മ്മൾ കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം, ശ്വസിക്കുന്ന വായു, ചവിട്ടി നിൽക്കുന്ന മണ്ണ്, മറ്റു പ്രകൃതിവിഭവങ്ങൾ, ജീവന് അനുകൂലമായ ആവാസ വ്യവസ്ഥകൾ ഇതൊക്കെ പ്രകൃതിയുടെ സംഭാവനകളാണെന്നും സകലർക്കും അമ്മയായ ഭൂമിയെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണം എന്നും ഓർമ്മിപ്പിച്ചുകൊണ്ട് ജൂൺ-5 ന് ഒരു പരിസ്ഥിതിദിനം കൂടി കടന്നുവരുന്നു. വായിച്ചാലും വായിച്ചാലും തീരാത്ത, അറിഞ്ഞാലും അറിഞ്ഞാലും തീരാത്ത ഒരു വലിയ പാഠപുസ്തകമാണ് പ്രകൃതി. ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കൂ. പല നിറങ്ങളിൽ കണ്ണിനു വർണ്ണക്കാഴ്ചയൊരുക്കുന്ന പൂക്കൾ, പൂമ്പാറ്റകൾ, ചെടികൾ, മരങ്ങൾ, കിളികൾ, ചെറുതും വലുതുമായ അനേകമനേകം ജീവജാലങ്ങൾ! എന്തു വൈവിദ്ധ്യമാണീ ജീവലോകത്തിന്. ഒരു മാലയിലെ മുത്തുകൾ പോലെ പരസ്പരം കോർത്തിണക്കെപ്പെട്ട ജീവജാലങ്ങൾ. ഇത്തിരിക്കുഞ്ഞു ബാക്റ്റീരിയക്കും ചെറു പുൽക്കൊടിക്കും മുതൽ ഭീമാകാരമുള്ള നീലത്തിമിംഗലത്തിനു വരെയുണ്ട് അതിന്റേതായ പ്രാധാന്യം. ഒരു ജീവിയുടെ വംശനാശം പോലും ആവാസവ്യവസ്ഥയുടെ സന്തുലനത്തിൽ താളപ്പിഴകളുണ്ടാക്കും. അമൂല്യമായ ജൈവവൈവിദ്ധ്യം സംരക്ഷിക്കണമെന്നും ഇത് പ്രകൃതിക്കു വേണ്ടി പ്രവർത്തിക്കാനുള്ള സമയമാണെന്നും ഈ വർഷത്തെ പരിസ്ഥിതിദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

എൺപതു ലക്ഷത്തോളം സസ്യ, ജന്തു, സൂക്ഷ്മജീവി സ്പീഷിസ്സുകളും (ജീവജാതികൾ) അവയുടെ ആവാസ വ്യവസ്ഥയും ജനിതക വൈവിദ്ധ്യവും ഒക്കെ ഉൾക്കൊള്ളുന്നതാണ് ജൈവവൈവിദ്ധ്യം. എന്നാൽ ആഗോളതാപനവും ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങളും വിവേചനരഹിതമായ വികസന പ്രവർത്തനങ്ങളും അമിതമായ പ്രകൃതിവിഭവ ചൂഷണവും രൂക്ഷമായ മലിനീകരണവും ഒക്കെച്ചേർന്ന് ജൈവവൈവിദ്ധ്യത്തിന് ചരമഗീതം രചിച്ചുകൊണ്ടിരിക്കുകയാണ്. അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ് ഈ അമൂല്യനിധി. 2010-നും 2015 നും ഇടയിൽ മാത്രം 320 ലക്ഷം ഹെക്റ്റർ വനമാണ് അപ്രത്യക്ഷമായത്. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോൺ മഴക്കാടുകളിലും ആസ്ട്രേലിയയിലും യു.എസ്സിലുമൊക്കെയുണ്ടായ കാട്ടുതീയിൽ എരിഞ്ഞുതീർന്നത് അത്യപൂർവ്വമായ ജൈവസമ്പത്തും ആവാസവ്യവസ്ഥകളുമാണ്. ഇങ്ങനെ പോയാൽ നാമിന്നറിയുന്ന ജീവജാതികളിൽ നാലിലൊന്ന് അടുത്ത പത്തു വർഷത്തിനുള്ളിൽ അപ്രത്യക്ഷമായേക്കും. സമുദ്രജലത്തിന്റെ അമ്ലത കൂടുന്നത് സമുദ്ര ആവാസ വ്യവസ്ഥകൾക്ക് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. കടലിലെ വിസ്മയക്കാഴ്ചയും അനുപമമായ ആവാസവ്യവസ്ഥയുമായ പവിഴപ്പുറ്റുകളിൽ പകുതിയോളവും കഴിഞ്ഞ 150 വർഷത്തിനിടെ നാമാവശേഷമായിക്കഴിഞ്ഞു. ധ്രുവങ്ങളിലെ മഞ്ഞുരുകലും സമുദ്രജലവിതാനത്തിന്റെ ഉയർച്ചയും ആവാസവ്യസ്ഥകൾക്കു സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വേറെ. ഭൂമി ആറാം കൂട്ട വംശനാശത്തിലേക്ക് കടന്നിരിക്കുന്നുവെന്ന് വിവിധ പഠനങ്ങൾ അപായമണി മുഴക്കിക്കഴിഞ്ഞു.

രാജ്യാതിർത്തികളൊക്കെ കടന്ന് കോവിഡ്-19 എന്ന മഹാമാരി ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഇതിനു കാരണമായ സാർസ്-കോവ്-2 വൈറസ്സ് മനുഷ്യനിലെത്തിയത് ഈനാം പേച്ചികളിൽ നിന്നോ വവ്വാലുകളിൽ നിന്നോ ആകാമെന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്. അനധികൃത വന്യജീവി വ്യാപാരത്തിനായി കടത്തപ്പെടുന്ന ജീവികളുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് ഈനാംപേച്ചിയുടെ സ്ഥാനം. പല ജീവികൾക്കും ദിവ്യൗഷധഗുണമുണ്ടെന്ന അബദ്ധ ധാരണകളുടെയും അന്ധവിശ്വാസങ്ങളുടെയുമൊക്കെ കൂട്ടുപിടിച്ച് അന്താരാഷ്ട്ര തലത്തിൽ വന്യജീവിവ്യാപാരം കൊഴുക്കുമ്പോൾ, വന്യ ആവാസ വ്യവസ്ഥകളിൽ നിന്ന് ജീവികളെ കടത്തുമ്പോൾ പല ജീവിവർഗ്ഗങ്ങളും വംശനാശത്തിന്റെ നിഴലിൽ അമരുന്നു. മനുഷ്യവംശത്തിന്റെ നിലനില്പിനു തന്നെ കടുത്ത വെല്ലുവിളിയാവുന്ന രോഗാണുക്കൾ പല ജീവികളിൽ നിന്നും മനുഷ്യനിലേക്കെത്താമെന്ന ഭീഷണി വേറെ. വവ്വാൽ പോലുള്ള ജീവികൾ പല വൈറസ്സുകളുടെയും വാഹകരാണ്. എന്നാൽ ഇത്തരം ജീവികൾക്ക് വംശനാശം സംഭവിച്ചാൽ വൈറസ്സുകൾ പുതിയ വാഹകരെ തേടിയേക്കാമെന്നും അത് ഏറെ അപകടകരമാണെന്നും പല പഠനങ്ങളും മുന്നറിയിപ്പു നൽകുന്നുണ്ട്. ആഗോളതാപനവും പ്രവചനാതീതമായ രീതിയിൽ മാറിമറിയുന്ന കാലാവസ്ഥയും പ്രകൃതിയുടെ അതിലോലമായ സന്തുലനാവസ്ഥയുടെ താളം തെറ്റിക്കുന്നുണ്ട്. ഇത് പല പകർച്ച വ്യാധികളുടെയും വ്യാപനത്തിന് ആക്കം കൂട്ടും. പുതിയ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ആഗോളതാപന ഫലമായി അതിവേഗം മഞ്ഞുരുകുമ്പോൾ മഞ്ഞിലുറഞ്ഞു കിടക്കുന്ന പല രോഗാണുക്കളും പുറത്തു വന്നേക്കാമെന്ന ഭീഷണി വേറെ.

കാട്ടിലും കടലിലും പർവ്വതങ്ങളിലും മരുഭൂമിയിലും ധ്രുവപ്രദേശങ്ങളിലും എന്നു വേണ്ട എവിടെയും ആവാസവ്യവസ്ഥകൾ കടുത്ത ഭീഷണിയിലാണ്. അതുകൊണ്ടു തന്നെ 2021 മുതൽ 2030 വരെ ആവാസവ്യസ്ഥകൾ പുന:സ്ഥാപിക്കാനുള്ള ദശകമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഐക്യരാഷ്ട്രസംഘടന. പരിസ്ഥിതിയെയും ജൈവവൈവിദ്ധ്യത്തെയും കാത്തുരക്ഷിച്ചാലേ നമുക്കു നിലനില്പുള്ളൂ. അതിനുവേണ്ടി ഊർജ്ജിതമായി രംഗത്തിറങ്ങണം. പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയും സുസ്ഥിര വികസനം പ്രാവർത്തികമാക്കുകയും വേണം. മനുഷ്യൻ മാത്രമല്ല ഈ ഭൂമിയുടെ അവകാശി. പ്രകൃതിയും പ്രകൃതിവിഭവങ്ങളും സർവ്വ ജീവജാലങ്ങൾക്കും വരും തലമുറകൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് എപ്പോഴും ഓർക്കാം.

 

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content