്കുന്നു. മറ്റു കുട്ടികളും കൂടെ കൂടുന്നു)
അമ്മിണി : അമ്പമ്പട വീരാ…
കുട്ടിമാളു : അവന്‍റൊരു കൊമ്പും കാലും ചെറകും…
കുട്ടികള്‍ : (പാടുന്നു)

പച്ചപ്പയ്യേ പാവം പയ്യേ
പാലു തരാത്തൊരു പയ്യേ
എന്തിനു വന്നു കറുകത്തുഞ്ചി
എന്തിനു വന്നു വന്നു…?

ഉണ്ണിക്കുട്ടന്‍ : നമ്മളെ കണ്ട് കളിക്കാന്‍ കൊതിമൂത്ത് വന്നതൊന്നും അല്ല മൂപ്പര്….
(മറ്റു കുട്ടികള്‍ ചൂണ്ടിക്കാണിച്ചു കൊടുത്തുകൊണ്ട്) കണ്ടോ…. കണ്ടോ…. മൂപ്പര് പുല്ല് തിന്ന്വാ… പുല്ല്…
നാരായണന്‍ : അപ്പൊ അതാണ് സംഗതി (പാടുന്നു)

പച്ചപ്പയ്യിന്‍റെ തീറ്റയെന്ത്….?
പച്ചപ്പുല്ല്… ഇളം പുല്ല്….

(ലില്ലി പച്ചപ്പയ്യിനെ പിടിക്കാന്‍ തുനിയുന്നു. അത് തെന്നിച്ചാടി രക്ഷപെട്ടതിലുള്ള ദുഃഖം കുട്ടികളി )
കുട്ടിമാളു : എടാ ദുഷ്ടാ… നീയാ പാവത്തിനെ വെരട്ടിയോടിച്ചല്ലോടാ…
ജോണി : അയ്യോ… കഷ്ടം… പച്ചപ്പയ്യ് ചാടീത് ഒര തവളയുടെ വായിലേക്കാണല്ലോ…
ലില്ലി : ദുഷ്ടന്‍…! നമുക്കാ പോക്കാച്ചിയെ കല്ലെറിഞ്ഞുകൊല്ലാം… (കുനിഞ്ഞുകൊണ്ട് കല്ലെടുത്തെറിയാന്‍ തുനിയുന്നു)
ഉണ്ണിക്കുട്ടന്‍ : അരുത്… പച്ചപ്പയ്യ് തവളയുടെ തീറ്റയാണ്. അതാണ് പ്രകൃതി നിയമം…. മാത്രോല്ല… ഈ തവളകള് നമുക്ക് എന്തെല്ലാം ഉപകാരങ്ങളാണ് ചെയ്യണതെന്നറിയ്വോ…?
അമ്മിണി : എന്തൊക്കയാ… ?
ഉണ്ണിക്കുട്ടന്‍ : പാടത്തൊക്കെ ള്ള കീടങ്ങളും മറ്റും തിന്നൊട്ക്കണ കീടനാശിന്യാ തവള…. പ്രകൃതി തന്നെ…. ഒരു തരത്തിലുള്ള ദോഷോം ചെയ്യാത്ത…. ജീവനുള്ള കീടനാശിനി…
കുട്ടികള്‍ : (പാടുന്നു) 

പുല്ലു തിന്നും പച്ചപ്പയ്യിനെ
പിടിച്ചു തിന്നും തവളച്ചി
തവളച്ചി – അവള്‍ കുളയച്ചി
കരയ്ക്കു വന്നാ  കരയച്ചി
കുളയച്ചി…. കരയച്ചി
കൃഷിയുടെ തോഴി തവളച്ചീ….

ഉണ്ണിക്കുട്ടന്‍ : എടോ… പാട്ടുകൊള്ളാം… പക്ഷേ മുമ്പത്തത്ര തവളകള് നമ്മുടെ ചുറ്റും ഇപ്പോ കാണാണ്ടോ…?
ലില്ലി : ഉണ്ടോ….?
കുട്ടിമാളു : ഉണ്ടോ…?
കുട്ടികള്‍ : (ഒന്നിച്ച്) ഇല്ല.
ഉണ്ണിക്കുട്ടന്‍ : അതെ…. കൊല്ലം തോറും തവളകളുടെ എണ്ണം കൊറഞ്ഞുകൊറഞ്ഞു വരികയാണ്…!
കുട്ടികള്‍ : എന്താ കാരണം…?
ഉണ്ണിക്കുട്ടന്‍ : മനുഷ്യര്ടെ സ്വാര്‍ഥാ. അല്ലാണ്ടെന്താ…! തവളക്കാലിലെ കാക്കഴഞ്ചെറച്ചിക്കു വേണ്ടി….
(കുട്ടികള്‍ ചോദ്യക്കളിയുടെ മട്ടി  രണ്ടു ചേരിയായി തിരിയുന്നു)
ഒന്നാംചേരി : (പാടുന്നു)

ഓരോ കൊല്ലം കഴിയും തോറും
തവളകളെല്ലാം കുറയുന്നു…
കുറയും തവളകള്‍ കരയും തവളകള്‍
കണ്ണില്ലാത്തവരാരോ – ഇവിടെ
കരളില്ലാത്തവരാരോ…?

രണ്ടാം ചേരി : മര്‍ത്ത്യന്‍…മര്‍ത്ത്യന്‍…. മര്‍ത്ത്യന്‍…. മര്‍ത്ത്യന്‍…. അവന്‍റെ കൊതിയും മതിയറ്റുള്ളൊരുതീറ്റക്കൊതിയും മാത്രം…
ലില്ലി : കാര്യൊക്കെ ശരി… ഞാനൊന്ന് ചോയ്ക്കട്ടെ…? പച്ചപ്പയ്യിനെ തവളയ്ക്കു തിന്നാച്ചാ, തവളയെ നമുക്കും തിന്നു കൂടേ…? അല്ലെങ്കി അവ പെരുകി പെരുകി ഈ ഭൂമീലൊക്കെ നെറയൂലേ…?
നാരായണന്‍ : എടീ പൊട്ടീ…. തവളയെ തിന്നാന്‍ നീര്‍ക്കോലീം പാമ്പൊക്കെണ്ട് ഇവിടെ. അതിന് നീയ് വേണ്ട. നെണക്കറ്യോ…? മോവപ്പക്ഷിക്കും ഡോഡോവിനുമൊക്കെ എന്താ പറ്റീത് ന്ന്….?
അമ്മിണി : എന്താ പറ്റീത്…?
ഉണ്ണിക്കുട്ടന്‍ : ഞാന്‍ പറയാം… വേട്ടയാടി, വേട്ടയാടി നാമവരെ കൂട്ടത്തോടെ കൊന്നൊടുക്കി.
കുട്ടിമാളു : ഈ നമ്മളോ….?
ഉണ്ണിക്കുട്ടന്‍ : നമ്മളെന്നുവച്ചാ സ്വാര്‍ഥികളും തീറ്റക്കൊതിയന്‍മാരുമായ മനുഷ്യര്…
ലില്ലി : ഇവറ്റൊക്കെ ചത്തൊട്ങ്ങീ ച്ച്ട്ട് മ്മള് മനുഷ്യര്‍ക്കെന്താ…?
ജോണിക്കുട്ടി : അങ്ങനെയല്ല ലില്ലീ… പ്രകൃതിയിലെ തുലനം തെറ്റാതിരിക്കാന്‍ ഇവയൊക്കെ വേണം. (കൂട്ടത്തി  ഒരു കുട്ടി പാമ്പ്… പാമ്പ് എന്നുപറഞ്ഞു ബഹളം വയ്ക്കുന്നു. മറ്റു കുട്ടികള്‍ എവിടെ… എവിടെ എന്നു പരിഭ്രമിക്കുന്നു. പരക്കം പായുന്നു)
ഉണ്ണിക്കുട്ടന്‍ : പാമ്പോ…? ഒന്നു സൂക്ഷിച്ചു നോക്ക്യേ… അതൊരു നീര്‍ക്കോല്യാ…
നാരായണന്‍ : നീര്‍ക്കോലിയും അത്താഴം മുടക്കും. ജോണിക്കുട്ടി : പോടാ… പാവം തവള അത് തേടി എത്തീതാവും, പ്രാതലിന്…
നാരായണന്‍ : നമുക്ക് ഇവനെയെങ്കിലും അങ്ങ് തട്ടിയാലോ….? തവളച്ചിയെ രക്ഷിക്കാമല്ലോ…
ഉണ്ണിക്കുട്ടന്‍ : വേണ്ടേടോ, വേണ്ട.. നമുക്ക് ഒരു തരത്തിലും ഒരു ഉപദ്രവവും ചെയ്യാത്തവരാ ഈ നീര്‍ക്കോലികള്‍. മാത്രോല്ല… തവളകളെപ്പോലെ ഇവയും ഒരുപാട് ഉപകാരങ്ങള്‍ ചെയ്യുന്നുമുണ്ട്.
കുട്ടിമാളു : തവളകളോട് നെനക്ക് അത്ര സ്നേഹം ണ്ടെങ്കി ഒരു കാര്യം ചെയ്യ്…. നീയാ നീര്‍ക്കോല്യേ ഒന്ന് വെരട്ടി ഓടിക്ക്….
കുട്ടികള്‍ : (ഒന്നിച്ച്)

പുല്ലും തിന്നും പുൽച്ചാടി
പുൽച്ചാടിയെ തിന്നും പോക്കാച്ചി
പോക്കാച്ചിമാക്രിയെ ആകെ വിഴുങ്ങും
പാമ്പു ചേര നീര്‍ക്കോലി…

അമ്മിണി : അപ്പൊ ഈ പാമ്പിനേം ചേരേം ഒക്കെ തിന്നാനോ….?
ലില്ലി : (ആകാശത്തേക്ക് ചൂണ്ടി) കണ്ടോ… (എല്ലാവരും നോക്കുന്നു) അങ്ങകലെ ഒരു ആകാശത്തി  ഒരു വണ്ട് വട്ടമിട്ടു പറക്കുന്നത്…?ഉണ്ണിക്കുട്ടന്‍ : അതു നമ്മുടെ ചക്കിയമ്മയല്ലേ….? ചക്കിപ്പരുന്ത്…?
ലില്ലി : അതെ അവളാണീ ഇഴജീവികളുടെ ശത്രു! (പാടുന്നു)

പൊന്തന്‍ ചേരയെ റാഞ്ചിപ്പാറും
വട്ടക്കണ്ണി, പരുന്തമ്മ…

അമ്മിണി : അമ്പടി കൊമ്പീ…!
ഉണ്ണിക്കുട്ടന്‍ : പുല്ല്, പു ച്ചാടി, തവള, പരുന്ത്…. ഇതൊരു ഭക്ഷ്യ ശൃംഖലയാണ്.
കുട്ടിമാളു : നമ്മുടെ ചുറ്റും ഇതുപോലെ ഇനിംണ്ടല്ലോ ഒരുപാട്.
നാരായണന്‍ : ഞാന്‍ ഒന്നുപറയാം…  പുല്ല്, മാന്‍, കടുവ….
അമ്മിണി : ഇങ്ങനെ വേണങ്കി എനിക്കും പറ്റും, ഒരുപാടെണ്ണം പറയാന്‍…
ഉണ്ണിക്കുട്ടന്‍ : കൂട്ടരേ… ഇവയെല്ലാം ചേര്‍ന്നതാണ് നമുക്കു ചുറ്റും തെളിഞ്ഞും മറഞ്ഞും ഉള്ള ജീവമണ്ഡലം… ഇവിടെ ചെടിയും കടുവയും മനുഷ്യനും എല്ലാം ആയുസ്സറ്റാ  ചത്തൊടുങ്ങും. പിന്നെ ഈ ശവങ്ങളെ സൂക്ഷ്മജീവികള്‍ വളമാക്കി മാറ്റും.
ലില്ലി : അപ്പൊ എല്ലാം തമ്മി ത്തമ്മി  ബന്ധുണ്ട്… അല്ലേ ഉണ്ണിക്കുട്ടാ…?
കുട്ടിമാളു : അല്ലേ അമ്മിണീ…
ജോണിക്കുട്ടി : അല്ലേ നാരായണാ (കുട്ടികള്‍ സംഘമായി പാടുന്നു)

ചേറും ചെടിയും നമ്മളുമായൊരു
കാണാച്ചരടുണ്ടേ… ഒരു കാണാച്ചരടുണ്ടേ….
കനിയും കിളിയും കടുവയുമായൊരു
കാണാച്ചരടുണ്ടേ… ഒരു കാണാച്ചരടുണ്ടേ….
പ്രകൃതിയി  വാഴുവതെല്ലാം തമ്മി
കാണാച്ചരടുണ്ടേ… ഒരു കാണാച്ചരടുണ്ടേ….
ഭൂമി ചന്ദ്രന്‍ സൂര്യനുമായി
കാണാച്ചരടുണ്ടേ… ഒരു കാണാച്ചരടുണ്ടേ….
അണുവിലുമണുവിന്നണുവിലുമെല്ലാം
കാണാച്ചരടുണ്ടേ… ഒരു കാണാച്ചരടുണ്ടേ….
കാണാച്ചരടിതൊരല്പമുലഞ്ഞാ
ആകെ തകരാറ്… ജീവനതാളം തകരാറ്

തുടര്‍ പ്രവര്‍ത്തനം

1) എങ്ങും കാണുന്ന, എല്ലാം തമ്മിലുള്ള ഈ കാണാച്ചരടുകള്‍ – പരസ്പര ബന്ധം – ഏതെല്ലാമാണ്?

2) ഈ ചരട് അല്പമൊന്നുലഞ്ഞാലുള്ള തകരാറെന്ത്?

3) ഉലയുന്ന പരിസ്ഥിതി സന്തുലനവും ജൂണ്‍ 5 ദിനാചരണവും തമ്മിലുള്ള ബന്ധമെന്ത്? നമുക്കുനല്ലൊരു കുറിപ്പു തയ്യാറാക്കാം.


എം വി മോഹനൻ

0 Comments

Leave a Comment

FOLLOW US