പിറന്നാൾ പുലരി

ന്തോ സ്വപ്നം കണ്ടാണ് ഞാനിന്നുണർന്നത്. നിലത്തു വിരിച്ച പുൽപ്പായ ദിശതെറ്റി തിരിഞ്ഞു കിടക്കുന്നു. പായയിൽ എഴുന്നേറ്റിരുന്നെങ്കിലും കണ്ണുകളങ്ങോട്ട് നന്നെ തുറക്കാൻ കഴിയുന്നില്ല. പതിയെ ചുരുണ്ടുകിടന്ന പായയിൽ നോക്കി. എന്ത് സ്വപ്നമായിരുന്നു കണ്ടത്? ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
‘ആ…….. പോട്ടെ!’ എന്ന് തലവെട്ടിച്ച് കൈകളൂന്നി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴുണ്ട് തലയണയ്ക്കരികിൽ ഒരു കടലാസു പൊതി. ഇതാരാ ഇവിടെക്കൊണ്ടു വച്ചത്? സന്ദേഹത്തോടെ പൊതിയെടുക്കുമ്പോഴേക്കും അമ്മയും മുന്നിലെത്തി.
‘എന്താമ്മേ ഇത്?’ എന്ന് ചോദിച്ചു കൊണ്ടു തന്നെ പൊതി കൈയിലെടുത്തു.’നീയത് തുറക്ക് ‘ എന്ന ഭാവം അമ്മയ്ക്ക്. പൊതിയഴിച്ച എന്റെ കണ്ണുതള്ളിപ്പോയി. പുതിയ ഷർട്ടും മുണ്ടും!
ഇന്നലെ രാത്രി അമ്മയോട് പിറന്നാളിന്റെ കാര്യം പറഞ്ഞ് സങ്കടപ്പെട്ടത് പെട്ടെന്ന് ഓർമവന്നു. പക്ഷെ ,അപ്പോഴും അമ്മ’ എന്റെ കൈയിൽ പണമില്ലല്ലോ കുഞ്ഞേ ‘ന്ന് പറഞ്ഞ് വിതുമ്പിയതാണല്ലോ? പിന്നെ രാത്രി എന്ത് മായയാണ് നടന്നത്?
പുഞ്ചിരിയോടെ അമ്മ പറഞ്ഞു “മോനെ ,നിന്റെ ക്ലാസിലെ കൂട്ടുകാർ ഇന്നലെ എന്നെ ഏൽപ്പിച്ചിരുന്നതാടാ ഇത്. അവരുടെ സമ്മാനാ. പതിനാറാം വയസിലേക്ക് കടക്കുന്ന നീയിന്ന് സ്കൂളിലേക്ക് പോവൂ.”

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാനറിഞ്ഞില്ല. കൂലിപ്പണി ചെയ്ത് എന്നെ പഠിപ്പിക്കുന്ന അമ്മയുടെ കഷ്ടപ്പാട് എന്റെ കൂട്ടുകാർക്കെല്ലാം നന്നായിട്ടറിയാം. അവർ എന്റെ പതിനാറാം വയസ്സിനെ ആഘോഷമാക്കിത്തന്നിരിക്കുന്നു. നന്ദി, പ്രിയപ്പെട്ടവരേ, നന്ദി!

ലോക് ഡൗണിന്റെ അപാരതയിലാണ് ഇന്ന് ലോകം. ഈയൊരു സാഹചര്യം പലരേയും വിവിധ പാഠങ്ങൾ പഠിപ്പിച്ചിട്ടുണ്ട്‌. സന്തോഷങ്ങളും സങ്കടങ്ങളും നമ്മൾക്കിടയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഒരുപാട് സന്തോഷമുള്ള ദിനങ്ങൾ കൂട്ടുകാരോടൊപ്പം ചിലവഴിക്കാനാഗ്രഹിക്കുന്നവരാണ് നമ്മളിലേറെപ്പേരും. എന്നാൽ ഇന്നത്തെ സാഹചര്യം അതിനനുവദിക്കുന്നുമില്ല.

‘ഒരു പിറന്നാളിന്റെ ഓർമ’ എന്ന നീലക്കുറിഞ്ഞിയിലെ ആദ്യപാഠം നമ്മെക്കൊണ്ടെത്തിക്കുന്നത് കേരളത്തിന്റെ പഴയകാല ജീവിത വ്യവസ്ഥയിലേക്കാണല്ലോ. അത്തരമൊരു സാമൂഹികാന്തരീക്ഷത്തിൽ നിന്ന് നാം ബഹുദൂരം മുന്നോട്ടു പോയ്ക്കഴിഞ്ഞു.
ഇന്ന് നമ്മുടെ ആഘോഷങ്ങളുടെ സ്വഭാവംതന്നെ മാറിയിട്ടുണ്ട്.

കോറോണക്കാലത്താണ് ഈ പിറന്നാൾ എങ്കിൽ എന്താവും സംഭവിച്ചിരിക്കുക. എഴുതി നോക്കൂ…

ഡോ.കെ.ബീന
റിസർച്ച് അസിസ്റ്റന്റ്
കേരള ചരിത്ര ഗവേഷണ കൗൺസിൽ
തിരുവനന്തപുരം

0 Comments

Leave a Comment

FOLLOW US