മിടുക്കൻ മാരിനർ
സൂര്യനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഗ്രഹം. വെറും 88 ദിവസംകൊണ്ട് സൂര്യനെ ചുറ്റിവരുന്ന ഗ്രഹം. 58 ദിവസംകൊണ്ട് സ്വയം കറങ്ങുന്ന ഗ്രഹം. കണ്ടാല്‍ ചന്ദ്രനെപ്പോലെ ഇരിക്കുന്ന ഒരു ഗ്രഹം. ഇതൊക്കെയാണ് നമ്മുടെ ബുധന്‍. ഒരു വശത്ത് കൊടുംചൂട്. മറുവശത്ത് കിടുകിടാ തണുപ്പ്. അങ്ങനെയുള്ള ബുധനില്‍ ജീവനു സാധ്യതയുണ്ടോ? മനുഷ്യര്‍ക്ക് പോയി താമസിക്കാന്‍ കഴിയുമോ? നിലവിലെ അറിവുവച്ചുള്ള ഉത്തരം ഇല്ല എന്നാണു കേട്ടോ. അതിനാല്‍ത്തന്നെ മറ്റു ഗ്രഹങ്ങളിലേക്ക് നിരന്തരം പേടകങ്ങള്‍ അയച്ചിരുന്ന ശാസ്ത്രജ്ഞര്‍ ബുധനിലേക്ക് അധികം പേടകങ്ങളെയൊന്നും അയച്ചില്ല. എന്നാല്‍ ശരിക്കും അതു മാത്രമായിരുന്നില്ല കാരണം. ബുധന്‍ സൂര്യനോട് അടുത്താണല്ലോ. അതിനാല്‍ത്തന്നെ വളരെ വേഗം സൂര്യനെ ചുറ്റിക്കറങ്ങാനാകും. ഈ വേഗതമൂലം പേടകങ്ങള്‍ ബുധനിലെത്തിക്കുക ഏറെ വെല്ലുവിളികള്‍ നിറഞ്ഞ പരിപാടിയാണ്. സൂര്യനോട് അടുത്തായതിനാല്‍ സൂര്യന്റെ ആകര്‍ഷണവും കൂടുതലാണ്. ബുധനു ചുറ്റും ഒരു ഉപഗ്രഹത്തെ അയയ്ക്കുക എന്നത് ഏറെ സൂക്ഷ്മതയോടെ ചെയ്തേ തീരൂ.
പക്ഷേ ശാസ്ത്രജ്ഞര്‍ അങ്ങനെ വെറുതേയിരിക്കാനൊന്നും പോയില്ല. ബുധനിലേക്ക് ഒരു പേടകം അയയ്ക്കണം. പക്ഷേ ബുധനെക്കുറിച്ചു മാത്രം പഠിക്കുക അല്ല അതിന്റെ ലക്ഷ്യം. പോകുന്ന വഴിക്ക് ശുക്രനെക്കുറിച്ചും പഠിക്കും. അങ്ങനെ 1973 നവംബറില്‍ അമേരിക്കന്‍ സ്പേസ് ഏജന്‍സി ആയ നാസ മാരിനര്‍ 10 എന്ന പേടകത്തെ ഈ ദൗത്യമേല്‍പ്പിച്ചു. മാരിനര്‍ പ്രോഗ്രാം എന്ന പേരില്‍ അമേരിക്ക നടത്തിയ ബഹിരാകാശ പര്യവേഷണ പദ്ധതിയിലെ അവസാനത്തെ പേടകമായിരുന്നു ഇത്. ഒരു പേടകം രണ്ടോ അതിലധികമോ ഗ്രഹങ്ങളുടെ സമീപത്തൂടെ പറക്കാന്‍ പോകുന്നതും ഇത് ആദ്യമായിട്ടാണ്. എല്ലാവരും ആശങ്കയിലായിരുന്നു. പക്ഷേ ദൗത്യത്തില്‍ വിജയിച്ചേ തീരൂ.
1974 ഫെബ്രുവരി 5. അന്ന് മാരിനര്‍ 10 ശുക്രന്റെ അടുത്തുകൂടി സഞ്ചരിച്ചു. ഏകദേശം 5750കിലോമീറ്ററോളം അകലെക്കൂടി. ശുക്രനെക്കുറിച്ചുള്ള കുറെയധികം വിവരങ്ങള്‍ അതിലൂടെ നമുക്കു ലഭ്യമായി.
പിന്നീട് മാരിനര്‍ 10ന്റെ യാത്ര ബുധനിലേക്കായിരുന്നു. 1974 മാര്‍ച്ച് 29. ബുധന്റെ വെറും 700കിലോമീറ്റര്‍ അടുത്തുകൂടി മാരിനര്‍ 10 കടന്നുപോയി. അത്രയും അടുത്തുനിന്ന് ബുധന്റെ ആദ്യചിത്രങ്ങള്‍ അന്നാണു ലഭിക്കുന്നത്. പക്ഷേ ബുധന്റെ അടുത്തുകൂടിയുള്ള സഞ്ചാരം മാരിനര്‍ അവിടംവച്ചു നിര്‍ത്തിയില്ല. 1974 സെപ്തംബറില്‍ മാരിനര്‍ വീണ്ടും ബുധന്റെ അരികിലെത്തി. കഴിഞ്ഞ തവണത്തെപ്പോലെ വളരെ അടുത്തെത്താന്‍ പക്ഷേ മാരിനര്‍ 10നു കഴിഞ്ഞില്ല. ഏതാണ്ട് 48000കിലോമീറ്ററോളം അകലെയായിരുന്നു മാരിനര്‍. നല്ല ഫോട്ടോകള്‍ എടുക്കുന്ന കാര്യം അപ്പോഴും മാരിനര്‍ മറന്നില്ല.
മൂന്നാമത് ഒരിക്കല്‍ക്കൂടി മാരിനര്‍ ബുധനെ കാണാനെത്തി. ഇത്തവണത്തേത് പക്ഷേ മനോഹരമായ ഒരു വരവായിരുന്നു. വെറും 327കിലോമീറ്റര്‍ ഉയരെക്കൂടിയായിരുന്നു ഇത്തവണ മാരിനര്‍ 10ന്റെ യാത്ര! അതും ഉത്തരധ്രുവത്തിന്റെ (North pole) മുകളില്‍ക്കൂടി. 1975 മാര്‍ച്ച് 16നായിരുന്നു ഇത്. ഏറ്റവും നല്ല ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞത് അപ്പോഴാണ്. ബുധനെക്കുറിച്ച് നാം അതുവരെ കരുതിയിരുന്നതില്‍നിന്ന് ഏറെ വ്യത്യാസമുണ്ടായിരുന്നു ഈ ചിത്രങ്ങള്‍ വെളിപ്പെടുത്തിയ ബുധന്. പിന്നീടൊരിക്കല്‍ക്കൂടി ബുധനെക്കുറിച്ചുള്ള വിവരങ്ങള്‍ തരാന്‍ മാരിനറിന് ആയുസ്സുണ്ടായിരുന്നില്ല. മാര്‍ച്ച് 24ന് മാരിനറുമായിട്ടുള്ള എല്ലാ ബന്ധവും നാസ അവസാനിപ്പിച്ചു.
രസകരമായ ഒരു കാര്യമുണ്ട്. മാരിനര്‍ 10 ഇപ്പോഴും സൂര്യനു ചുറ്റും കറങ്ങുന്നുണ്ടാവും എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. മൂന്നു തവണ ബുധന്റെ അരികിലൂടെ സഞ്ചരിച്ചതാണ് മാരിനര്‍ 10. ബുധന്റെ 40-45 ശതമാനത്തോളം ഉപരിതലവും മാപ്പു ചെയ്യാന്‍ ഇതിലൂടെ മാരിനറിനായി. 2800ഓളം ഫോട്ടോകളാണ് ഈ പേടകം പകര്‍ത്തിയത്. ചന്ദ്രനോട് അടുത്തുനില്‍ക്കുന്ന ഉപരിതലഘടനയാണ് ബുധനെന്ന് ഈ ചിത്രങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തും. വളരെ നേരിയ ഒരു അന്തരീക്ഷം ബുധനുണ്ട് എന്ന് നമുക്കു ബോധ്യമായതും മാരിനര്‍ 10ന്റെ നിരീക്ഷണത്തോടെയാണ്.

നവനീത് കൃഷ്ണന്‍ എസ്