തടയരുത് വസന്തങ്ങളെ
“ആ മുത്തുച്ചെടിയുടെ പിന്നില്‍… മുത്തുച്ചെടിയുടെ താഴെ…
ഹോ ഈ മുത്തുച്ചെടി ഇങ്ങനെയങ്ങു വളര്‍ന്നു പോയാല് “…
നിറയെ മഞ്ഞ മുത്തുകളും തൂക്കി തലയുയർത്തി നിന്ന മുത്തുച്ചെടി എല്ലാം കേട്ട് ഉള്ളില്‍ പുഞ്ചിരിക്കും, താനൊന്നു വാടിപ്പോയാല്‍ അത് താങ്ങാനാവില്ല ഈ വീടിന് എന്നവള്‍ക്ക് അറിയാം. അതുകൊണ്ടവള്‍ ധാരാളം മുത്തുകള്‍ തനിക്കു ചുറ്റും തൂക്കുന്നതില്‍ എന്നും ശ്രദ്ധിച്ചു. എപ്പോഴും പുഞ്ചിരിച്ചു നിന്നു, ഇങ്ങനെ ചിലതുണ്ട് തന്നെപ്പോലെ മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടവര്‍. ഒരു മാംഗോസ്റ്റിന്‍ പിന്നൊരു നീര്‍മാതളം ഒക്കെയും കുട്ടികള്‍ വായിച്ചു കേട്ടിട്ടുള്ളതാണ്. മുത്തുച്ചെടിക്കും സജീവമായ ഓര്‍മ്മകള്‍. എല്ലാ വീടുകളിലും വിളിപ്പേരുള്ള ചെടികളും മരങ്ങളും ജീവികളും അല്ലാതെ ഒന്നുമുണ്ടായിരുന്നില്ല. വീടിൻ്റെ പിന്നാമ്പുറത്തു എച്ചില്‍ തിന്നു വൃത്തിയാക്കാന്‍ എത്തുന്ന കാക്കയുടെ പേര് സുന്ദരിക്കാക്ക എന്നായിരുന്നു. സുന്ദരീ എന്നൊന്ന് വിളിച്ചാല്‍ അവള്‍ പറന്നെത്തും. മനുഷ്യര്‍ പ്രകൃതിയുമായി അത്രയ്ക്ക് അഗാധബന്ധം പുലര്‍ത്തിയ കാലത്തെ നാം എങ്ങനെയാണ് മറക്കുക ?.
“ഊര്‍ പൊലിക ഉലകം പൊലിക
കുന്നു പൊലിക കുളം പൊലിക
നാട് പൊലിക നഗരം പൊലിക”
എന്നതായിരുന്നു നമ്മുടെ പ്രാര്‍ഥന.
നമുക്ക് മാത്രമല്ല ഭൂമിയിലെ മറ്റെല്ലാറ്റിനും ജീവിതമുണ്ടെന്ന് ചിന്തിക്കുമ്പോള്‍ സ്വാര്‍ഥത നാം ഉപേക്ഷിക്കുന്നു. സ്നേഹം, കരുണ, ത്യാഗം, അനുതാപം എന്നിവയൊക്കെ ലോകത്തെവിടെയും ഒന്ന് തന്നെ. മരണം ശ്വാസം മുട്ടിക്കുന്ന അനുഭവം നാമെല്ലാം അതേപടി ഏറ്റു വാങ്ങിയത് ഈയിടെയല്ലേ ജോര്‍ജ് ഫ്ലോയിടിന്റെ കൊലപാതകം ലോകത്തെ ഞെട്ടിച്ചു എന്ന് മാത്രമല്ല മഹാരോഗത്തിന്റെ ഭീതിയിലും പ്രതിഷേധം എങ്ങും പടര്‍ന്നു. നിറം ജാതി മതം വംശം എന്നിവയൊക്കെ മനുഷ്യരെ വേര്‍തിരിക്കാനുള്ള വേലിക്കെട്ടുകളായി
കരുതുന്നവര്‍ കൂടുതലാണ് എന്ന് തന്നെ ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
“തിരക്കാളികള്‍ നമ്മള്‍ എത്ര നാളായി കണ്ടിട്ട് ? എന്നാ ഇനി പഴയത് പോലെ ?” എല്ലാവരും പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നു ഈ ചോദ്യം. എന്തായിരുന്നു പഴയ നമ്മള്‍? രസകരമാണ് പലതും ആലോചിക്കാന്‍. സമയമില്ല സമയമില്ല എന്ന് യന്ത്രം പോലെയോ തിരക്കാണ് എന്ന് തലക്കനത്തോടെയോ പറഞ്ഞു കൊണ്ടിരുന്നവര്‍. ഉച്ചഭക്ഷണം സമയമില്ലായ്മ കാരണം മാറ്റിവച്ചവര്‍.
പ്രിയപെട്ടവരുടെ അടുക്കലേക്കുള്ള യാത്രകള്‍ ഇതേ കാരണം കൊണ്ട് ഒഴിവാക്കിയവര്‍. അന്നൊക്കെ ഭൂമി കറങ്ങിയത് തിരക്കിന്റെ അച്ചു തണ്ടിലായിരുന്നുവെന്ന് തോന്നിപ്പോകും. ഭൂകമ്പവും പ്രളയവും പലതവണ നമ്മെ ആക്രമിച്ചു. മണിമാളികകള്‍ ചെളിയില്‍ മുങ്ങി നിലവിളിച്ച ദിവസങ്ങള്‍. മനുഷ്യരുടെ വായില്‍ നിന്നും ഉയര്‍ന്നത് പ്രതിരോധ മരുന്നുകളുടെ മണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കണ്ണീര്‍ മഴകള്‍ക്ക് നടുവില്‍ മനസ്സിന്റെ അവസാന വെളിച്ചവും കെട്ടിരുന്നു പോയ ദിനം. അന്ന് നമ്മള്‍ അന്യരുടെ ദുരിതത്തിന് കാതോര്‍ത്തത് ഒന്നും പ്രതീക്ഷിച്ചിട്ടല്ലായിരുന്നു. എങ്കിലും അപ്പോഴും വിലക്കുകള്‍ ലംഘിച്ചു നാം പുഴയുടെ നെഞ്ചിലേക്ക് പ്ലാസ്ടിക് ബോംബെറിഞ്ഞു. പലപ്പോഴും സ്ത്രീകള്‍ അപമാനിക്കപ്പെട്ടു. കുഞ്ഞുങ്ങള്‍ ഇരകളായി, മണ്ണിനടിയില്‍ ജീവന് വേണ്ടി പിടഞ്ഞവരുടെ നിലവിളികള്‍ ബാക്കിയായി. പ്രകൃതി രഹസ്യമായി പുഞ്ചിരിച്ചു. നമുക്ക് ഭക്ഷിക്കാന്‍ കായ്കനികളും കുടിക്കാന്‍ ശുദ്ധജലവും കാത്തുവച്ചു. അത് ഏറെ അകലെയല്ലാത്ത പഴയകാലം .
നിപ്പയുടെ വരവ് കേരളത്തെ വിറപ്പിച്ചു. ജാഗ്രതയുടെ കഠിനകാലമായി അത്. പ്ലേഗും വസൂരിയും കോളറയും തകര്‍ത്തു കളഞ്ഞ കാലം പഴമക്കാര്‍ മറക്കില്ല. ചത്തു വീഴുന്നവരെ അടക്കം ചെയ്യാന്‍ പോലും ആളില്ലാത്ത അവസ്ഥ. രോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കിണഞ്ഞു പരിശ്രമിച്ച ശാസ്ത്ര ലോകം അതിലെത്തുക തന്നെ ചെയ്തു. പ്രതിരോധമരുന്ന് പ്രതിവിധിയായി. ഏറ്റവും പുതിയ നൂറ്റാണ്ടിലാണ് കോവിഡ്-19 ലക്ഷക്കണക്കിന് മനുഷ്യരെ ലോകമെമ്പാടും കൊന്നൊഴിച്ചു കൊണ്ടിരിക്കുന്നത് ലോകത്തിന്റെ ഏതു കോണിലിരുന്നാലും. ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയാണ് നമ്മുടെ കടമ. കൂടുതല്‍ നല്ല മനുഷ്യനാകാനാണ് താന്‍ കവിതയെഴുതുന്നത് എന്ന് പറഞ്ഞ കവി കടമ്മനിട്ടയെ ഓര്‍മ്മിക്കുന്നു. നമുക്ക് കൂടുതല്‍ കൂടുതല്‍ നല്ല മനുഷ്യരാകാം.
ബാലാമണിയമ്മയുടെ കവിത എല്ലാവർക്കും ഒന്നുകൂടി ആലോചിക്കാനുള്ള ഇടമാണ് .
“നീ വസുന്ധരേ, നിത്യപ്രളയാര്‍ണ്ണവമൊന്നില്‍
ജ്ജീവരാശികള്‍ പറ്റിക്കൂടിയ ചെറുവഞ്ചി
കാല്‍ച്ചോട്ടില്‍ നീയുള്ളപ്പോള്‍ക്കാറ്റെന്തു കോളെന്തെല്ലാം
കാഴ്ചവേലകള്‍ നൂനമീനിമേഷമെന്‍ നേട്ടം [നേട്ടം ]
മഹാവ്യാധികള്‍ ഒഴിഞ്ഞ, വിദ്വേഷങ്ങള്‍ ഇല്ലാത്ത ലോകത്തോട്, ഭൂമിയോട് നമുക്ക് പാടാം “ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി”…
ബിന്ദു വി എസ്