സൂര്യകാന്തി പാഠാസൂത്രണം – കളിയും കാര്യവും

യൂണിറ്റ് – 4  പാഠം -3

പാഠാസൂത്രണത്തിന്റെ ഭാഗമായി ഇന്ന്‌ നമ്മൾ ചെയ്യാൻ പോകുന്നത് കളിയും കാര്യവും എന്ന പാഠഭാഗമാണ്. കളികൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? കൂട്ടുകാരുമായി കളിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏതെല്ലാം കളികളാണ് കളിച്ചിട്ടുള്ളത്? ഒരോ കളികളുടെയും പേര് പറയാമോ? അങ്ങനെ ഓരോകുട്ടികളെക്കൊണ്ടും വ്യത്യസ്തമായ ഉത്തരങ്ങൾ നൽകും. പല നാട്ടിലും പല പല പേരുകളിലാണ് കളികൾ അറിയപ്പെടുന്നത്. ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല.

കളികൾ മാനസികമായും ശാരീരികമായും ഉണർവും, ഉന്മേഷവും തരുന്ന ഒരു പ്രക്രിയയാണ്. കളിയിലൂടെ മനസ്സിനും ശരീരത്തിനും വിനോദവും ഉല്ലാസവും കിട്ടുന്ന ഒന്നാണ് എന്ന് കളിപ്പാട്ടിലൂടെയും നാടൻകളികളുടെ ചിത്രങ്ങൾ നെറ്റിൽ സേർച്ച് ചെയ്തു കാണിച്ചും ക്ലാസ്സിൽ അത്തരത്തിലുള്ള കളികൾ കളിപ്പിച്ചും കാര്യമായ ഒരു ക്ലാസ്സ് കൊണ്ടുപോകാൻ കഴിയും. നമ്മുടെയെല്ലാം കൊച്ചുകാലത്തെ കൂട്ടുകാരുമൊത്തുള്ള കളിയും ഓർമ്മകളും പങ്കുവെക്കുന്നത്‌ കുട്ടികൾ വളരെശ്രദ്ധയോടെ കേൾക്കും അവർക്ക് താത്‌പര്യജനകമായ രീതിയിൽ കളികൾ അവതരിപ്പിച്ചു കാണിക്കുന്നതും രസകരമായി രീതിയിൽ ക്ലാസ്സ് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയും ചെയ്യും.

ഇന്നത്തെ പുതു തലമുറയിലെ അലസരായ കുട്ടികളും പഴയ കാലത്തെ കളിയിൽ ഏർപ്പെടുന്ന കുട്ടികളും തമ്മിലുള്ള വ്യത്യാസം കുട്ടികളെ മനസ്സിലാക്കി കൊടുക്കാൻ സാധിക്കണം. അവധി ദിവസങ്ങളിൽ പോലും വീട്ടിലെ മുറിക്കുള്ളിൽ, മൊബൈൽ ഫോണും കമ്പ്യൂട്ടർഗെയിമും ലോകമാക്കുന്ന ഇന്നിന്റെ പുതുതലമുറയെ അതിന്റെ വിപത്തുകളെപ്പറ്റിയും പറഞ്ഞു മനസ്സിലാക്കാം.

നമ്മുടെ നാട്ടിലെ നാടൻകളികളെക്കുറിച്ച് ഒരു ചെറുവിവരണം കൊടുക്കാം.


പഠനപ്രവർത്തനം

നാട്ടിൽ വിവിധയിനം നാടൻ കളികൾ ഉണ്ട്. ഓരോ നാട്ടിലും കളികൾ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. കളികളുടെ രീതിയിലും വ്യത്യാസമുണ്ട്.

1. ഒറ്റക്ക് കളിക്കുന്ന കളികൾ:-
ഉദാ: സ്വന്തമായി കളിക്കുന്ന ഏത്കളിയും

2. സംഘമായി കളിക്കുന്ന കളികൾ:-
ഉദാ:- രണ്ടോ അതിലധികമോ പേർ കൂട്ടമായി കളിക്കുന്ന കളികൾ.

1. ചീട്ടുകളി
2. ഈർക്കിൽ കളി
3. ഗോലി കളി
4. കൊത്തങ്കല്ല് കളി
5. പന്തുകളി
6. തലപ്പന്തുകളി
7. കള്ളനും പോലിസുംകളി
8. ഉറിയടി കളി
9. ഏറുപന്ത് കളി
10. നരിയും പുലിയും കളി
12. പല്ലാങ്കുഴലീ
13 സുന്ദരിക്ക് പൊട്ടുകുത്തൽ
14 കസേര കളി
15. കവടികളി
16. അമ്മാനമാട്ടം
17. കബഡികളി
18. പകിടകളി
19. തൊപ്പികളി
20. കിളിത്തട്ട്
21. കുട്ടിയും കോലും കളി

…തുടങ്ങിയ (ഇനിയും ധാരാളം കളികൾ ഉണ്ട് ) കളികളെ പരിചയപ്പെടുത്താം.

ഈ കളികൾ കുട്ടികളെ ഗ്രൂപ്പ് തിരിച്ച് കളിപ്പിക്കാൻ കഴിയും

3. ഉപകരണങ്ങൾ ആവശ്യമുള്ള കളികൾ

മേല്പറഞ്ഞ ഒട്ടുമിക്ക കളികളിലും കളിക്കുള്ള ഉപകരണങ്ങൾ ആവശ്യമായി വരുന്നു.

ഉദാ:- ഈർക്കിൽ കളിക്ക് – ഈർക്കിൽ
പന്ത് കളി – പന്ത്
ചീട്ടുകളി – ചീട്ട്
കള്ളനും പോലീസും(കുറി യെടുത്ത് ) – പേപ്പർ, പേന

ഈ കളികളും ഗ്രൂപ്പ് തിരിച്ച് കളിപ്പിക്കാം

4. ഉപകരണങ്ങൾ ആവശ്യമില്ലാത്ത കളികൾ

ഉദാ:- കബഡി കളി, ഒളിച്ചുകളി, കൈകൊട്ടി കളി, നാരങ്ങാ പാല് കളി തുടങ്ങിയവ…….

ഈ കളികളും ഗ്രൂപ്പ് തിരിച്ച് ചെയ്യാൻ കഴിയും

നാരങ്ങാ പാല്
ചൂണ്ടക്ക് രണ്ട്
ഇലകൾ പച്ച
പൂക്കൾ മഞ്ഞ
ഓടി വരുമ്പോൾ
കൂട്ടി പിടുത്തം….

5. മുറിക്കകത്ത് കളിക്കുന്ന കളികൾ.

ഉദാ :- ചീട്ടുകളി, കള്ളനും പോലീസും കളി, ഈർക്കിൽകളി, കവടികളി, കൊത്തങ്കല്ല് കളി, അമ്മാനമാട്ടം, വളപൊട്ടുകളി, പമ്പരം കളി, പകിടകളി, അത്തള പിത്തള തവളാച്ചി

ഗ്രൂപ്പ് തിരിച്ച് ഈ കളിയും കളിപ്പിക്കാൻ കഴിയും രസകരമായും കുട്ടികൾക്ക് വിരസതയില്ലാതെയും ക്ലാസ്സ് പോകും

1) അത്തള പിത്തള തവളാച്ചി
ചുക്കുമെതിക്കണ ചോലാപ്പ്
മറിയം വന്നു വിളക്കൂതി
ഉണ്ടാ മാണി സാറാ പീറാ ഗോട്ട്….

2) അക്കുത്തിക്കു താന വരമ്പേ കല്ലേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാമെള്ളം താറാമ്മക്കട കൈയേലൊരു ബ്ലോക്ക്..

6. മൈതാനത്ത് കളിക്കുന്ന കളികൾ

ഉദാ :- കൈകൊട്ടിക്കളി വടംവലി, കസേരകളി പന്തുകളി, കബഡികളി, ചെമ്മീൻകളി, ഗോട്ടികളി, ഒളിച്ചു കളി, ചൂടും തണുപ്പുംകളി, തൊട്ടുപിടുത്തം, കുട്ടിയും കോലും കളി, കുഴിപ്പന്തുകളി, കൊന്തിക്കളി, കുഴിപ്പന്തു കളി, ആകാശവും ഭൂമിയുംകളി, ആരുടെ കൈയിൽ ചെമ്പഴുക്ക

തുടങ്ങിയ…. കളികൾ പറഞ്ഞു കൊടുക്കാം.
ഗ്രൂപ്പ് തിരിച്ചും ഈ കളി കളിപ്പിക്കാൻ കഴിയും.

ഓടുന്നുണ്ടോടുന്നുണ്ടേ… മാണിക്കച്ചെമ്പഴുക്ക….
തോട്ടതറിയാതെ… മാണിക്കച്ചെമ്പഴുക്ക…
എന്റെ വലം കൈയിലേ..
മാണിക്ക ചെമ്പഴുക്ക….
എന്റെ ഇടം കൈയിലേ…
മാണിക്ക ചെമ്പഴുക്ക..
ആരുകൈലാരു
കൈലേ മാണിക്ക ചെമ്പഴുക്ക
ഓടുന്നുണ്ടോടുന്നുണ്ടേ…
മാണിക്ക ചെമ്പഴുക്ക….
ഒന്നു വലത്തു വന്നേ…
മാണിക്ക ചെമ്പഴുക്ക….
പൊട്ടനറിഞ്ഞതില്ലേ..
മാണിക്കചെമ്പഴുക്ക..
എന്റെ വലം കൈയിലേ… മാണിക്ക ചെമ്പഴുക്ക….
എന്റെ ഇടം കൈയിലേ..
മാണിക്കചെമ്പഴുക്ക..
രണ്ടു വലത്തുവന്നേ..
മാണിക്ക ചെമ്പഴുക്ക..
മൂന്ന് വലത്തു വന്നേ….

ഇങ്ങനെ എണ്ണം കൂട്ടി പാടി കളിപ്പിക്കാൻ സാധിക്കും. ഇതു പോലെ എണ്ണം കൂട്ടി പാട്ടുകൾ സ്വന്തമായി എഴുതുവാൻ കഥകൾ, ചെറുകവിതകൾ നിർമ്മിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാം.

ഈ പാഠത്തിൽ നിന്നും കുട്ടികൾക്ക് കുറച്ച് ചെറിയ ചെറിയ ചോദ്യങ്ങൾ കൊടുക്കാവുന്നതാണ്.

അതുകൂടാതെ ഇതിനോടൊപ്പം നാട്ടിൻപുറത്തെ ഓണക്കളികളുമായി ബന്ധപ്പെട്ട പാട്ടുകൾപാടി കേൾപ്പിക്കുകയും അവതരിപ്പിച്ചു കാണിക്കുകയും ചെയ്യാൻ പറ്റും.

(പശുവും പുലിയും )
(പൂ പറിക്കാൻ പോരുന്നോ പോരുന്നോ മണിരാവിലെ )

എന്നിവയും…. .

ഓണക്കളികളായ

1.കുമ്മാട്ടിക്കളി
2.പുലികളി

ഏതെങ്കിലും ഒന്നിനെ പറ്റി ഒരു വിവരണം തയ്യാറാക്കാൻ പറയാം..

ഈ പാഠത്തിൽ നിന്നും കുട്ടികൾക്കായി കുറച്ച് ചെറിയ ചോദ്യങ്ങൾ കൊടുക്കാവുന്നതാണ്.

1. നിങ്ങൾ വീട്ടിൽ എന്തെല്ലാം കളികൾകളിക്കാറുണ്ട്?
2. നിങ്ങൾക്ക് ഏതെല്ലാം കളികളോടാണ് കൂടുതൽ താല്പര്യം?
3. അവധിക്കാലത്ത് നാട്ടിൽ പോകുമ്പോൾ കൂട്ടുകാരുമായി കളിക്കുന്ന കളികൾ ഏതെല്ലാം?
4. ഓണക്കാലത്ത് കളിക്കുന്ന കളികളുടെ പേര് പറയാമോ?
5. പഴയ നാടൻ കളികൾ ക്ക് ഇക്കാലത്തെ ഏതെങ്കിലും കളികളുമായി ബന്ധമുണ്ടോ? കണ്ടുപിടിക്കാൻ ശ്രമിക്കുക?


കുഞ്ഞുമോൾ സ്റ്റാലിൻ

സൂര്യകാന്തി (മലയാളം മിഷൻ അധ്യാപിക)
ഫെല്ലോഷിപ്പ് സ്കൂൾ വാപി

0 Comments

Leave a Comment

FOLLOW US