കവിത രചിച്ചു പഠിക്കാം – പദ്യമോ ഗദ്യമോ
(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)
പാറിപ്പറക്കുന്ന പൂമ്പാറ്റ നിങ്ങളോട് എന്തെങ്കിലും പറഞ്ഞുവോ. അകലെ നിന്ന് അമ്പിളി അമ്മാവൻ എന്തെങ്കിലും വിളിച്ചു ചോദിച്ചുവോ.
മഴക്കാലം വരികയായി. മഴയോട് തോരാതെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എന്നാൽ മഴ ഇങ്ങോട്ട് പറഞ്ഞിട്ടുണ്ടോ വല്ലതും . ഇതാ കേട്ടോളൂ.
മാനത്തിരുമുറ്റം വിട്ടി –
ട്ടിപ്പോൾ ഞാനങ്ങോട്ടെത്തും.
മനസ്സുള്ളോരറിയാൻ വേണ്ടി
ചിലതെല്ലാം ചൊല്ലുന്നു ഞാൻ.മരമൊക്കെ മുറിച്ചീടേണ്ട
മല മണ്ട ചുരണ്ടീടേണ്ട
കുന്നിന്റെ കുരൾ ചെത്തല്ലേ
കുറ്റിച്ചെടി വെട്ടീടല്ലേ
മഴ ഞാനാ മണ്ണിൽ വരുമ്പോൾ
ഒഴുകീടാൻ പുഴ തന്നാലും
കൈത്തോടെൻ കൈവഴികൾ
വഴി കൊട്ടിയടച്ചീടല്ലേ
വഴി നിങ്ങൾ മുടക്കീടല്ലേ
ഉരുൾ പൊട്ടാൻ വഴി വെട്ടല്ലേ.
കവിത രചിക്കുമ്പോൾ പദ്യമാണോ നല്ലത് ഗദ്യമാണോ നല്ലത് എന്ന് കുട്ടികൾ ചോദിക്കാറുണ്ട്.
ഇതിനുള്ള ഉത്തരം കിട്ടാൻ ഉദാഹരണങ്ങൾ സഹായിക്കും.
കേരള സാഹിത്യ അക്കാദമിയുടെ കവിതാ പുരസ്കാരത്തിന് അർഹമായ അമ്മയെ കുളിപ്പിക്കുമ്പോൾ എന്ന കവിത സാവിത്രി രാജീവൻ എഴുതിത്തുടങ്ങുന്നത് ഇങ്ങനെയാണ്.
അമ്മയെ കുളിപ്പിക്കുമ്പോൾ
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്ന പോലെ
കരുതൽ വേണം
ഉടൽ കയ്യിൽ നിന്ന് വഴുതരുത്
ഇളം ചൂടായിരിക്കണം
വെള്ളത്തിന്
കാലം നേർപ്പിച്ച ആ ഉടൽ
കഠിനമണങ്ങൾ പരത്തുന്ന
സോപ്പു ലായനി കൊണ്ട് പതയ്ക്കരുത്
കണ്ണുകൾ നീറ്റരുത്.
ഇത് ഗദ്യരൂപത്തിനു പകരം പദ്യരൂപത്തിൽ എഴുതിയാൽ ഏകദേശം ഇങ്ങനെയാകില്ലേ.
അമ്മയെ മെല്ലെ കുളിപ്പിക്കുക
കുഞ്ഞിനെപ്പോലെ കുളിപ്പിക്കുക
ഇളം ചൂടുവെള്ളം പകർന്നെടുത്ത്
കൈകളിൽ നിന്നു വഴുതിടാതെ
കാലം നേർപ്പിച്ചൊരാ ശരീരം
കഠിനമണങ്ങൾ പരത്തിടുന്ന
സോപ്പിനാലേറെ പതച്ചിടാതെ
കണ്ണിൽ പത തീരെ വന്നിടാതെ
എപ്പോഴും നല്ല കരുതൽ വേണം.
ഈ വിധത്തിൽ എഴുതിയിരുന്നെങ്കിൽ കവി ഗദ്യരൂപത്തിൽ എഴുതിയ കവിതയുടെ കരുത്തു കിട്ടുമായിരുന്നോ . ആ ഭാവതീവ്രതയും വശ്യതയും ഗദ്യരൂപമല്ലേ കൂടുതൽ കാത്തുസൂക്ഷിക്കുന്നത്.
പ്രശസ്ത കവികളുടെ ഏതു കവിതയെടുത്തു പരിശോധിച്ചാലും ഇതു മനസ്സിലാകും.
അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മ തൻ നേത്രത്തിൽ നിന്നു തിർന്നു ചുടുകണ്ണീർ.
ഇതു ഗദ്യത്തിലാക്കിയാൽ എന്തായിരിക്കും സ്ഥിതി.
പി.ടി. മണികണ്ഠൻ എഴുതിയ
മഴവില്ലേ മഴവില്ലേ
മാനത്തങ്ങനെ നിന്നാലോ
മഴ വന്നാൽ നനയില്ലേ
നിന്നുടെ വീട്ടിൽ കുടയില്ലേ.
ഇതിനേക്കാൾ ശക്തി ഗദ്യത്തിൽ എഴുതിയാൽ കിട്ടുമോ.
കേൾക്കുന്നവരുടെ മനസ്സിൽ ഉദ്ദേശിക്കുന്ന അർത്ഥത്തിൽ എത്തിക്കുക എന്നതാണ് ഭാഷയുടെ ദൗത്യം. അതിന്റെ മികവുറ്റ രൂപമാണ് കവിത. കവികൾ അത് അക്ഷരാർത്ഥത്തിൽ അനുവർത്തിക്കുന്നു.
ചില കവിതകളിൽ ഗദ്യവും പദ്യവും ഉ പയോഗിക്കുന്നതു കണ്ടിട്ടില്ലേ. ഉദാഹരണം പൂതപ്പാട്ട്. തുടക്കം ഇങ്ങനെയാണ്. വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു. ഉറക്കം തൂങ്ങിക്കൊണ്ട് ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട. പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു.
കേട്ടിട്ടില്ലേ തുടികൊട്ടും കലർന്നോട്ടു ചിലമ്പിൻ കലമ്പലുകൾ
അയ്യയ്യാ വരവമ്പിളി പൂങ്കല മെയ്യിലണിഞ്ഞ കരിമ്പൂതം.
ഇടശ്ശേരി പദ്യത്തേയും ഗദ്യത്തേയും വിളക്കിച്ചേർത്ത് കവിതയുടെ ഉജ്ജ്വല മാതൃക സൃഷ്ടിക്കുകയല്ലേ ചെയ്തിരിക്കുന്നത്. കവി ഉദ്ദേശിക്കുന്ന കാര്യം അനുവാചക മനസ്സിൽ ആഞ്ഞു തറപ്പിക്കാൻ സ്വീകരിച്ചതന്ത്രമല്ലേ ഇത്.
ഇതിലെ പദ്യത്തെ ഗദ്യവും ഗദ്യത്തെ പദ്യവും ആക്കാൻ പറ്റുമോ എന്നു നോക്കൂ. എഴുതിക്കഴിഞ്ഞ തിനു ശേഷം ഏതു രൂപം വായിക്കുമ്പോഴാണ് തീവ്രത എന്നു വിലയിരുത്തുക. അതിനു ശേഷം തീരുമാനിക്കാം ആ കവിതക്കിണങ്ങുന്ന രൂപമേതാണെന്ന്.
വയലാറിന്റെ മുത്തശ്ശി ഇങ്ങനെ തുടങ്ങുന്നു.
നിങ്ങൾക്കുള്ളതു പോലെൻ നാട്ടിൽ
ഞങ്ങൾക്കുണ്ടൊരു മുത്തശ്ശി
കഥ പറയാറുണ്ടന്തിക്കോരോ
കവിതകൾ മാനത്തുലയുമ്പോൾ
ഇത് ഗദ്യത്തിലെഴുതുമ്പോൾ ഇതിനേക്കാൾ കരുത്തോടെ വായനക്കാരന്റെ മനസ്സിൽ പതിയുമോ എന്നാലോചിക്കുക.
ഓരോ കവിത വായിക്കുമ്പോഴും ഇതു സ്വയം ചോദിക്കുക. ഓരോ കവിയും കവിത എഴുതുമ്പോൾ ഈ ചോദ്യം സ്വയം ചോദിക്കുന്നുണ്ട്. അവസാനം അവർ എത്തിച്ചേരുന്ന നിഗമനമാണ് കവിതയുടെ രൂപം. കവിയുടെ തീരുമാനം ശരിയാകുമ്പോൾ കവിത ഗിരിശൃംഗമേ റുന്നു. അല്ലെങ്കിലോ. അതു പറയേണ്ടതില്ലല്ലോ.
ഏതായാലും ഇന്നുതന്നെ ഒരു പുതിയ കവിത എഴുതൂ. ഒരേ ആശയം പദ്യത്തിലും ഗദ്യത്തിലും എഴുതൂ. ഏതിനാണ് ശക്തിയെന്ന് , നിങ്ങൾ ഉദ്ദേശിക്കുന്ന ഭാവവും കരുത്തുമെന്ന്, സ്വയം തീരുമാനിച്ച്, അതിനെ അനുവാചകസമക്ഷം അവതരിപ്പിക്കൂ. വിജയാശംസകൾ.

എടപ്പാൾ സി.സുബ്രഹ്മണ്യൻ