നൈനാൻ പത്രം വായന തുടങ്ങി കുറെ നേരമായി. ഇപ്പോൾ പത്രം വായിക്കാൻ ധാരാളം സമയം ഉണ്ടല്ലോ. വള്ളി പുള്ളി വിടാതെ വായിച്ചോ?
അച്ഛൻെറ ചോദ്യം കേട്ടതും നൈനാൻ തലയുയർത്തി ചോദിച്ചു.
എന്താ ഈ സാമൂഹിക അകലം എന്നു പറഞ്ഞാൽ?
പകർച്ച വ്യാധി രോഗങ്ങൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വേഗത്തിൽ പടരാൻ സാധ്യതയുണ്ട്. അപ്പോൾ നാം രോഗം പടരാതിരിക്കാൻ രോഗം ഉള്ളവരിൽ നിന്നും അകന്നു നിൽക്കണം.
അതെങ്ങനയാ ഒരാൾ അടുത്തു വന്നാൽ രോഗം പകരുന്നത്?
കൊറോണ അല്ലെങ്കിൽ കോവിഡ്19 ജലദോഷം പോലെ ശ്വാസകോശത്തെ ബാധിക്കുന്ന ഒരസുഖമാണ്. അതുകൊണ്ടു തന്നെ തുമ്മുകയോ, ചുമക്കുകയോ ചെയ്യുമ്പോൾ മൂക്കിൽ നിന്നും വായിൽ നിന്നും സ്രവങ്ങൾ പുറത്തേക്ക് തെറിക്കും.രോഗമുള്ള ആൾ ചുമക്കുമ്പോൾ പുറത്തേക്ക് തെറിക്കുന്ന സ്രവത്തിൽ രോഗകാരണമായ വൈറസ്സുകൾ ഉണ്ടായിരിക്കും. ശരീര സ്രവത്തിൽ അടങ്ങിയ വൈറസുകൾ മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ അയാൾക്കും രോഗം ബാധിക്കും. അതുകൊണ്ടാണ് മുഖാവരണം ധരിക്കണം എന്നു പറയുന്നത്.
അപ്പോൾ കൈ കഴുകണം എന്ന് പറയുന്നത് എന്തിനാണ്?
സാധാരണയായി രോഗം ഉള്ള ഒരാൾ മൂക്കും വായും സ്പർശിക്കുമ്പോൾ കൈകളിൽ വൈറസ് പടരാൻ സാധ്യതയുണ്ട്. രോഗമുള്ള ആളിൻെറ കൈകളിൽ നിന്നും അയാൾ സ്പർശിക്കുന്ന സാധനങ്ങളിലേക്ക് രോഗാണു പടരുന്നു. ആ വസ്തുക്കൾ രോഗമില്ലാത്ത വ്യക്തി സ്പർശിക്കുമ്പോൾ അവരിലേക്ക് കയറും. അങ്ങനെ രോഗാണു ബാധിച്ച കൈ വായ മൂക്ക് കണ്ണ് എന്നിവ തൊടുന്നതിലൂടെ വൈറസ് ബാധിക്കാൻ ഇടയുണ്ട്. അതു കൂടാതെ ഹസ്തദാനം, സ്പർശനം എന്നിവയിലൂടെ നേരിട്ടും വൈറസ് പകരാം. ഇങ്ങനെയുള്ള വൈറസിൻെറ വ്യാപനം തടയാനാണ് കൈകൾ സോപ്പിട്ട് കഴുകണമെന്ന് പറയുന്നത്. സോപ്പും വെള്ളവും ഉപയാഗിച്ച് കൈകഴുകുന്നതിലൂടെ വൈറസിൻെറ വ്യാപനം തടയാം.
നാം രോഗമുള്ളവരിൽ നിന്നും വിട്ടു നിൽക്കണം അല്ലേ?
അതെ നാം സാമൂഹിക അകലം പാലിക്കണം
അതാണ് എനിക്കു മനസ്സിലാവാത്തത്. രണ്ടു വ്യക്തികൾ തമ്മിൽ അകലം പാലിക്കുന്നതിന് ശാരീരിക അകലം എന്നല്ലേ പറയേണ്ടത്?
അതു ശരിയാണ്. വ്യക്തികൾ തമ്മിൽ ഇടപെടുമ്പോൾ അകലം പാലിക്കുന്നതിന് ശാരീരിക അകലം എന്നു തന്നെയാണ് പറയേണ്ടത്. എന്നാൽ പൊതു സ്ഥലങ്ങളിൽ ഇടപെടുമ്പോൾ വ്യത്യാസമുണ്ട്. ഉദാഹരണമായി സ്കൂളിൽ ആണെന്നു കരുതുക. ഒാരോ കുട്ടികൾക്കും സ്വന്തമായി മാത്രം ശാരീരിക അകലം സൂക്ഷിക്കാൻ കഴിയില്ല. അതിനായി ഒരു കുട്ടി ശ്രമിക്കുന്നു എന്ന് കരുതുക . ചിലപ്പോൾ ആ കുട്ടിക്ക് സ്കൂളിൻെറ ഒരു മൂലയിൽ പോയി നിൽക്കേണ്ടി വരും. അങ്ങനെ ഓരോരുത്തർക്കും വ്യക്തിപരമായി അകലം പാലിക്കാൻ കഴിയാതെയാവും.
ഒരു കൂട്ടം ആളുകൾ ഉണ്ടാവുമ്പോൾ ചില പൊതു ക്രമീകരണങ്ങൾ ആവശ്യമായി വരും. ക്ലാസ് മുറികളിലെ ഇരിപ്പിടം മുൻകൂട്ടി ക്രമീകരിക്കേണ്ടി വരും. ഭക്ഷണ ഹാളിൽ എവിടെ ഇരിക്കണം എന്തെല്ലാം പാടില്ല എന്നൊക്കെ നിശ്ചയിക്കേണ്ടി വരും അതെല്ലാം കൃത്യമായി പാലിക്കുന്നതിനെ സാമൂഹിക അകലം പാലിക്കൽ എന്ന് വിശേഷിപ്പിക്കാം.
ചുരുക്കി പറഞ്ഞാൽ രണ്ടു വ്യക്തികൾ കണ്ടു മുട്ടുന്ന സന്ദർഭത്തിൽ ശാരീരിക അകലം പാലിക്കുക.
ഒരു കൂട്ടം വ്യക്തികൾ ഒത്തുകൂടുന്നിടത്ത് പാലിക്കേണ്ട ചിട്ടകൾ മര്യാദകൾ ആവശ്യമായി വരും അതാണ് സാമൂഹിക അകലം.
നൈനാൻെറ സംശയങ്ങൾ തീർന്നോ?
ഇല്ല , കോവിഡിനെ കുറിച്ച് ഇനിയും കുറെ സംശയങ്ങൾ കൂടി ഉണ്ട്.
ശരി ഒരു കാര്യം ചെയ്യൂ. കോവിഡ്19 നെ കുറിച്ച് ചോദിക്കേണ്ടതെല്ലാം എഴുതി വക്കൂ. അച്ഛൻ പിന്നീട് പറഞ്ഞു തരാം.
കോവിഡ് 19 മായി ബന്ധപ്പെട്ട് ചുരുങ്ങിയത് 5 ചോദ്യങ്ങൾ എങ്കിലും എഴുതി നോക്കൂ.

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content