പ്രവാസി

മരണം… എങ്ങും മരണ ഭയം മാത്രം
യുദ്ധക്കളമല്ല… പോർഭൂമിയുമല്ലയിത്
കൂട്ടക്കൊലയോ… കുരുതിയുമില്ല…
ഇല്ലിവിടെ രക്തച്ചൊരിച്ചിലോ പ്രതികാരദാഹമോ
മരണം… എങ്ങും മരണ ഭയം മാത്രം.

ഉറങ്ങിയിട്ടേറെയായ് ഞാനീ നാലു ചുവരുകൾ-
ക്കപ്പുറം കണ്ടിട്ട് നാളേറെയായ്
ഭയക്കുന്നു നിന്നെ ഞാൻ മരണമേ…
നിന്റെ കരാളമാം ഹസ്തത്തിൻ
പിടിയിൽ അമരാതിരിക്കാൻ മാത്രം
ഇക്കണ്ട മരുന്നുകളൊക്കെ ഞാൻ വാരി നിറച്ചു…
എന്നിട്ടും മരണമേ ഭയക്കുന്നു
നിന്നെ ഞാൻ ഏറെ ഇപ്പോഴും.

ഈ ആകാര ബിംബത്തിലെവിടെയോ
പതിയിരിക്കുന്ന എന്റെ ‘ജീവനെ’
നിന്നെ ഞാൻ സ്നേഹിക്കുന്നു… പ്രണയിക്കുന്നു…
ഏതിനേക്കാളുമെന്തിനേക്കാളുമേറെ.

മരണമേ നിന്നെ എനിക്ക് പേടിയെങ്കിലും
ഞാൻ ഓടി നടന്നു ഈ കണ്ട ദിക്കിലൊക്കെയും
വാങ്ങി ഞാൻ, കൂട്ടിയേറെ വീട്ടുസാധനങ്ങൾ
നീയെന്നെ കവരും വരെ ജീവനെ കാക്കുവാൻ.

ഈ മരുഭൂവിൽ ഞാൻ ചുറ്റും നോക്കി-
ഒരിടത്തു… നാട്ടിലെത്താനായ്‌ ത്വരകൂട്ടുന്ന
ഒരായിരം പ്രവാസിയാം കൂട്ടുകാർ…
അതെ ഉറ്റവരെ പിരിഞ്ഞു പൊരിവെയിലിൽ-
പൊരിയുന്ന വയറുമായി തുഴയുന്ന ഇവർക്കീ
മടക്ക യാത്ര ജീവനിലേക്കുള്ള
ജീവിതത്തിലേക്കുള്ള ഞാണിന്മേൽ കളി.

ഒരുവശത്തു തന്നെ വിട്ടു പിരിയുന്ന പ്രിയരേ
നോക്കി വാവിട്ടു കരയുന്ന ഒരായിരം ജീവശ്ശവങ്ങൾ
അതെ കരയാൻ ഇനിയാവതില്ല ഇവർക്കിനി-
മരിച്ച, മരവിച്ച മനസ്സുമായ് ‘ജീവനെ’ നിന്നെ –
കാക്കുന്നതിനേക്കാൾ മരണമേ…നിന്നെ
പുല്കുന്നതാണിവർക്കിന്നേറെ കാമ്യം.

മറുവശത്തു ഞാൻ കണ്ടു …. മക്കളെ വിട്ടു
മരണക്കയത്തിലേക്കിറങ്ങുന്ന ഒരുകൂട്ടം
ആതുര സേവകർ…
ഇന്നോ നാളെയോ എന്നറിയാതെ പൊരുതുന്ന
ഒരായിരം ആതുരസേവകർ….
മുഖം മൂടിയാൽ പൊതിഞ്ഞ വസ്ത്രത്തിനുള്ളിൽ
വെന്തുരുകുന്ന മനസ്സും ശരീരവുമായ്
ഒരായിരം ‘ഭൂവിലെ മാലാഖ’ കൂട്ടങ്ങൾ.

പൊരുതുകയാണവർ ഒരായിരം
ആത്മാക്കളടർന്നു വീഴുമ്പോഴും…
പൊരുതുകയാണവർ കരയാതെ, പതറാതെ
എല്ലാം തിരികെ പിടിക്കാനായി
അതിലേറെ താങ്ങായ്… തലോടലായ്…
അതെ മരണമേ നിന്നെ തകർക്കാൻ
മനോബലത്താൽ നിന്നെ കുത്തി മലർത്താൻ.

ഇല്ല മരണമേ ഇവിടെ നിനക്ക് ജയമില്ല
ഞങ്ങൾ ഓടുകയാണ് നിന്നെക്കാളേറെ
വേഗത്തിലായ്…
എന്നെ കാത്ത് എന്റെ മക്കളുണ്ട്…
എന്റെ കൂടപ്പിറപ്പുകളുണ്ട്….
എന്നെ കാത്തിരിക്കുന്ന
ഒരമ്മയുണ്ട് അച്ഛനുണ്ട്…
താലി ചരടിനാൽ കെട്ടിമുറുക്കിയ
എന്റെ ജീവന്റെ പാതിയുണ്ടിപ്പഴും
എന്റെ വരവിനായി കാത്തിരിക്കുന്ന-
എന്റെ ജീവന്റെ പാതിയുണ്ടിപ്പഴും.

മഞ്ജു ജൈജു
മലയാളം മിഷൻ അദ്ധ്യാപിക
കുവൈറ്റ് – SMCA – ഫഹാഹീൽ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content